Monday, January 13, 2014

മൃതീ, സുന്ദരീ

ഒന്ന്-  ക്ഷണം

എന്‍ പ്രാണന്‍ ഇന്നുന്മത്തന്‍ പ്രണയത്താല്‍ , മയങ്ങട്ടെ ഞാന്‍ 
ദിനരാത്രങ്ങളാല്‍ സമൃദ്ധമീ  ജീവന്‍  തലചായ്ക്കട്ടെ
ഒരുക്കുക ധൂപ ദീപങ്ങള്‍ ചുറ്റുമെന്‍ തല്പത്തിന്‍റെ
മൂടുകീ നിശ്ചല ദേഹത്തെ പുഷ്പദളങ്ങളാല്‍
പുരട്ടുക സുഗന്ധതൈലമെന്‍ ചികുരത്തില്‍,  
കഴുകുകെന്‍ കാലടികളെ പനിനീരാല്‍ 
മൃതിയെന്‍  നെറുകയില്‍ കുറിച്ചിട്ട വിധി വായിച്ചറിയുക

നിദ്രതന്‍ മടിത്തട്ടില്‍ അമരട്ടെ ഞാന്‍, എന്‍ മിഴികളടയുന്നു, ആലസ്യത്താല്‍ 
തഴുകട്ടെ എന്നാത്മാവിനെ ഒഴുകുമീ വീണാനാദം.
വീണാ, വേണു ഗാനങ്ങള്‍ നെയ്തിടും തൂവാലയാല്‍
തകര്‍ന്നുവീഴുമീ  ഹൃദയത്തെ പൊതിയുക 

ഓര്‍മ്മ തന്‍  ഗാനം മൂളുക ,എന്‍ മിഴികള്‍തന്‍ പ്രതീക്ഷക്കായ്‌
അവതന്‍ മായാജാലം എന്‍ ഹൃത്തിനായ്‌ മൃദു മെത്ത വിരിക്കട്ടെ

പ്രിയരേ തുടക്കുക മിഴിനീര്‍ നിങ്ങള്‍,  ഉയര്‍ത്തുക മുഖം, 
വിഭാത സൂര്യനെ വാഴ്ത്തും കുസുമങ്ങളായ്‌
അനന്തതക്കുമെന്‍  ശയ്യക്കും  മദ്ധ്യേ പ്രകാശഗോപുരം പോല്‍ തിളങ്ങും
 മൃതിയാം വധുവിനെ വണങ്ങുക 
എന്നൊപ്പം നിശ്വാസമടക്കി, ചെവിയോര്‍ക്കൂ 
അവള്‍തന്‍ വശ്യമാം വെണ്‍ ചിറകൊച്ചയ്ക്കായി.

വരൂ വിട ചൊല്ലുക എന്നോടിന്നു
ചുംബിക്കുകെന്‍ ഇമകളെ സ്മിതം തൂകുമധരങ്ങളാല്‍
കിടാങ്ങള്‍ തന്‍ മൃദുകരാംഗുലസ്പര്‍ശം അറിയട്ടെ എന്‍ കൈകള്‍ 
ഗുരുജനാനുഗ്രഹമെന്‍ ശിരസ്സില്‍ വര്‍ഷിക്കട്ടെ
കന്യകമാര്‍ വന്നെന്‍ കണ്ണില്‍ ദൈവത്തെ ദര്‍ശിക്കട്ടെ
എന്‍ അന്ത്യനിശ്വാസത്തില്‍ ദൈവ വചനം ശ്രവിക്കട്ടെ


രണ്ട്‌ - സ്വര്‍ഗഗമനം

ഞാന്‍ ഒരു ഗിരി ശിഖരത്തെ താണ്ടി വന്നു.
എന്‍റെ ജീവന്‍ അതിരുകളില്ലാത്ത പൂര്‍ണ സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സില്‍ ഉയര്‍ന്നു പറക്കുന്നു
എന്‍റെ സഹജരെ ഞാന്‍ ദൂരെ ദൂരെയാണ്.
മേഘങ്ങള്‍ മലകളെ എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയ്‌ക്കുന്നു
താഴ്വരകളില്‍  മൌനം പ്രളയമായ്‌ നിറഞ്ഞിരിക്കുന്നു 
വഴിത്താരകളെയും ഭവനങ്ങളെയും മറവിയുടെ കരങ്ങള്‍ മൂടിയിരിക്കുന്നു
വയലുകളും, തുറസ്സുകളും,  ശരത്കാല മേഘം പോലെ,  
മെഴുതിരിനാളം പോലെ മഞ്ഞയും,  സന്ധ്യ പോലെ ചുവന്നതും ആയ 
ഒരു വിളറിയ നിഴലിനു പിന്നില്‍  മറയുന്നു.

തിരകളുടെ ഗാനവും , അരുവികളുടെ പ്രാര്‍ഥനാ ഗീതങ്ങളും ചിതറുന്നു.
ജനാരവങ്ങള്‍ മൌനത്തില്‍ ലയിക്കുന്നു.
എനിക്ക് ആത്മാവിന്‍റെ ഇച്ഛയോടിഴചേര്‍ന്ന 
അനന്തതയുടെ സംഗീതം മാത്രം കേള്‍ക്കാം
ഞാനോ ശുഭ്രവസ്ത്രാലംകൃതനായി,
സന്തുഷ്ടനും സ്വസ്ഥനുമായിരിക്കുന്നു.

3 . മൃത ശരീരം

ഈ വെളുത്ത ശവകച്ച അഴിച്ചു മാറ്റുക
എന്നെ ഇലകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും മൂടുക 
എന്‍റെ ശരീരത്തെ ഈ ദന്തപേടകത്തില്‍ നിന്നെടുത്ത്
മാതള പൂക്കള്‍ തലയിണയാക്കി കിടത്തുക
എന്നെ ഓര്‍ത്തു വിലപിക്കരുത്, 
പകരം  യൌവനത്തിന്‍റെയും ആനന്ദത്തിന്‍റെയും ഗാനമാലപിക്കുക 
എന്‍റെ മേല്‍ കണ്ണീര്‍ ചൊരിയരുത്
പകരം വിളവെടുപ്പിനെയും വീഞ്ഞുണ്ടാക്കുന്നതിനെയും കുറിച്ച് പാടുക
ശോകത്തിന്റെ നിശ്വാസമരുത്,
എന്‍റെ മുഖത്ത് നിങ്ങളുടെ നഖങ്ങളാല്‍ സ്നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും
മന്ത്രാക്ഷരങ്ങള്‍ വരക്കുക
വായുവിന്‍റെ സ്വച്ഛതക്ക്‌ മന്ത്രജപത്താലും അര്‍ത്ഥനകളാലും ഭംഗം വരുത്തരുതേ.
നിങ്ങളുടെ ഹൃദയം എന്നോടൊത്തു നിത്യജീവനെ കുറിച്ച് പ്രകീര്‍ത്തിക്കട്ടെ
കറുത്ത വസ്ത്രമണിഞ്ഞു ദുഃഖമാചരിക്കരുതേ 
വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞു എന്നോടൊത്തു ആനന്ദിക്കുക.
എന്‍റെ യാത്ര നിങ്ങളുടെ ഹൃദയത്തെ ശോകമൂകമാക്കരുത്
കണ്ണടച്ചാല്‍ ഞാന്‍ എന്നെന്നും നിങ്ങളില്‍ തന്നെ.

എന്നെ ഇലകള്‍ വിരിച്ചതിനു മീതെ കിടത്തുക
നിങ്ങളുടെ സൌഹൃദത്തിന്‍റെ തോളുകളിലേറ്റുക
വിജന വനത്തിലേക്ക് സാവധാനം നടക്കുക
എന്നെ തിരക്കേറിയ ശ്മശാനത്തിലേക്കെടുക്കല്ലേ
അസ്ഥികളുടെയും തലയോട്ടികളുടെയും ബഹളത്താല്‍ എന്‍റെ മയക്കം കെടുത്തരുതേ
എന്നെ വനപ്രദേശത്തേക്ക് കൊണ്ടുപോകുക
പരസ്പരം നിഴലില്‍ അല്ലാതെ വളരുന്ന കുഞ്ഞുപൂക്കള്‍ക്കടുത്ത് എന്‍റെ ശവക്കുഴി ഒരുക്കുക
ആഴത്തിലുള്ള ഒരു ശവക്കുഴി
പ്രളയം എന്‍റെ അസ്ഥികളെ സമതലത്തിലേക്ക് ഒഴുക്കാതിരിക്കാന്‍
എന്‍റെ കല്ലറ വിസ്തൃതമാകട്ടെ
സന്ധ്യയുടെ നിഴലുകള്‍ക്ക് എന്നോടൊത്തിരിക്കാന്‍.

ഇഹലോകത്തെ എന്‍റെ  ആടകള്‍ അഴിച്ചുമാറ്റുക 
ഭൂമാതാവിന്‍റെ ആഴങ്ങളില്‍ എന്നെ ഏല്‍പ്പിക്കുക
കരുതലോടെ എന്നെ എന്‍റെ അമ്മയുടെ മാറില്‍ കിടത്തുക
നനുത്ത മണ്ണുകൊണ്ട് മൂടുക
ഓരോകൈപിടി മണ്ണിലും കലര്‍ന്ന കുഞ്ഞു പൂക്കളുടെ വിത്തുകള്‍
അവര്‍ എന്‍റെ മേല്‍ വളരട്ടെ
എന്‍റെ ശരീരധാതുകളാല്‍ പുഷ്ടിപെട്ട് എന്‍റെ ഹൃദയ സുഗന്ധം വായുവില്‍ പരത്തട്ടെ
എന്‍റെ സ്വച്ഛതയുടെ രഹസ്യം സൂര്യനോട് മന്ത്രിക്കട്ടെ;
വായുവോടോത്ത് പഥികരെ സാന്ത്വനമായ്‌ തഴുകി വീശട്ടെ.

സ്നേഹിതരേ, എന്നോടു വിടചൊല്ലുക-  നിശ്ശബ്ദമായ പാദപതനങ്ങളോടെ
വിജന തീരങ്ങളിലൂടെ മൂകത എന്നപോലെ
എന്നെ ദൈവത്തില്‍ അര്‍പിച്ചു സാവധാനം പിരിഞ്ഞു പോവുക
വൃക്ഷ തലപ്പിലെ പൂങ്കുലകള്‍, വിറക്കുന്ന ആതിരാകാറ്റില്‍ കൊഴിഞ്ഞു 
ചിതറുന്നപോലെ
നിങ്ങളുടെ നിത്യജീവിതത്തിലെ സന്തോഷങ്ങളിലേക്ക് മടങ്ങുക
അവിടെ മരണത്തിനു നമ്മില്‍നിന്ന് കവര്‍ന്ന്‌ എടുക്കാനാവത്തതിനെ നിങ്ങള്‍ക്കു കാണാം
ശന്തിയോടെ മടങ്ങുക,  ഈ കാഴ്ചയുടെ ആന്തരാര്‍ത്ഥം 
നശ്വരതയില്‍ നിന്നും വളരെ വളരേ അകലെയത്രേ
എന്നെ തനിച്ചാക്കുക.

(Khaleel Gibran-  Tear and Smile )


No comments:

Post a Comment