Saturday, April 5, 2014

ഒരു സന്തോഷ സാമീപ്യത്തിന്റെ ഓര്‍മ്മ 


അവരെ ഏട്ടത്തി എന്നാണു വിളിക്കുന്നത്‌ . ഏട്ടത്തിയാണ് കാലം കൊണ്ട് . കണ്ടാല്‍ ഒരു പന്ത്രണ്ടു വയസ്സ് തോന്നിക്കും .  സംസാരിക്കുമ്പോള്‍ ഇഷ്ടങ്ങള്‍... ഒരു എഴുവയസ്സുകാരിയുടെയും . അടുത്തിരിക്കുമ്പോള്‍ അവര്‍ കാലങ്ങള്‍ക്ക് അപ്പുറത്ത് ഏതോ നിശ്ചലതയില്‍ നമുക്കൊപ്പം .. സ്വച്ഛശാന്തത . ശൂന്യത .... അവര്‍ എവിടെയാണ് .. സ്പടിക കുമിളക്കകത്തോ പുറത്തോ ....

 തീരെ ചെറിയ പ്രായത്തില്‍ തന്നെക്കാള്‍ വലിയ ഒരു പെണ്‍കുട്ടിയുമൊത്ത് 'കൊട്ടപാലം തിരിയുമ്പോള്‍'  കൈവിട്ടു തെറിച്ചു തല തൂണില്‍ ഇടിച്ചു  അവര്‍  സാമര്‍ഥ്യങ്ങളുടെ  അധിനിവേശത്തെ തോല്‍പ്പിച്ചു. 

' ഈ കാലില്‍ ഇട്ടിരിക്കുന്നത് കണ്ടോ ലെഗ്ഗിന്‍സ്.. ബാംഗ്ലൂരീന്ന് വാങ്ങീതാ .. ഇന്നാ ഇതിന്റെ ഉത്ഘാടനം' എന്ന് പറയുന്ന ഉത്സാഹം .. തിളങ്ങുന്ന കല്ലുകള്‍ പതിച്ച കമ്മലുകള്‍ ഡോലക്കുകള്‍ കാണുമ്പോള്‍ ഉള്ള ആവേശം ..  അത് വാങ്ങി വീട്ടില്‍ എത്തിയ ഉടനെ ഒന്നെടുത്തു കാതില്‍ ഇട്ടു വേറെ താല്‍പര്യങ്ങളില്‍ .. ചിത്രം വരയിലും സംഗീതത്തിലും വ്യാപരിക്കുന്ന ഏട്ടനെ കാണിച്ചു  'ഇത് കണ്ടോ ജയ വാങ്ങി തന്നതാ .. ഇനിയും ഒന്ന് കൂടി ഉണ്ട് ' എന്ന പൊങ്ങച്ചം .. 

സാമര്‍ഥ്യങ്ങളില്ലാത്ത , സന്തോഷം നിറഞ്ഞ മനസ്സുകളുടെ സാമീപ്യം എന്നെ ലഹരിപിടിപ്പിക്കുന്നു . ഈ തെളിനീരില്‍ തന്നെ മുങ്ങി കിടക്കാന്‍ കൊതിപ്പിക്കുന്നു . ഈ നീരില്‍ ഒരു തുണി മുക്കി എനിക്ക് എന്റെ മനസ്സിലെ പോറലുകള്‍ തുടച്ചു തിളക്കാനായെങ്കില്‍ !!!