36. ഒരു തത്വചിന്തകന്‍
സൌന്ദര്യ വിസ്മയങ്ങളെ കുറിച്ച്
ഞങ്ങളോടൊപ്പം കഴിഞ്ഞപ്പോള്‍ അവന്‍ ഞങ്ങളെയും ഞങ്ങളുടെ ലോകത്തെയും വിസ്മയഭരിതമായ കണ്ണുകളാല്‍ വീക്ഷിച്ചു. അവന്റെ കണ്ണുകളില്‍ കാലം പാട കെട്ടിയിരുന്നില്ല . അവന്‍ കണ്ടതെല്ലാം അവന്റെ യൌവ്വനത്തിന്റെ പ്രകാശത്തില്‍ സ്പഷ്ടവും സ്പുടവും ആയിരുന്നു .
അവന്‍ സൌന്ദര്യത്തിന്റെ ആഴങ്ങള്‍ അറിഞ്ഞിരുന്നു എങ്കിലും അവന്‍ എന്നും അതിന്റെ ശാന്തിയിലും , തേജസ്സിലും ആശ്ചര്യം കൊണ്ടു. അവന്‍ ഭൂമിയെ ആദിമനുഷ്യന്‍ ആദ്യദിവസത്തെ കണ്ടത് പോലെ കണ്ടു .
ചേതന മരവിച്ച നമ്മള്‍ പകല്‍ വെളിച്ചത്തിലും ഒന്നിനെയും കണ്ടറിയുന്നില്ല . ചെവി കൂര്‍പ്പിക്കുമ്പോഴും ഒന്നും കേള്‍ക്കുന്നുമില്ല. കൈനീട്ടി ഏന്തുമ്പോഴും അസ്തമനത്തെ സ്പര്‍ശിക്കുന്നില്ല. ഷാരോണിലെ പനിനീര്‍ പൂക്കളുടെ സുഗന്ധത്തിനു നമ്മള്‍ ദാഹിക്കുന്നുമില്ല .
ഇല്ല, നമ്മള്‍ രാജ്യമില്ലാത്ത രാജാക്കന്മാരെ മാനിക്കാറില്ല . കൈവിരലുകളാല്‍ അല്ലാതെ മീട്ടപെടുന്ന വിപഞ്ചികയുടെ സ്വരം കേള്‍ക്കാറില്ല. നമ്മുടെ ഒലീവ് തോട്ടത്തില്‍ ഓടി കളിക്കുന്ന കുഞ്ഞിനെ ഒരു ഒലീവ് തയ്യായി കാണാന്‍ നമുക്കാവില്ല . നമുക്ക് എല്ലാ വാക്കുകളും നാക്കുകൊണ്ടു ഉച്ചരിക്കണം അല്ലെങ്കില്‍ നമ്മള്‍ പരസ്പരം മൂകരും ബധിരരും എന്ന് കരുതും .
സത്യത്തില്‍ നമ്മള്‍ നോക്കുന്നു എങ്കിലും കാണുന്നില്ല , കാതോര്‍ക്കും എങ്കിലും കേള്‍ക്കുന്നില്ല . നമ്മള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എങ്കിലും രുചിക്കുന്നില്ല. യേശു നസരെനും നാമും തമ്മിലുള്ള അന്തരം അതാണ് .
അവന്റെ ചേതനകള്‍ നിരന്തരം നവീകരിക്കപെട്ടു , അവനു ലോകം ഓരോ നിമിഷവും നൂതനമായിരുന്നു .
ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചല്‍ അവനു മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ രോദനമായിരുന്നു നമുക്കത് വെറും കൊഞ്ചല്‍ മാത്രം
അവനു ഒരു പൂത്തുമ്പ വേര് ദൈവത്തിനോടുള്ള അര്‍ത്ഥന നമുക്കോ അത് ഒരു വെറും വേര് മാത്രം.
(ഖലീല്‍ ജിബ്രാന്‍, - ജീസസ് ദി സണ്‍ ഓഫ് മാന്‍ )
No comments:
Post a Comment