53. പോംപേക്കാരന്‍ മാന്നുസ് ഗ്രീക്കുകാരനോട്
യഹൂദരുടെ ദൈവത്തെ പറ്റി
യഹൂദര്‍, അവരുടെ അയല്‍ക്കാര്‍ ആയ ഫിനീഷ്യരെയും, അറബികളെയും പോലെ തന്നെ അവരുടെ ദൈവങ്ങളെ ആകാശത്ത് ഒരു മാത്ര വിശ്രമിക്കാന്‍ അനുവദിക്കില്ല .
അവര്‍ അവരുടെ ദൈവത്തെ പറ്റി സദാ ശ്രദ്ധാലുക്കളാണ് മറ്റുള്ളവരുടെ ഭക്തിയെയും അനുഷ്ടാനങ്ങളെയും കുറിച്ച് അതീവ ജാഗരൂകരും
നമ്മള്‍ റോമക്കാര്‍ നമ്മുടെ ദൈവങ്ങള്‍ക്ക് വെണ്ണക്കല്‍ മന്ദിരങ്ങള്‍ പണിയുമ്പോള്‍ അവര്‍ അവരുടെ ദൈവത്തിന്റെ പ്രകൃതിയെ കുറിച്ച് ചര്‍ച്ചചെയ്യും. നമ്മള്‍ ആനന്ദലഹരിയില്‍ ജൂപിറ്ററിന്റെ, ജൂനോവിന്റെ, മാര്‍സിന്റെ, വീനസിന്റെ മണ്ഡപങ്ങള്‍ക്ക് ചുറ്റും പാട്ട് പാടി നൃത്തം ചെയ്യമ്പോള്‍ ഇവര്‍ ഭക്ത്യാതിരേകത്താല്‍ ചാക്ക്തുണി ധരിച്ചു തലയില്‍ ഭസ്മം പൂശും .. അവര്‍ ജനിച്ച ദിവസത്തെ കുറിച്ച് പരിതപിക്ക പോലും ചെയ്യും .
യേശുവിനെ , ദൈവത്തെ ഒരു ആനന്ദ ഭാവമായി കണ്ട അവനെ , അവര്‍ പീഡിപ്പിച്ചു , പിന്നീട് കൊന്നു കളയുകയും ചെയ്തു .
ഇവര്‍ സന്തുഷ്ടനായ ഒരു ദൈവത്തില്‍ ഒരിക്കലും സന്തോഷിക്കില്ല . അവര്‍ അവരുടെ വേദനകളിലെ ദൈവത്തെ മാത്രം അറിയുന്നു .
അവന്റെ ആഹ്ലാദം അറിഞ്ഞ , അവന്റെ ചിരി കാതുകളില്‍ മുഴങ്ങിയതോര്‍ക്കേണ്ട അവന്റെ സുഹൃത്തുക്കളും ശിഷ്യരും പോലും, അവന്റെ പീഡാനുഭവത്തിന്റെ രൂപം മെനഞ്ഞു അതിനെ ആരാധിക്കുന്നു .
ആ ആരാധനയില്‍ അവര്‍ അവനിലേക്ക് സ്വയം ഉയര്‍ത്തുകയല്ല , അവനെ അവരിലേക്ക് ഇകഴ്തുകയാണ് .
എങ്കിലും ഞാന്‍ കരുതുന്നു, ഈ ചിന്തകന്‍ , സോക്രട്ടീസില്‍ നിന്നും വളരെ വ്യതിരിക്തന്‍ അല്ലാത്ത ഈ യേശു , അവന്റെ ജനതയുടെ മേല്‍ ആധിപത്യം നേടും , ചിലപ്പോള്‍ മറ്റു ജനതകളുടെ മേലും .
കാരണം നമ്മളെല്ലാം വിഷാദികളും സന്ദേഹികളും ആയ ജീവികള്‍ തന്നെ . ഒരാള്‍ നമ്മോടു " നമുക്ക് ദൈവങ്ങള്‍ക്കൊപ്പം ആനന്ദിക്കാം ", എന്ന് പറയുമ്പോള്‍ നമ്മള്‍ അവനെ അനുസരിക്കുന്നു.. ഈ മനുഷ്യന്റെ വേദന ഒരു അനുഷ്ടാനം ആക്കി തീര്‍ക്കുന്നത് വിചിത്രം തന്നെ .
ഈ ജനം മറ്റൊരു അഡോണിസിനെ കണ്ടെത്തും , കാട്ടില്‍ വെച്ച് വധിക്കപെട്ട ഒരു ദേവനെ, എന്നിട്ട് അവന്റെ വധം ആഘോഷിക്കും . അവന്റെ ആഹ്ലാദം അവരില്‍ നിറയാത്തതു ഖേദകരം .
പക്ഷെ നമുക്കും ഏറ്റു പറയാം , ഒരു റോമാക്കാരന്‍ ഒരു ഗ്രീക്ക് കാരനോട്. ആതന്‍സിലെ തെരുവുകളില്‍ നാം തന്നെ സോക്രട്ടീസിന്റെ പൊട്ടിച്ചിരികള്‍ കേള്‍ക്കാറുണ്ടോ ? ആ വിഷപാത്രത്തെ എന്നെങ്കിലും നാം മറക്കാറുണ്ടോ , ദയോനിസാസിന്റെ രംഗശാലയില്‍ ഇരിക്കുമ്പോള്‍ എങ്കിലും ?
നമ്മുടെ പിതാക്കളും തെരുവോരങ്ങളില്‍, അവരുടെ കഷ്ടങ്ങള്‍ അയവിറക്കാന്‍ , നമ്മുടെ മഹത്തുക്കളുടെ ദയനീയാന്ത്യങ്ങളെ കുറിച്ചോര്‍ത്ത് സംതൃപ്തിയുടെ ഒരു നിമിഷം ആസ്വദിക്കാന്‍ ഇന്നും ഒന്നിക്കാറുണ്ടല്ലോ
(ഖലീല്‍ ജിബ്രാന്‍ -- ജീസസ് ദി സണ്‍ ഓഫ് മാന്‍ )
No comments:
Post a Comment