Monday, September 8, 2014

1. ജെയിംസ്  
സെബീദിയുടെ പുത്രന്‍ 

ഭൂമിയിലെ രാജ്യങ്ങളെ കുറിച്ച് 



വസന്തകാലത്തെ ഒരു ദിവസം യേശു യെരൂശലേമിലെ വീഥിയില്‍ നിന്ന് ജനങ്ങളോട് സ്വര്‍ഗ്ഗ രാജത്തെ കുറിച്ച് പറഞ്ഞു .

അവന്‍  ചുങ്കക്കാരും ഫരീസ്യരും സ്വര്‍ഗരാജ്യം ആഗ്രഹിക്കുന്നവരുടെ വഴികളില്‍ കെണികളും ചതിക്കുഴികളും  നിര്‍മ്മിക്കുന്നതിനെ അപലപിച്ചു, അവന്‍  അവരെ തള്ളിപറഞ്ഞു .

ജനകൂട്ടത്ത്തില്‍ ചുങ്കക്കാരെയും ഫരീസ്യരെയും  അനുകൂലിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഉണ്ടായിരുന്നു അവര്‍ യേശുവിനെയും ഞങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു .

എന്നാല്‍ അവന്‍ അവരെ ഒഴിവാക്കി , അവരില്‍ നിന്ന് മാറി നഗരത്തിന്റെ വടക്കെ കവാടത്തിലേക്ക് നടന്നു.

അവന്‍ ഞങ്ങളോട് പറഞ്ഞു , "എന്റെ സമയം ആയില്ല . എനിക്ക് ഇനിയും നിങ്ങളോട് കുറെ അധികം പറയാനുണ്ട് . പല കാര്യങ്ങളും ചെയ്യാനുണ്ട്,  ഞാന്‍ എന്നെ ലോകത്തിനു വേണ്ടി സമര്‍പ്പിക്കുന്നതിനു മുന്പ് "

പിന്നീട് അവന്‍ പറഞ്ഞു , അവന്റെ സ്വരത്തില്‍ ആനന്ദവും ചിരിയും നിറഞ്ഞിരുന്നു ,
"നമുക്ക് വടക്കന്‍ രാജ്യത്തേക്ക് പോകാം , വസന്തത്തെ സ്വീകരിക്കാം . എന്റെ കൂടെ മലമുകളിലേക്ക് വരിക , ശിശിരം കഴിയാറായി   താഴ്വാരത്തിലെ അരുവികള്‍ക്കൊപ്പം പാടാന്‍ ലെബനനിലെ മഞ്ഞുരുകി താഴോട്ടിറങ്ങുന്നു .

വയലുകളും മുന്തിരിതോപ്പുകളും നിദ്ര വെടിഞ്ഞു, ഇളം മുന്തിരികളും പച്ച അത്തിക്കായ്കളും  നീട്ടി   സൂര്യനെ വന്ദിക്കാന്‍ ഒരുങ്ങുന്നു .

അവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു ഞങ്ങള്‍ അന്നും  അടുത്ത  ദിവസവും  അവനെ പിന്തുടര്‍ന്നു .

മൂന്നാം ദിവസം വൈകുന്നേരം ഞങ്ങള്‍ ഹെര്മോന്‍ കുന്നില്‍ മുകളില്‍ എത്തിച്ചേര്‍ന്നു.. അവന്‍ നഗരങ്ങളെയും സമതലങ്ങളെയും നോക്കി നിന്നു.

അവന്റെ മുഖം കാച്ചിയ തങ്കം പോലെ തിളങ്ങി . കൈകള്‍ വിടര്‍ത്തി അവന്‍ ഞങ്ങളോട് പറഞ്ഞു, " പച്ചയുടുത്ത  ഭൂമിയെ നോക്കൂ , അവളുടെ ഉടയാടയില്‍ അരുവികള്‍ വെള്ളി നെയ്തതു എത്ര മനോഹരമായാണ് .

"സത്യമായും ഭൂമി സുന്ദരിയാണ് . അവളില്‍ വസിക്കുന്നതൊക്കെ സുന്ദരവും "

"എന്നാല്‍ നിങ്ങള്‍ ഈ കാണുന്നതിനൊക്കെ അപ്പുറം ഒരു രാജ്യമുണ്ട് . അവിടെ ഞാന്‍ വാഴും. നിങ്ങള്‍ക്ക് സമ്മതമെങ്കില്‍ അത് നിങ്ങളുടെ ഇംഗിതം തന്നെയെങ്കില്‍ നിങ്ങളും വന്നു  എനിക്കൊത്തു വാഴും "

എന്റെയും നിങ്ങളുടെയും മുഖങ്ങള്‍ മുഖപടങ്ങള്‍ അണിയില്ല. നമ്മുടെ കയ്യുകള്‍ വാളുകളോ ചെങ്കോലോ ഏന്തില്ല, നമ്മുടെ പ്രജകള്‍ സ്വച്ഛമായി നമ്മെ സ്നേഹിക്കും ഒരിക്കലും ഭയക്കില്ല ."

യേശു അങ്ങനെ പറഞ്ഞപ്പോള്‍ ,   ഭൂമിയിലെ  എല്ലാ രാജ്യങ്ങളും, നഗരങ്ങളും, ഗോപുരങ്ങളും കോട്ടമതിലുകളും  എനിക്ക് അന്യമായി . എന്റെ ഹൃദയത്തില്‍ നാഥനെ അദ്ദേഹത്തിന്റെ രാജ്യത്തേക്ക് അനുഗമിക്കുക എന്നൊന്ന് മാത്രമായി .

അപ്പൊ ആ സമയത്ത് ഇസ്കാരിയത്തിലെ യൂദാസ് മുന്നിലേക്ക്‌ വന്നു . യേശുവിനു അടുത്തേക്ക് ചെന്ന് ഇങ്ങനെ പറഞ്ഞു , " നോക്കൂ ! ഭൂമിയിലെ രാജ്യങ്ങള്‍ വിസ്ത്രുതമാണ് , ദാവൂദിന്റെയും ശലോമോന്റെയും നഗരങ്ങള്‍ റോമാക്കാരെ തോല്‍പ്പിക്കും . നീ യഹൂദരുടെ രാജാവായി വാഴുമെങ്കില്‍ ഞങ്ങള്‍ നിനക്ക് ചുറ്റും വാളും പരിചയും ഏന്തി നില്‍ക്കും , നമ്മള്‍ ശത്രുക്കളെ ജയിക്കും "

ഇത് കേട്ട് യേശു യൂദാസിനു നേരെ തിരിഞ്ഞു . അവന്റെ മുഖത്ത് കോപം തുളുമ്പി. മാനത്തെ ഇടി മുരള്‍ച്ച പോലെ മുഴങ്ങിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു " എന്നില്‍ നിന്ന് മാറിപോ സാത്താനെ. ഞാന്‍ ഇത്രയും കാലത്തിനു ശേഷം വന്നത് ഒരു ദിവസം ഒരു  മണ്‍കൂനയുടെ രാജാവാവാന്‍ എന്ന് കരുതുന്നുവോ ?

എന്റെ സിംഹാസനം നിന്റെ കാഴ്ചക്കുമപ്പുറം  ഉള്ളതാണ്. ഭൂമിയെ ചിറകില്‍ ഒതുക്കാനാവുന്നവന്‍ കിളി ഉപേക്ഷിച്ചു മറന്ന ഒരു  കിളികൂട്ടില്‍ ആശ്രയം തേടുമോ ?

ജീവിച്ചിരിക്കുന്നവന്‍ ശവകച്ചയാല്‍ ബഹുമാനിതനും വാഴ്തപെട്ടവനും ആകുമോ ?

എന്റെ രാജ്യം ഈ ഭൂമിയില്‍ അല്ല . എന്റെ സിംഹാസനം നിന്റെ പ്രപിതാക്കളുടെ  തലയോടുകള്‍ക്ക് പുറത്ത് ഉറപ്പിച്ചതുമല്ല.

ആത്മാവിന്റെ സാമ്രാജ്യം അല്ല നീ അന്വേഷിക്കുന്നത് എങ്കില്‍ എന്നെ ഇവിടെ വിട്ടു  മരിച്ചവരുടെ ഗുഹയിലേക്ക് ചെല്ലുക. പോയകാലങ്ങളിലെ  ,കിരീടം ധരിച്ച തലകള്‍ , അവിടെ ശവകല്ലറകളില്‍ ദര്‍ബാര്‍ നടത്തുന്നുണ്ടാവും .. അവര്‍ ഇപ്പോഴും നിങ്ങളുടെ പിതാമാഹരുടെ അസ്ഥികള്‍ക്ക്  ബഹുമതികള്‍ അര്‍പ്പിക്കുന്നുണ്ടാവും .

ഒരു ചവറു കിരീടം കാട്ടി എന്നെ മോഹിപ്പിക്കാന്‍ ശ്രമിക്കുന്നോ , എന്റെ ഈ   നക്ഷത്ര കിരീടം തേടുന്ന ശിരസ്സില്‍ ചാര്‍ത്താന്‍ .. അതല്ലെങ്കില്‍ നിങ്ങളുടെ മുള്‍ക്കിരീടം ?

ഒരു വിസ്മരിക്കപെട്ട  ജനതയുടെ സ്വപ്നം അല്ലായിരുന്നെങ്കില്‍ എന്റെ ക്ഷമക്ക് മേല്‍ നിന്റെ സൂര്യനുദിക്കാനോ, നിന്റെ ചന്ദ്രന്‍ എന്റെ നിഴല്‍ നിന്റെ വഴിയില്‍ പതിക്കാനോ ഞാന്‍ ഇട വരുത്തുമായിരുന്നില്ല .

ഒരു അമ്മയുടെ ഇച്ഛയല്ലായിരുന്നു എങ്കില്‍, ഈ പൊതിഞ്ഞു കെട്ടിയ വസ്ത്രം ഉപേക്ഷിച്ചു ഞാന്‍ ശൂന്യതയിലേക്ക് അലിഞ്ഞു ചേര്‍ന്നേനെ .

നിങ്ങള്‍ എല്ലാവരിലും ഉള്ള ഈ ദുഃഖത്തെ  അറിയുന്നില്ലെങ്കില്‍   വിലപിക്കാന്‍ ഞാന്‍ ഒരുങ്ങുമായിരുന്നില്ല "

ആരാണ്, എന്താണ്, നീ യൂദാസ് ഇസ്ക്കാരിത്ത് ? നീ എന്തിനാണ് എന്നെ പ്രലോഭിക്കുന്നത് ?

നീ സത്യമായും എന്നെ അളന്നു തൂക്കി ,  നിന്റെ വെറുപ്പില്‍ മാത്രം വസിക്കുന്നവയും നിന്റെ ഭീതികളിലേക്ക് പടയോട്ടം നടത്തുകയും ചെയ്യുന്ന നിന്റെ ശത്രുക്കള്‍ക്കെതിരെ, പിഗ്മികളുടെ കൂട്ടങ്ങളെയും, രൂപമില്ലാത്ത രഥങ്ങളെയും നയിക്കാന്‍ യോഗ്യന്‍ എന്ന് കണ്ടെത്തിയോ ?

എന്റെ കാല്‍ കീഴില്‍ അരിക്കുന്ന ക്ഷുദ്രജീവികള്‍ അസംഖ്യം. പക്ഷെ ഞാന്‍ അവയോടു  മല്ലിടാന്‍ തയ്യാറല്ല .  എനിക്കീ തമാശ മടുത്തിരിക്കുന്നു. എനിക്ക്, ഞാന്‍ അവരുടെ കൊട്ടകൊത്തലങ്ങള്‍ക്കുള്ളില്‍ സഞ്ചരിക്കാത്തതു ഭീരുവായത് കൊണ്ട് എന്ന് കരുതുന്ന  ഈ ഇഴജീവികളോട് സഹതപിച്ചു മടുത്തിരിക്കുന്നു.

അന്ത്യം വരെയും ഞാന്‍ ഇങ്ങനെ സഹതപിച്ചു കൊണ്ടിരിക്കണമല്ലോ എന്നത് കഷ്ടം തന്നെ . ഞാന്‍ കുറച്ചു കൂടി വലിയ മനുഷ്യര്‍ ജീവിക്കുന്ന ലോകത്തേക്ക് മാറി നടക്കണോ . പക്ഷെ എങ്ങനെ ?

നിങ്ങളുടെ പുരോഹിതര്‍ക്കും ചക്രവര്‍ത്തിക്കും എന്റെ ചോരവേണം . ഞാന്‍ ഇവന്നു പോകുന്നതിനു മുന്‍പ് അവരുടെ ആഗ്രഹം സഫലമാകും . നിയമത്തിന്റെ വഴിയെ ഞാന്‍ തടസ്സപെടുത്തില്ല . ഞാന്‍ മൂഢതായേ പരിപാലിക്കുകയും ഇല്ല .

അജ്ഞത , അജ്ഞതക്ക് ജന്മം നല്കിക്കൊണ്ടേ ഇരിക്കട്ടെ ,സ്വന്തം സന്തന്തിയെ  അതിനു മടുത്തമ്പുന്നത് വരെ .

അന്ധരെ അന്ധര്‍ ചാതിക്കുഴികളിലേക്ക് നയിച്ച്‌ കൊണ്ടേ ഇരിക്കട്ടെ .

മൃതര്‍ മരിച്ചവരെ അടക്കി കൊണ്ടേ ഇരിക്കട്ടെ ഭൂമി അതിന്റെ കയ്ക്കുന്ന പഴങ്ങള്‍ നിറഞ്ഞു ഞെരുങ്ങുന്നത് വരെ .

എന്റെ രാജ്യം ഈ ഭൂമിയിലെത് അല്ല . എന്റെ രാജ്യം , നിങ്ങള്‍ രണ്ടോ മൂന്നോ പേര്‍  , ജീവന്റെ നിറവിലും ഭംഗിയിലും അനുരക്തരായി,  ആനന്ദത്തില്‍ , എന്നോടുള്ള സ്നേഹത്താല്‍ ഒന്നിക്കുന്നിടത്താണ്

എന്നിട്ട് അവന്‍ പെട്ടെന്ന് യൂദാസിനു നേരെ തിരിഞ്ഞു പറഞ്ഞു ," മാറിപോ മനുഷ്യാ, നിന്റെ രാജ്യങ്ങള്‍ ഒരിക്കലും എന്റെ രാജ്യത്താവില്ല. 

സന്ധ്യയായി . അവന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു, " നമുക്ക് താഴെക്കിറങ്ങാം .  രാത്രിയാവുന്നു . നമുക്ക് വെളിച്ചം നമ്മോടൊത്തുള്ളപ്പോള്‍ വെളിച്ചത്തോടൊപ്പം നടക്കാം .

അവന്‍ കുന്നിറങ്ങി. ഞങ്ങള്‍ അവനെ പിന്തുടര്‍ന്നു, യൂദാസും വളരെ ദൂരെയായി ഞങ്ങളെ പിന്തുടര്‍ന്നു . 

ഞങ്ങള്‍ താഴ്വാരത്ത് എത്തിയപ്പോള്‍ രാത്രിയായിരുന്നു .

ദയോഫനെസിന്റെ പുത്രന്‍ തോമസ്‌ അവനോടു പറഞ്ഞു , " നാഥാ , ഇരുട്ടായി, ഞങ്ങള്‍ക്ക് വഴികാണാന്‍ കഴിയില്ല. അങ്ങാഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങളെ, ദൂരെ വിളിച്ചമുള്ള   ആ ഗ്രാമത്തിലേക്ക്  നയിക്കുക .  അവിടെ  ഞങ്ങള്‍ക്ക് ഭക്ഷണവും  അഭയവും ലഭിക്കും .

യേശു തോമസിനോട് പറഞ്ഞു . നിങ്ങള്‍ വിശന്നിരുന്നപ്പോള്‍  ഞാന്‍ നിങ്ങളെ ഉയരങ്ങളിലേക്ക് നയിച്ച്‌ . കഠിനതാരമായ  വിശപ്പുമായി ഞാന്‍ നിങ്ങളെ താഴെ സമതലത്തിലേക്ക് കൊണ്ട് വന്നു . പക്ഷെ ഈ രാത്രി എനിക്ക് നിങ്ങള്‍ക്കൊപ്പം കഴിയാന്‍  വയ്യ. എനിക്ക് ഏകനായിരിക്കണം .

അപ്പോള്‍ ശീമോന്‍ പത്രോസ് മുന്നിലേക്ക്‌ വന്നു പറഞ്ഞു :

നാഥാ, ഞങ്ങളെ ഇരുളില്‍ തനിച്ചാക്കല്ലേ . ഞങ്ങളെ നിനക്കൊപ്പം ഈ വഴിയരികില്‍ കഴിയാനനുവദിക്കുക . രാത്രിയും അതിന്റെ നിഴലുകളും നീങ്ങും, വേഗം തന്നെ പ്രഭാതത്തിന്റെ വെളിച്ചമെത്തും , നീ ഞങ്ങള്‍ക്കൊപ്പം ഇരിക്കുമെങ്കില്‍.

യേശു പ്രതിവചിച്ചു, " ഈ രാത്രി കുറുനരികള്‍ക്ക് അവരുടെ മാളം ഉണ്ട് , ആകാശത്തിലെ പറവകള്‍ക്ക് അവരുടെ കൂടുകളും , എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഈ ഭൂമിയില്‍ ഇടമില്ല. ഞാന്‍ ഇപ്പോള്‍ പോയി തന്നെ ആകണം. എന്നെ കാണണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്ക്ക്  വീണ്ടും എന്നെ ഞാന്‍ നിങ്ങളെ കണ്ട ആ തടാകക്കരയില്‍ വെച്ച് കാണാം.

ദുഃഖഭാരത്തോടെ ഞങ്ങള്‍  മുന്നോട്ടു നടന്നു  . അവനെ വിട്ടുപോരുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല .

പല പ്രാവശ്യം ഞങ്ങള്‍ നിന്ന് അവനെ തിരിഞ്ഞു നോക്കി . അവന്‍ ഏകനായി പ്രൌഢിയില്‍ പടിഞ്ഞാറോട്ട് നടക്കുന്നത് കണ്ടു .

 ഞങ്ങളില്‍, അവന്‍ ഏകനായി പോകുന്നത് കാണുന്നതിനു തിരിഞ്ഞു നോക്കാതിരുന്ന ഒരേ ഒരു മനുഷ്യര്‍ യൂദാസ് ഇസ്കാരിയത്  ആയിരുന്നു .

ആ ദിവസം മുതല്‍ യൂദാസ് മുനിഞ്ഞും  മറ്റുള്ളവരോടു അകന്ന ഭാവത്തോടു കൂടിയും  ആയി തീര്‍ന്നു . അവന്റെ കണ്ണുകള്‍ക്കുള്ളില്‍ അപകടം പതിയിരിക്കുന്ന പോലെ എനിക്ക് തോന്നി .






 2. അന്ന  --  മേരിയുടെ അമ്മ 


(യേശുവിന്റെ ജനനത്തെ കുറിച്ച് )




എന്റെ മകളുടെ പുത്രന്‍ യേശു ജനിച്ചത്‌, ഇവിടെ നസറേത്തിലാണ്, ജനുവരി മാസത്തില്‍ . യേശു ജനിച്ച രാത്രിയില്‍ ഞങ്ങളെ കിഴക്കുനിന്നുള്ള മനുഷ്യര്‍ സന്ദര്‍ശിച്ചു. ഈജിപ്റ്റ്‌ ലെക്കുപോകുന്ന മദീനത്ത്കാരുടെ സാര്‍ത്ഥവാഹക സംഘങ്ങളുടെ കൂടെ ഇസ്രേലില്‍ എത്തിചേര്‍ന്ന പേര്‍ഷ്യാക്കാരായിരുന്നു അവര്‍ . അവര്‍ക്ക് സത്രങ്ങളില്‍ താമസിക്കാനിടം ലഭിക്കാതിരുന്നത് കൊണ്ട് ഞങ്ങളുടെ വീട്ടില്‍ പാര്‍പ്പിടം തേടി വന്നതായിരുന്നു .

അവരെ സ്വീകരിച്ചു കൊണ്ട് ഞാന്‍ അവരോടു പറഞ്ഞു , " ഈ രാത്രി എന്റെ മകള്‍ ഒരു പുത്രന് ജന്മം നല്‍കിയിരിക്കുന്നു . ഒരു നല്ല ആതിഥേയക്കൊത്തവണ്ണം നിങ്ങളെ പരിചരിക്കുന്നതില്‍ എനിക്കുള്ള വീഴ്ചകള്‍ എന്തെങ്കിലും വന്നു എങ്കില്‍ പൊറുക്കുക."

അവര്‍ പാര്‍പ്പിടം കൊടുത്തതില്‍ നന്ദി പറഞ്ഞു . അത്താഴം കഴിച്ചതിനു ശേഷം അവര്‍ എന്നോട് പറഞ്ഞു , " ഞങ്ങള്‍ നവജാതനെ കാണാന്‍ ആഗ്രഹിക്കുന്നു ."

മേരിയുടെ പുത്രന്‍ കാണാന്‍ സുന്ദരനായിരുന്നു , മേരിയും അഴകുള്ളവള്‍ തന്നെ ആയിരുന്നു .

പേര്‍ഷ്യാക്കാര്‍ മേരിയേയും കുഞ്ഞിനേയും കണ്ടപ്പോള്‍, അവര്‍ അവരുടെ മാറാപ്പില്‍ നിന്നും സ്വര്‍ണ്ണവും, വെള്ളിയും, മൂറും, കുന്തിരിക്കവും എടുത്തു കുഞ്ഞിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു .

എന്നിട്ട് അവര്‍ അവനെ നമസ്കരിച്ചു ഞങ്ങള്‍ക്ക് മനസ്സിലാവാത്ത ഏതോ അജ്ഞാത ഭാഷയില്‍ പ്രാര്‍ഥിചു .

പ്രഭാതമായപ്പോള്‍ അവര്‍ ഞങ്ങളുടെ വീട് വിട്ടു ഈജിപ്റ്റ്‌ ലേക്ക് ഉള്ള വഴിയിലൂടെ യാത്ര തിരിച്ചു .

പോകാന്‍ നേരത്ത് അവര്‍ എന്നോട് പറഞ്ഞു , " ഈ കുഞ്ഞു ജനിച്ചു ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ വെളിച്ചം അവന്റെ കണ്‍കളില്‍ കാണുന്നു , ഈ ചുണ്ടുകളില്‍ അവന്റെ മന്ദഹാസവും .

നിങ്ങളോട് അവനെ സുരക്ഷിതനാക്കി വെക്കാന്‍ ഞങ്ങള്‍ ആവശ്യപെടുന്നു . അവന്‍ നിങ്ങളെ എല്ലാം രക്ഷിക്കെണ്ടതിലേക്ക് .

അങ്ങനെ പറഞ്ഞു അവര്‍ അവരുടെ ഒട്ടകപുറത്തേറി യാത്രതിരിച്ചു . പിന്നീട് ഞങ്ങള്‍ അവരെ ഒരിക്കലും കണ്ടിട്ടേ ഇല്ല .

അവളുടെ ആദ്യപുത്രനില്‍ മേരി അതീവ സന്തുഷ്ടയായിരുന്നു , വിസ്മയവും , ആശ്ചര്യവും നിറഞ്ഞവളും.

അവള്‍ കുഞ്ഞിന്റെ മുഖത്ത് നോക്കി , പിന്നീട് മുഖം ജനാലയിലേക്ക് തിരിച്ചു വിദൂര ചക്രവാളത്തെ നോക്കിയിരിക്കും. മുന്നില്‍ എന്തോ വെളിപാടുകള്‍ തെളിയുന്ന പോലെ .

അവളുടെയും എന്റെയും ഹൃദയങ്ങള്‍ക്കിടക്ക് വിസ്തൃതമായ താഴ്വാരങ്ങള്‍ രൂപപെട്ടപോലെ .

കുഞ്ഞു, ശക്തിയിലും തേജസിലും വളര്‍ന്നു. അവന്‍ മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നു . അവന്‍ അകല്‍ച്ച പാലിക്കുന്നവനും നിയന്ത്രിക്കാന്‍ വിഷമമുള്ളവനും ആയിരുന്നു . അവനെ ശിക്ഷിക്കാന്‍ എനിക്കാവുമായിരുന്നില്ല .

അവന്‍ നസറേത്തിലെ ഏവര്‍ക്കും പ്രിയപെട്ടവന്‍ ആയിരുന്നു . എന്റെ ഉള്ളില്‍ അതിന്റെ കാരണം വ്യക്തമായിരുന്നു .

പലപ്പോഴും അവന്‍ വീട്ടിലെ ഭക്ഷണം എടുത്തു വഴിപോക്കര്‍ക്കു കൊടുക്കും . അവന് ഞാന്‍ നല്‍കിയ മധുരപലഹാരങ്ങള്‍ എടുത്തു മറ്റു കുട്ടികള്‍ക്ക് കൊടുക്കും, അത് ഒരു വായ്‌ പോലും രുചിച്ചു നോക്കാതെ.

അവന്‍ എന്റെ തോട്ടത്തിലെ മരങ്ങളില്‍ കയറി പഴങ്ങള്‍ പറിക്കും . ഒരിക്കലും അവനു തിന്നാനല്ല .
ചിലസമയം അവന്‍ മറ്റു കുട്ടികളും ആയുള്ള ഓട്ടമത്സരത്തില്‍ അവനു വേഗം ഏറുമെങ്കിലും അവര്‍ അവനു മുന്‍പു ലക്ഷ്യസ്ഥാനത്തെത്താന്‍ സ്വയം വേഗത കുറയ്ക്കും.

ചിലപ്പോള്‍ ഞാന്‍ അവനെ ഉറക്കാന്‍ കിടത്തുമ്പോള്‍ അവന്‍ പറയും " എന്റെ അമ്മയോടും മറ്റുള്ളവരോടും പറയൂ എന്റെ ശരീരം മാത്രമേ ഉറങ്ങുന്നുള്ളൂ . എന്റെ മനസ്സ് അവരുടെ മനസ്സുകള്‍ എനിക്കൊപ്പം ഉണരുന്നതു വരെ അവരുടെ കൂടെ തന്നെ ആയിരിക്കും .

അങ്ങനെ പല അത്ഭുതകരമായ വാക്കുകളും അവന്‍ കുട്ടിയായിരുന്നപ്പോള്‍ പറഞ്ഞിരുന്നു .. എല്ലാം എനിക്ക് പ്രായാധിക്യം കാരണം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .

ഇപ്പോള്‍ അവര്‍ പറയുന്നു ഇനി ഒരിക്കലും ഞാന്‍ അവനെ കാണില്ലെന്ന് . അവര്‍ പറയുന്നത് ഞാന്‍ എങ്ങനെ വിശ്വസിക്കും ?

അവന്റെ ചിരി ഞാന്‍ ഇപ്പോഴും കേള്‍ക്കുന്നു , വീടിനകത്ത് അവന്‍ ഓടിനടക്കുന്നതിന്റെ കാല്‍പെരുമാറ്റങ്ങളും . ഞാന്‍ അവന്റെ അമ്മയുടെ കവിളില്‍ ചുംബിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ അവന്റെ സുഗന്ധം അറിയുന്നു.. അവന്റെ ശരീരം എന്റെ കൈകളില്‍ നിറയുന്നതും .

പക്ഷെ എന്റെ മകള്‍ അവളുടെ ആദ്യപുത്രനെ കുറിച്ച് സംസാരിക്കുന്നെ ഇല്ല എന്നത് വിചിത്രമായിരിക്കുന്നു .

ചിലപ്പോള്‍ എനിക്ക് അവനോടുള്ള സ്നേഹം അവള്‍ക്കുള്ളതിനേക്കാള്‍ അധികമായിരിക്കാം . അവള്‍ ഒരു വെങ്കലപ്രതിമയെ പോലെ ഉറച്ചു നില്‍ക്കുന്നു എന്റെ ഹൃദയം ഒരു അരുവിയായി ഉരുകി ഒഴുകുമ്പോള്‍ .

എനിക്കറിയാത്തതു എന്തോ അവള്‍ക്കറിയുമായിരിക്കാം . അവള്‍ അത് എന്നെയും അറിയിച്ചെങ്കില്‍ !!! ..



3. ടയറിലെ പ്രാസംഗികനായ അസ്സാഫ് 

യേശുവിന്റെ പ്രഭാഷണങ്ങളെ പറ്റി

എന്ത് പറയാനാണ് ഞാന്‍ അവന്റെ പ്രഭാഷണങ്ങളെ കുറിച്ച്? അവന്റെ വ്യക്തി പ്രഭാവം അവന്റെ വാക്കുകളില്‍ ശക്തി ചേര്‍ത്തതാവാം , അവനെ ശ്രദ്ധിച്ചവരെ അവനിലേക്ക്‌ ആകര്‍ഷിച്ചത്.  അവന്‍ അഴകേറിയവനായിരുന്നു . പകലിന്റെ വെളിച്ചം അവന്റെ മുഖത്ത് പ്രതിഫലിച്ചു .

അവന്റെ വാദഗതികളേക്കാള്‍  സ്ത്രീപുരുഷന്മാര്‍ അവന്റെ  ആകൃതിയില്‍ ആകൃഷ്ടരായിരുന്നു . എങ്കിലും ചിലപ്പോള്‍ അവന്‍ ആവേശിക്കപെട്ടവന്റെ തീഷ്ണതയോടെ സംസാരിച്ചു ആ അശരീരിക്ക്, അവന്റെ വാക്കുകള്‍ കേള്‍ക്കുന്നവരെ നയിക്കാന്‍ ഉള്ള ആജ്ഞാശക്തിയുണ്ടായിരുന്നു .

എന്റെ കുഞ്ഞുനാളില്‍  ഞാന്‍  റോമാ യിലെയും ആതന്‍സിലെയും പ്രഭാഷകരെ കേട്ടിട്ടുണ്ട് . ഈ നസരിയാക്കാരന്‍  യുവാവ് അവരെയൊന്നും പോലെ ആയിരുന്നില്ല .

അവര്‍ ശ്രവണസുഖത്തിനു വാക്കുകളെ ഇണക്കി ചേര്‍ത്തു. എന്നാല്‍ അവന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം നിങ്ങളെ വിട്ടു ഇന്ന് വരെ കാണാത്ത ലോകങ്ങളില്‍ സഞ്ചരിക്കും 

അവന്‍ ഒരു കഥ പറയും അല്ലെങ്കില്‍ ഒരു നീതിസാരം . അവന്റെ  കഥകളെയോ നീതിസാരങ്ങളെയോ പോലുള്ളവ സിറിയയില്‍ ഇന്ന് വരെ ആരും  കേട്ടിട്ടേ ഇല്ല . അവന്‍ അവയെ ഋതുക്കളില്‍ നിന്ന് ഇഴചേര്‍ത്തവ എന്ന് തോന്നും.  കാലം സംവത്സരങ്ങളെയും തലമുറകളെയും ഇഴചേര്‍ക്കുന്നപോലെ .

അവന്‍ ഒരു കഥ ഇങ്ങനെ തുടങ്ങും : ഉഴവക്കാരന്‍ വിത്തുകള്‍ വിതക്കാന്‍ വയലിലേക്കു പോയി."

അല്ലെങ്കില്‍ , " ഒരിക്കല്‍ വളരെ വിശാലമായ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥനായി ഒരു ധനികന്‍ ഉണ്ടായിരുന്നു ,"

അല്ലെങ്കില്‍,  "വൈകുന്നേരം ഒരു ആട്ടിടയന്‍ അവന്റെ ആടുകളെ എണ്ണിന്നോക്കുമ്പോള്‍ ഒരാടു നഷ്ടപെട്ടത് അറിഞ്ഞു "

അത്തരം വാക്കുകള്‍ അവന്റെ കേള്‍വിക്കാരെ അവരുടെ ലളിത ജീവിതത്തിലേക്ക് , അവരുടെ പഴമകളിലെ ഓര്‍മ്മകളിലേക്ക് നയിച്ചു.

ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം ഉഴവക്കാരാണ്. മുന്തിരിതോപ്പുകളെ സ്നേഹിക്കുന്നവരും . നമ്മുടെ എല്ലാം  ഓര്‍മ്മകളിലെ മേച്ചില്‍ പുറങ്ങളില്‍ ഒരു ആട്ടിടയനും ആട്ടിന്‍ പറ്റവും വഴിതെറ്റിയ ആട്ടിന്‍ കുട്ടിയുമുണ്ട് .

അവിടെ കലപ്പയും, വീഞ്ഞ് നിര്‍മ്മാണശാലകളും, മെതിയിടങ്ങളും ഉണ്ട്  .

അവന്‍ നമ്മുടെ പ്രാഗ്ഭാവനകളെ അറിഞ്ഞു , നമ്മെ നിത്യമായി നെയ്തു കൊണ്ടിരിക്കുന്ന  തന്തുക്കളെയും .

ഗ്രീക്ക്  റോമന്‍ പ്രഭാഷകര്‍ അവരുടെ  കേള്‍വിക്കാരോട് ജീവിതത്തെ പറ്റി അവരുടെ മനസിനോടാണ്  സംസാരിച്ചത്  . നസരിയാക്കാരന്‍  ഹൃദയത്തില്‍ചേക്കേറിയ ഒരു  മോഹത്തോട് സംവദിച്ചു.

അവര്‍ നിങ്ങളെയോ എന്നെയോ ക്കാള്‍ കുറച്ചു  കൂടുതല്‍   വ്യക്തതയോടെ  മാത്രം ജീവിതത്തെ കണ്ടു . അവന്‍  ജീവിതത്തെ ദൈവീക പ്രകാശത്തില്‍ ദര്‍ശിച്ചു .

ഞാന്‍ പലപ്പോഴും കരുതി അവന്‍ ജനകൂട്ടത്തോട്  മേരു സമതലത്തോട് എന്നപോലെ ആണ് സംസാരിക്കുന്നത് എന്ന് .

അവന്റെ ഭാഷണത്തില്‍,  ആതന്‍സിലെയോ രോമായിലെയോ പ്രഭാഷകര്‍ക്ക വഴങ്ങാതിരുന്ന ഒരു പ്രഭാവം എപ്പോഴും  അനുഭവപെട്ടിരുന്നു