Monday, January 13, 2014



 5. ഫിലെമോന്‍ എന്ന ഗ്രീക്ക് വൈദ്യന്‍ 
യേശുവിനെ കുറിച്ച് 


ആ  നസ്റേന്‍ അവന്റെ ജനതയുടെ ഏറ്റവും  മികച്ച വൈദ്യനായിരുന്നു . മറ്റാര്‍ക്കും നമ്മുടെ ശരീരത്തെ പറ്റിയും,  അതിന്റെ ധാതുക്കളെയും  ഗുണങ്ങളെയും  പറ്റിയും അത്രയധികം അറിവില്ലായിരുന്നു .

ഈജിപ്തുകാര്‍ക്കും ഗ്രീക്കുകാര്‍ക്കും അറിവില്ലാതിരുന്ന രോഗങ്ങള്‍ ബാധിച്ചവരെപോലും അവന്‍ സുഖപെടുത്തി.  അവന്‍ മരിച്ചവരെ പോലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു  എന്ന്  പറയുന്നു അവര്‍ . സത്യമായാലും  അസത്യമായാലും അത്  അവന്റെ കഴിവിനു  തെളിവാണ് . കാരണം മഹത്കാര്യങ്ങള്‍  നിവര്ത്തിച്ചവരെമാത്രമാണല്ലോ  വാഴ്ത്തുന്നത് .

യേശു  രണ്ടു നദികളുടെ സമതലരാജ്യമായ  ഇന്ത്യ സന്ദര്‍ശിച്ചു എന്നും അവര്‍ പറയുന്നു . അവിടത്തെ മഹര്‍ഷികള്‍ നമ്മുടെ ശരീരത്തിലെ ഓരോ അണുവിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ അവനു വെളിവാക്കി എന്നും .

 ആ അറിവ്  അവനു കൊടുത്തത് ദൈവങ്ങള്‍ നേരിട്ട് തന്നെയും ആവാം , മഹര്‍ഷികളില്‍ കൂടെ ആയിരിക്കില്ല .യുഗങ്ങളായി മനുഷ്യര്‍ക്ക്‌ അജ്ഞാതമായിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് ഒരുവന് അറിവായി .  ഒരു അജ്ഞാനിയുടെ  ഹൃദയത്തെ സൂര്യദേവന്‍ തന്റെ  കരസ്പര്‍ശം കൊണ്ട്  ജ്ഞാനിയാക്കിയെക്കാം 

തിരിയന്‍ , തീബന്‍  ജനങ്ങള്‍ക്ക്‌ ജ്ഞാനത്തിന്റെ പല വാതിലുകളും തുറന്നിരുന്നു . ഈ മനുഷ്യനും ചില മുദ്രിതമായ വാതിലുകള്‍ തുറക്കപെട്ടു . അവന്‍  ശരീരമെന്ന ആത്മാവിന്റെ കോവിലില്‍ പ്രവേശിച്ചു . അവന്‍  അവിടെ നമ്മുടെ ജീവതന്തുക്കളെ ഹനിക്കുന്ന ദുഷ്ടാത്മാക്കളെ കണ്ടു.  ജീവനെ നൂല്ക്കുന്ന  ശിഷ്ടാത്മാക്കളെയും .

ഞാന്‍ കരുതുന്നു എതിര്‍പ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും ശക്തികൊണ്ടാണ് അവന്‍ രോഗികളെ സുഖപെടുത്തിയത്  എന്ന്  എങ്കിലും അത്  ഞങ്ങള്‍ വേദാന്തികള്‍ക്ക് അജ്ഞാതമായ വിധത്തിലായിരുന്നു . അവന്‍ ജ്വരത്തെ തന്റെ മഞ്ഞുപോലെ തണുത്ത സ്പര്‍ശത്താല്‍ വിസ്മയിപ്പിച്ചപ്പോള്‍  അത് പിന്‍വാങ്ങി . കൈകാലുകളിലെ മരവിച്ച   പേശികളെ    അവന്റെ ശാന്തത ആശ്ചര്യഭരിതരാക്കുകയും അവ അവനു വഴങ്ങി ശാന്തരാകുകയും ചെയ്തു .

ചുളിഞ്ഞ തൊലിക്കുള്ളിലെ  ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജീവസത്തയെ അവന്‍ തൊട്ടറിഞ്ഞു . പക്ഷെ അവന്റെ വിരലുകള്‍ ആ സത്തയെ എങ്ങിനെ തേടിപിടിച്ചു എന്നെനിക്കറിയില്ല .തുരുംമ്പിനകത്തെ  ഉരുക്കിന്റെ ശബ്ദം അവന്‍ അറിഞ്ഞു . പക്ഷെ അവന്‍ എങ്ങിനെ വാളിനെ സ്വതന്ത്രമാക്കി തിളക്കി എന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല . 

ചിലപ്പോള്‍ എനിക്ക് തോന്നും അവന്‍ സൂര്യന് കീഴിലുള്ള എല്ലാ ചരാചരങ്ങളുടെയും വേദനയുടെ ഞരക്കം കേട്ടിരുന്നു എന്നും , അവന്‍ അവയെ ഉയര്‍ത്തി അവയ്ക്ക് താങ്ങും തുണയുമായി എന്നും . അത്  അവന്റെ അറിവുകൊണ്ട്‌ മാത്രമല്ല അവര്‍ക്ക് , ഉയര്‍ന്നു പൂര്‍ണ്ണരാവാനുള്ള അവരുടെ തന്നെ  കഴിവിനെ അറിയിച്ചു കൊണ്ട് കൊണ്ടായിരുന്നു .

എങ്കിലും അവന്‍ സ്വയം അവനെ  ഒരു വൈദ്യന്‍ എന്ന ചുമതലയുളളവനായി കരുതിയില്ല. അവന്‍ ഈ രാജ്യത്തെ  മതത്തിലും രാഷ്ട്രീയത്തിലും സ്വയം മുഴുകി . എനിക്കതില്‍ ഖേദമുണ്ട് , കാരണം ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരം തന്നെ .

എന്നാല്‍ ഈ സിറിയക്കാര്‍, ഒരു രോഗം വരുമ്പോള്‍ ഒരു ഔഷധത്തെക്കാള്‍ ഒരു തര്‍ക്കത്തെ അന്വേഷിക്കുന്നു .

അവരുടെ  ഏറ്റവും ശ്രേഷ്ഠനായ് ഭിഷഗ്വരന്‍  ,  പൊതു സ്ഥലങ്ങളിലെ പ്രഭാഷകനാവാന്‍ നിശ്ചയിച്ചത്   ഖേദകരം  തന്നെ .



(ജീസസ് ദി സണ്‍ ഓഫ് മാന്‍ .. ഖലീല്‍ ജിബ്രാന്‍ )

No comments:

Post a Comment