Monday, January 13, 2014



 4. മേരി മഗ്ദലന 



യേശുവിനെ ആദ്യമായി കണ്ടതിനെ കുറിച്ച് 


ജൂണ്‍ മാസത്തിലായിരുന്നു ഞാന്‍ അവരെ ആദ്യമായി കണ്ടത്. ഞാന്‍ എന്റെ സഖിമാരോടോത്ത് പോകുമ്പോള്‍ അവന്‍ ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു , അവന്‍ തനിയെ .

അവന്റെ പദതാളം മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തമായിരുന്നു. അവന്റെ ശരീരചലനങ്ങളും ഇതുവരെ കാണാത്ത വിധത്തില്‍ഉള്ളതായി തോന്നി .

മനുഷ്യര്‍ ഭൂമിയില്‍ ചരിക്കുന്നത് അങ്ങനെ അല്ല . അവന്‍ ധൃതിയിലോ സാവധാനത്തിലോ നടന്നിരുന്നത് എന്നെനിക്കറിയില്ല.

എന്റെ സഖിമാര്‍ അവനെ ചൂണ്ടി അവര്‍ക്കിടയില്‍ നാണത്തോടെ അടക്കം പറഞ്ഞു . ഞാന്‍ നടത്തം ഒരു മാത്ര നിര്‍ത്തി അവനെ വണങ്ങാന്‍ കയ്യുയര്‍ത്തി.  പക്ഷെ അവര്‍ മുഖം തിരിക്കുകയോ എന്നെ നോക്കുകയോ ചെയ്തില്ല . ഞാന്‍ അവനെ വെറുത്തു . എന്നിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു. ഞാന്‍  മഞ്ഞിനടിയില്‍ പെട്ടതുപോലെ മരവിച്ചു, വിറച്ചു .

ആ രാത്രി  സ്വപ്നത്തില്‍ ഞാന്‍ അവനെ കണ്ടു. അവര്‍ പറഞ്ഞു ഞാന്‍ ഉറക്കത്തില്‍ നിലവിളിക്കുകയും , അസ്വസ്ഥയായി ഞെളിപിരികൊള്ളുകയും ചെയ്തു എന്ന് 

വീണ്ടും അവനെ കണ്ടത് ആഗസ്ത് മാസത്തിലായിരുന്നു , എന്റെ ജനലില്‍ കൂടെ . അവന്‍ എന്റെ പൂന്തോട്ടത്തിന്റെ അപ്പുറത്തുള്ള സൈപ്രസ് മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു . കല്ലില്‍ കൊത്തിവെച്ച ഒരു പ്രതിമപോലെ അവന്‍ നിശ്ചലനായിരുന്നു. അന്തിയോക്കിലെയും മറ്റു   വടക്ക് നാടുകളിലെ പട്ടണങ്ങളിലെയും പ്രതിമകളെപോലെ.

എന്റെ അടിമ, ഈജിപ്തുകാരി, എന്റെ അടുത്ത് വന്നു പറഞ്ഞു, ' ആ മനുഷ്യന്‍ വീണ്ടും വന്നിരിക്കുന്നു. നിന്റെ  പൂന്തോപ്പിന്റെ അപ്പുറത്തിരിക്കുന്നുണ്ട്.'

ഞാന്‍ അവനെ നോക്കി നിന്നു, എന്റെ ആത്മാവ് എന്നില്‍ തുടിച്ചുയര്‍ന്നു , അവന്‍ അത്രയ്ക്ക് സുന്ദരനായിരുന്നു .

അവന്റെ ഓരോ അവയവങ്ങളും പരസ്പരം സ്നേഹിച്ചു ഒന്നുചേര്‍ന്നപോലെ  അവന്റെ ശരീരം  പൂര്‍ണ്ണമായിരുന്നു .

പിന്നെ ഞാന്‍ ദമാസ്കസ് പട്ടു വസ്തങ്ങള്‍  അണിഞ്ഞു വീട്ടില്‍ നിന്നിറങ്ങി അവന്റെ അടുത്തേക്ക് നടന്നു .

എന്റെ എകാകിതയോ, അതോ അവനിലെ സുഗന്ധമോ എന്നെ അവനിലേക്ക്‌  ആകര്‍ഷിച്ചത് ?
എന്റെ കണ്ണുകളിലെ സൌന്ദര്യ ദാഹമോ, അതോ അവന്റെ മനോഹാരിതയോ  എന്റെ കണ്ണുകളില്‍ വെളിച്ചം നിറച്ചത് ?

ഇന്നും എനിക്കതറിയില്ല 

എന്റെ സുഗന്ധം പൂശിയ വസ്ത്രങ്ങളില്‍ ,  സ്വര്‍ണ്ണ പാദുകങ്ങളില്‍,-റോമാ സൈന്യനായകന്‍ തന്ന അതെ  സ്വര്‍ണ്ണപാദുകങ്ങളില്‍ - ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു . അവനടുത്തെത്തി ഞാന്‍ പറഞ്ഞു ' അങ്ങേക്ക് സുപ്രഭാതം.'

അവന്‍ പറഞ്ഞു, 'മറിയം, നിനക്ക് സുപ്രഭാതം.'

അവന്‍ എന്റെ നേരെ നോക്കി, ഉറക്കമുണര്‍ന്ന അവന്റെ കണ്ണുകള്‍ എന്നെ ഇത് വരെ ആരും കാണാത്തത് പോലെ കണ്ടു . പെട്ടെന്ന് എനിക്ക് ഞാന്‍ നഗ്നയായത് പോലെ തോന്നി ഞാന്‍ നാണിച്ചു.

എങ്കിലും അവന്‍ പറഞ്ഞത് ഇത്രമാത്രം  ആയിരുന്നല്ലോ , 'നിനക്ക് സുപ്രഭാതം'

എന്നിട്ട് ഞാന്‍ അവനോടു പറഞ്ഞു , 'എന്റെ വീട്ടിലേക്കു വരില്ലേ?"

അവന്‍ പറഞ്ഞു, 'ഞാന്‍ നിന്റെ വീട്ടില്‍ തന്നെ അല്ലെ ?"

അന്ന് എനിക്കറിഞ്ഞില്ല അവന്‍  ഉദ്ദേശിച്ചത് എന്ത്  എന്ന് . പക്ഷെ ഇന്നെനിക്കറിയാം .

ഞാന്‍ ചോദിച്ചു, 'എനിക്കൊപ്പം അപ്പവും വീഞ്ഞും കഴിക്കില്ലേ ?"

അവന്‍ പറഞ്ഞു,  "തീര്‍ച്ചയായും മറിയം, പക്ഷെ ഇപ്പോഴല്ല."

ഇപ്പോഴല്ല, ഇപ്പോഴല്ല, അവന്‍ പറഞ്ഞു . അവന്റെ  സ്വരത്തില്‍ കടലൊച്ച കേട്ടു.  കാറ്റിന്റെയും മരങ്ങളുടെയും  ശബ്ദവും. അവന്‍ എന്നോടത് പറഞ്ഞപ്പോള്‍ ജീവന്‍ മരണത്തോട് മന്ത്രിക്കുകയായിരുന്നു .

കാരണം,  അറിയുക  സുഹൃത്തെ , ഞാന്‍ മരിച്ചവള്‍ ആയിരുന്നു. ആത്മാവിനെ പിരിഞ്ഞ സ്ത്രീയായിരുന്നു ഞാന്‍ . ഇന്ന് കാണുന്ന ഈ ജീവനില്‍ നിന്ന് അകന്നായിരുന്നു അന്ന് ഞാന്‍ ജീവിച്ചത്. ഞാന്‍ എല്ലാ പുരുഷന്മാരുടെതും ആയിരുന്നു ആരുടെതും അല്ലാതെ . അവര്‍ എന്നെ സ്വൈരിണി എന്ന് വിളിച്ചു , ഏഴു ചെകുത്താന്മാര്‍  ബാധിച്ചവള്‍ എന്നും . ഞാന്‍ ഒരേ സമയം ശപിക്കപെട്ടവളും, അസൂയാപാത്രവും ആയിരുന്നു 

എന്നാല്‍ അവന്റെ ബാലര്‍ക്ക ദൃഷ്ടികള്‍ എന്റെ കണ്ണില്‍ പതിച്ചപ്പോള്‍ എല്ലാ നിശാനക്ഷത്രങ്ങളും മങ്ങി പൊലിഞ്ഞു , മാഞ്ഞു, ഞാന്‍ മറിയമായി , മറിയം മാത്രം , പരിചിത വഴികള്‍  വെടിഞ്ഞ പുതിയ  സ്ഥലികള്‍  തേടുന്ന ഒരു സ്ത്രീ .

വീണ്ടും അവനോടു ഞാന്‍ പറഞ്ഞു , '' എനെ വീട്ടില്‍ വന്നു എന്നോടൊത്തു അപ്പവും വീഞ്ഞും കഴിക്കൂ.'

അവന്‍ ചോദിച്ചു, " എന്തിനാണ് നീ എന്നെ അതിഥിയാവാന്‍ ക്ഷണിക്കുന്നത്?"

ഞാന്‍ പറഞ്ഞു,  " എന്റെ വീട്ടിലേക്കു വരാന്‍ ഞാന്‍ നിന്നോട്  യാചിക്കുന്നു.'  അത്  എന്നിലെ  ഉയിരും ഉണ്മയും ,ഊഴിയും ആകാശവും അവനെ വിളിക്കുന്നതായിരുന്നു .

അപ്പോള്‍ അവന്‍ എന്നെ നോക്കി അവന്റെ കണ്ണിലെ പ്രഭാത വെളിച്ചം എന്നില്‍ പതിച്ചു, അവന്‍ പറഞ്ഞു, 'നിനക്ക് പല കാമുകരുണ്ട് , എന്നാല്‍  നിന്നെ സ്നേഹിക്കുന്നത്  ഞാന്‍ മാത്രം. മറ്റുള്ളവര്‍ നിന്റെ സാമീപ്യത്തില്‍ അവരെ തന്നെ സ്നേഹിക്കുന്നു . ഞാന്‍ നിന്നിലെ നിന്നെ സ്നേഹിക്കുന്നു . മറ്റു മനുഷ്യര്‍  നിന്നില്‍ നിന്റെ സൌന്ദര്യത്തെ , അവരുടെ പ്രായത്തിനു മുന്‍പേ തന്നെ മങ്ങിപോകുന്ന ആ സൌന്ദര്യത്തെ കാണുന്നു . എന്നാല്‍ ഞാന്‍ നിന്നില്‍ വാടാത്ത സൌന്ദര്യത്തെ കാണുന്നു , ജീവിത സായാഹ്നത്തില്‍ സ്വന്തം പ്രതിബിംബത്തെ കണ്ണാടിയില്‍ കാണുമ്പോള്‍ നിന്നില്‍ ഭീതി ജനിപ്പിക്കാത്ത, നിന്നെ അവഹേളിക്കാത്ത ആ സൌന്ദര്യത്തെ .

'ഞാന്‍ മാത്രം നിന്നിലെ കാഴ്ചകള്‍ക്കുമപ്പുറത്തുള്ളതിനെ  സ്നേഹിക്കുന്നു '

പിന്നീട് അവന്‍ താഴ്ന സ്വരത്തില്‍ മൊഴിഞ്ഞു, 'ഇപ്പോള്‍ പോകൂ. ഈ സൈപ്രസ് മരം നിന്റെതാണെങ്കില്‍ , ഇതിന്റെ തണലില്‍ ഞാനിരിക്കുന്നത് നിനക്ക് ഹിതമല്ലെങ്കില്‍ ഞാന്‍ പോയിക്കൊള്ളാം.

ഞാന്‍ കരഞ്ഞുകൊണ്ട്‌ അവനോട് പറഞ്ഞു , 'ഗുരോ, എന്റെ വീട്ടിലേക്കു വരിക, ഞാന്‍ അങ്ങേക്ക് വേണ്ടി സുഗന്ധങ്ങള്‍ പുകക്കാം, വെള്ളിതാലത്തില്‍ പാദപൂജയര്‍പ്പിക്കാം . നീ അജ്ഞാതന്‍ എങ്കിലും അജ്ഞാതന്‍ അല്ല . ഞാന്‍ അപേക്ഷിക്കുന്നു , വീട്ടിലേക്കു വരൂ.'

അപ്പോള്‍ അവന്‍ എണീറ്റ്‌ നിന്ന് എന്നെ നോക്കി . ഋതുക്കള്‍ വയലുകളെ എന്നപോലെ . ചിരിതൂകി. അവന്‍  വീണ്ടും പറഞ്ഞു, 'എല്ലാ മനുഷ്യരും നിന്നെ അവര്‍ക്ക് വേണ്ടി സ്നേഹിക്കുന്നു . ഞാന്‍ നിന്നെ നിനക്കായി സ്നേഹിക്കുന്നു.'

എന്നിട്ട് അവന്‍ നടന്നു മറഞ്ഞു ,

പക്ഷെ  വേറെ ഒരു മനുഷ്യരും അവന്‍ നടക്കുന്നത് പോലെ നടന്നു ഞാന്‍ കണ്ടിട്ടില്ല.  അത് എന്റെ പൂന്തോപ്പില്‍ ഉരുവായ ഒരു ശ്വാസം കിഴക്കോട്ടു നീങ്ങിയതായിരുന്നോ? അതോ സര്‍വ്വത്തെയും കടപുഴക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നോ അത് ?

എനിക്കറിയില്ല . എങ്കിലും ആ ദിവസം അവന്റെ കണ്ണിലെ സൂര്യ ചൈതന്യം എന്നിലെ വ്യാളിയെ ഭസ്മമാക്കി, ഞാന്‍ ഒരു മനുഷ്യസ്ത്രീയായി. ഞാന്‍ മറിയം ആയി ,മഗ്ദലനയിലെ മറിയം . 

No comments:

Post a Comment