Monday, January 13, 2014




തിരയുടെ പാട്ട്


കരുത്തനായ ഈ തീരം എന്റെ പ്രിയന്‍
ഞാനോ അവന്റെ ഹൃദയേശ്വരി
ഞങ്ങള്‍ പ്രണയത്താല്‍ ബന്ധിതര്‍
സുധാംശു എന്നെ അവനില്‍ നിന്നും വലിച്ചു നീക്കുന്നു.
ഇനിയും അവനിലേക്ക് ഞാന്‍ ആര്‍ത്ത് അണയും
വീണ്ടും, കുഞ്ഞു കുഞ്ഞു  യാത്രാമൊഴികളോടെ, 
വൈമനസ്യത്തോടെ , മെല്ലെ മെല്ലെ പിരിയും.

നീലാകാശത്തിനപ്പുറത്തുനിന്നു കവര്‍ന്ന വെള്ളിയാല്‍ 

എന്റെ തിരകള്‍ അവന്റെ സ്വര്‍ണ്ണ മണലിനെ അലങ്കരിക്കും
ഞങ്ങള്‍ ഒന്നുചേര്‍ന്നലിഞ്ഞു പ്രഭ ചൊരിയും 

ഞാന്‍ അവന്റെ ദാഹമകറ്റുന്നു , അവന്റെ ഹൃദയത്തെ മൂടുന്നു

അവന്‍ എന്റെ സ്വരത്തെ മൃദുവാക്കുന്നു,  എന്റെ ആവേഗത്തെ ശമിപ്പിക്കുന്നു
പ്രഭാതത്തില്‍  ഞാന്‍ അവന്റെ ചെവിയില്‍  പ്രണയമന്ത്രങ്ങളോതുന്നു
അവനോ ആവേശത്തോടെ എന്നെ പുണരുന്നു. 

സായാഹ്നത്തില്‍ ഞാന്‍ അവനോടു പ്രത്യാശയുടെ ഗാനം പാടും 

പിന്നെ അവന്റെ മുഖം മൃദു ചുംബനങ്ങളാല്‍ മൂടും
ഞാന്‍ ഭീതിയും തിരക്കും ഏറിയവള്‍
എന്നാല്‍ അവനോ, ശാന്തന്‍, സൌമ്യന്‍ , ചിന്താശീലന്‍.
അവന്റെ വിസ്തൃതമായ വക്ഷസ്സ് എന്റെ ആകുലതകളെ ശമിപ്പിക്കുന്നു

ഏറ്റത്തില്‍ ഞങ്ങള്‍ പരസ്പരം താലോലിക്കുന്നു.

ഇറക്കത്തില്‍ ഞാന്‍ അവന്റെ പാദങ്ങളില്‍ വീണു നമിക്കുന്നു.

പലപ്പോഴും ആഴങ്ങളില്‍ നിന്ന് അവര്‍ ഉയര്‍ന്നു വന്നു

എന്റെ നുരകളില്‍ താരങ്ങളെ നോക്കി കിടന്നപ്പോള്‍
 ഞാന്‍ ജലകന്യകമാരോടൊത്ത് ആടിപാടി.
പ്രണയികള്‍ അവരുടെ ആകുലതകളെ കുറിച്ച് കേഴുമ്പോള്‍ 
അവരുടെ തേങ്ങലുകളാല്‍ ഞാന്‍ അലകള്‍ നെയ്തു.

പലപ്പോഴും ഞാന്‍ പാറക്കെട്ടുകളോടു കളിപറഞ്ഞു

പുഞ്ചിരിയോടെ അവരെ തഴുകി
ഒരു ചിരി പോലും പകരം ലഭിക്കാതെ..
പലപ്പോഴും മുങ്ങിമരിക്കുന്ന മനുഷ്യരെ സ്നേഹപൂര്‍വം  കയ്യിലേന്തി
ഞാന്‍ എന്റെ പ്രിയന്റെ , ഈ തീരത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചു 
അവന്‍  എന്നിലെ ഊര്‍ജ്ജം അവര്‍ക്ക്  പകര്‍ന്നു 

എന്നും ഞാന്‍ ആഴങ്ങളിലെ രത്നങ്ങല്‍ കവര്‍ന്നു 

എന്റെ പ്രിയ തീരത്തിനു സമര്‍പ്പിച്ചു 
അവന്‍ നിശ്ശബ്ദനായി സ്വീകരിച്ചു 
എങ്കിലും വീണ്ടും, വീണ്ടും ഞാന്‍ സമര്‍പ്പിക്കുന്നു 
എന്നെന്നും അവന്‍ എനിക്ക് സ്വാഗതമരുളുന്നല്ലോ

സാന്ദ്രമായ  ഈ ഇരുട്ടില്‍ 

ജീവജാലങ്ങള്‍  മുഴുവന്‍ നിദ്രയില്‍ മുഴുകുമ്പോള്‍ 
ഒരുനിമിഷം പാടിയും അടുത്തനിമിഷം നിശ്വാസമുതിര്‍ത്തും ഞാന്‍  ഇരിക്കുന്നു 
ഞാന്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്നു.

ഹോ!! നിദ്രയില്ലായ്മ എന്നെ ക്ഷയിപ്പിക്കുന്നു 

എങ്കിലും ഞാന്‍ പ്രണയി,  പ്രണയത്തിന്റെ ശക്തിയോ അനന്തം
തളര്‍ന്നവള്‍, എങ്കിലും  ഒരിക്കലും എനിക്ക് മരണമില്ല.

(khaleel Gibran - Tear and smile )



No comments:

Post a Comment