Saturday, January 18, 2014


 53. പോംപേക്കാരന്‍ മാന്നുസ്  ഗ്രീക്കുകാരനോട് 

യഹൂദരുടെ ദൈവത്തെ പറ്റി

യഹൂദര്‍, അവരുടെ അയല്‍ക്കാര്‍ ആയ ഫിനീഷ്യരെയും, അറബികളെയും പോലെ തന്നെ അവരുടെ ദൈവങ്ങളെ ആകാശത്ത്  ഒരു മാത്ര വിശ്രമിക്കാന്‍ അനുവദിക്കില്ല .

അവര്‍ അവരുടെ ദൈവത്തെ പറ്റി സദാ ശ്രദ്ധാലുക്കളാണ്  മറ്റുള്ളവരുടെ ഭക്തിയെയും അനുഷ്ടാനങ്ങളെയും കുറിച്ച് അതീവ ജാഗരൂകരും

നമ്മള്‍ റോമക്കാര്‍ നമ്മുടെ ദൈവങ്ങള്‍ക്ക്  വെണ്ണക്കല്‍ മന്ദിരങ്ങള്‍ പണിയുമ്പോള്‍ അവര്‍ അവരുടെ ദൈവത്തിന്റെ പ്രകൃതിയെ കുറിച്ച് ചര്‍ച്ചചെയ്യും. നമ്മള്‍ ആനന്ദലഹരിയില്‍ ജൂപിറ്ററിന്റെ, ജൂനോവിന്റെ, മാര്‍സിന്റെ, വീനസിന്റെ മണ്ഡപങ്ങള്‍ക്ക് ചുറ്റും പാട്ട് പാടി നൃത്തം ചെയ്യമ്പോള്‍ ഇവര്‍ ഭക്ത്യാതിരേകത്താല്‍  ചാക്ക്തുണി ധരിച്ചു തലയില്‍ ഭസ്മം പൂശും .. അവര്‍ ജനിച്ച ദിവസത്തെ കുറിച്ച് പരിതപിക്ക പോലും ചെയ്യും .

യേശുവിനെ , ദൈവത്തെ ഒരു ആനന്ദ ഭാവമായി കണ്ട അവനെ , അവര്‍ പീഡിപ്പിച്ചു , പിന്നീട് കൊന്നു കളയുകയും ചെയ്തു .

ഇവര്‍ സന്തുഷ്ടനായ ഒരു ദൈവത്തില്‍ ഒരിക്കലും സന്തോഷിക്കില്ല . അവര്‍ അവരുടെ വേദനകളിലെ ദൈവത്തെ മാത്രം അറിയുന്നു .

അവന്റെ ആഹ്ലാദം അറിഞ്ഞ , അവന്റെ ചിരി കാതുകളില്‍ മുഴങ്ങിയതോര്‍ക്കേണ്ട അവന്റെ സുഹൃത്തുക്കളും ശിഷ്യരും പോലും, അവന്റെ പീഡാനുഭവത്തിന്റെ രൂപം മെനഞ്ഞു അതിനെ ആരാധിക്കുന്നു .

ആ ആരാധനയില്‍ അവര്‍  അവനിലേക്ക്‌  സ്വയം  ഉയര്‍ത്തുകയല്ല , അവനെ അവരിലേക്ക്‌  ഇകഴ്തുകയാണ്  .

എങ്കിലും ഞാന്‍ കരുതുന്നു, ഈ ചിന്തകന്‍ , സോക്രട്ടീസില്‍ നിന്നും വളരെ  വ്യതിരിക്തന്‍ അല്ലാത്ത  ഈ  യേശു , അവന്റെ ജനതയുടെ മേല്‍ ആധിപത്യം നേടും , ചിലപ്പോള്‍ മറ്റു ജനതകളുടെ മേലും .

കാരണം നമ്മളെല്ലാം വിഷാദികളും സന്ദേഹികളും ആയ ജീവികള്‍ തന്നെ . ഒരാള്‍ നമ്മോടു " നമുക്ക് ദൈവങ്ങള്‍ക്കൊപ്പം ആനന്ദിക്കാം ", എന്ന് പറയുമ്പോള്‍ നമ്മള്‍ അവനെ അനുസരിക്കുന്നു.. ഈ മനുഷ്യന്റെ വേദന ഒരു അനുഷ്ടാനം ആക്കി തീര്‍ക്കുന്നത് വിചിത്രം തന്നെ .

ഈ ജനം മറ്റൊരു അഡോണിസിനെ കണ്ടെത്തും , കാട്ടില്‍ വെച്ച് വധിക്കപെട്ട ഒരു ദേവനെ, എന്നിട്ട് അവന്റെ വധം ആഘോഷിക്കും . അവന്റെ  ആഹ്ലാദം അവരില്‍  നിറയാത്തതു  ഖേദകരം .

പക്ഷെ നമുക്കും ഏറ്റു പറയാം , ഒരു  റോമാക്കാരന്‍ ഒരു ഗ്രീക്ക് കാരനോട്.  ആതന്‍സിലെ തെരുവുകളില്‍  നാം  തന്നെ  സോക്രട്ടീസിന്റെ പൊട്ടിച്ചിരികള്‍ കേള്‍ക്കാറുണ്ടോ ?  ആ വിഷപാത്രത്തെ എന്നെങ്കിലും നാം  മറക്കാറുണ്ടോ, ദയോനിസാസിന്റെ രംഗശാലയില്‍  ഇരിക്കുമ്പോള്‍ എങ്കിലും ?

നമ്മുടെ പിതാക്കളും  തെരുവോരങ്ങളില്‍,  അവരുടെ കഷ്ടങ്ങള്‍ അയവിറക്കാന്‍ , നമ്മുടെ മഹത്തുക്കളുടെ ദയനീയാന്ത്യങ്ങളെ കുറിച്ചോര്‍ത്ത് സംതൃപ്തിയുടെ ഒരു  നിമിഷം ആസ്വദിക്കാന്‍ ഇന്നും  ഒന്നിക്കാറുണ്ടല്ലോ 

(ഖലീല്‍ ജിബ്രാന്‍ -- ജീസസ് ദി സണ്‍ ഓഫ് മാന്‍ )




36. ഒരു തത്വചിന്തകന്‍

സൌന്ദര്യ വിസ്മയങ്ങളെ കുറിച്ച് 


ഞങ്ങളോടൊപ്പം കഴിഞ്ഞപ്പോള്‍ അവന്‍ ഞങ്ങളെയും ഞങ്ങളുടെ ലോകത്തെയും വിസ്മയഭരിതമായ കണ്ണുകളാല്‍ വീക്ഷിച്ചു. അവന്റെ കണ്ണുകളില്‍ കാലം പാട കെട്ടിയിരുന്നില്ല . അവന്‍ കണ്ടതെല്ലാം അവന്റെ യൌവ്വനത്തിന്റെ പ്രകാശത്തില്‍ സ്പഷ്ടവും സ്പുടവും ആയിരുന്നു .

അവന്‍ സൌന്ദര്യത്തിന്റെ ആഴങ്ങള്‍ അറിഞ്ഞിരുന്നു എങ്കിലും അവന്‍ എന്നും അതിന്റെ ശാന്തിയിലും , തേജസ്സിലും ആശ്ചര്യം കൊണ്ടു. അവന്‍ ഭൂമിയെ ആദിമനുഷ്യന്‍ ആദ്യദിവസത്തെ  കണ്ടത് പോലെ കണ്ടു .

ചേതന മരവിച്ച നമ്മള്‍ പകല്‍ വെളിച്ചത്തിലും ഒന്നിനെയും കണ്ടറിയുന്നില്ല . ചെവി കൂര്‍പ്പിക്കുമ്പോഴും  ഒന്നും കേള്‍ക്കുന്നുമില്ല. കൈനീട്ടി ഏന്തുമ്പോഴും അസ്തമനത്തെ സ്പര്‍ശിക്കുന്നില്ല.  ഷാരോണിലെ പനിനീര്‍ പൂക്കളുടെ സുഗന്ധത്തിനു നമ്മള്‍ ദാഹിക്കുന്നുമില്ല .

ഇല്ല, നമ്മള്‍ രാജ്യമില്ലാത്ത രാജാക്കന്മാരെ മാനിക്കാറില്ല . കൈവിരലുകളാല്‍ അല്ലാതെ മീട്ടപെടുന്ന വിപഞ്ചികയുടെ സ്വരം കേള്‍ക്കാറില്ല. നമ്മുടെ ഒലീവ് തോട്ടത്തില്‍ ഓടി കളിക്കുന്ന കുഞ്ഞിനെ ഒരു ഒലീവ് തയ്യായി കാണാന്‍ നമുക്കാവില്ല . നമുക്ക് എല്ലാ വാക്കുകളും നാക്കുകൊണ്ടു ഉച്ചരിക്കണം അല്ലെങ്കില്‍ നമ്മള്‍ പരസ്പരം മൂകരും ബധിരരും എന്ന് കരുതും .

സത്യത്തില്‍ നമ്മള്‍ നോക്കുന്നു എങ്കിലും കാണുന്നില്ല , കാതോര്‍ക്കും എങ്കിലും കേള്‍ക്കുന്നില്ല . നമ്മള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എങ്കിലും രുചിക്കുന്നില്ല. യേശു നസരെനും നാമും തമ്മിലുള്ള അന്തരം അതാണ്‌ .

അവന്റെ ചേതനകള്‍ നിരന്തരം നവീകരിക്കപെട്ടു , അവനു ലോകം ഓരോ നിമിഷവും നൂതനമായിരുന്നു .

ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചല്‍ അവനു മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ രോദനമായിരുന്നു നമുക്കത്  വെറും    കൊഞ്ചല്‍ മാത്രം 

അവനു ഒരു പൂത്തുമ്പ വേര്  ദൈവത്തിനോടുള്ള അര്‍ത്ഥന നമുക്കോ അത്  ഒരു വെറും വേര് മാത്രം.


(ഖലീല്‍ ജിബ്രാന്‍, - ജീസസ് ദി സണ്‍ ഓഫ് മാന്‍ )

Monday, January 13, 2014




തിരയുടെ പാട്ട്


കരുത്തനായ ഈ തീരം എന്റെ പ്രിയന്‍
ഞാനോ അവന്റെ ഹൃദയേശ്വരി
ഞങ്ങള്‍ പ്രണയത്താല്‍ ബന്ധിതര്‍
സുധാംശു എന്നെ അവനില്‍ നിന്നും വലിച്ചു നീക്കുന്നു.
ഇനിയും അവനിലേക്ക് ഞാന്‍ ആര്‍ത്ത് അണയും
വീണ്ടും, കുഞ്ഞു കുഞ്ഞു  യാത്രാമൊഴികളോടെ, 
വൈമനസ്യത്തോടെ , മെല്ലെ മെല്ലെ പിരിയും.

നീലാകാശത്തിനപ്പുറത്തുനിന്നു കവര്‍ന്ന വെള്ളിയാല്‍ 

എന്റെ തിരകള്‍ അവന്റെ സ്വര്‍ണ്ണ മണലിനെ അലങ്കരിക്കും
ഞങ്ങള്‍ ഒന്നുചേര്‍ന്നലിഞ്ഞു പ്രഭ ചൊരിയും 

ഞാന്‍ അവന്റെ ദാഹമകറ്റുന്നു , അവന്റെ ഹൃദയത്തെ മൂടുന്നു

അവന്‍ എന്റെ സ്വരത്തെ മൃദുവാക്കുന്നു,  എന്റെ ആവേഗത്തെ ശമിപ്പിക്കുന്നു
പ്രഭാതത്തില്‍  ഞാന്‍ അവന്റെ ചെവിയില്‍  പ്രണയമന്ത്രങ്ങളോതുന്നു
അവനോ ആവേശത്തോടെ എന്നെ പുണരുന്നു. 

സായാഹ്നത്തില്‍ ഞാന്‍ അവനോടു പ്രത്യാശയുടെ ഗാനം പാടും 

പിന്നെ അവന്റെ മുഖം മൃദു ചുംബനങ്ങളാല്‍ മൂടും
ഞാന്‍ ഭീതിയും തിരക്കും ഏറിയവള്‍
എന്നാല്‍ അവനോ, ശാന്തന്‍, സൌമ്യന്‍ , ചിന്താശീലന്‍.
അവന്റെ വിസ്തൃതമായ വക്ഷസ്സ് എന്റെ ആകുലതകളെ ശമിപ്പിക്കുന്നു

ഏറ്റത്തില്‍ ഞങ്ങള്‍ പരസ്പരം താലോലിക്കുന്നു.

ഇറക്കത്തില്‍ ഞാന്‍ അവന്റെ പാദങ്ങളില്‍ വീണു നമിക്കുന്നു.

പലപ്പോഴും ആഴങ്ങളില്‍ നിന്ന് അവര്‍ ഉയര്‍ന്നു വന്നു

എന്റെ നുരകളില്‍ താരങ്ങളെ നോക്കി കിടന്നപ്പോള്‍
 ഞാന്‍ ജലകന്യകമാരോടൊത്ത് ആടിപാടി.
പ്രണയികള്‍ അവരുടെ ആകുലതകളെ കുറിച്ച് കേഴുമ്പോള്‍ 
അവരുടെ തേങ്ങലുകളാല്‍ ഞാന്‍ അലകള്‍ നെയ്തു.

പലപ്പോഴും ഞാന്‍ പാറക്കെട്ടുകളോടു കളിപറഞ്ഞു

പുഞ്ചിരിയോടെ അവരെ തഴുകി
ഒരു ചിരി പോലും പകരം ലഭിക്കാതെ..
പലപ്പോഴും മുങ്ങിമരിക്കുന്ന മനുഷ്യരെ സ്നേഹപൂര്‍വം  കയ്യിലേന്തി
ഞാന്‍ എന്റെ പ്രിയന്റെ , ഈ തീരത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചു 
അവന്‍  എന്നിലെ ഊര്‍ജ്ജം അവര്‍ക്ക്  പകര്‍ന്നു 

എന്നും ഞാന്‍ ആഴങ്ങളിലെ രത്നങ്ങല്‍ കവര്‍ന്നു 

എന്റെ പ്രിയ തീരത്തിനു സമര്‍പ്പിച്ചു 
അവന്‍ നിശ്ശബ്ദനായി സ്വീകരിച്ചു 
എങ്കിലും വീണ്ടും, വീണ്ടും ഞാന്‍ സമര്‍പ്പിക്കുന്നു 
എന്നെന്നും അവന്‍ എനിക്ക് സ്വാഗതമരുളുന്നല്ലോ

സാന്ദ്രമായ  ഈ ഇരുട്ടില്‍ 

ജീവജാലങ്ങള്‍  മുഴുവന്‍ നിദ്രയില്‍ മുഴുകുമ്പോള്‍ 
ഒരുനിമിഷം പാടിയും അടുത്തനിമിഷം നിശ്വാസമുതിര്‍ത്തും ഞാന്‍  ഇരിക്കുന്നു 
ഞാന്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്നു.

ഹോ!! നിദ്രയില്ലായ്മ എന്നെ ക്ഷയിപ്പിക്കുന്നു 

എങ്കിലും ഞാന്‍ പ്രണയി,  പ്രണയത്തിന്റെ ശക്തിയോ അനന്തം
തളര്‍ന്നവള്‍, എങ്കിലും  ഒരിക്കലും എനിക്ക് മരണമില്ല.

(khaleel Gibran - Tear and smile )



കവി

അവന്‍,  ഇന്നിനെയും നാളെയും ഇണക്കുന്ന കണ്ണി
ആര്‍ക്കും ദാഹം തീര്‍ക്കാവുന്ന ഒരു തെളിനീരുറവ 
അവന്‍, ചാരുത നനച്ചു വളര്‍ത്തിയ വൃക്ഷം
ആതുരചിത്തങ്ങള്‍ക്കായ് കനിയേന്തി നില്‍ക്കുന്നവന്‍

അവന്‍  ഒരു രാപ്പാടി
വിഷാദഗ്രസ്തമായ ആത്മാവിനെ സാന്ത്വനഗാനങ്ങാല്‍ തഴുകുന്നവന്‍
അവന്‍ ആകാശച്ചെരുവിലൂടൊഴുകുന്ന വെണ്‍മേഘം 
ഉയര്‍ന്നു,  പരന്നു വിണ്ണിന്‍റെ  മുഖപടമാകുന്നവന്‍
പിന്നെ ജീവന്റെ വയലില്‍ ഒഴുകി ഇറങ്ങി
അവയുടെ ഇതളുകള്‍ വിടര്‍ത്തി പ്രകാശം പകരുന്നവന്‍

അവന്‍ ദൈവദൂതന്‍
തന്‍റെ സ്തുതികള്‍ ആലപിക്കാന്‍ സൌന്ദര്യദേവത അനുഗ്രഹിച്ചയച്ചവന്‍
അവന്‍ ഉജ്ജ്വലമായ ദീപം 
ഇരുട്ടിനെ  വെന്നവന്‍
കാറ്റ്‌ അവനെ അണക്കില്ല
പ്രണയ ദേവത എണ്ണയൊഴിച്ച്
വാണീദേവി തെളിച്ച  ദീപം

അവന്‍ ഏകാകി 
സരളതയും സൌമനസ്യവും അണിഞ്ഞവന്‍
പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് പ്രചോദനം തേടുന്നവന്‍
രാവിന്റെ നിശ്ശബ്ദതയില്‍ ഉണര്‍ന്നിരുന്നു
ആത്മാവിന്റെ വരവോര്‍ത്തിരിപ്പവന്‍
അവന്‍  ഒരു  വാപകന്‍
സ്നേഹത്തിന്‍റെ  വയലുകളില്‍ സ്വന്തം ഹൃദയബിന്ദുക്കള്‍ വീശി വിതക്കുന്നവന്‍
മാനവരുടെ വിശപ്പാറ്റാന്‍ സ്നേഹകതിര്‍ വിളയിക്കുന്നവന്‍

കവി ഇവനാണ് - ഇഹത്തില്‍ എന്നും തിരസ്കൃതന്‍
ഇഹലോകത്തോട് വിടപറഞ്ഞു യാത്രയാകുമ്പോള്‍ മാത്രം  
തിരിച്ചറിയപെടുന്നവന്‍ 
കവി ഇവനാണ്  - മനുഷികതയോട് ഒരു പുഞ്ചിരിക്ക് മാത്രം ആവശ്യപെടുന്നവന്‍
കവി ഇവനാണ്  - സ്വന്തം ആത്മാവിന്റെ സുന്ദരഭാവങ്ങളാല്‍ നഭസ്സിനെ അലങ്കരിക്കുന്നവന്‍
എന്നാലോ  ജനം ആ കാന്തിയെ സ്വയം നിഷേധിക്കുന്നു 

എന്നിവര്‍ സുഷുപ്തിയില്‍ നിന്നുണരും?
എന്നുവരെ ഇവര്‍ നിസ്സാരതകളെ മഹത്വവത്കരിച്ചുകൊണ്ടിരിക്കും?
എന്നുവരെ സ്വന്തം ആത്മാവിന്റെ സൌന്ദര്യത്തെ, ശാന്തിയുടെ സ്നേഹത്തിന്റെ പ്രതിരൂപത്തെ 
വെളിവാക്കുന്നവര്‍ക്ക് ഇവര്‍ മുഖം കൊടുക്കാതിരിക്കും?

എന്നുവരെ മനുഷ്യര്‍, ജീവിക്കുന്നവരെ  മറന്നു മൃതരെ ആദരിക്കും?
ജീവിതക്ലേശത്തില്‍  മുഴുകിയവരെ ,
സ്വയം മെഴുകുതിരികളായി കത്തി എരിഞ്ഞു,
വഴിയില്‍ വെളിച്ചമാകുന്നവരെ.
അജ്ഞര്‍ക്കായ്‌ വെളിച്ചത്തിന്റെ പാത തീര്‍ക്കുന്നവരെ.

കവേ!  നീ ഈ ജഗത്തിന്റെ  ജീവന്‍ 
യുഗങ്ങളുടെ യാതനയെ ജയിച്ചവന്‍ 

കവേ!  നീ ഹൃദയങ്ങളുടെ രാജകുമാരന്‍
അതിനാല്‍ നിന്റെ രാജ്യം അനന്തം 

കവേ!  നീ നിന്റെ മുള്‍കിരീടത്തെ സൂക്ഷിച്ചു നോക്കൂ
അതിനുള്ളില്‍ തിളങ്ങുന്ന ഒരു പീലിത്തിരുമുടി നീ കാണും 


(khaleell Gibran - Tear and Smile )

മൃതീ, സുന്ദരീ

ഒന്ന്-  ക്ഷണം

എന്‍ പ്രാണന്‍ ഇന്നുന്മത്തന്‍ പ്രണയത്താല്‍ , മയങ്ങട്ടെ ഞാന്‍ 
ദിനരാത്രങ്ങളാല്‍ സമൃദ്ധമീ  ജീവന്‍  തലചായ്ക്കട്ടെ
ഒരുക്കുക ധൂപ ദീപങ്ങള്‍ ചുറ്റുമെന്‍ തല്പത്തിന്‍റെ
മൂടുകീ നിശ്ചല ദേഹത്തെ പുഷ്പദളങ്ങളാല്‍
പുരട്ടുക സുഗന്ധതൈലമെന്‍ ചികുരത്തില്‍,  
കഴുകുകെന്‍ കാലടികളെ പനിനീരാല്‍ 
മൃതിയെന്‍  നെറുകയില്‍ കുറിച്ചിട്ട വിധി വായിച്ചറിയുക

നിദ്രതന്‍ മടിത്തട്ടില്‍ അമരട്ടെ ഞാന്‍, എന്‍ മിഴികളടയുന്നു, ആലസ്യത്താല്‍ 
തഴുകട്ടെ എന്നാത്മാവിനെ ഒഴുകുമീ വീണാനാദം.
വീണാ, വേണു ഗാനങ്ങള്‍ നെയ്തിടും തൂവാലയാല്‍
തകര്‍ന്നുവീഴുമീ  ഹൃദയത്തെ പൊതിയുക 

ഓര്‍മ്മ തന്‍  ഗാനം മൂളുക ,എന്‍ മിഴികള്‍തന്‍ പ്രതീക്ഷക്കായ്‌
അവതന്‍ മായാജാലം എന്‍ ഹൃത്തിനായ്‌ മൃദു മെത്ത വിരിക്കട്ടെ

പ്രിയരേ തുടക്കുക മിഴിനീര്‍ നിങ്ങള്‍,  ഉയര്‍ത്തുക മുഖം, 
വിഭാത സൂര്യനെ വാഴ്ത്തും കുസുമങ്ങളായ്‌
അനന്തതക്കുമെന്‍  ശയ്യക്കും  മദ്ധ്യേ പ്രകാശഗോപുരം പോല്‍ തിളങ്ങും
 മൃതിയാം വധുവിനെ വണങ്ങുക 
എന്നൊപ്പം നിശ്വാസമടക്കി, ചെവിയോര്‍ക്കൂ 
അവള്‍തന്‍ വശ്യമാം വെണ്‍ ചിറകൊച്ചയ്ക്കായി.

വരൂ വിട ചൊല്ലുക എന്നോടിന്നു
ചുംബിക്കുകെന്‍ ഇമകളെ സ്മിതം തൂകുമധരങ്ങളാല്‍
കിടാങ്ങള്‍ തന്‍ മൃദുകരാംഗുലസ്പര്‍ശം അറിയട്ടെ എന്‍ കൈകള്‍ 
ഗുരുജനാനുഗ്രഹമെന്‍ ശിരസ്സില്‍ വര്‍ഷിക്കട്ടെ
കന്യകമാര്‍ വന്നെന്‍ കണ്ണില്‍ ദൈവത്തെ ദര്‍ശിക്കട്ടെ
എന്‍ അന്ത്യനിശ്വാസത്തില്‍ ദൈവ വചനം ശ്രവിക്കട്ടെ


രണ്ട്‌ - സ്വര്‍ഗഗമനം

ഞാന്‍ ഒരു ഗിരി ശിഖരത്തെ താണ്ടി വന്നു.
എന്‍റെ ജീവന്‍ അതിരുകളില്ലാത്ത പൂര്‍ണ സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സില്‍ ഉയര്‍ന്നു പറക്കുന്നു
എന്‍റെ സഹജരെ ഞാന്‍ ദൂരെ ദൂരെയാണ്.
മേഘങ്ങള്‍ മലകളെ എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയ്‌ക്കുന്നു
താഴ്വരകളില്‍  മൌനം പ്രളയമായ്‌ നിറഞ്ഞിരിക്കുന്നു 
വഴിത്താരകളെയും ഭവനങ്ങളെയും മറവിയുടെ കരങ്ങള്‍ മൂടിയിരിക്കുന്നു
വയലുകളും, തുറസ്സുകളും,  ശരത്കാല മേഘം പോലെ,  
മെഴുതിരിനാളം പോലെ മഞ്ഞയും,  സന്ധ്യ പോലെ ചുവന്നതും ആയ 
ഒരു വിളറിയ നിഴലിനു പിന്നില്‍  മറയുന്നു.

തിരകളുടെ ഗാനവും , അരുവികളുടെ പ്രാര്‍ഥനാ ഗീതങ്ങളും ചിതറുന്നു.
ജനാരവങ്ങള്‍ മൌനത്തില്‍ ലയിക്കുന്നു.
എനിക്ക് ആത്മാവിന്‍റെ ഇച്ഛയോടിഴചേര്‍ന്ന 
അനന്തതയുടെ സംഗീതം മാത്രം കേള്‍ക്കാം
ഞാനോ ശുഭ്രവസ്ത്രാലംകൃതനായി,
സന്തുഷ്ടനും സ്വസ്ഥനുമായിരിക്കുന്നു.

3 . മൃത ശരീരം

ഈ വെളുത്ത ശവകച്ച അഴിച്ചു മാറ്റുക
എന്നെ ഇലകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും മൂടുക 
എന്‍റെ ശരീരത്തെ ഈ ദന്തപേടകത്തില്‍ നിന്നെടുത്ത്
മാതള പൂക്കള്‍ തലയിണയാക്കി കിടത്തുക
എന്നെ ഓര്‍ത്തു വിലപിക്കരുത്, 
പകരം  യൌവനത്തിന്‍റെയും ആനന്ദത്തിന്‍റെയും ഗാനമാലപിക്കുക 
എന്‍റെ മേല്‍ കണ്ണീര്‍ ചൊരിയരുത്
പകരം വിളവെടുപ്പിനെയും വീഞ്ഞുണ്ടാക്കുന്നതിനെയും കുറിച്ച് പാടുക
ശോകത്തിന്റെ നിശ്വാസമരുത്,
എന്‍റെ മുഖത്ത് നിങ്ങളുടെ നഖങ്ങളാല്‍ സ്നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും
മന്ത്രാക്ഷരങ്ങള്‍ വരക്കുക
വായുവിന്‍റെ സ്വച്ഛതക്ക്‌ മന്ത്രജപത്താലും അര്‍ത്ഥനകളാലും ഭംഗം വരുത്തരുതേ.
നിങ്ങളുടെ ഹൃദയം എന്നോടൊത്തു നിത്യജീവനെ കുറിച്ച് പ്രകീര്‍ത്തിക്കട്ടെ
കറുത്ത വസ്ത്രമണിഞ്ഞു ദുഃഖമാചരിക്കരുതേ 
വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞു എന്നോടൊത്തു ആനന്ദിക്കുക.
എന്‍റെ യാത്ര നിങ്ങളുടെ ഹൃദയത്തെ ശോകമൂകമാക്കരുത്
കണ്ണടച്ചാല്‍ ഞാന്‍ എന്നെന്നും നിങ്ങളില്‍ തന്നെ.

എന്നെ ഇലകള്‍ വിരിച്ചതിനു മീതെ കിടത്തുക
നിങ്ങളുടെ സൌഹൃദത്തിന്‍റെ തോളുകളിലേറ്റുക
വിജന വനത്തിലേക്ക് സാവധാനം നടക്കുക
എന്നെ തിരക്കേറിയ ശ്മശാനത്തിലേക്കെടുക്കല്ലേ
അസ്ഥികളുടെയും തലയോട്ടികളുടെയും ബഹളത്താല്‍ എന്‍റെ മയക്കം കെടുത്തരുതേ
എന്നെ വനപ്രദേശത്തേക്ക് കൊണ്ടുപോകുക
പരസ്പരം നിഴലില്‍ അല്ലാതെ വളരുന്ന കുഞ്ഞുപൂക്കള്‍ക്കടുത്ത് എന്‍റെ ശവക്കുഴി ഒരുക്കുക
ആഴത്തിലുള്ള ഒരു ശവക്കുഴി
പ്രളയം എന്‍റെ അസ്ഥികളെ സമതലത്തിലേക്ക് ഒഴുക്കാതിരിക്കാന്‍
എന്‍റെ കല്ലറ വിസ്തൃതമാകട്ടെ
സന്ധ്യയുടെ നിഴലുകള്‍ക്ക് എന്നോടൊത്തിരിക്കാന്‍.

ഇഹലോകത്തെ എന്‍റെ  ആടകള്‍ അഴിച്ചുമാറ്റുക 
ഭൂമാതാവിന്‍റെ ആഴങ്ങളില്‍ എന്നെ ഏല്‍പ്പിക്കുക
കരുതലോടെ എന്നെ എന്‍റെ അമ്മയുടെ മാറില്‍ കിടത്തുക
നനുത്ത മണ്ണുകൊണ്ട് മൂടുക
ഓരോകൈപിടി മണ്ണിലും കലര്‍ന്ന കുഞ്ഞു പൂക്കളുടെ വിത്തുകള്‍
അവര്‍ എന്‍റെ മേല്‍ വളരട്ടെ
എന്‍റെ ശരീരധാതുകളാല്‍ പുഷ്ടിപെട്ട് എന്‍റെ ഹൃദയ സുഗന്ധം വായുവില്‍ പരത്തട്ടെ
എന്‍റെ സ്വച്ഛതയുടെ രഹസ്യം സൂര്യനോട് മന്ത്രിക്കട്ടെ;
വായുവോടോത്ത് പഥികരെ സാന്ത്വനമായ്‌ തഴുകി വീശട്ടെ.

സ്നേഹിതരേ, എന്നോടു വിടചൊല്ലുക-  നിശ്ശബ്ദമായ പാദപതനങ്ങളോടെ
വിജന തീരങ്ങളിലൂടെ മൂകത എന്നപോലെ
എന്നെ ദൈവത്തില്‍ അര്‍പിച്ചു സാവധാനം പിരിഞ്ഞു പോവുക
വൃക്ഷ തലപ്പിലെ പൂങ്കുലകള്‍, വിറക്കുന്ന ആതിരാകാറ്റില്‍ കൊഴിഞ്ഞു 
ചിതറുന്നപോലെ
നിങ്ങളുടെ നിത്യജീവിതത്തിലെ സന്തോഷങ്ങളിലേക്ക് മടങ്ങുക
അവിടെ മരണത്തിനു നമ്മില്‍നിന്ന് കവര്‍ന്ന്‌ എടുക്കാനാവത്തതിനെ നിങ്ങള്‍ക്കു കാണാം
ശന്തിയോടെ മടങ്ങുക,  ഈ കാഴ്ചയുടെ ആന്തരാര്‍ത്ഥം 
നശ്വരതയില്‍ നിന്നും വളരെ വളരേ അകലെയത്രേ
എന്നെ തനിച്ചാക്കുക.

(Khaleel Gibran-  Tear and Smile )


 18. ജോണ്‍ ദി ബാപ്ടിസ്റ്റ്

ജയിലില്‍ വെച്ച് അവന്റെ ശിഷ്യരോട്  പറഞ്ഞത്



ഞാന്‍ ഈ ദുര്‍ഗന്ധം ഉള്ള മടയില്‍ മിണ്ടാതിരിക്കാന്‍ പോകുന്നില്ല , യുദ്ധമുഖത്ത് യേശുവിന്റെ സ്വരം കേള്‍ക്കുമ്പോള്‍ . അവന്‍ സ്വതന്ത്രനായിരിക്കുമ്പോള്‍  എന്നെ ഇവിടെ  പിടിച്ചു വെക്കുന്നത്  , ബന്ധിതനാക്കുന്നത് അസംഭവ്യം. 

അവര്‍ പറയുന്നു അണലികള്‍ അവന്റെ അരയില്‍ ചുറ്റി വരിഞ്ഞിരിക്കുന്നു എന്ന്. എന്നാല്‍ ഞാന്‍ പറയും അണലികള്‍ അവന്റെ ശക്തിയെ ഉണര്‍ത്തും , അവന്‍ അവയെ അവന്റെ കാലുകൊണ്ട്‌ . ചതച്ചരക്കും 

അവന്റെ ഇടിമിന്നലിന്റെ നാദം മാത്രമാണ് ഞാന്‍ . ആദ്യം പ്രവചിച്ചത് ഞാനെങ്കിലും വചനവും വഴിയും അവനത്രെ .

പ്രതീക്ഷിക്കാതിരിക്കുംമ്പോഴാണു അവര്‍ എന്നെ പിടികൂടിയത്. ചിലപ്പോള്‍ അവര്‍ അവന്റെ മേലും കൈവേക്കുമായിരിക്കും . പക്ഷെ അവന്‍ അവന്റെ സന്ദേശം മുഴുവന്‍ അറിയിച്ചതിനു ശേഷം മാത്രം . അവന്‍ അവരെ പരാജയപെടുത്തും .

അവന്റെ രഥം അവര്‍ക്കുമേല്‍ ഉരുളും, അവന്റെ കുതിരകളുടെ കുളമ്പുകള്‍ അവരെ ചവിട്ടി മെതിക്കും , അവന്‍ വിജയിയാവും .

അവര്‍ കുന്തവും വാളുംകൊണ്ട്  അവനെ ആക്രമിക്കും, ആത്മാവിന്റെ ശക്തികൊണ്ട് അവന്‍ അവരെ നേരിടും .

അവന്റെ രക്തം ഭൂമിയില്‍ ഒഴുകും എന്നാല്‍ വേദനയും മുറിവും അവരാണ് അറിയുക. അവര്‍ അവരുടെതന്നെ കണ്ണുനീരില്‍ സ്നാനപെടും  അവരുടെ പാപങ്ങള്‍  അലിഞ്ഞു മായും വരെ .

അവരുടെ പട അവന്റെ നഗരങ്ങളുടെ നേര്‍ക്ക്‌ ഇരുമ്പ്  ദണ്ഡുകളുമായി പാഞ്ഞടുക്കും, എന്നാല്‍ വഴിമദ്ധ്യേ അവര്‍ ജോര്‍ദ്ദാന്‍ നദിയില്‍ മുങ്ങിപ്പോകും 

അവന്റെ മതിലുകളും ഗോപുരങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കും , അവന്റെ പടയാളികളുടെ പരിചകള്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങും .

അവര്‍ പറയുന്നു ഞങ്ങള്‍ കൂട്ടാളികള്‍ എന്ന്, ഞങ്ങളുടെ ഉദ്ദേശം ജനങ്ങളെ യാഹൂദിയ രാജ്യത്തെ ഭരണത്തിനെ എതിരെപ്രതിഷേധിക്കാന്‍  ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് .

ഞാന്‍ മറുപടി പറയുന്നു , എനിക്ക് വാക്കുകള്‍ക്ക് പകരം തീനാളങ്ങള്‍ തുപ്പാന്‍ കഴിയുമായിരുന്നെങ്കില്‍ : അവര്‍ ഈ അസമത്വത്തിന്റെ ചളികുണ്ടിനെ  അവര്‍ ഒരു രാജ്യം എന്ന് കരുതുന്നു എങ്കില്‍ , അത് നശിച്ചു നാമാവശേഷമാകട്ടെ. സോദോമിനെയും ഗോമോറയെയും പോലെ ഈ ജനവും ദൈവത്താല്‍ മറക്കപെടട്ടെ, ഈ ഭൂമി ഭാസ്മമാകട്ടെ .

ഈ കാരഗ്രഹത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ഞാന്‍ യേശു നസറേന്റെ , കൂട്ടാളി തന്നെ, അവന്‍ എന്റെ എന്റെ പടയെ , കുതിരയേയും കാലാളിനെയും നയിക്കും . ഞാന്‍, ഒരു സേനാപതി എങ്കിലും , ഞാന്‍ അവന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കുന്നതിനു പോലും യോഗ്യനല്ല .

അവനെ സമീപിക്കുവിന്‍ , എനെ വാക്കുകള്‍ അറിയിക്കുകയും ചെയ്യുവിന്‍ . എന്റെ നാമത്തില്‍ അവനോടു ആശ്വാസവും അനുഗ്രഹവും യാചിക്കുവിന്‍ .

എനിക്കിനി അധികനേരമില്ല. രാത്രി ഉണര്‍വിന്റെയും ഉണര്‍വിന്റെയും  ഇടയില്‍ ഈ ശരീരത്തിനുമേല്‍ സാവകാശം  പതിക്കുന്ന ഉറച്ച ചുവടുകള്‍ ഞാന്‍ അറിയുന്നു. കാതോര്‍ത്താല്‍  എനിക്ക് എന്റെ കല്ലറക്കുമുകളില്‍ പതിക്കുന്ന മഴയുടെ ശബ്ദവും  കേള്‍ക്കാം .

യേശുവിനു അടുത്തേക്ക് ചെന്നു . അവനോടു പറയുവിന്‍  ആത്മാവില്‍ നിഴലുകള്‍ നിറഞ്ഞൊഴിഞ്ഞ  കെദ്റോണിലെ ജോണ്‍ , ശവക്കുഴി വെട്ടുന്നവന്‍  അടുത്തുനില്‍ക്കുമ്പോള്‍ , ആരാച്ചാര്‍ സ്വന്തം വേതനത്തിന് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ , അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്ന് 







 17. ലെബനണിലെ ആട്ടിടയന്‍ 


 ഒരു സാരോപദേശം 


വേനലിന്റെ അവസാനമെത്തിയിരുന്നു , അവനും മറ്റു മൂന്നുപേരും ആ വഴിയില്‍ കൂടി ആദ്യം നടന്നു വന്ന ദിവസം. വൈകുന്നേരമായിരുന്നു , അവന്‍ നടത്തം നിര്‍ത്തി മേച്ചില്‍ സ്ഥലത്തിന്റെ അറ്റത്തു നിന്നപ്പോള്‍ .

ഞാന്‍ എന്റെ ഓടക്കുഴല്‍ വായിച്ചു കൊണ്ടിരുന്നു. എന്റെ ആടുകള്‍ എനിക്ക് ചുറ്റും മേഞ്ഞു . 
അവന്‍ നിന്നപ്പോള്‍ ഞാന്‍ എണീറ്റ്‌  അവന്റെ അടുത്തേക്ക് ചെന്ന് അവനെ അഭിമുഖീകരിച്ചു നിന്ന് . 

അവന്‍ എന്നോട് ചോദിച്ചു, ' എലീജാ യുടെ കുഴിമാടം എവിടെ? അത് ഈ സ്ഥലത്തിനു അടുത്തെവിടെയോ അല്ലെ ?

ഞാന്‍ മറുപടി പറഞ്ഞു , " അത് അവിടെയാണ് , ശ്രീമന്‍ , ആ കല്ലുകള്‍ കൂടിക്കിടക്കുന്നതിനു അടിയില്‍ . ഇപ്പോഴും  വഴിയാത്രക്കാര്‍ കടന്നു  പോകുമ്പോള്‍  ഒരു കല്ലെടുത്ത്‌  ആ കൂനയില്‍ വെക്കും.

അവന്‍ നന്ദി പറഞ്ഞു മുന്നോട്ടു നടന്നു , അവന്റെ സുഹൃത്തുക്കളും അവന്റെ പുറകെ പോയി .

അതിനുശേഷം മൂന്നു ദിവസം കഴിഞ്ഞു മറ്റൊരു ഇടയന്‍ ഗനാലിയേല്‍ എന്നോട് പറഞ്ഞു , ആ വഴി പോയ ആ മനുഷ്യന്‍ യാഹൂദിയയിലെ  ഒരു പ്രവാചകന്‍ ആണെന്ന്. . പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. എങ്കിലും ഞാന്‍ ആ മനുഷ്യനെ പറ്റി വളരെ കാലം  ചിന്തിച്ചു .

വസന്തത്തില്‍ ജീസസ് ഒരിക്കല്‍ കൂടി ഈ മേച്ചില്‍ പുറത്തിലൂടെ പോയി, ഇപ്രാവശ്യം തനിയെ.

ഞാന്‍ അന്ന് ഓടക്കുഴല്‍ വായിച്ചില്ല, എന്റെ ഒരു ആടിനെ നഷ്ടപെട്ടതിന്റെ വിഷമത്താല്‍ എന്റെ ഹൃദയം കനംതൂങ്ങി ഇരുന്നു .

ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു അവന്റെ മുന്നില്‍ മിണ്ടാതെ നിന്നു ഞാന്‍ ആശ്വാസം തേടുകയായിരുന്നു 

എന്റെ നേരെ നോക്കി അവന്‍ ചോദിച്ചു ,' ഇന്നെന്താണ് ഓടക്കുഴല്‍ വായിക്കാത്തത് , ഇന്ന് നിന്റെ കണ്‍കളില്‍ എന്തെ വിഷാദം നിറഞ്ഞിരിക്കുന്നു ?'

ഞാന്‍ മറുപടി പറഞ്ഞു , " എന്റെ ആട്ടിന്കൂട്ടത്തില്‍ നിന്നും ഒരാടിനെ നഷ്ടപ്പെട്ട്.  ഞാന്‍ അവളെ എല്ല്ലായിടത്തും തിരഞ്ഞു, കിട്ടിയില്ല . ഇനി എന്ത് ചെയ്യണം എന്നറിയില്ല ."

അവന്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്ന് . പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു, " അല്പസമയം ഇവിടെ കാത്തു നില്‍ക്കൂ,, ഞാന്‍ നിന്റെ ആടിനെ തേടിപിടിക്കാം'. എന്നിട്ട് അവന്‍ കുന്നില്‍ ചരിവിലൂടെ നടന്നു അപ്രത്യക്ഷനായി . 

ഒരു മണിക്കൂറിനു ശേഷം അവന്‍ തിരിച്ചു വന്നു എന്റെ ആട് അവന്റെ പുറകെ വരുന്നുണ്ടായിരുന്നു . അവന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ആട് അവന്റെ മുഖത്തേക്ക് നോക്കി ഞാന്‍ നോക്കുന്നത് പോലെ തന്നെ .പിന്നീട് ഞാന്‍ അവളെ ആഹ്ലാദപൂര്‍വ്വം കെട്ടിപിടിച്ചു.

അവന്‍ എന്റെ തോളില്‍ കൈവെച്ചു പറഞ്ഞു, "ഇന്ന് മുതല്‍ നീ ഈ ആടിനെ ആട്ടിന്‍പറ്റത്തിലെ മറ്റേതു ആടിനെക്കാളും അധികം സ്നേഹിക്കും , കാരണം അവള്‍ നിനക്ക് നഷ്ടപ്പെട്ട് വീണ്ടും ലഭിച്ചതാണ് .

ഞാന്‍ വീണ്ടും എന്റെ ആടിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു അവള്‍ എന്നോട് ചേര്‍ന്ന് നിന്ന് ഞാനും  നിശ്ശബ്ദനായിരുന്നു 

പക്ഷെ ഞാന്‍  യേശുവിനോട് നന്ദി പറയാന്‍ മുഖമുയര്ത്തിയപ്പോഴേക്കും അവന്‍ നടന്നു ദൂരത്തെത്തിയിരുന്നു , എനിക്ക് പിന്തുടരാന്‍ ഉള്ള ധൈര്യവും വന്നില്ല . . 




മേരി മഗ്ദലന മുപ്പതു വര്‍ഷത്തിനു ശേഷം

ആത്മാവിന്റെ ഉയിര്‍ത്തെഴുന്നെല്പ്പിനെ കുറിച്ച് 



ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, യേശു  അവന്റെ മരണത്താല്‍ മരണത്തെ ജയിച്ചു, കല്ലറയില്‍ നിന്ന് ആത്മാവും ശക്തിയുമായി ഉയിര്‍ത്തു. അവന്‍ നമ്മുടെ ഏകാന്തതയില്‍ കൂട്ടായി, നമ്മുടെ കാമനകളിലെ അതിഥിയായി.

അവന്‍ ആ കല്ലിനു താഴെ ഉള്ള പാറയിടുക്കില്‍ കിടക്കുന്നില്ല

അവനെ സ്നേഹിക്കുന്ന ഞങ്ങള്‍, അവനെ , അവന്‍ കാഴ്ച തന്ന ഞങ്ങളുടെ കണ്ണുകൊണ്ട് കണ്ടു . ഞങ്ങള്‍ അവന്‍ അന്വേഷിക്കാന്‍ പഠിപ്പിച്ച ഈ കൈകള്‍ കൊണ്ട്  അവനെ സ്പര്‍ശിച്ചു.

അവനില്‍ വിശ്വസിക്കതിരിക്കുന്ന നിങ്ങളെ എനിക്ക് മനസ്സിലാക്കാം . ഞാനും നിങ്ങളില്‍ ഒരാളായിരുന്നു. നിങ്ങള്‍ അസംഖ്യര്‍ തന്നെ , എങ്കിലും നിങ്ങളുടെ എണ്ണം കുറഞ്ഞു  കൊണ്ടിരിക്കും.

വീണയിലും മുരളിയിലും ഉറങ്ങുന്ന സംഗീതത്തെ കാണാന്‍ നിങ്ങള്‍ അവയെ പൊളിച്ചു നോക്കുമോ?

ഫലങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് ഒരു മരം വെട്ടികളയുമോ ?

നിങ്ങള്‍ യേശുവിനെ ദ്വേഷിക്കുന്നത്   വടക്ക് രാജ്യത്തില്‍ നിന്നും വന്ന ആരോ അവനെ ദൈപുത്രന്‍ എന്ന് വിളിച്ചതിനാല്‍ എന്ന് . പക്ഷെ നിങ്ങള്‍ പരസ്പരം ദ്വേഷിക്കുന്നത് ഓരോരുത്തരും അടുത്തിരിക്കുന്നവനെ  സഹോദരന്‍ എന്ന് കാണാനാവാത്തവിധം സ്വയം  എത്രയോ അധികം ഉയര്‍ന്നവന്‍ എന്ന്  കരുതുന്നത് കൊണ്ട് .


നിങ്ങള്‍ അവനെ ദ്വേഷിക്കുന്നത്  ആരോ അവന്‍ കന്യക പ്രസവിച്ചവന്‍, പുരുഷനില്‍ നിന്നുണ്ടായവനല്ല  എന്ന് പറഞ്ഞതുകൊണ്ട് .

എന്നാല്‍ നിങ്ങള്‍ക്ക്  കന്യകമാരായി തന്നെ കല്ലറകളില്‍ അടക്കപെടുന്ന അമ്മമാരെയും, സ്വന്തം ദാഹത്താല്‍ ഞെരുങ്ങി  കല്ലറകളിലെക്ക്  വീണു  പോയ   പുരുഷന്മാരെയും അറിയില്ല .

  നിങ്ങള്‍ക്ക്  അറിയില്ല  ഈ ഭൂമിയെ സൂര്യന് വധുവായി കൊടുത്തതാണ് എന്ന് , നമ്മെ മലയിലെക്കും മരുഭൂമിയിലേക്കും അയക്കുന്നത് ഈ  ഭൂമി തന്നെ എന്നും .

അവനെ സ്നേഹിക്കുന്നവരും ദ്വേഷിക്കുന്നവരും തമ്മില്‍ ഒരു കടലകലം. അവനില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിലും .

കാലം ആ കടലിനു പാലമാകുമ്പോള്‍ നിങ്ങള്‍ അറിയും ഞങ്ങളില്‍ ഉയിരായവന്‍ , അനശ്വരന്‍ എന്ന് . അവന്‍  ദൈവപുത്രന്‍ തന്നെ എന്ന് നമ്മള്‍ എല്ലാം ദൈവ പുത്രര്‍ എന്നപോലെ . അവന്‍ കന്യാപുത്രന്‍ എന്ന് , നമ്മള്‍ എല്ലാം നാഥനില്ലാത്ത ഭൂമിയുടെ മക്കള്‍  ആയി പിറന്ന പോലെ .

അവിശ്വാസികള്‍ക്ക്‌ ഭൂമി അവളുടെ മുലയുണ്ണനുള്ള വേരുകള്‍ നല്‍കുന്നില്ല ,  അവളുടെ ആകാശത്തിലെ മഞ്ഞു മോന്തി നിറയാന്‍ ഉയര്‍ന്നു പറക്കാനുള്ള ചിറകുകളും .


എങ്കിലും ഞാന്‍ അറിയുന്നതിനെ ഞാന്‍ അറിയുന്നു . അതെന്റെ പുണ്യം ..




 4. മേരി മഗ്ദലന 



യേശുവിനെ ആദ്യമായി കണ്ടതിനെ കുറിച്ച് 


ജൂണ്‍ മാസത്തിലായിരുന്നു ഞാന്‍ അവരെ ആദ്യമായി കണ്ടത്. ഞാന്‍ എന്റെ സഖിമാരോടോത്ത് പോകുമ്പോള്‍ അവന്‍ ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു , അവന്‍ തനിയെ .

അവന്റെ പദതാളം മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തമായിരുന്നു. അവന്റെ ശരീരചലനങ്ങളും ഇതുവരെ കാണാത്ത വിധത്തില്‍ഉള്ളതായി തോന്നി .

മനുഷ്യര്‍ ഭൂമിയില്‍ ചരിക്കുന്നത് അങ്ങനെ അല്ല . അവന്‍ ധൃതിയിലോ സാവധാനത്തിലോ നടന്നിരുന്നത് എന്നെനിക്കറിയില്ല.

എന്റെ സഖിമാര്‍ അവനെ ചൂണ്ടി അവര്‍ക്കിടയില്‍ നാണത്തോടെ അടക്കം പറഞ്ഞു . ഞാന്‍ നടത്തം ഒരു മാത്ര നിര്‍ത്തി അവനെ വണങ്ങാന്‍ കയ്യുയര്‍ത്തി.  പക്ഷെ അവര്‍ മുഖം തിരിക്കുകയോ എന്നെ നോക്കുകയോ ചെയ്തില്ല . ഞാന്‍ അവനെ വെറുത്തു . എന്നിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു. ഞാന്‍  മഞ്ഞിനടിയില്‍ പെട്ടതുപോലെ മരവിച്ചു, വിറച്ചു .

ആ രാത്രി  സ്വപ്നത്തില്‍ ഞാന്‍ അവനെ കണ്ടു. അവര്‍ പറഞ്ഞു ഞാന്‍ ഉറക്കത്തില്‍ നിലവിളിക്കുകയും , അസ്വസ്ഥയായി ഞെളിപിരികൊള്ളുകയും ചെയ്തു എന്ന് 

വീണ്ടും അവനെ കണ്ടത് ആഗസ്ത് മാസത്തിലായിരുന്നു , എന്റെ ജനലില്‍ കൂടെ . അവന്‍ എന്റെ പൂന്തോട്ടത്തിന്റെ അപ്പുറത്തുള്ള സൈപ്രസ് മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു . കല്ലില്‍ കൊത്തിവെച്ച ഒരു പ്രതിമപോലെ അവന്‍ നിശ്ചലനായിരുന്നു. അന്തിയോക്കിലെയും മറ്റു   വടക്ക് നാടുകളിലെ പട്ടണങ്ങളിലെയും പ്രതിമകളെപോലെ.

എന്റെ അടിമ, ഈജിപ്തുകാരി, എന്റെ അടുത്ത് വന്നു പറഞ്ഞു, ' ആ മനുഷ്യന്‍ വീണ്ടും വന്നിരിക്കുന്നു. നിന്റെ  പൂന്തോപ്പിന്റെ അപ്പുറത്തിരിക്കുന്നുണ്ട്.'

ഞാന്‍ അവനെ നോക്കി നിന്നു, എന്റെ ആത്മാവ് എന്നില്‍ തുടിച്ചുയര്‍ന്നു , അവന്‍ അത്രയ്ക്ക് സുന്ദരനായിരുന്നു .

അവന്റെ ഓരോ അവയവങ്ങളും പരസ്പരം സ്നേഹിച്ചു ഒന്നുചേര്‍ന്നപോലെ  അവന്റെ ശരീരം  പൂര്‍ണ്ണമായിരുന്നു .

പിന്നെ ഞാന്‍ ദമാസ്കസ് പട്ടു വസ്തങ്ങള്‍  അണിഞ്ഞു വീട്ടില്‍ നിന്നിറങ്ങി അവന്റെ അടുത്തേക്ക് നടന്നു .

എന്റെ എകാകിതയോ, അതോ അവനിലെ സുഗന്ധമോ എന്നെ അവനിലേക്ക്‌  ആകര്‍ഷിച്ചത് ?
എന്റെ കണ്ണുകളിലെ സൌന്ദര്യ ദാഹമോ, അതോ അവന്റെ മനോഹാരിതയോ  എന്റെ കണ്ണുകളില്‍ വെളിച്ചം നിറച്ചത് ?

ഇന്നും എനിക്കതറിയില്ല 

എന്റെ സുഗന്ധം പൂശിയ വസ്ത്രങ്ങളില്‍ ,  സ്വര്‍ണ്ണ പാദുകങ്ങളില്‍,-റോമാ സൈന്യനായകന്‍ തന്ന അതെ  സ്വര്‍ണ്ണപാദുകങ്ങളില്‍ - ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു . അവനടുത്തെത്തി ഞാന്‍ പറഞ്ഞു ' അങ്ങേക്ക് സുപ്രഭാതം.'

അവന്‍ പറഞ്ഞു, 'മറിയം, നിനക്ക് സുപ്രഭാതം.'

അവന്‍ എന്റെ നേരെ നോക്കി, ഉറക്കമുണര്‍ന്ന അവന്റെ കണ്ണുകള്‍ എന്നെ ഇത് വരെ ആരും കാണാത്തത് പോലെ കണ്ടു . പെട്ടെന്ന് എനിക്ക് ഞാന്‍ നഗ്നയായത് പോലെ തോന്നി ഞാന്‍ നാണിച്ചു.

എങ്കിലും അവന്‍ പറഞ്ഞത് ഇത്രമാത്രം  ആയിരുന്നല്ലോ , 'നിനക്ക് സുപ്രഭാതം'

എന്നിട്ട് ഞാന്‍ അവനോടു പറഞ്ഞു , 'എന്റെ വീട്ടിലേക്കു വരില്ലേ?"

അവന്‍ പറഞ്ഞു, 'ഞാന്‍ നിന്റെ വീട്ടില്‍ തന്നെ അല്ലെ ?"

അന്ന് എനിക്കറിഞ്ഞില്ല അവന്‍  ഉദ്ദേശിച്ചത് എന്ത്  എന്ന് . പക്ഷെ ഇന്നെനിക്കറിയാം .

ഞാന്‍ ചോദിച്ചു, 'എനിക്കൊപ്പം അപ്പവും വീഞ്ഞും കഴിക്കില്ലേ ?"

അവന്‍ പറഞ്ഞു,  "തീര്‍ച്ചയായും മറിയം, പക്ഷെ ഇപ്പോഴല്ല."

ഇപ്പോഴല്ല, ഇപ്പോഴല്ല, അവന്‍ പറഞ്ഞു . അവന്റെ  സ്വരത്തില്‍ കടലൊച്ച കേട്ടു.  കാറ്റിന്റെയും മരങ്ങളുടെയും  ശബ്ദവും. അവന്‍ എന്നോടത് പറഞ്ഞപ്പോള്‍ ജീവന്‍ മരണത്തോട് മന്ത്രിക്കുകയായിരുന്നു .

കാരണം,  അറിയുക  സുഹൃത്തെ , ഞാന്‍ മരിച്ചവള്‍ ആയിരുന്നു. ആത്മാവിനെ പിരിഞ്ഞ സ്ത്രീയായിരുന്നു ഞാന്‍ . ഇന്ന് കാണുന്ന ഈ ജീവനില്‍ നിന്ന് അകന്നായിരുന്നു അന്ന് ഞാന്‍ ജീവിച്ചത്. ഞാന്‍ എല്ലാ പുരുഷന്മാരുടെതും ആയിരുന്നു ആരുടെതും അല്ലാതെ . അവര്‍ എന്നെ സ്വൈരിണി എന്ന് വിളിച്ചു , ഏഴു ചെകുത്താന്മാര്‍  ബാധിച്ചവള്‍ എന്നും . ഞാന്‍ ഒരേ സമയം ശപിക്കപെട്ടവളും, അസൂയാപാത്രവും ആയിരുന്നു 

എന്നാല്‍ അവന്റെ ബാലര്‍ക്ക ദൃഷ്ടികള്‍ എന്റെ കണ്ണില്‍ പതിച്ചപ്പോള്‍ എല്ലാ നിശാനക്ഷത്രങ്ങളും മങ്ങി പൊലിഞ്ഞു , മാഞ്ഞു, ഞാന്‍ മറിയമായി , മറിയം മാത്രം , പരിചിത വഴികള്‍  വെടിഞ്ഞ പുതിയ  സ്ഥലികള്‍  തേടുന്ന ഒരു സ്ത്രീ .

വീണ്ടും അവനോടു ഞാന്‍ പറഞ്ഞു , '' എനെ വീട്ടില്‍ വന്നു എന്നോടൊത്തു അപ്പവും വീഞ്ഞും കഴിക്കൂ.'

അവന്‍ ചോദിച്ചു, " എന്തിനാണ് നീ എന്നെ അതിഥിയാവാന്‍ ക്ഷണിക്കുന്നത്?"

ഞാന്‍ പറഞ്ഞു,  " എന്റെ വീട്ടിലേക്കു വരാന്‍ ഞാന്‍ നിന്നോട്  യാചിക്കുന്നു.'  അത്  എന്നിലെ  ഉയിരും ഉണ്മയും ,ഊഴിയും ആകാശവും അവനെ വിളിക്കുന്നതായിരുന്നു .

അപ്പോള്‍ അവന്‍ എന്നെ നോക്കി അവന്റെ കണ്ണിലെ പ്രഭാത വെളിച്ചം എന്നില്‍ പതിച്ചു, അവന്‍ പറഞ്ഞു, 'നിനക്ക് പല കാമുകരുണ്ട് , എന്നാല്‍  നിന്നെ സ്നേഹിക്കുന്നത്  ഞാന്‍ മാത്രം. മറ്റുള്ളവര്‍ നിന്റെ സാമീപ്യത്തില്‍ അവരെ തന്നെ സ്നേഹിക്കുന്നു . ഞാന്‍ നിന്നിലെ നിന്നെ സ്നേഹിക്കുന്നു . മറ്റു മനുഷ്യര്‍  നിന്നില്‍ നിന്റെ സൌന്ദര്യത്തെ , അവരുടെ പ്രായത്തിനു മുന്‍പേ തന്നെ മങ്ങിപോകുന്ന ആ സൌന്ദര്യത്തെ കാണുന്നു . എന്നാല്‍ ഞാന്‍ നിന്നില്‍ വാടാത്ത സൌന്ദര്യത്തെ കാണുന്നു , ജീവിത സായാഹ്നത്തില്‍ സ്വന്തം പ്രതിബിംബത്തെ കണ്ണാടിയില്‍ കാണുമ്പോള്‍ നിന്നില്‍ ഭീതി ജനിപ്പിക്കാത്ത, നിന്നെ അവഹേളിക്കാത്ത ആ സൌന്ദര്യത്തെ .

'ഞാന്‍ മാത്രം നിന്നിലെ കാഴ്ചകള്‍ക്കുമപ്പുറത്തുള്ളതിനെ  സ്നേഹിക്കുന്നു '

പിന്നീട് അവന്‍ താഴ്ന സ്വരത്തില്‍ മൊഴിഞ്ഞു, 'ഇപ്പോള്‍ പോകൂ. ഈ സൈപ്രസ് മരം നിന്റെതാണെങ്കില്‍ , ഇതിന്റെ തണലില്‍ ഞാനിരിക്കുന്നത് നിനക്ക് ഹിതമല്ലെങ്കില്‍ ഞാന്‍ പോയിക്കൊള്ളാം.

ഞാന്‍ കരഞ്ഞുകൊണ്ട്‌ അവനോട് പറഞ്ഞു , 'ഗുരോ, എന്റെ വീട്ടിലേക്കു വരിക, ഞാന്‍ അങ്ങേക്ക് വേണ്ടി സുഗന്ധങ്ങള്‍ പുകക്കാം, വെള്ളിതാലത്തില്‍ പാദപൂജയര്‍പ്പിക്കാം . നീ അജ്ഞാതന്‍ എങ്കിലും അജ്ഞാതന്‍ അല്ല . ഞാന്‍ അപേക്ഷിക്കുന്നു , വീട്ടിലേക്കു വരൂ.'

അപ്പോള്‍ അവന്‍ എണീറ്റ്‌ നിന്ന് എന്നെ നോക്കി . ഋതുക്കള്‍ വയലുകളെ എന്നപോലെ . ചിരിതൂകി. അവന്‍  വീണ്ടും പറഞ്ഞു, 'എല്ലാ മനുഷ്യരും നിന്നെ അവര്‍ക്ക് വേണ്ടി സ്നേഹിക്കുന്നു . ഞാന്‍ നിന്നെ നിനക്കായി സ്നേഹിക്കുന്നു.'

എന്നിട്ട് അവന്‍ നടന്നു മറഞ്ഞു ,

പക്ഷെ  വേറെ ഒരു മനുഷ്യരും അവന്‍ നടക്കുന്നത് പോലെ നടന്നു ഞാന്‍ കണ്ടിട്ടില്ല.  അത് എന്റെ പൂന്തോപ്പില്‍ ഉരുവായ ഒരു ശ്വാസം കിഴക്കോട്ടു നീങ്ങിയതായിരുന്നോ? അതോ സര്‍വ്വത്തെയും കടപുഴക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നോ അത് ?

എനിക്കറിയില്ല . എങ്കിലും ആ ദിവസം അവന്റെ കണ്ണിലെ സൂര്യ ചൈതന്യം എന്നിലെ വ്യാളിയെ ഭസ്മമാക്കി, ഞാന്‍ ഒരു മനുഷ്യസ്ത്രീയായി. ഞാന്‍ മറിയം ആയി ,മഗ്ദലനയിലെ മറിയം . 




സാത്താന്‍   - ഖലീല്‍ ജിബ്രാന്‍ 



സൂര്യന് കീഴെയുള്ള  ഏതൊരു നഗരത്തിലെയും  ഏതൊരു   മത- കലാ- വേദാന്ത പാഠ്യപദ്ധതികളുടെയും അച്ചുതണ്ട് ഞാനാകുന്നു . ഞാനില്ലായിരുന്നു എങ്കില്‍ ഒരു ക്ഷേത്രം പോലും നിര്‍മ്മിക്കപെടുമായിരുന്നില്ല  സ്തൂപങ്ങളോ കൊട്ടാരങ്ങളോ ഉയരുമായിരുന്നില്ല . മനുഷ്യരില്‍ വീര്യവും സ്ഥൈര്യവും പകരുന്ന നിര്‍ണ്ണായക ശക്തി ഞാനാണ് .മനുഷ്യന്റെ മൌലിക ചിന്തകളുടെ ഹേതു ഞാനാണ് . അവന്റെ പ്രവൃത്തികളുടെ ചാലകം ഞാനാണ് . 
ഞാന്‍ തന്നെ നിത്യനായ  സാത്താന്‍ . 

ജനങ്ങള്‍ അവരുടെ ജീവിതത്തിനു അര്‍ഥം പകരാന്‍ ,  ശത്രുവാക്കി എതിരിടുന്ന  സാത്താന്‍ ഞാനത്രെ . എന്നോടുളള സംഘര്‍ഷം നിര്‍ത്തുമ്പോള്‍ അവരുടെ തന്നെ  ഘോര പുരാണങ്ങളിലെ  ശിക്ഷാക്രമങ്ങളാല്‍ ,അവരുടെ ഹൃദയവും  ആത്മാവും  നിഷ്ക്രിയജഡമായി പരിണമിക്കുന്നു  .

സ്ത്രീഹൃദയങ്ങളെയും പുരുഷമനസ്സുകളെയും  ഇളക്കി മറിക്കുന്ന മൂകമായ ക്ഷോഭകൊടുങ്കാറ്റു ഞാന്‍ . എന്നിലുള്ള ഭയത്താല്‍, എന്നെ അപരാധിയാക്കാന്‍  അവര്‍ ആരാധനാലയങ്ങള്‍  തേടുന്നു . അല്ലെങ്കില്‍ എന്നെ സന്തോഷിപ്പിക്കാന്‍ എന്റെ ഇച്ഛാനുസാരികളായി അപഥ സഞ്ചാരികളാവുന്നു . രാവിന്റെ  ഏകാന്തതയില്‍ എന്നെ അകറ്റാന്‍   പ്രാര്‍ത്ഥിക്കുന്ന  സന്യാസി  എന്നെ സ്വന്തം കൂടാരത്തിലേക്ക് ക്ഷണിക്കുന്ന അഭിസാരികയെ പോലെ തന്നെ .
 ഞാനത്രെ നിത്യനും അനശ്വരനുമായ സാത്താന്‍ ..


ഭയമെന്ന പ്രതിഷ്ഠമേല്‍   ആശ്രമങ്ങളും കന്യാമഠങ്ങളും ഞാന്‍ പണിയുന്നു. 
ഭോഗേച്ഛയുടെയും കാമപൂരണത്തിന്റെയും ആധാരത്തില്‍   മദ്യശാലകളും വേശ്യാലയങ്ങളും പണിയുന്നതും ഞാന്‍ തന്നെ . ഞാനില്ലാതായാല്‍  ഭീതിയും,  ആഘോഷവും  ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാവും . അവയുടെ അഭാവത്തില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് ആഗ്രഹങ്ങളും പ്രതീക്ഷകളും ഒഴിയും . ശേഷം  ജീവിതം  കമ്പി പൊട്ടിയ വീണപോലെ  ശൂന്യവും  വിരസവും .  ഞാനത്രെ നിത്യനായ സാത്താന്‍ ..

കാപട്യം, ദൂഷണം  വഞ്ചന , പരിഹാസം എന്നിവയുടെ പ്രചോദനം ഞാന്‍ . ആ പദാര്‍ഥങ്ങള്‍ ലോകത്തില്‍ നിന്നും ഒഴിവായാല്‍ മനുഷ്യസമൂഹം നന്മകളുടെ മുള്ളുകള്‍ മാത്രം വളരുന്ന ഒരുമരുഭൂമിയായിതീരും . 
ഞാനത്രെ നിത്യനായ സാത്താന്‍ 


പാപത്തിന്റെ മാതാവും പിതാവും ഞാന്‍ തന്നെ . പാപം നശിച്ചാല്‍ പാപത്തിനെതിരെ പോരാടുന്നവരും, അവരുടെ കോട്ടകളും, കുലം തന്നെയും  നാമാവശേഷമാകും 

ദുഷ്കര്‍മ്മങ്ങളുടെ ഹൃദയം ഞാനാണ് . എന്റെ സ്പന്ദനം നിലച്ചു മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍  നിശ്ചലമാവാന്‍  നിങ്ങള്‍ ആഗ്രഹിക്കുമോ ? കാരണം നശിച്ചു ലഭിക്കുന്ന ഫലത്തെ നിങ്ങള്‍ സ്വീകരിക്കുമോ ? ഞാനാണ് കാരണം . ഞാനീ വിജന ശൂന്യതയില്‍ തകര്‍ന്നടിയാന്‍ നിങ്ങള്‍ അനുവദിക്കുമോ ? നമ്മള്‍ തമ്മില്‍ ഉള്ള ബന്ധം ഛേദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ ?

ഉത്തരം പറയൂ പുരോഹിതാ ...





 5. ഫിലെമോന്‍ എന്ന ഗ്രീക്ക് വൈദ്യന്‍ 
യേശുവിനെ കുറിച്ച് 


ആ  നസ്റേന്‍ അവന്റെ ജനതയുടെ ഏറ്റവും  മികച്ച വൈദ്യനായിരുന്നു . മറ്റാര്‍ക്കും നമ്മുടെ ശരീരത്തെ പറ്റിയും,  അതിന്റെ ധാതുക്കളെയും  ഗുണങ്ങളെയും  പറ്റിയും അത്രയധികം അറിവില്ലായിരുന്നു .

ഈജിപ്തുകാര്‍ക്കും ഗ്രീക്കുകാര്‍ക്കും അറിവില്ലാതിരുന്ന രോഗങ്ങള്‍ ബാധിച്ചവരെപോലും അവന്‍ സുഖപെടുത്തി.  അവന്‍ മരിച്ചവരെ പോലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു  എന്ന്  പറയുന്നു അവര്‍ . സത്യമായാലും  അസത്യമായാലും അത്  അവന്റെ കഴിവിനു  തെളിവാണ് . കാരണം മഹത്കാര്യങ്ങള്‍  നിവര്ത്തിച്ചവരെമാത്രമാണല്ലോ  വാഴ്ത്തുന്നത് .

യേശു  രണ്ടു നദികളുടെ സമതലരാജ്യമായ  ഇന്ത്യ സന്ദര്‍ശിച്ചു എന്നും അവര്‍ പറയുന്നു . അവിടത്തെ മഹര്‍ഷികള്‍ നമ്മുടെ ശരീരത്തിലെ ഓരോ അണുവിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ അവനു വെളിവാക്കി എന്നും .

 ആ അറിവ്  അവനു കൊടുത്തത് ദൈവങ്ങള്‍ നേരിട്ട് തന്നെയും ആവാം , മഹര്‍ഷികളില്‍ കൂടെ ആയിരിക്കില്ല .യുഗങ്ങളായി മനുഷ്യര്‍ക്ക്‌ അജ്ഞാതമായിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് ഒരുവന് അറിവായി .  ഒരു അജ്ഞാനിയുടെ  ഹൃദയത്തെ സൂര്യദേവന്‍ തന്റെ  കരസ്പര്‍ശം കൊണ്ട്  ജ്ഞാനിയാക്കിയെക്കാം 

തിരിയന്‍ , തീബന്‍  ജനങ്ങള്‍ക്ക്‌ ജ്ഞാനത്തിന്റെ പല വാതിലുകളും തുറന്നിരുന്നു . ഈ മനുഷ്യനും ചില മുദ്രിതമായ വാതിലുകള്‍ തുറക്കപെട്ടു . അവന്‍  ശരീരമെന്ന ആത്മാവിന്റെ കോവിലില്‍ പ്രവേശിച്ചു . അവന്‍  അവിടെ നമ്മുടെ ജീവതന്തുക്കളെ ഹനിക്കുന്ന ദുഷ്ടാത്മാക്കളെ കണ്ടു.  ജീവനെ നൂല്ക്കുന്ന  ശിഷ്ടാത്മാക്കളെയും .

ഞാന്‍ കരുതുന്നു എതിര്‍പ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും ശക്തികൊണ്ടാണ് അവന്‍ രോഗികളെ സുഖപെടുത്തിയത്  എന്ന്  എങ്കിലും അത്  ഞങ്ങള്‍ വേദാന്തികള്‍ക്ക് അജ്ഞാതമായ വിധത്തിലായിരുന്നു . അവന്‍ ജ്വരത്തെ തന്റെ മഞ്ഞുപോലെ തണുത്ത സ്പര്‍ശത്താല്‍ വിസ്മയിപ്പിച്ചപ്പോള്‍  അത് പിന്‍വാങ്ങി . കൈകാലുകളിലെ മരവിച്ച   പേശികളെ    അവന്റെ ശാന്തത ആശ്ചര്യഭരിതരാക്കുകയും അവ അവനു വഴങ്ങി ശാന്തരാകുകയും ചെയ്തു .

ചുളിഞ്ഞ തൊലിക്കുള്ളിലെ  ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജീവസത്തയെ അവന്‍ തൊട്ടറിഞ്ഞു . പക്ഷെ അവന്റെ വിരലുകള്‍ ആ സത്തയെ എങ്ങിനെ തേടിപിടിച്ചു എന്നെനിക്കറിയില്ല .തുരുംമ്പിനകത്തെ  ഉരുക്കിന്റെ ശബ്ദം അവന്‍ അറിഞ്ഞു . പക്ഷെ അവന്‍ എങ്ങിനെ വാളിനെ സ്വതന്ത്രമാക്കി തിളക്കി എന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല . 

ചിലപ്പോള്‍ എനിക്ക് തോന്നും അവന്‍ സൂര്യന് കീഴിലുള്ള എല്ലാ ചരാചരങ്ങളുടെയും വേദനയുടെ ഞരക്കം കേട്ടിരുന്നു എന്നും , അവന്‍ അവയെ ഉയര്‍ത്തി അവയ്ക്ക് താങ്ങും തുണയുമായി എന്നും . അത്  അവന്റെ അറിവുകൊണ്ട്‌ മാത്രമല്ല അവര്‍ക്ക് , ഉയര്‍ന്നു പൂര്‍ണ്ണരാവാനുള്ള അവരുടെ തന്നെ  കഴിവിനെ അറിയിച്ചു കൊണ്ട് കൊണ്ടായിരുന്നു .

എങ്കിലും അവന്‍ സ്വയം അവനെ  ഒരു വൈദ്യന്‍ എന്ന ചുമതലയുളളവനായി കരുതിയില്ല. അവന്‍ ഈ രാജ്യത്തെ  മതത്തിലും രാഷ്ട്രീയത്തിലും സ്വയം മുഴുകി . എനിക്കതില്‍ ഖേദമുണ്ട് , കാരണം ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരം തന്നെ .

എന്നാല്‍ ഈ സിറിയക്കാര്‍, ഒരു രോഗം വരുമ്പോള്‍ ഒരു ഔഷധത്തെക്കാള്‍ ഒരു തര്‍ക്കത്തെ അന്വേഷിക്കുന്നു .

അവരുടെ  ഏറ്റവും ശ്രേഷ്ഠനായ് ഭിഷഗ്വരന്‍  ,  പൊതു സ്ഥലങ്ങളിലെ പ്രഭാഷകനാവാന്‍ നിശ്ചയിച്ചത്   ഖേദകരം  തന്നെ .



(ജീസസ് ദി സണ്‍ ഓഫ് മാന്‍ .. ഖലീല്‍ ജിബ്രാന്‍ )



 29 . ഗ്രീക്ക് കവി രുമനോസ് 

യേശു എന്ന കവിയെ കുറിച്ച് 

അവനൊരു കവിയായിരുന്നു .


അവന്‍ നമ്മുടെ കണ്ണുകള്‍ക്കായി കാണുകയും നമ്മുടെ ചെവികള്‍ക്കായി കേള്‍ക്കുകയും ചെയ്തു, നമ്മുടെ മൌനങ്ങള്‍ അവന്റെ ചുണ്ടില്‍ വാക്കുകളായി, നമുക്ക് സ്പര്‍ശിക്കാനാവത്തവയെ അവന്റെ വിരലുകള്‍ സ്പര്‍ശിച്ചു .

അവന്റെ ഹൃദയത്തില്‍ നിന്ന് അസംഖ്യം കിളികള്‍ തെക്കും വടക്കും ദിക്കുകളിലേക്ക് പാടി പറന്നുയര്‍ന്നു , മലയോരങ്ങളിലെ കുഞ്ഞു പൂക്കള്‍ അവന്റെ സ്വര്‍ഗത്തിലേക്കുള്ള വഴിയെ ഒരു മാത്ര തടഞ്ഞുനിര്‍ത്തി.

പലപ്പോഴും പുല്‍നാമ്പുകളെ തഴുകാന്‍ അവന്‍ കുനിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ഹൃദയത്തില്‍ അവന്റെ സ്വരം ഞാന്‍ കേട്ടൂ "കുഞ്ഞു ചെടികളെ, ബെസാനിലെ ഓക്കുമരങ്ങളെയും, ലെബനനിലെ ദേവതാരുക്കളെയും  പോലെ നിങ്ങളും എന്റെ രാജ്യത്ത് എന്നോടൊപ്പം വസിക്കും ".

എല്ലാ സുന്ദര വസ്തുക്കളെയും അവന്‍ സ്നേഹിച്ചു , കുഞ്ഞുങ്ങളുടെ നാണം തിളങ്ങുന്ന മുഖങ്ങളെയും , തെക്കുനിന്നു വന്ന മൂരും, കുന്തിരിക്കവും എല്ലാം 

അവനു  കരുണയാല്‍ നല്‍കപെട്ട ഒരു മാതളത്തെ , ഒരു കോപ്പ വീഞ്ഞിനെ അവന്‍ ഇഷ്ടത്തോടെ സ്വീകരിച്ചു  , അത് നല്‍കിയത് സത്രത്തിലെ അപരിചിതാണോ ധനികനായ ആതിഥേയനോ എന്നത് കാര്യമാക്കാതെ തന്നെ .

അവന്‍ ബദാം പൂക്കളെ സ്നേഹിച്ചു .അവന്‍ അവയെ പെറുക്കിയെടുത്തു ആ  ദളങ്ങളില്‍ മുഖമമര്‍ത്തുന്നത്  ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ലോകത്തിലെ എല്ലാ മരങ്ങളെയും പ്രണയത്താല്‍ തന്നോട് ചേര്‍ത്ത് പിടിക്കുന്ന പോലെ .

അവന്‍ സാഗരത്തെയും , വിഹായസ്സിനെയും അറിഞ്ഞു . അവന്‍ ഈ വെളിച്ചമല്ലാതെ മറ്റൊരു പ്രകാശം സ്പുരിക്കുന്ന മുത്തുകളെ കുറിച്ച് പറഞ്ഞു , നമ്മുടെ ആകാശത്തിനും അപ്പുറത്തുള്ള നക്ഷത്രങ്ങളെക്കുറിച്ചും .

അവന്‍ പര്‍വതങ്ങളെ പരുന്തുകള്‍ക്ക് അറിയാവുന്നത്ര അറിഞ്ഞു , താഴ്വാരങ്ങളെ അരുവികളെയും ഉറവകളേയും പോലെയും .  അവന്റെ മൌനത്തില്‍ ഒരു മരുഭൂമി തിളങ്ങി  അവന്റെ ഭാഷണത്തില്‍ ഒരു പൂന്തോപ്പുലഞ്ഞു.

അതെ , അവന്‍ ഹൃദയം ആകാശങ്ങളിലെ വള്ളികുടിലില്‍ സൂക്ഷിച്ച ഒരു കവിയായിരുന്നു ,  അവന്റെ ഗീതങ്ങള്‍ നമ്മുടെ കേള്‍വിക്കായിരുന്നപ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് കൂടി ഉള്ളതായിരുന്നു .എന്നും നിത്യ ജീവനും സമയം  പ്രഭാതവും ആയിരിക്കുന്ന ഒരു ലോകത്തെ മനുഷ്യരുടെ കേള്‍വിക്ക് കൂടി .

ഒരിക്കല്‍ ഞാന്‍ എന്നെയും ഒരു കവിയായി നിനച്ചിരുന്നു  , പക്ഷെ,  ഞാന്‍ അന്ന് ബെഥാനിയില്‍ അവന്റെ മുന്നില്‍ നിന്നപ്പോള്‍ ഒരു  ഏകതാര ഏന്തിയവന്‍ എല്ലാ വാദ്യോപകരണങ്ങളിലും വിദഗ്ദനായ ഒരുവന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍  എങ്ങിനെ എന്നറിഞ്ഞു .കാരണം അവന്റെ വാക്കുകളില്‍ ഇടിമുഴക്കത്തിന്റെ ചിരിയും , വര്‍ഷത്തിന്റെ കണ്ണീരും , തരുക്കളുടെ, കാറ്റിലെ  ആനന്ദ നൃത്തവും നിറഞ്ഞിരുന്നു .

എന്റെ വീണക്കു ഒറ്റകമ്പിമാത്രം എന്നറിഞ്ഞത് മുതല്‍ , എന്റെ സ്വരം ഇന്നലെയുടെ ഓര്‍മ്മകളെയോ , നാളെയുടെ പ്രത്യാശകളെയോ ഇഴചേര്‍ക്കാന്‍ അശക്തമെന്നറിഞ്ഞു  ഞാന്‍ എന്റെ വീണയെ താഴെ വെച്ച് മൌനമായിരിക്കുന്നു . എന്നാല്‍ എന്നും സന്ധ്യക്ക്‌ ഞാന്‍ ചെവിയോര്‍ക്കും എല്ലാ കവികളുടെയും ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ .

Sunday, January 12, 2014

സായയെ കുറിച്ചു ..
(സായ ഫെമിന ജബ്ബാറിനെ നോവല്‍ )


അമൂര്‍ത്തമായ സ്ത്രീ മനസ്സിന്റെ ആകുലതകള്‍ , സ്വപ്‌നങ്ങള്‍ , ആഗ്രഹങ്ങള്‍ , സ്വയം തേടലുകള്‍ , നോവലിലെ എഴുത്തുകാരിയുടെ ,  അവരുടെ സുഹൃത്തുക്കളുടെ .അവരുടെ കഥപാത്രങ്ങളുടെ ചിന്തകളിലൂടെ ഓര്‍മ്മകളിലൂടെ ഒരു ഒഴുക്കായി , അതില്‍ വായനക്കാരുടെ -- ഞാന്‍ വായനക്കാരികളുടെ  എന്ന് പറയട്ടെ - ചിന്തകള്‍ കൂടി കലര്‍ന്ന് ഒഴുകി .. ബാഷ്പമായി അലിയുന്ന ഒരു  വയനായായാണ്  ഫെമിന ജബ്ബാറിന്റെ സായ എനിക്ക് അനുഭവപെട്ടത് . കഥാപാത്രങ്ങളും , കഥാസന്ദര്‍ഭങ്ങളും ആ ഭാവത്തെ സന്നിവേശിപ്പിക്കുന്നതിനുള്ള ഉപകകരണങ്ങള്‍ , ചിത്രപടം നെയ്യാനുപയോഗിച്ച വര്‍ണ്ണങ്ങളും നൂലുകളും മാത്രം . 

നാട്ടാനയുടെ മനസ്സിനെ അതിനുപോലും അറിയാതെ വിളിക്കുന്ന കാടുപോലെ. എന്തെന്നറിയാത്ത മനസ്സിലെ ഏതോ തലത്തിലെ ശൂന്യതയുടെ  ശക്തമായവലിവ് കാരണം നിലതെററുന്ന, മനസ്സുകളുടെ ചിത്രം .  സായ ആസ്വദ്യമായിരുന്നു വായിച്ചപ്പോള്‍ എനിക്ക് ആസ്വദിക്കാനേ അറിയൂ സത്യത്തില്‍ . ആസ്വാദനം എഴുതാന്‍ അറിയില്ല . 
എങ്കിലും ഒരു  ശ്രമം ..

ഫര്‍സാന എന്ന കവയിത്രി അവര്‍ എഴുതി കൊണ്ടിരിക്കുന്ന  സായ എന്ന നോവല്‍ മുഴുമിപ്പിക്കാനാവാതെ ആത്മകഥയിലേക്ക്  മാറുന്നു .

തുടക്കത്തില്‍ തന്നെ ഫര്‍സാന ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിവു എന്നപോലെ താന്‍ കണ്ട സ്വപ്നത്തെ പറ്റി പറയുന്നുണ്ട് .  ഒരു മുറി അടച്ചു അതില്‍ മകളുടെ ജഡത്തിനു  കാവലിരിക്കുന്നതായ  സ്വപ്നത്തെക്കുറിച്ച് ,

പ്രണയത്തിന്റെ  വിനാശശക്തിയെകുറിച്ച് ബോധവതിയായ ഫര്‍സാന സ്വന്തം സഹോദരന്റെ വിവാഹിതയായ സ്ത്രീയുമായുളള സ്നേഹബന്ധത്തെ  അവളോടുള്ള    സ്നേഹം കൊണ്ടുതന്നെ എതിര്‍ക്കുന്നു ,. . മറവുകളില്ലാതെ ഹൃദയം തുറന്നു  സംവദിക്കാവുന്ന ആണ്‍പെണ്‍ സുഹൃത്തുക്കളുണ്ട്  അവള്‍ക്കു  . സ്വയം പ്രണയ ഭാവങ്ങളെ മനസ്സില്‍ നിന്നകറ്റി നിര്‍ത്തി അവയുടെ അഭാവം ഉണ്ടാക്കുന്ന വരള്‍ച്ചയില്‍ തപിക്കുന്നവളുമാണ് ഫര്‍സാന . ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സ്ത്രീ ശരീരത്തോട് കൂടി തനിക്കു ആഭിമുഖ്യം തോന്നിയോ എന്നു സംശയിക്കുന്നുമുണ്ട് അവള്‍ .

സില്‍വിയാപ്ലാത്തിനെ കുറിച്ചുള്ള  ഒരു പഠനം , അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍  പ്രസിദ്ധീകരിക്കാന്‍ സജ്ജമാക്കേണ്ട സായ എന്ന നോവല്‍  എന്നീ സാഹിത്യപ്രവര്ത്തനങ്ങളില്‍ മുഴുകാന്‍ ശ്രമിക്കുന്ന ഫര്‍സാന , മനസ്സിനെ ലഘുവാക്കാന്‍ മനസ്സില്‍ വിങ്ങുന്ന ഓര്‍മ്മകളെ ആത്മകഥാരൂപത്തില്‍  എഴുതാന്‍ തുടങ്ങുന്നു .

ആദ്യകാല ഓര്‍മ്മകളായ സമ്പന്നത,  ആയയുടെ സ്നേഹവായ്പു,  ആ ആയയുടെ മരണം ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അങ്ങിനെ ഓര്‍മ്മകളിലൂടെ .
അസംതൃപ്ത ദാമ്പത്യം  അസഹിഷ്ണുവും വഴക്കാളിയും ആക്കിയ അമ്മ , മാതാപിതാക്കളുടെ ബന്ധം പിരിയല്‍ , അനാഥത്വം, കൂടുതല്‍ ക്രൂരയാകുന്ന അമ്മയുടെ പീഡനങ്ങള്‍ .. അന്തര്മുഖമമായ കൌമാരകാലം .

യൌവ്വനാരംഭത്തിലെ  ഒരു ചെറിയ കാലത്തെ അന്യമതസ്തനായ യുവാവുമായുള്ള പ്രണയവും വിവാഹവും വൈധവ്യവും . പുനര്‍വിവാഹം  ദൈനദിന ജീവിത കഷ്ടങ്ങള്‍ അങ്ങിനെ സാധാരണ സ്ത്രീജീവിതം .

എന്നാല്‍ ഫര്സാനയുടെ  മനസ്സിലൂടെയുള്ള യാത്ര അത് സായയെ അല്പം വ്യത്യസ്തമാക്കുന്നു . ഒരു നല്ല വായനാനുഭവം ആക്കുന്നു .
മരുഭൂമിയില്‍ കൂടിയുള്ള ഉല്ലാസയാത്രകളില്‍ ആ മരുഭൂമിയുടെ വിജനത അവളില്‍ ആവേശിക്കുന്നത്  ആ വിജനതയുടെ ആകര്‍ഷണം കണ്ണുകളായി  അവളെ പിന്തുടരുന്നത് ,  ആ കണ്ണുകള്‍ക്ക്‌ അവള്‍ കാമുകരൂപം കൊടുത്തു അവനു വേണ്ടി കവിതകള്‍ എഴുതുന്നത്‌ , അവളുടെ കവിതകളിലൂടെ അവളിലേക്ക്‌ കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നതും .. 
.. ഫര്സാനയുടെ ആന്തരിക ജീവിതം ഭംഗിയായി വരച്ചിരിക്കുന്നു ..

ചെറുപ്പത്തിലെ എകാന്തതയില്‍ സ്വയം നിര്‍മ്മിച്ച ലോകത്തിലെ നൃത്തം, മരുഭൂമിയിലെ വിരസജീവിതത്തിലും  ഫര്‍സാന തുടരുന്നു . ആ സങ്കല്പത്തിലെ വേദിയില്‍ അതിസുന്ദരിയായി , അതിലാസ്യവതിയായി  ചുറ്റുമുള്ള, അവളെ ചുറ്റി ഇരിക്കുന്ന കാണികളെ പ്രണയാതുരതയാല്‍ തരളിതരാക്കി  അവളോട്‌ ചേര്‍ത്ത് ബന്ധിക്കുന്നു അവളുടെ നൃത്തം .

അനിയന്റെ കാമുകി സഫിയയുടെ ജീവിതം . ആ തീഷ്ണബന്ധത്തിന്റെ തലങ്ങള്‍ .. 

വിവാഹേതര ബന്ധത്തില്‍ പെടുന്ന , പിന്നീട് കാമുകന്‍ ഉപേക്ഷിക്കുന്ന  സ്ത്രീയുടെ ഗന്ധര്‍വന്‍ കൂടിയ കന്യകയെക്കാള്‍ ദയനീയമായ  അവസ്ഥയെ കുറിച്ച്  , സ്ഥിര പാതകള്‍ വിട്ടു വിജനതയിലേക്ക് നടക്കാന്‍ തുടങ്ങി  ഉപേക്ഷിക്കപെടുമ്പോള്‍ ഉള്ള ദിശാബോധ നഷ്ടത്തെ കുറിച്ച്  ആകുലയാകുന്നു ഫര്‍സാന .  അനിയനെന്ന പുരുഷനോട് , തന്നെ ചുറ്റിയുള്ള പല ജീവിതങ്ങളില്‍  ഒരു ചെറിയ അനക്കം കൊണ്ട് പോലും അലോസരം ഉണ്ടാക്കാതിരിക്കാന്‍ സ്വയം നീറി ഇല്ലാതാകാന്‍ ശ്രമിക്കുന്ന സ്ത്രീമനസ്സിനെ കുറച്ചു മനസ്സിലാക്കാന്‍ അപേക്ഷിക്കുന്നു അവള്‍ .

നെയ്തു കൊണ്ടിരിക്കുന്ന രൂപം മുഴുമിക്കാതെ .. എന്തുകൊണ്ട്, എന്തിനു എന്നറിയാതെ സായയെന്ന കഥാപാത്രവും , ഫര്സാനയെന്ന എഴുത്തുകാരിയും കലര്‍ന്ന് , സഫിയ എന്ന സുഹൃത്തും  ചേര്‍ന്ന്  ...  ഇല്ലാതാവുന്നു . നമ്മളെയും കൂടെ ചേര്‍ത്ത് .. ജീവിതം പോലെ .. ആകസ്മികമായി ..

സൂര്യനോട് 

താം ജുഷസ്വഗിരംമമവാജയന്തീമവാധിയം

വധൂയൂരിവയോഷണാം


പ്രഹര്‍ഷമായ് കൈക്കൊളളുകെന്‍ സ്തുതിയെ നീ 

ഒരു മഞ്ജുളാംഗിയെ കാമമോഹിതനെന്നപോലവേ


Be kind and tender and remain  delighted by  this  stimulating prayer 

As a lustful lover by  a comely maiden .



(ഋഗ്വേദം )

Embracing Sadness 

I am holding tight the neck of a happiness and choking it in an effort to silence it .
It feels like the futile excercise of  closing the mouth of little children and holding them still when they play and shriek too much . The resraint  souring their spirit and building rebellion in them .. 

Have to hold  tighter ,
The mouth of this shrieking child
I know  it is harmless 
These expressions of joy 
She is playing her lonely game 
of hide and seek with herself 
But the noise she make 
May disturb the elders 

So....

She has to be silenced 
Her game has to stop 
They disturb the serenity 
Of those who matter-

Have to make the hold tighter 
and tighter ..
The restraint is souring her spiriit
And growing rebellion in her .
The wrath boiling in her 
Is  gathering her stock of obscenities 
To lash out  the moment  she is able to take a breath 

Have to hold, tighter and tighter.
To choke her and to silence her ..
And to finish her ..

She IS unwanted 


സന്ദേഹങ്ങള്‍ 



എന്നോ കേട്ട  ഒരു കഥ 

കഥാപാത്രത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല . തല്‍ക്കാലം വിഭ എന്ന് വിളിക്കാം .

വിഭ അറിവിനെ, ദൈവത്തെ അന്വേഷിച്ചു .ഗ്രന്ഥങ്ങളില്‍, ക്ഷേത്രങ്ങളില്‍ , പുരാണങ്ങളില്‍ കഥകളില്‍ ,വചനങ്ങളില്‍, ജീവികളില്‍ .. മനുഷ്യരില്‍ പോലും ..

തന്നില്‍ തന്നെയും .

എല്ലാവരും പറഞ്ഞു ഒരു ഗുരുവിനെ തേടൂ. എവിടെ എന്ന്  ആരും പറഞ്ഞതുമില്ല .

അവള്‍ യാത്ര തുടങ്ങി . വെറുതെ..  മുന്നോട്ടു . അവളെ ഗ്രന്ഥങ്ങളും വചനങ്ങളും അറിയിച്ചിരുന്നു . ഗുരു അവളുടെ വഴിയിലൂടെ തന്നെ വരുമെന്ന് .

നടന്നു നടന്നു  , കാലവും വെളിച്ചവും മങ്ങി   , വഴി ഇടുങ്ങിയതും , ജനസഞ്ചാരം കുറഞ്ഞു കയറ്റങ്ങളും ദുര്‍ഘടങ്ങളും ആയി തുടങ്ങിയപ്പോള്‍ അവള്‍ വഴിയില്‍  കണ്ട ഒരു യുവാവിനോട്  ഒരു വിളക്ക്  ലഭിക്കുന്നതിനുള്ള സാദ്ധ്യത ആരാഞ്ഞു . അവന്‍, അവളെ ഒന്ന് ശ്രദ്ധിച്ചു നോക്കി , കൈ നീട്ടൂ എന്ന് പറഞ്ഞു ,അനായാസമായി കയ്യുയര്‍ത്തി സൂര്യനില്‍ നിന്ന് ഒരു കൈക്കുംമ്പിള്‍ പ്രകാശം കോരി അവളുടെ നീട്ടിയ കൈകളിലേക്ക് പകര്‍ന്നു .

സ്വന്തം കൈകളില്‍ നിറഞ്ഞു തിളങ്ങിയ പ്രകാശം. കൈകളില്‍ അവള്‍ സുഖകരമായ തരിപ്പായി അറിഞ്ഞു . തിളക്കം കണ്ണുകളില്‍ നിറഞ്ഞു .അതിനെ മുഴുവന്‍ സുഗന്ധമാക്കി ശ്വാസത്തില്‍ നിറക്കാന്‍ കൊതിച്ചു . ഇത് എന്റേത് , ഒരു തുള്ളി തുളുമ്പാതെ എന്നിലെക്കെടുക്കട്ടെ എന്ന് മോന്താനാഞ്ഞു .അത്  തുളുമ്പാതിരിക്കാന്‍ ഉള്ള വഴികള്‍ സ്വന്തം മനസ്സില്‍ പരതി.

ശിക്ഷണങ്ങള്‍ , സാമര്‍ത്ഥ്യങ്ങള്‍ ,, ഓര്‍മ്മകള്‍ ,മുന്‍കരുതലുകള്‍ ആര്‍ത്തു വന്ന ചിന്തകളാല്‍..ചേര്‍ത്ത് പിടിച്ച വിരലുകള്‍ ചെറുതായി വിറച്ചകന്നു...

അവളുടെ കൈകുമ്പിളില്‍ നിന്നും അത് നിലത്തു പതിച്ചില്ല .പക്ഷെ എവിടെ പോയി?

അറിയാത്തതിനെ തേടാന്‍ മുന്നിലേക്ക്‌ ഒരു വഴിയുണ്ടായിരുന്നു . എനിയോ? നഷ്ടപെട്ടതിനെ എവിടെ തേടും ? 

നിലത്തു വീണോ? 
ആവിയായ് മറഞ്ഞോ ? 
പുറകില്‍ കളഞ്ഞോ ?
 കൈകളില്‍ ചേര്‍ന്നോ ? 
ശ്വാസത്തില്‍ അലിഞ്ഞോ ?
അതോ അവള്‍ , തന്നത്താന്‍  അറിയാതെ അത് മോന്തിയോ ?

ഇനി അവള്‍ക്കു നടക്കാന്‍ ദിശകളില്ല . അവളുടെ സാമര്‍ത്ഥ്യങ്ങള്‍ തട്ടിതെറിപ്പിച്ച പ്രകാശത്തെ അന്വേഷിച്ചു  സ്വയം കറങ്ങി കൊണ്ടേ ഇരിക്കാം .




സെന്‍ മാസ്റ്റര്‍ ബുക്കോവിന്റെ വാക്കുകള്‍ 



ബുക്കോ പറഞ്ഞു 


വസ്തുതകളെ നിര്‍ബന്ധങ്ങളില്ലാതെ ആയാസരഹിതമായി സ്വീകരിക്കുമ്പോള്‍  അകത്തേക്കും പുറത്തേക്കുമുള്ള ചിന്തകളുടെ ഒഴുക്ക് സാവകാശം നിലക്കുകയും സത്യത്തിന്റെ രൂപം തെളിയുകയും ചെയ്യും 

.. അപ്പോള്‍ ശരീരവും മനസ്സും പ്രചോദനങ്ങള്‍ ഒഴിഞ്ഞു, അചഞ്ചല ശൂമ്യതയായി, ശുദ്ധാശുദ്ധങ്ങള്‍ക്ക് അതീതമായി , പ്രപഞ്ചത്തിന്റെ അപാര വിസ്തൃതിയുടെ നടുവില്‍ ദിവ്യപ്രഭയോടെ തിളങ്ങും . അത് എല്ലാ കല്പനകള്‍ക്കും അപ്പുറത്താണ് ..ജീവിതത്തിനും  മരണത്തിനും അപ്പുറത്ത് . നിങ്ങളുടെ അസംഖ്യം അറിവുകളെയും, കാഴ്ചകളെയും, തിരിച്ചറിവുകളേയും  വെടിഞ്ഞു  ആ അനന്ത വിസ്ത്രുതിയിലേക്ക് പ്രവേശിക്കുക.  ആ അനന്തതയില്‍,  നിങ്ങളുടെ ഹൃദയത്തില്‍ ബുദ്ധിസത്തിന്റെ ഒരു തരി പോലും ശേഷിക്കില്ല , അങ്ങിനെ നിങ്ങളുടെ അറിവുകള്‍ മുഴുവന്‍ അലിയുമ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധരും ഋഷികളും പ്രത്യക്ഷീഭവിക്കും. യഥാര്‍ത്ഥ ഉണ്മ , എല്ലാം എല്ലാം അടങ്ങുന്ന അനന്ത വിസ്തൃതി തന്നെ ആണ് . എവിടെയും  നിങ്ങള്‍ക്ക പ്രവേശിക്കാനും  നിഷ്ക്രമിക്കാനും കഴിയുമ്പോള്‍ , ഒന്നും നിങ്ങള്ക്ക് പ്രത്യേകം  സ്വന്തം അല്ലാതാവുമ്പോള്‍, അകവും പുറവും ഇല്ലാതാവുമ്പോള്‍ , ഉയര്‍ച്ചതാഴ്ചകളോട് നിങ്ങള്‍ സമരസപ്പെടുമ്പോള്‍ , ചതുരങ്ങളോടും വൃത്തങ്ങളോടും  നിങ്ങള്‍ ഏകാതാനതയിലെത്തുമ്പോള്‍  അത് സംഭവിക്കുന്നു .സമുദ്രത്തിലെ ശൂന്യത തിരകളെ ഉയര്‍ത്തുന്നു . പാര്‍വത സാനുക്കളിലെ ശൂന്യത ശബ്ദത്തെ പ്രതിദ്ധ്വനിപ്പിക്കുന്നു .ഹൃദയത്തില്‍ നിറയുന്ന ശൂന്യത ബുദ്ധന്‍ ആവുന്നു .നിങ്ങളുടെ ഹൃദയം ശൂന്യമാവുമ്പോള്‍ , വസ്തുകള്‍ കണ്ണാടിയില്‍ എന്നപോലെ തമ്മില്‍ തമ്മില്‍  വ്യതിരിക്തമല്ലാതെ വ്യക്തമാവുന്നു . ജീവിതവും മരണവും മായ മാത്രം .. എല്ലാ ബുദ്ധരും സ്വന്തം ശരീരം മാത്രം ..

സെന്‍  നിഗൂഡമായതല്ല. അത് നിങ്ങളിലേക്ക് ആഞ്ഞടിച്ചു തുളച്ചു കയറുന്ന ഒരു ഉപായം  മാത്രം .
സന്ദേഹങ്ങള്‍ ഒഴിയുമ്പോള്‍ ജനിമൃതികളുടെ തുടര്‍ച്ചയും നിലക്കുന്നു . നിങ്ങള്‍ അത് കാണുന്നില്ലേ ? ജൂണ്‍ മാസത്തില്‍ ഫ്യുജി മലമുകളിലെ മഞ്ഞുരുകുന്നത് ..