Monday, January 13, 2014



 29 . ഗ്രീക്ക് കവി രുമനോസ് 

യേശു എന്ന കവിയെ കുറിച്ച് 

അവനൊരു കവിയായിരുന്നു .


അവന്‍ നമ്മുടെ കണ്ണുകള്‍ക്കായി കാണുകയും നമ്മുടെ ചെവികള്‍ക്കായി കേള്‍ക്കുകയും ചെയ്തു, നമ്മുടെ മൌനങ്ങള്‍ അവന്റെ ചുണ്ടില്‍ വാക്കുകളായി, നമുക്ക് സ്പര്‍ശിക്കാനാവത്തവയെ അവന്റെ വിരലുകള്‍ സ്പര്‍ശിച്ചു .

അവന്റെ ഹൃദയത്തില്‍ നിന്ന് അസംഖ്യം കിളികള്‍ തെക്കും വടക്കും ദിക്കുകളിലേക്ക് പാടി പറന്നുയര്‍ന്നു , മലയോരങ്ങളിലെ കുഞ്ഞു പൂക്കള്‍ അവന്റെ സ്വര്‍ഗത്തിലേക്കുള്ള വഴിയെ ഒരു മാത്ര തടഞ്ഞുനിര്‍ത്തി.

പലപ്പോഴും പുല്‍നാമ്പുകളെ തഴുകാന്‍ അവന്‍ കുനിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ഹൃദയത്തില്‍ അവന്റെ സ്വരം ഞാന്‍ കേട്ടൂ "കുഞ്ഞു ചെടികളെ, ബെസാനിലെ ഓക്കുമരങ്ങളെയും, ലെബനനിലെ ദേവതാരുക്കളെയും  പോലെ നിങ്ങളും എന്റെ രാജ്യത്ത് എന്നോടൊപ്പം വസിക്കും ".

എല്ലാ സുന്ദര വസ്തുക്കളെയും അവന്‍ സ്നേഹിച്ചു , കുഞ്ഞുങ്ങളുടെ നാണം തിളങ്ങുന്ന മുഖങ്ങളെയും , തെക്കുനിന്നു വന്ന മൂരും, കുന്തിരിക്കവും എല്ലാം 

അവനു  കരുണയാല്‍ നല്‍കപെട്ട ഒരു മാതളത്തെ , ഒരു കോപ്പ വീഞ്ഞിനെ അവന്‍ ഇഷ്ടത്തോടെ സ്വീകരിച്ചു  , അത് നല്‍കിയത് സത്രത്തിലെ അപരിചിതാണോ ധനികനായ ആതിഥേയനോ എന്നത് കാര്യമാക്കാതെ തന്നെ .

അവന്‍ ബദാം പൂക്കളെ സ്നേഹിച്ചു .അവന്‍ അവയെ പെറുക്കിയെടുത്തു ആ  ദളങ്ങളില്‍ മുഖമമര്‍ത്തുന്നത്  ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ലോകത്തിലെ എല്ലാ മരങ്ങളെയും പ്രണയത്താല്‍ തന്നോട് ചേര്‍ത്ത് പിടിക്കുന്ന പോലെ .

അവന്‍ സാഗരത്തെയും , വിഹായസ്സിനെയും അറിഞ്ഞു . അവന്‍ ഈ വെളിച്ചമല്ലാതെ മറ്റൊരു പ്രകാശം സ്പുരിക്കുന്ന മുത്തുകളെ കുറിച്ച് പറഞ്ഞു , നമ്മുടെ ആകാശത്തിനും അപ്പുറത്തുള്ള നക്ഷത്രങ്ങളെക്കുറിച്ചും .

അവന്‍ പര്‍വതങ്ങളെ പരുന്തുകള്‍ക്ക് അറിയാവുന്നത്ര അറിഞ്ഞു , താഴ്വാരങ്ങളെ അരുവികളെയും ഉറവകളേയും പോലെയും .  അവന്റെ മൌനത്തില്‍ ഒരു മരുഭൂമി തിളങ്ങി  അവന്റെ ഭാഷണത്തില്‍ ഒരു പൂന്തോപ്പുലഞ്ഞു.

അതെ , അവന്‍ ഹൃദയം ആകാശങ്ങളിലെ വള്ളികുടിലില്‍ സൂക്ഷിച്ച ഒരു കവിയായിരുന്നു ,  അവന്റെ ഗീതങ്ങള്‍ നമ്മുടെ കേള്‍വിക്കായിരുന്നപ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് കൂടി ഉള്ളതായിരുന്നു .എന്നും നിത്യ ജീവനും സമയം  പ്രഭാതവും ആയിരിക്കുന്ന ഒരു ലോകത്തെ മനുഷ്യരുടെ കേള്‍വിക്ക് കൂടി .

ഒരിക്കല്‍ ഞാന്‍ എന്നെയും ഒരു കവിയായി നിനച്ചിരുന്നു  , പക്ഷെ,  ഞാന്‍ അന്ന് ബെഥാനിയില്‍ അവന്റെ മുന്നില്‍ നിന്നപ്പോള്‍ ഒരു  ഏകതാര ഏന്തിയവന്‍ എല്ലാ വാദ്യോപകരണങ്ങളിലും വിദഗ്ദനായ ഒരുവന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍  എങ്ങിനെ എന്നറിഞ്ഞു .കാരണം അവന്റെ വാക്കുകളില്‍ ഇടിമുഴക്കത്തിന്റെ ചിരിയും , വര്‍ഷത്തിന്റെ കണ്ണീരും , തരുക്കളുടെ, കാറ്റിലെ  ആനന്ദ നൃത്തവും നിറഞ്ഞിരുന്നു .

എന്റെ വീണക്കു ഒറ്റകമ്പിമാത്രം എന്നറിഞ്ഞത് മുതല്‍ , എന്റെ സ്വരം ഇന്നലെയുടെ ഓര്‍മ്മകളെയോ , നാളെയുടെ പ്രത്യാശകളെയോ ഇഴചേര്‍ക്കാന്‍ അശക്തമെന്നറിഞ്ഞു  ഞാന്‍ എന്റെ വീണയെ താഴെ വെച്ച് മൌനമായിരിക്കുന്നു . എന്നാല്‍ എന്നും സന്ധ്യക്ക്‌ ഞാന്‍ ചെവിയോര്‍ക്കും എല്ലാ കവികളുടെയും ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ .

No comments:

Post a Comment