Tuesday, March 11, 2014

എന്റെ ദൈവം 


എനിക്ക്  ദൈവമുണ്ട് 

അവനാണോ സൃഷ്ടികര്‍ത്താവ്‌  എന്നത്  എനിക്ക് വിഷയമേ അല്ല . പക്ഷേ എല്ലാ വസ്തുക്കളിലും അവന്റെ സ്പര്‍ശം ഞാന്‍ അറിയുന്നു.


അവന്‍ എനിക്ക് നന്മയെയും  തിന്മയെയും  തിരിച്ചു നിര്‍ത്തി ചൂണ്ടിക്കാണിച്ചു തന്നിട്ടില്ല . നിറഞ്ഞ സ്നേഹത്തില്‍ എന്നോട് മന്ത്രിച്ചൂ . ഒരു വാക്ക് മാത്രം ...സ്വീകരിക്കൂ ...


അവന്‍ ഞാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് നിയമങ്ങള്‍ എഴുതിതന്നില്ല . എന്നാല്‍ എന്റെ ചിന്തകളെ, പ്രവൃത്തികളെ അവന്‍  എന്നും എപ്പോഴും കൈ പിടിച്ചു നടത്തുന്നു


അവന്‍ എന്റെ ജനം എന്ന് വിളിച്ചു എനിക്ക് സ്വന്തമായവരെയും അന്യര്‍ എന്ന് എനിക്ക് ശത്രുക്കളെയും തോറ്റി തന്നില്ല .. എല്ലാവരെയും എല്ലാത്തിനെയും എനിക്ക് സ്വന്തമാക്കി തന്നു .
അവന്‍ വസിക്കുന്ന പ്രത്യേക സ്ഥലങ്ങളെ എനിക്ക് അറിയിച്ചില്ല ..എല്ലാം വസിക്കുന്നത് അവനില്‍ എന്നറിയിച്ചു


അവന്‍ അവന്റെ നാമം വാഴ്ത്താനോ , അവന്റെ നാമങ്ങള്‍ ജപിക്കാനോ ആജ്ഞാപിച്ചില്ല .. അവന്റെ നാമം തന്നെ, അല്ലെങ്കില്‍ അവനു നാമം ഉണ്ടോ എന്ന് തന്നെ,  എന്നോട് പറഞ്ഞില്ല അവന്‍ അവനു വേണ്ടിയുള്ള ആചരണങ്ങള്‍ നിഷ്കര്ഷിച്ചില്ല .. എന്റെ ജീവിതം അവനു വേണ്ടിയുള്ള ആചരണമാക്കിമാറ്റി


അവന്‍ അവന്റെ പ്രീതിക്കുള്ള വഴികളെ വിവരിച്ചില്ല . അവന്‍ എന്നും എന്നില്‍ സംപ്രീതനാണ് അവന്‍ പ്രാര്‍ഥനാ ക്രമങ്ങള്‍ ചിട്ടപെടുത്തി തന്നില്ല ..  എന്റെ ശ്വാസ-നിശ്വാസങ്ങളും  തുടിപ്പുകളും പ്രാര്‍ഥനയായി സ്വീകരിച്ചു


അവന്‍ ക്ലിഷ്ട സാധനകളിലൂടെ, ഏകാഗ്രമായ ധ്യാനങ്ങളിലൂടെ മാത്രം കാണാന്‍ , അല്ലെങ്കില്‍, മലമുകളിലോ ശൂന്യസ്ഥലങ്ങളിലോ  തേടി  അലയാന്‍, വേണ്ടി മറഞ്ഞിരുന്നില്ല ..
അവന്‍ എന്നും എന്റെ കൈകള്‍ക്കുള്ളില്‍ , എന്റെ ഹൃദയത്തിനുള്ളില്‍ , എന്റെ ശ്വാസത്തില്‍, എന്റെ രക്തത്തില്‍, എന്റെ മുന്നില്‍, എന്നെ ചൂഴ്ന്നു , എന്റെ ആശ്രയമായി, ആശ്വാസമായി , വഴിയായി, വെളിച്ചമായി , എന്റേതായി ...


എനിക്ക് ദൈവമുണ്ട്


എനിക്കുള്ളത് എല്ലാം ദൈവം തന്നെ .. എനിക്ക്  ഉണ്മ തന്നെ അവന്‍ ..


അവന്‍ തന്നെ ഉണ്മ ...