സാത്താന്‍ - ഖലീല്‍ ജിബ്രാന്‍
സൂര്യന് കീഴെയുള്ള ഏതൊരു നഗരത്തിലെയും ഏതൊരു മത- കലാ- വേദാന്ത പാഠ്യപദ്ധതികളുടെയും അച്ചുതണ്ട് ഞാനാകുന്നു . ഞാനില്ലായിരുന്നു എങ്കില്‍ ഒരു ക്ഷേത്രം പോലും നിര്‍മ്മിക്കപെടുമായിരുന്നില്ല സ്തൂപങ്ങളോ കൊട്ടാരങ്ങളോ ഉയരുമായിരുന്നില്ല . മനുഷ്യരില്‍ വീര്യവും സ്ഥൈര്യവും പകരുന്ന നിര്‍ണ്ണായക ശക്തി ഞാനാണ് .മനുഷ്യന്റെ മൌലിക ചിന്തകളുടെ ഹേതു ഞാനാണ് . അവന്റെ പ്രവൃത്തികളുടെ ചാലകം ഞാനാണ് .
ഞാന്‍ തന്നെ നിത്യനായ സാത്താന്‍ .
ജനങ്ങള്‍ അവരുടെ ജീവിതത്തിനു അര്‍ഥം പകരാന്‍ , ശത്രുവാക്കി എതിരിടുന്ന സാത്താന്‍ ഞാനത്രെ . എന്നോടുളള സംഘര്‍ഷം നിര്‍ത്തുമ്പോള്‍ അവരുടെ തന്നെ ഘോര പുരാണങ്ങളിലെ ശിക്ഷാക്രമങ്ങളാല്‍ ,അവരുടെ ഹൃദയവും ആത്മാവും നിഷ്ക്രിയജഡമായി പരിണമിക്കുന്നു .
സ്ത്രീഹൃദയങ്ങളെയും പുരുഷമനസ്സുകളെയും ഇളക്കി മറിക്കുന്ന മൂകമായ ക്ഷോഭകൊടുങ്കാറ്റു ഞാന്‍ . എന്നിലുള്ള ഭയത്താല്‍, എന്നെ അപരാധിയാക്കാന്‍ അവര്‍ ആരാധനാലയങ്ങള്‍ തേടുന്നു . അല്ലെങ്കില്‍ എന്നെ സന്തോഷിപ്പിക്കാന്‍ എന്റെ ഇച്ഛാനുസാരികളായി അപഥ സഞ്ചാരികളാവുന്നു . രാവിന്റെ ഏകാന്തതയില്‍ എന്നെ അകറ്റാന്‍ പ്രാര്‍ത്ഥിക്കുന്ന സന്യാസി എന്നെ സ്വന്തം കൂടാരത്തിലേക്ക് ക്ഷണിക്കുന്ന അഭിസാരികയെ പോലെ തന്നെ .
ഞാനത്രെ നിത്യനും അനശ്വരനുമായ സാത്താന്‍ ..
ഭയമെന്ന പ്രതിഷ്ഠമേല്‍ ആശ്രമങ്ങളും കന്യാമഠങ്ങളും ഞാന്‍ പണിയുന്നു.
ഭോഗേച്ഛയുടെയും കാമപൂരണത്തിന്റെയും ആധാരത്തില്‍ മദ്യശാലകളും വേശ്യാലയങ്ങളും പണിയുന്നതും ഞാന്‍ തന്നെ . ഞാനില്ലാതായാല്‍ ഭീതിയും, ആഘോഷവും ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാവും . അവയുടെ അഭാവത്തില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് ആഗ്രഹങ്ങളും പ്രതീക്ഷകളും ഒഴിയും . ശേഷം ജീവിതം കമ്പി പൊട്ടിയ വീണപോലെ ശൂന്യവും വിരസവും . ഞാനത്രെ നിത്യനായ സാത്താന്‍ ..
കാപട്യം, ദൂഷണം വഞ്ചന , പരിഹാസം എന്നിവയുടെ പ്രചോദനം ഞാന്‍ . ആ പദാര്‍ഥങ്ങള്‍ ലോകത്തില്‍ നിന്നും ഒഴിവായാല്‍ മനുഷ്യസമൂഹം നന്മകളുടെ മുള്ളുകള്‍ മാത്രം വളരുന്ന ഒരുമരുഭൂമിയായിതീരും .
ഞാനത്രെ നിത്യനായ സാത്താന്‍
പാപത്തിന്റെ മാതാവും പിതാവും ഞാന്‍ തന്നെ . പാപം നശിച്ചാല്‍ പാപത്തിനെതിരെ പോരാടുന്നവരും, അവരുടെ കോട്ടകളും, കുലം തന്നെയും നാമാവശേഷമാകും
ദുഷ്കര്‍മ്മങ്ങളുടെ ഹൃദയം ഞാനാണ് . എന്റെ സ്പന്ദനം നിലച്ചു മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ ? കാരണം നശിച്ചു ലഭിക്കുന്ന ഫലത്തെ നിങ്ങള്‍ സ്വീകരിക്കുമോ ? ഞാനാണ് കാരണം . ഞാനീ വിജന ശൂന്യതയില്‍ തകര്‍ന്നടിയാന്‍ നിങ്ങള്‍ അനുവദിക്കുമോ ? നമ്മള്‍ തമ്മില്‍ ഉള്ള ബന്ധം ഛേദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ ?
ഉത്തരം പറയൂ പുരോഹിതാ ...
No comments:
Post a Comment