Tuesday, February 4, 2014



തൂമായി - ആനകളുടെ ചങ്ങാതി  I 



കൃഷ്ണ സർപ്പം എന്നര്‍ത്ഥംവരുന്ന കലാ നാഗ്  എന്നുപേരായ കൊമ്പനാന നാല്പത്തെഴു കൊല്ലത്തോളം ഇന്ത്യാ ഗവണ്മെന്റിനെ സേവിച്ചു . അവനെ കാട്ടില്‍ നിന്നും പിടിക്കുമ്പോള്‍ ഇരുപതു വയസ്സുകഴിഞ്ഞിരുന്നതിനാല്‍ ഇപ്പോള്‍ അവനു എഴുപതു വയസ്സോളമാകും -  പക്വതയില്‍ എത്തിയ ഒരാന.  മസ്തകത്തില്‍ ഒരു തുകല്‍ തെരിക (pad) കെട്ടി മണ്ണില്‍ ആണ്ടുപോയ ഒരു പീരങ്കി തള്ളി നീക്കിയത് അവന്‍ ഓര്‍ക്കുന്നു . അത് 1842 ലെ അഫ്ഗാന്‍ യുദ്ധത്തിനും മുമ്പാണ്, അവനു പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനും മുന്‍പാണത്. കാലാ നാഗിന്‍റെ കൂടെത്തന്നെ ബന്ധനത്തിലായ  അവന്‍റെ അമ്മ, രാധാ പ്യാരി - പ്രിയ രാധ - അവന്‍റെ പാല്‍പല്ലുകള്‍ കൊഴിയുംമുന്‍പേ അവനു പറഞ്ഞുകൊടുത്തിരുന്നു, ഭീരുക്കളായ ആനകള്‍ക്കാണ് എപ്പോഴും പരിക്കേല്‍ക്കുന്നതെന്ന്.  ആദ്യമായി ഒരു വെടിയുണ്ട പൊട്ടുന്നത് കണ്ടു പേടിച്ചു ചീറി പിന്മാറിയ അവന്‍റെ ശരീരത്തിലെ മര്‍മ ഭാഗങ്ങളില്‍ മുഴുവന്‍ ബയണറ്റുകള്‍ കുത്തി മുറിവുകള്‍ ഏറ്റപ്പോള്‍  അവനു ആ ഉപദേശം ശരിയായിരുന്നു എന്ന് ബോദ്ധ്യപെട്ടു. അതുകൊണ്ട് ഇരുപത്തഞ്ച് വയസ്സാകുന്നതിനു മുന്‍പ് തന്നെ അവന്‍ ഭയം ഉപേക്ഷിച്ച്, ഇന്ത്യാ ഗവണ്മെന്റിന്‍റെ  ഉദ്യോഗത്തിലുള്ള ആനകളില്‍ ഏറ്റവും സ്നേഹിക്കപെടുന്നവനും ഏറ്റവും നന്നായി പരിപാലിക്കപെടുന്ന ആനയും ആയിത്തീര്‍ന്നു. അവന്‍ ടെന്റുകള്‍ ചുമന്നിട്ടുണ്ട്- വടക്കെ ഇന്ത്യയിലെ പടനീക്കത്തില്‍  ആയിരത്തി ഇരുനൂറു പൌണ്ട്  ഭാരമുള്ള ടെന്റുകള്‍ - അവനെ ഒരു ക്രൈനില്‍ പൊക്കി ഒരു കപ്പലില്‍ കയറ്റി  അവന്‍ ദിവസങ്ങളോളം കടലില്‍ യാത്ര ചെയ്തിട്ടുണ്ട് , അവന്‍ ഇന്ത്യയില്‍നിന്നും വളരെ അകലെ ഉള്ള ഒരു ദേശത്ത്  ചെങ്കുത്തായ മലനിരകളിലൂടെ ഒരു  പീരങ്കിയും ചുമന്നു നടന്നിട്ടുണ്ട് .അവന്‍ തിയോഡോര്‍ ചക്രവര്‍ത്തി മഗ്ദലയില്‍ മരിച്ചു കിടന്നത് കണ്ടു,  പട്ടാളക്കാര്‍ പറഞ്ഞതനുസരിച്ചു. അബിസീനിയന്‍ യുദ്ധത്തില്‍ പുരസ്കാരത്തിന് അര്‍ഹനായി.  വീണ്ടും കപ്പലില്‍ കയറി തിരിച്ചെത്തി .   പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ,അലി മസ്ജിദ്‌ എന്ന സ്ഥലത്ത് വെച്ച് അവന്‍  കൂടെയുള്ള ആനകള്‍ തണുപ്പുകൊണ്ടും , അപസ്മാരം കൊണ്ടും പട്ടിണികൊണ്ടും സൂര്യാഘാതം കൊണ്ടും മറ്റും മരിച്ചു വീഴുന്നതും കണ്ടു . പിന്നീട് ആയിരക്കണക്കിന് മൈല്‍ തെക്ക് മൌല്‍മീന്‍ എന്ന സ്ഥലത്ത് മരപ്പേട്ടകളില്‍ തടിപിടിച്ചു . അവിടെ വെച്ച് അവന്‍ ഒരിക്കല്‍  മടിയനായ, അനുസരണയില്ലാത്ത  ഒരു കുട്ടികൊമ്പനെ  കുത്തി  ചാകാറാക്കിയതാണ്.

അതിനു ശേഷം അവനെ തടിപിടിക്കുന്നതില്‍ നിന്നും ഒഴിവാക്കി  മറ്റു കുറച്ചാനകള്‍ക്കൊപ്പം കാട്ടാനകളെ പിടിക്കുന്നതിനു ഗാരോ മലകളിലേക്ക് കൊണ്ടുപോയി.  ഇന്ത്യന്‍ ഗവണ്മെന്റ് ആനകളെ വളരെ കൃത്യമായി പരിപാലിച്ചു വരുന്നുണ്ട്.  ആനകളെ  കുഴിയില്‍ വീഴ്ത്തി പിടിച്ചു അവയെ മെരുക്കി രാജ്യമെമ്പാടുമുള്ള  പണിസ്ഥലങ്ങളിലേക്ക് അയക്കുന്നതിനു ഗവണ്മെന്റിനു ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ട്.
കാലാ നാഗിന് പത്തടി ഉയരമുണ്ട് .അവനു അഞ്ചടിയോളം നീളത്തില്‍  മുറിച്ചു  മിനുസപെടുത്തി ചെമ്പ് കെട്ടിയ കൊമ്പുകളും ആയിരുന്നു.  എന്നാല്‍  ഒരു ശിക്ഷിതനല്ലാത്ത  കൂര്‍ത്ത കൊമ്പുള്ള ആനയേക്കാള്‍ കൂടുതല്‍ അത് മാരകമായിരുന്നു.

ആഴ്ചകളോളം  അവിടവിടെ ചിതറി കിടന്നിരുന്ന ആനകളെ മലനിരകളില്‍ കൂടി ശ്രദ്ധാപൂര്‍വ്വം നയിച്ച്‌ കൊണ്ടുവന്നു , ആ നാല്‍പതോ അമ്പതോ വന ഭീകരരെ അവസാനത്തെ മരകോട്ടയിലേക്ക് കയറ്റി , മരത്തടികള്‍ യോജിപ്പിച്ച് ഉണ്ടാക്കിയ ആ വലിയ ഗേറ്റ് അടച്ചുകഴിഞ്ഞാല്‍ , ആജ്ഞ കിട്ടിയാല്‍ , കാലാ നാഗ് ആ മുഴങ്ങുന്ന കൊലവിളി ഉയര്‍ത്തും       ( മിക്കപ്പോഴും രാത്രിയില്‍ , മിന്നുന്ന ചൂട്ടുകള്‍ കാരണം ദൂരം കണക്കാക്കുന്നത് കഷ്ടമായിരിക്കുമ്പോള്‍ ..)  എന്നിട്ട് കൂട്ടത്തിലെ  ഏറ്റവും വലിയവനും  കുറുമ്പനുമായ കൊമ്പനെ തിരഞ്ഞുപിടിച്ചു  അമര്‍ത്തി ഞെരുക്കി  മെരുക്കും , മറ്റു പാപ്പാന്മാര്‍ അവരുടെ ആനകളുടെ പുറത്തിരുന്നു ചെറിയ ആനകളെ കയറുകള്‍ കെട്ടിയിടുന്ന നേരം കൊണ്ട് .
യുദ്ധതന്ത്രങ്ങളിലെ ഒരടവും, കാലാ നാഗിന് , ആ വയോധികനും ജ്ഞാനിയുമായ കാലാ നാഗ് നു  അറിയാത്തതായി ഇല്ലായിരുന്നു . കാരണം അവന്‍ പലവട്ടം അവന്റെ ജീവിതത്തില്‍  തന്‍റെ നേര്‍ക്ക്‌ കുതിക്കുന്ന , മുറിവേറ്റ പുലികളെ ചെറുത്തു നിന്നിട്ടുണ്ട്,  തന്‍റെ മൃദുവായ തുമ്പിക്കൈ ചുരുട്ടി മാറ്റി സുരക്ഷിതമാക്കി , സ്വയം വശമാക്കിയ ഒരു വശത്തോട്ടുള്ള തലവീശലില്‍ ആ കുതിക്കുന്ന പുലിയെ ചാട്ടത്തിലെ തട്ടി തെറിപ്പിച്ചു അവന്റെ വലിയ കാല്‍ കൊണ്ട് , ഒരു ആര്‍ത്ത നാദത്തോടെ അതിന്‍റെ ജീവന്‍ പോകുന്നത് വരെ അമര്‍ത്തും .. എന്നിട്ട്  ജീവനറ്റ വരയന്‍ പഞ്ഞികെട്ടു പോലെ ആയ ആ പുലിയെ വാലില്‍ തൂക്കി വീശും 
.
"ശരിയാണ്"  വലിയ തൂമായി,  അവന്‍റെ പാപ്പാന്‍‌ , അവനെ അബിസീനിയയിലേക്ക് കൊണ്ടുപോയ കറുത്ത തൂമായിയുടെ മകന്‍, അവനെ കാട്ടില്‍നിന്ന് പിടിക്കുമ്പോള്‍ ഉണ്ടായിരുന്ന ആന തൂമായിയുടെ ചെറുമകന്‍ , പറഞ്ഞു, "  ഈ കാലാ നാഗ് നു  ഒന്നിനെയും പേടിയില്ല , എന്നെ ഒഴിച്ച്.  അവന്‍ ഞങ്ങളുടെ മൂന്നു തലമുറകളെ കണ്ടതാണ് അവനു തീറ്റ കൊടുത്തും പരിചരിച്ചും , നാലാമത്തെ തലമുറയെ കാണാനും  അവന്‍  ഉണ്ടാവും ."
" അവനു എന്നെയും പേടിയുണ്ട്,"  , ഒരു ചെറിയ തുണി മാത്രം ചുറ്റിയ  കുഞ്ഞി തൂമായി, അവന്‍റെ നാലടി  ഉയരത്തില്‍ ഞെളിഞ്ഞു നിന്ന്  പറഞ്ഞു.  അവനു പത്ത് വയസ്സായി , വലിയ തൂമായിയുടെ മൂത്ത മകന്‍ , ആചാരപ്രകാരം അവന്‍ വലുതാകുമ്പോള്‍ , അച്ഛന്റെ സ്ഥാനത്ത് , അവന്‍റെ അച്ഛനും, മുത്തച്ഛനും , മുതു മുത്തച്ഛനും പിടിച്ചു മിനുസമായ  ആ ആനത്തോട്ടി പിടിച്ചു കലാ നാഗിന്‍റെ പുറത്തിരിക്കും .  അവന്‌ ഉറപ്പാണ്  അവന്‍റെ അവകാശവാദത്തെ കുറിച്ച് ;  അവന്‍ ജനിച്ചത്‌ കാലാ നാഗിന്‍റെ നിഴലിലാണ്. നടക്കാറാവുന്നതിനു മുന്‍പുതന്നെ അവന്‍റെ തുമ്പിയുടെ അറ്റം പിടിച്ചു കളിച്ചിരുന്നു , നടക്കാറായപ്പോഴേ  അവനെ വെള്ളം കാട്ടാന്‍ കൊണ്ടുപോകാന്‍ തുടങ്ങി .. കാലാ നാഗ്, വലിയ തൂമായി കുഞ്ഞു ജനിച്ച ദിവസം കുഞ്ഞിനെ   അവന്‍റെ കൊമ്പുകള്‍ക്ക് അടുത്ത്  കൊണ്ടുവന്നു കാണിച്ചു  അടുത്ത പാപ്പാനെ കാണ് എന്ന് പറഞ്ഞപ്പോള്‍  അവനെ കൊല്ലുക എന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്തതുപോലെ തന്നെ   അവന്‍റെ പീച്ചാങ്കുഴല്‍ ഒച്ചയിലുള്ള കല്പനകളെയും   ധിക്കരിക്കുന്നതിനെ പറ്റി ചിന്തിക്കുകയേ ഇല്ല .
""ശരിക്കും"  കുഞ്ഞി തൂമായി പറഞ്ഞു " അവന്‌ എന്നെ പേടിയുണ്ട്" എന്നിട്ട് അവന്‍ കാലാ നാഗിന്‍റെ അടുത്തേക്ക് കാലുവലിച്ചു വെച്ച് നടന്നു , വയസ്സന്‍ - തടിയന്‍ പന്നി എന്ന് വിളിച്ചു അവനെ ആ കാല് പൊക്ക് ഈ കാലു പൊക്ക് എന്ന് അനുസരിപ്പിച്ചു .

" വാഹ്" കുഞ്ഞി തൂമായി പറഞ്ഞു , " നീ ഒരു കേമന്‍ ആന തന്നെ ," അവന്‍റെ തുറുമ്പന്‍  തലകുലുക്കി  അവന്‍ അച്ഛന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു . " ആനകളുടെ ചെലവ് നടത്തുന്നത് സര്‍ക്കാരായിരിക്കും , എന്നാലും അവര്‍ ഞങ്ങള്‍ പപ്പന്മാരുടെതാണ് . കാലാ നാഗേ, നീ വയസ്സനാകുമ്പോള്‍ ഒരു വലിയ പണക്കാരന്‍ രാജാവ് നിന്നെ സര്‍ക്കാരില്‍ നിന്നും വാങ്ങും  നിന്‍റെ വലുപ്പവും സ്വഭാവഗുണങ്ങളും കണ്ടിട്ട് ,  അപ്പൊ നിനക്ക് ഒരു പണിയും ചെയ്യേണ്ടി വരില്ല .. കാതില്‍ സ്വര്‍ണ്ണ കമ്മലിട്ടു , കിന്നരി വെച്ച ചുവന്ന പട്ടു കൊണ്ടുപുതച്ചു ഒരു സ്വര്‍ണ്ണ മഞ്ചലും പുറത്ത് വെച്ച് രാജാവിന്‍റെ ഘോഷയാത്രയുടെ മുന്നില്‍ നടന്നാല്‍  മാത്രം മതി.. ഞാനും നിന്‍റെ പുറത്തിരിക്കും, ഒരു വെള്ളി ആന തോട്ടിയും പിടിച്ചു . പരിചാരകര്‍  നമുക്കുമുന്നില്‍  വടികള്‍ ചുഴറ്റി ഓടിനടക്കും " വഴി! രാജഗജത്തിനു വഴി !! എന്ന് ആര്‍ത്തു കൊണ്ടു ..അത് വളരെ ഭാഗ്യം തന്നെ ആണ്  കാലാ നാഗ് .. എന്നാല്‍... ഈ കാട്ടില്‍  വേട്ടയാടുന്നത്ര  ഭാഗ്യമല്ല ."
ഹും!! വലിയ  തൂമായി  പറഞ്ഞു ." നീ ഇത്തിരി പോന്ന ഒരു ചെക്കനാണ് , ഒരു കാളകുട്ടനെ പോലെ പോക്കിരി .  ഈ മലയുടെ മുകളിലേക്കും താഴേക്കും ഒടി  നടക്കുന്നതല്ല സുഖകരമായ സര്‍ക്കാര്‍ സേവനം , എനിക്ക് വയസ്സായി വരുന്നു .  എനിക്ക് കാട്ടാനകളെ വലിയ ഇഷ്ടമൊന്നുമല്ല .  എനിക്ക് നാട്ടാനകളുടെ ആനകോട്ട തന്നെ.. ഓരോ ആനക്കും ഓരോ പന്തി, അവരെ കെട്ടി ഇടാന്‍ ഉറപ്പുള്ള കുറ്റികളും നടത്താന്‍ വീതിയുള്ള നിരപ്പായ വഴികളും . ഈ അവിടെയും ഇവിടെയും തമ്പടിച്ചു കിടക്കുമ്പോലെ അല്ല .. ആഹാ . കാന്‍പൂര്‍ ബാരക്ക് എത്ര നല്ലതായിരുന്നു .അടുത്ത് തന്നെ ബാസ്സാറുണ്ടായിരുന്നു  ഒരു ദിവസം മൂന്നു മണിക്കൂര്‍ മാത്രം പണിയും ."

കുഞ്ഞി തൂമായിക്ക് കാന്‍പൂര്‍ ആനകോട്ട ഓര്‍മ്മയുണ്ടായിരുന്നു . അവന്‍ ഒന്നും പറഞ്ഞില്ല .അവനു ക്യാംപ് ജീവിതം തന്നെ ആയിരുന്നു അധികം ഇഷ്ടം . ആ വീതിയുള്ള പരന്ന വഴികളും പുല്ലും പട്ടയും വാങ്ങികൊണ്ടുവരുന്നതും പിന്നെ നീണ്ട മണിക്കൂറുകള്‍ ഒന്നും ചെയ്യാനില്ലാതെ ,കാലാ നാഗ് അവന്റെ പന്തിയില്‍ വെറുതെ തലയാട്ടി, കാലിളക്കി അസ്വസ്ഥനായി നില്‍ക്കുന്നത് നോക്കിയിരിക്കലും.

കുഞ്ഞു തൂമായിക്ക് ഇഷ്ടം ഒരാനക്ക്  മാത്രം കയറാന്‍ പറ്റുന്ന ഇടുങ്ങിയ വഴികളില്‍ കൂടി കയറി താഴ്വാരത്തിലേക്ക് ഇറങ്ങുന്നത്, കാട്ടാനകള്‍ ദൂരെ ദൂരെ മേയുന്നത് കാണുന്നത് ;  കാട്ടുപന്നികളും മയിലുകളും കാലാനാഗിന്റെ മുന്നില്‍ പേടിച്ചോടുന്നത്‌'; ഒന്നും കാണാന്‍ കൂടി പറ്റാത്ത കനത്ത മഴ,  കുന്നുകളെയും താഴവാരത്തെയും മൂടുന്നത് ; അന്ന് രാതി എവിടെ എത്തും എന്നറിയാതെ നടക്കാന്‍ തുടങ്ങുന്ന  മഞ്ഞു മൂടിയ  സുന്ദരമായ പ്രഭാതങ്ങള്‍ ; സാവകാശം ശ്രദ്ധയോടെ ഉള്ള കാട്ടാനകളുടെ യാത്ര , പിന്നെ അവസാനത്തെ ദിവസം കാട്ടാനകളെ ഒന്നിച്ചു പന്തിയിലേക്ക് തെളിക്കുമ്പോള്‍ , അതില്‍ നിന്നും പുറത്തേക്ക് വഴിയില്ലെന്ന് കണ്ടു അങ്ങുമിങ്ങും ഓടി മരവേലികളില്‍ ഇടിക്കുകന്ന ആനകളെ ചൂട്ടുവീശിയും പടക്കം പൊട്ടിച്ചും തിരിചോടിക്കുമ്പോള്‍  ഉരുള് പൊട്ടി ഭീമന്‍ കല്ലുകള്‍ ഉരുണ്ടുവരുന്നത്‌ പോലെ ഉള്ള ആനകളുടെ  തിക്കും തിരക്കും ആര്‍പ്പുവിളിയും എല്ലാം ചേര്‍ന്നആ  ബഹളം .
ഒരു ചെറിയകുട്ടിക്കും  അവിടെ പണിയുണ്ട് .. കുഞ്ഞി തൂമായിആണെങ്കില്‍ ഒരു മൂന്നു പിള്ളേരുടെ ഫലം ചെയ്യും . അവന്‍ ചൂട്ടെടുത്ത് വീശി ഏറ്റവും ശബ്ദത്തില്‍ കൂക്കിവിളിക്കും .  ഏറ്റവും രസം ആനകളെ പുറത്തിറക്കുംമ്പോഴാണ്. അപ്പൊ ആനകോട്ടയില്‍  ലോകാവസാനം പോലെ ആവും .പരസ്പരം കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ആളുകള്‍ക്ക് ആംഗ്യംകൊണ്ട് സംസാരിക്കേണ്ടി വരും . അപ്പൊ കുഞ്ഞു തൂമായി    ആ മരക്കോട്ടയുടെ ഒരു ഇളകുന്ന  തൂണിന്റെ മുകളില്‍ കയറും . വെയിലുകൊണ്ട് ചെമ്പിച്ച മുടി പറന്നു ചൂട്ടു വെളിച്ചത്തില്‍ ഒരു കുട്ടിച്ചാത്തനെ പോലെ തോന്നും അവനെ  . ബഹളം ഒന്നടങ്ങിയാല്‍ അവന്‍ കലാ നാഗിനെ ഉത്സാഹിപ്പിക്കുന്ന ആ ചീവീടൊച്ച, ചിന്നം വിളികള്‍ക്കും , കയറുകള്‍ പൊട്ടുന്നതിiന്റെയും തട്ടുമുട്ടുകളുടെയും ഒച്ചകള്‍ക്കും , കെട്ടില്‍ കിടന്നു മുരളുന്ന ആനകളുടെ ഒച്ചകള്‍ക്കും ഒക്കെ മുകളില്‍ മുഴങ്ങി കേള്‍ക്കും .." മുമ്പോട്ട്‌  മുമ്പോട്ട്‌ , കാല നാഗേ .. കൊമ്പോണ്ട് തളള്, .സൂക്ഷിച്ച്, സൂക്ഷിച്ച്.. അടിക്ക് , അടിക്ക് . തൂണ് ശ്രദ്ധിക്ക് .. ഡാ ഡാ ഹായ്  യേ  എന്താ ദ് "

 ഇങ്ങനെ അവന്‍ ഒച്ചവെക്കും .. കാലാ നാഗും വലിയ കാട്ടുകൊമ്പനും തമ്മിലുള്ള മത്സരം  ഖെദ്ദയെ കുലുക്കി മറിക്കും . താപ്പാനകളുടെ പാപ്പാന്മാര്‍ കണ്ണില്‍ കൂടെ ഒഴുകുന്ന വിയര്‍പ്പുതുടച്ചു  ഒരു മിനിട്ട്  തൂണിന്റെ മുകളില്‍ കയറിനിന്നു  സന്തോഷം കൊണ്ട് പുളക്കുന്ന കുഞ്ഞി തൂമായിയുടെ നേരെ ഇടക്ക് തലകുലുക്കും 
ചിലപ്പോള്‍ അവന്‍ തുള്ളികളിക്കലില്‍ നിര്‍ത്തില്ല . ഒരു രാത്രി അവന്‍ തൂണില്‍ നിന്ന് ഇറങ്ങി രണ്ടാനകളുടെ ഇടയിലൂടെ നുഴഞ്ഞു , അഴിഞ്ഞുപോയ ഒരു കയറിന്റെ തല, കാലു വീശി തട്ടുന്ന ഒരു  ആനകുട്ടിയെ തളക്കാന്‍ ശ്രമിക്കുന്ന  പപ്പാന് എറിഞ്ഞു കൊടുത്തു . കാലാ നാഗ് അവനെ കണ്ടു , തുമ്പിക്കൈ കൊണ്ട് വട്ടം പിടിച്ചു വലിയ തൂമയിയുടെ കയ്യില്‍ കൊടുത്തു .വലിയ തൂമായി അപ്പത്തന്നെ രണ്ടു പെട കൊടുത്തു അവനു തൂണിന്റെ മുകളില്‍ തന്നെ  കയറ്റി വെച്ചു
പിറ്റേ ദിവസം അച്ഛന്‍ അവനെ ശാസിച്ചു പറഞ്ഞു .."നല്ല ആന പന്തികളും ഇടയ്ക്കു വല്ലപ്പോഴും ഉള്ള ഈ ടെന്റ അടിക്കലും പോരാണ്ട് നിനക്ക് തന്നത്താന്‍ ആനെ പിടിക്കാന്‍ പോണം അല്ലേഡാ  കൊള്ളരുതാത്തവനെ ? എന്നിട്ട്  എന്നെക്കാള്‍ ശമ്പളം എത്രയോ കുറവുള്ള  ആ കാട്ടാന മെരുക്കുന്ന പൊട്ടന്മാര് , അതൊക്കെ പോയി പീറ്റ്ര്‍സണ്‍ സായിപ്പിന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു ." കുഞ്ഞി തൂമായിക്ക് പേടി തോന്നി . വെള്ളക്കാരെ  കുറിച്ച് അവനു കാര്യമായി ഒന്നും അറിയില്ല , എന്നാലും പീറ്റ്ര്‍സണ്‍ സായിപ്പാണ് ലോകത്തിലെ ഏറ്റവും കേമനായ വെള്ളക്കാരന്‍ അവനെ സംബന്ധിച്ച് . എല്ലാ ഖെദ്ദകളും  അദ്ദേഹത്തിന്റെ കീഴിലാണ് . ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ട എല്ലാ ആനകളെയും പിടിക്കുന്നത് അദ്ദേഹമാണ് . ജീവിച്ചിരിക്കുന്ന ഏതു മനുഷ്യനേക്കാളും ആനകളെ കുറിച്ച് അധികം അറിവുള്ള ആളും അദ്ദേഹം തന്നെ .

" എന്താ-- എന്താ ണ്ടാവ്വ്വാ?" കുഞ്ഞി തൂമായി ചോദിച്ചു 
"ണ്ടാവ്വ്വാ.. ഏറ്റവും വലിയ കുഴപ്പം തന്നെ . പീറ്റ്ര്‍സണ്‍ സായിപ്പ് ഒരു വട്ടനാണ് അല്ലെങ്കില്‍ ഈ കാട്ടുജന്തുക്കളേയും മെരുക്കി നടക്കുമോ ? ഇങ്ങനെ കാട്ടില്‍ എവിടെയെങ്കിലും ഒക്കെ കിടന്നുറങ്ങി , പനിയും പിടിച്ചു , അവസാനം ഏതെങ്കിലും ഒരു ഖെദ്ദക്ക് വല്ല ആനയുടെയും കാലിന്റെ അടിയില്‍ പെട്ട് ചാവാന്‍ . ഇപ്രാവശ്യം കുഴപ്പമുണ്ടാവാത്തതു ഭാഗ്യം .അടുത്താഴ്ച പണി തീര്‍ന്നു നമ്മള്‍ നാട്ടിലേക്ക് നമ്മടെ സ്ഥലത്തേക്ക് പോവ്വാണ്. പിന്നെ നമ്മക്ക് ഈ വേട്ടക്കാര്യം മറന്നിട്ടു  നിരപ്പുള്ള  റോഡില്‍ കൂടെ നടന്നാല്‍ മതി . നോക്ക് മോനെ, നീ ഈ തല്ലിപൊളി അസം കാട്ടുജാതികളുടെ പണിയില്‍ കിടന്നു കളിച്ചത് എന്നെ കലിപിടിപ്പിക്കുന്നുണ്ട് . കാലാ നാഗ് എന്നെ മാത്രേ അനുസരിക്കുള്ളൂ  അതുകൊണ്ട് എനിക്ക് അവന്റെ കൂടെ ഖെദ്ദക്ക് പോകേണ്ടി വരുന്നു . എന്നാലും അവന്‍ മല്‍പിടുത്തത്തിനു മാത്രം ഉള്ള ആനയാണ് ആനകളെ തളക്കാന്‍ സഹായിക്കേണ്ട ആവശ്യം ഇല്ല അതോണ്ട് എനിക്ക് സൌകര്യമായി അവന്റെ പുറത്ത് ഇരിക്കാം . ഞാന്‍ ഒരു പപ്പാന്‍ ആണ് ഈ വേട്ടക്കാരെ പോലെ അല്ല . സേവനകാലം കഴിഞ്ഞാല്‍ പെന്‍ഷനും ഒക്കെ കിട്ടുന്ന പപ്പാന്‍ .. ആനതൂമായി കുടുംബത്തിലെ ഒരാള്‍ ഖെദ്ദയിലെ ചളിയില്‍ ചവിട്ടി അരക്കപെടാന്‍ ഉള്ളതാണോ? ചീത്ത കുട്ടി , കുറുമ്പന്‍,കൊള്ളരുതാത്ത ചെക്കന്‍ ..പോയി കാലാ നാഗിനെ കുളിപ്പിക്ക് . ചെവി ഒക്കെ നല്ലോണം കഴുകണം , കാലില്‍ മുള്ള് കുത്തീട്ടുണ്ടെങ്കില്‍ പറിച്ചു കളയണം .. അല്ലെങ്കില്‍ പീറ്റര്‍സണ്‍ സായ്‌വ് നിന്നെ പിടിച്ചു ഒരു വേട്ടക്കാരനാക്കും . ആനത്താര നോക്കി നടക്കുന്ന ഒരു കാട്ടുകരടി .ഫ്.. നാണക്കേട്‌ ..പോ "
കുഞ്ഞി തൂമായി ഒന്നും മിണ്ടാതെ പോയി , കാലാ നാഗിന്റെകാലു പരിശോധിക്കുമ്പോള്‍ അവനോടു സങ്കടങ്ങള്‍ പറയാന്‍ തുടങ്ങി .."കുഴപ്പമൊന്നുമില്ല" കാലാ നാഗിന്റെ ആ വലിയ വലത്ത്ചെവിയുടെ  തലപ്പ്‌ മറിച്ചു നോക്കി കുഞ്ഞി തൂമായി പറഞ്ഞു ." അവര്‍ എന്റെ പേര് പീറ്റെര്സന്‍ സായിപ്പിനോട് പറഞ്ഞല്ലോ .. ചിലപ്പോള്‍ ..ചിലപ്പോള്‍ ആര്‍ക്കറിയാം .. ഹായ് എത്ര വലിയ മുള്ളാണ് ഇപ്പൊ പറിച്ചെടുത്തത്"

അടുത്ത കുറച്ചു ദിവസം ആനകളെ ഒന്നിച്ചു കൂട്ടി , ഓരോ കാട്ടാനയെയും രണ്ടു നാട്ടാനകളുടെ ഇടയില്‍ നടത്തി , മലയിറങ്ങുമ്പോള്‍ അവര്‍ വലിയ കുഴപ്പം കാട്ടാതിരിക്കാന്‍ ശ്രദ്ധിച്ചു അവരെ നിരപ്പിലേക്ക്‌  തെളിക്കലും , കീറിപോയതും, കാറ്റില്‍ കളഞ്ഞുപോയതും ആയ  പുതപ്പുകളുടെയും കയറുകളുടെയും കണക്കെടുപ്പും ആയി കഴിഞ്ഞു .
പീറ്റര്‍സണ്‍ സായിപ്പ് അദ്ദേഹത്തിന്റെ മിടുക്കി പിടിയാന  പദ്മിനിയുടെ  പുറത്ത് കയറി വന്നു . അദ്ദേഹം മലകളില്‍ അവിടവിടെ ഉള്ള  ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് ശമ്പളം വിതരണം ചെയ്തു  വരികയായിരുന്നു .മരത്തണലില്‍ ഒരു മേശക്കുമുന്നില്‍ ഒരു നാട്ടുകാരന്‍ ക്ലാര്‍ക്ക് പാപ്പന്മാര്‍ക്ക് വേതനം കൊടുക്കുവാന്‍ ഇരിക്കുന്നുണ്ടായിരുന്നു . ഓരോ പാപ്പാന്മാരും  ശമ്പളം വാങ്ങി അവരവരുടെ ആനകളുടെ അടുത്തേക്ക് തിരിച്ചു പോയി മടക്കയാത്രക്ക് തയ്യാറായി നില്‍ക്കുന്ന നിരകളില്‍ ചേര്‍ന്നു. 

ആനകളെ മെരുക്കുന്നവരും  , വേട്ടക്കാരും , കാടു വളയുന്നവരും, അങ്ങിനെ എല്ലാ  ഖെദ്ദ പണിക്കാരും കൊല്ലം മുഴുവന്‍ കാട്ടില്‍  തന്നെ കഴിയുന്ന അവര്‍  പീറ്റര്‍സണ്‍ സായിപ്പിന്റെ സ്ഥിരം സേനയിലെ ആനകളുടെ പുറത്തിരുന്നും , ചിലര്‍ തോക്കുപിടിച്ചു മരങ്ങളില്‍ ചാരി നിന്നും നാടന്‍ ആനകളുടെ പാപ്പാന്‍‌ മാരെ കളിയാക്കി കൊണ്ട് നിന്നു, പുതിയതായി പിടിച്ച ആനകള്‍ വരികളില്‍ നിന്ന് കുതറി പോകുമ്പോള്‍ അത് കണ്ടു ആര്‍ത്തു ചിരിച്ചു .
വലിയ തൂമായി കുഞ്ഞി തൂമായിയെയും കൊണ്ട് ക്ലാര്‍ക്കിന്റെ അടുത്തേക്ക് ചെന്നു.  ഹെഡ് ട്രാക്കെര്‍   മാച്ചു അപ്പ കൂട്ടുകാരനോട്  താഴ്ന ശബ്ദത്തില്‍ പറഞ്ഞു .." അതെങ്കിലും ഒരു നല്ല ആനപിടുത്തക്കാരന്‍ ആണ് .. ആ കാട്ടുപൂവനെ നാട്ടില്‍ തുരുംമ്പിക്കാന്‍ വിടണത്  കഷ്ടം തന്നെ ."

എല്ലാ ജീവികളിലും വെച്ചു ഏറ്റവും നിശ്ശബ്ദരായിരിക്കാന്‍ അറിയുന്ന കാട്ടാനകളെ  ശ്രദ്ധിക്കുന്ന പീറ്റര്‍സണ്‍ സായിപ്പ്നു ശരീരം മുഴുവന്‍ ചെവിയാണ് . പദ്മിനിയുടെ മുകളില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്ന അദ്ദേഹം തിരിഞ്ഞുനോക്കി ചോദിച്ചു .. "  അതേതു കഥ? നാട്ടാന പാപ്പാന്മാരുടെ കൂട്ടത്തില്‍  ഒരു ചത്ത ആനയെ വടം കെട്ടാന്‍  സാമര്‍ത്ഥ്യം ഉള്ള ഒരാളെപോലും എനിക്കറിയില്ലല്ലോ ?"

" ഇത് ഒരു ആളല്ല , ഒരു കുട്ടി . അവസാനത്തെ ഖെദ്ദ ദിവസം ആനകളെ തെളിക്കുമ്പോള്‍ അവന്‍ , ആ  തോളില് പാടുള്ള കുഞ്ഞി കൊമ്പനെ അതിന്റെ  അമ്മടെ അടുത്തുന്നു മാറ്റാന്‍ ബര്മാവോ ശ്രമിച്ചോണ്ടിരിക്കുമ്പോ  ഒരു കയറു എറിഞ്ഞു കൊടുത്തു ."
മാച്വ അപ്പ  കുഞ്ഞി തൂമായിയെ ചൂണ്ടി കാണിച്ചു . പീറ്റര്‍സന്‍ സായിപ്പ് നോക്കിയപ്പോള്‍ കുഞ്ഞിതൂമായി താണുതൊഴുതു .
" അവന്‍ കയറു എറിഞ്ഞു കൊടുത്തോ ? അവന്‍  ഒരു മരയാണിയുടെ  അത്രേം കൂടി  ഇല്ലല്ലോ .
കുട്ടീ, എന്താ നിന്റെ പേര് ?" പീറ്റര്‍സണ്‍സായിപ്പ്  ചോദിച്ചു 

കുഞ്ഞി തൂമായിക്ക് സംസാരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു . എന്നാല്‍ കാലാ നാഗ് അവന്റെ പുറകില്‍ ഉണ്ടായിരുന്നു .  തൂമായി കൈകൊണ്ടു ആംഗ്യം കാട്ടിയപ്പോള്‍ ആന അവനെ തുമ്പിക്കൈയ്യില്‍ എടുത്തു പൊക്കി പദ്മിനിയുടെ മസ്തകത്തിനൊപ്പം ഉയര്‍ത്തി പീറ്റര്‍സണ്‍സായിപ്പിന്റെ നേരെ  പിടിച്ചു .അപ്പൊ കുഞ്ഞി തൂമായി  കൈകൊണ്ടു മുഖം പൊത്തി . ആനകളുടെ കാര്യത്തില്‍അല്ലാതെ മറ്റെല്ലാ കാര്യത്തിലും അവന്‍ ചെറിയ കുട്ടികളുടെ പോലെ ലജ്ജാശീലന്‍  തന്നെ ആയിരുന്നു .

"ഓഹോ ! വലിയ മീശക്കടിയില്‍ തിളങ്ങുന്ന ചിരിയോടെ പീറ്റര്‍സണ്‍സായിപ്പ്  പറഞ്ഞു  " നിന്റെ ആനക്ക് നീ എന്തിനാ ഈ വിദ്യ പഠിപ്പിച്ചത് ?  വീടുകളുടെ അട്ടത്തു ഉണക്കാന്‍ ഇട്ട ചോളം മോഷ്ടിക്കാനോ ? 
"ചോളമല്ല , ഉടയോനെ , വത്തക്ക,"  കുഞ്ഞി തൂമായി പറഞ്ഞു . 

അവിടെ ഇരുന്നവരെല്ലാം കൂടി ആര്‍ത്തു ചിരിച്ചു . അവര്‍ മിക്കവരും ചെറുതായിരുന്നപ്പോള്‍ അവരവരുടെ ആനകളെ ആ വിദ്യ പഠിപ്പിച്ചിരുന്നു . കുഞ്ഞി തൂമായി വായുവില്‍ എട്ടടി ഉയരത്തില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു . അവനാണെങ്കില്‍ എട്ടടി ഭൂമിക്കടിയില്‍ പോയാല്‍ മതിയായിരുന്നു എന്ന് തോന്നി അപ്പോള്‍. 

" ഇത് എന്റെ  മകന്‍ തൂമായി ആണ് സാഹിബ് . വലിയ തൂമായി മുഖം ചുളിച്ചു കൊണ്ട്  പറഞ്ഞു . " ഇവന്‍ ഒരു വികൃതി ചെക്കന്‍ ആണ് , അവസാനം ജയിലില്‍ പോകേണ്ടി വരും  സാഹിബ് ."

" അത് എനിക്ക് സംശയമാണ് , പീറ്റര്‍സണ്‍സായിപ്പ്  പറഞ്ഞു ." ഈ പ്രായത്തില്‍ ഒരു വലിയ  ഖെദ്ദക്ക് കൂടിയ ആള്‍  ജയിലില്‍ ഒന്നും എത്തില്ല . നോക്ക് കുട്ടീ ഇതാ നാലണ മിട്ടായി വാങ്ങിക്കാന്‍ .. ആ തുറുമ്പന്‍ മുടിയുടെ താഴെ  ഒരു നല്ല തല ഉണ്ടല്ലോ അതിനു . സമയം ആവുമ്പോള്‍ നീയും ഒരു വേട്ടക്കാരന്‍ ആയേക്കും . " 
വലിയ തൂമായിരുടെ മുഖം കൂടുതല്‍ കറുത്തു .

"എന്നാലും ഓര്‍മ്മിക്കു  ഖെദ്ദ കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റിയ സ്ഥലമല്ല "  പീറ്റര്‍സണ്‍സായിപ്പ്  തുടര്‍ന്നു .
"എനിക്ക് അവടെ പോകാനേ പാടില്ലേ സാഹിബ്‌ ?" കുഞ്ഞി തൂമായി കിതപ്പോടെ ചോദിച്ചു .
" പോവാം " പീറ്റര്‍സണ്‍സായിപ്പ് പുഞ്ചിരിച്ചു . " നീ ആനകളുടെ നൃത്തം കണ്ടതിനു ശേഷം . അതാണ്‌ ശരിയായ സമയം . നീ ആനകളുടെ നൃത്തം കണ്ടതിനു ശേഷം എന്റെ അടുത്ത് വരൂ , ഞാന്‍ നിന്നെ എല്ലാ  ഖെദ്ദ കളിലും പങ്കെടുക്കാന്‍ അനുവദിക്കാം ".

വീണ്ടും ചിരി മുഴങ്ങി , കാരണം അത് ആന പിടുത്തക്കാരുടെ ഇടയിലെ ഒരു പഴയ തമാശയായിരുന്നു .. അതിന്റെ അര്‍ഥം ഒരിക്കലും ഇല്ല എന്നും .  കാടുകളുടെ ഉള്ളില്‍ പരന്നു തെളിഞ്ഞ ചില സ്ഥലങ്ങള്‍ ഉണ്ട് ആനകളുടെ നൃത്തമണ്ഡപം എന്ന് വിളിക്കപെടുന്ന സ്ഥലങ്ങള്‍ . ഇവ കൂടി വല്ലപ്പോഴും ആരെങ്കിലും കണ്ടാലായി . പക്ഷെ ഒരു മനുഷ്യരും ഒരിക്കലും ആനകളുടെ നൃത്തം കണ്ടിട്ടില്ല . ഒരു ആനക്കാരന്‍ അവന്റെ കഴിവും ധൈര്യവും വര്‍ണ്ണിച്ചു ഞെളിയുമ്പോള്‍ മറ്റുള്ള ആനക്കാര്‍ പറയും  , " എപ്പളേ നീ ആനകളുടെ നൃത്തം കണ്ടത് ?"


 From Toomaayi of the Elephants - Kippling 

1 comment:

  1. എത്ര നന്നായി എഴുതുന്നു നിങ്ങൾ :-)

    ReplyDelete