Tuesday, February 4, 2014



തൂമായി - ആനകളുടെ ചങ്ങാതി III


അവസാനം കാലാ നാഗ് , കുന്നിന്റെ ഒത്ത നെറുകയില്‍ രണ്ടു മരങ്ങള്‍ക്കിടക്ക് നിശ്ചലനായി നിന്നു. അവ മൂന്നോ നാലോ ഏക്കര്‍ വരുന്ന ഒരു തെളിഞ്ഞ സ്ഥലത്തിന്റെ ചുറ്റുനുമുള്ള മരകൂട്ടത്തില്‍ പെട്ടതായിരുന്നു . നടുക്കുള്ള സ്ഥലം ചവിട്ടി അമര്ത്തി ഇഷ്ടക പാകിയ നിലം പോലെ ഇരിക്കുന്നത് തൂമായി  ശ്രദ്ധിച്ചു .. ആ വെളിമ്പുറത്തിന്റെ നടുക്ക് കുറച്ചു മരങ്ങള്‍ നിന്നിരുന്നു, നിലാവിന്റെ കീറുകളില്‍ അവയുടെ തൊലികള്‍ ചുരണ്ടികളഞ്ഞപോലെ വെളുത്തു മിനുങ്ങി കാണപെട്ടു.. ഉയര്‍ന്ന കൊമ്പുകളില്‍ നിന്ന് വള്ളികളും പൂക്കളും തൂങ്ങി കിടന്നിരുന്നു . വലിയ മെഴുകുപോലെ തിളങ്ങുന്ന വെളുത്ത കോളാമ്പി പൂക്കള്‍, ഉറങ്ങി തൂങ്ങി കിടന്നിരുന്നു ; എന്നാല്‍ ആ ആ നടുവിലെ തെളിഞ്ഞ സ്ഥലത്ത് ഒരു പുല്കൊടിയുടെ പച്ച പോലും ഇല്ലായിരുന്നു . ചവിട്ടി അമര്‍ത്തിയ മണ്ണ് മാത്രം .

നിലാവില്‍, അവിടവിടെ നില്‍ക്കുന്ന ആനകള്‍ക്ക്  ഒഴിച്ച്  എല്ലാത്തിനും നരച്ച വെള്ളിനിറമായിരുന്നു .ആനകളുടെ നിഴലുകള്‍ കരിമഷി പോലെ കറുത്തിരുന്നു.. കുഞ്ഞി തൂമായി ശ്വാസം പിടിച്ചു, കണ്ണുകള്‍ പുറത്തേക്ക് തള്ളി പിന്നെയും പിന്നെയും  നോക്കി കൊണ്ടിരുന്നു , വീണ്ടും വീണ്ടും ആനകള്‍ മരകൂട്ടങ്ങളില്‍ നിന്ന് വെളിസ്ഥലത്തെക്ക് വന്നു നിറഞ്ഞു കൊണ്ടിരിക്കുന്നത് , കുഞ്ഞി തൂമായിക്ക് പത്ത് വരെ മാത്രമേ എണ്ണാന്‍ അറിയാമായിരുന്നുള്ളൂ , അവന്‍ വിരലുകള്‍ നിവര്‍ത്തി മടക്കി എണ്ണിക്കൊണ്ടിരുന്നെങ്കിലും എത്ര പത്തുകള്‍ എന്ന എണ്ണം പോലും അവനു തെറ്റി, അവനു തല കറങ്ങുന്നത് പോലെ തോന്നി . വെളിമ്പുറത്തിനു പുറത്ത് ചെടികള്‍ ചവിട്ടി മെതിച്ചു വീണ്ടും ആനകള്‍ കയറി വരുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു . വട്ടത്തിന് ഉള്ളില്‍ എത്തിയാല്‍ പിന്നെ അവ നിശ്ശബ്ദം ഭൂതങ്ങളെ പോലെ നീങ്ങി .

നീണ്ട വെളുത്ത കൊമ്പുകള്‍ ഉള്ള വലിയ കാട്ട്കൊമ്പന്മാരുടെ കഴുത്തിലും ചെവിക്കു പുറകിലും കാടുവള്ളികളും ഇലകളും പിണഞ്ഞു കിടന്നിരുന്നു;തടിച്ച സാവധാനം നടക്കുന്ന പിടിയാനകളുടെ കൂടെ തുടുപ്പുകലര്‍ന്ന കറുപ്പ് നിറമുള്ള മൂന്നോ നാലോ അടി മാത്രം ഉയരമുള്ള കുഞ്ഞാനകള്‍ അവരുടെ കാലുകള്‍ക്കിടയിലൂടെ ഓടിനടന്നു; കൊമ്പ് മുളച്ചു തുടങ്ങുന്ന കുട്ടിയാനകള്‍ വലിയ ഗമയില്‍ ആയിരുന്നു ,   മെലിഞ്ഞു ക്ഷീണിച്ച മുഖത്തോടു കൂടിയ വയസ്സായി തളര്‍ന്ന പിടിയാനകള്‍, പഴയ യുദ്ധങ്ങളുടെ കലകള്‍ ദേഹമാസകലം കാണാവുന്ന , ശരീരത്തില്‍ പുതച്ച ചളി കട്ടകളായി അടര്‍ന്നു വീഴുന്ന  പരുക്കന്മാരായ മുതിര്‍ന്ന കൊമ്പനാനകള്‍. ശരീരത്തിന്റെ ഒരു വശത്ത് ഒരു കടുവയുടെ നഖംകൊണ്ട്  കീറിയ നെടുനീളത്തിലുള്ള മുറിവുള്ള ഒരാനയെയും അവന്‍ കണ്ടു.

അവര്‍ തലകള്‍ ചേര്‍ത്ത് നില്‍ക്കുകയും , ആ തുറന്ന സ്ഥലത്ത്  ഈരണ്ടുപേരായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും , സ്വയം ഉലഞ്ഞാടികൊണ്ടിരിക്കുകയും ആയിരുന്നു , നൂറുകണക്കിന് ആനകള്‍ .


കാലാ നാഗിന്റെ പുറത്ത് അനങ്ങാതെ കിടന്നാല്‍ അവനു ഒരു കുഴപ്പവും വരില്ലെന്ന് തൂമായിക്ക് അറിയാമായിരുന്നു ; ഖെദ്ദയിലെ തിക്കിലും ബഹളത്തിലും കൂടി ഒരു കാട്ടാനയും തുംമ്പിക്കയ്യുയര്ത്തി ഒരു  താപ്പാനയുടെ പുറത്തിരിക്കുന്ന മനുഷ്യനെ വലിച്ചിടാന്‍ ശ്രമിക്കില്ല . അന്ന് രാത്രിയില്‍ ആണെങ്കില്‍ ആ ആനകളുടെ ചിന്തയില്‍ മനുഷ്യര്‍ക്ക് സ്ഥാനമേ ഇല്ലായിരുന്നു .ഒരിക്കല്‍ കാട്ടില്‍ നിന്ന്  ഒരു കാല്‍ ചങ്ങല കിലുക്കം കേട്ട്  ഞെട്ടി അവര്‍ ചെവി കൂര്‍പ്പിച്ചു , പക്ഷെ അത് പദ്മിനി, പീറ്റേര്‍സണ്‍ സായിപ്പിന്റെ ആന, അവളുടെ കാല്‍ചങ്ങല പൊട്ടിച്ചു. ഓടി കിതച്ചു വന്നതായിരുന്നു . അവള്‍  ചങ്ങല പൊട്ടിച്ചു പീറ്റേര്‍സണ്‍ സായിപ്പിന്റെ ക്യാമ്പില്‍ നിന്ന് നേരെ അങ്ങോട്ട്‌ വന്നതാവും. തൂമായി വേറെ ഒരാനയെയും കണ്ടു , അവനു അറിയാത്ത ഒന്നിനെ , നെഞ്ചിലും പുറത്തും ആഴത്തിലുള്ള കയര്‍ പാടുകള്‍ ഉള്ള ഒരാനയെ . അവനും, മലകളിലെ  ഏതെങ്കിലും ആന ക്യാമ്പില്‍ നിന്ന് ഓടി വന്നതാവും . 


അവസാനം കാട്ടിനകത്ത് നിന്ന് ആനകള്‍ നടക്കുന്നതിന്റെ ഒച്ചകള്‍ ഒന്നും കേള്‍ക്കാതായി. കാലാ നാഗ് അവന്‍ നിന്നിരുന്ന രണ്ടു മരങ്ങളുടെ ഇടക്കുനിന്നു ആനകൂട്ടത്തിന്റെ നടുവിലേക്ക് ഇറങ്ങി , ചിനക്കുകയും മുരളുകയും ചെയ്തുകൊണ്ട്, എല്ലാ ആനകളും അവരുടെ ഭാഷയില്‍ സംസാരിക്കുകയും അങ്ങുമിങ്ങും നടക്കുകയും ചെയ്യാന്‍ തുടങ്ങി .

അനങ്ങാതെ കിടന്നുകൊണ്ട് കുഞ്ഞി തൂമായി നൂറുകണക്കിന് വിസ്താരം കൂടിയ കറുത്ത മുതുകും , ആട്ടുന്ന ചെവികളും , വീശുന്ന തുംമ്പിക്കൈയ്യുകളും , ചുറ്റിനോക്കുന്ന കുഞ്ഞി കണ്ണുകളും കണ്ടു . അവന്‍ ആനകൊമ്പുകള്‍ തമ്മില്‍ ഉരയുന്ന  കിരുകിരു ശബ്ദം കേട്ടൂ, തുമ്പികയ്യുകള്‍ കൂട്ടിപിണയുന്ന ശീല്‍ക്കാരവും , വലിയ വശങ്ങളും തോളുകളും ഉരയുന്നതും , നിരന്തരമുള്ള വാല്‍ വീശലുകളുടെ ഹിഷ് ഹിഷ് ശബ്ദവും . ചന്ദ്രനെ  ഒരു മേഘം മൂടി. അവന്‍ ആ കൂരിരുട്ടില്‍ അങ്ങനെ ഇരുന്നു . ആ താഴന്ന ശബ്ദത്തില്‍ ഉള്ള തള്ളും, മുരള്ച്ചകളും തുടര്‍ന്നു കൊണ്ടേ ഇരുന്നു . കാലാ നാഗിന് ചുറ്റും ആനകള്‍ ഉണ്ടെന്നു അവന്‍ അറിയുന്നുണ്ടായിരുന്നതു കൊണ്ട് അവനെ ആ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു മാറ്റാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല . അവന്‍ പേടിച്ചു പല്ല് കൂട്ടിഅടിച്ചു ചുളുങ്ങി ഇരുന്നു . ഖെദ്ദയില്‍ ആണെങ്കില്‍ ചൂട്ടു വെളിച്ചവും ആര്‍പ്പുവിളികളും എങ്കിലും ഉണ്ടാവുമായിരുന്നു . ഇവിടെ അവന്‍ ഇരുട്ടില്‍ തനിച്ചു . ഒരുപ്രാവശ്യം ഒരു തുംമ്പിക്കൈ ഉയര്‍ന്നു അവന്റെ കാല്‍മുട്ടില്‍ തൊടുകപോലും ചെയ്തു.

അപ്പോള്‍ ഒരു ആന ചിന്നം വിളിച്ചു , എല്ലാവരും  ഒരു അഞ്ചു പത്ത് ഭയാനക നിമിഷത്തേക്ക്  അത് ഏറ്റുപിടിച്ചു . മരങ്ങളില്‍ തങ്ങി നിന്ന മഞ്ഞു തുള്ളികള്‍ , മഴപോലെ ആ നിരന്നു നില്‍ക്കുന്ന ആനകളുടെ പുറത്ത് വീണു . മെല്ലെ മുഴങ്ങുന്ന ഒരു ശബ്ദം കേള്‍ക്കാന്‍ അതുടങ്ങി .ആദ്യം ചെറിയ ശബ്ദത്തില്‍ തുടങ്ങുമ്പോള്‍ കുഞ്ഞി തൂമായിക്ക് അത് എന്താണ് എന്ന് മനസ്സിലായില്ല . പക്ഷെ അത് ഉയര്‍ന്നു ഉയര്‍ന്നു വന്നു . കാലാ നാഗ് ഒരു കാലുയര്‍ത്തി ചവിട്ടി പിന്നെ അടുത്തകാല്‍ .. ഒന്ന്- രണ്ടു -- ക്രമത്തില്‍ താളം മുട്ടുന്നപോലെ . എല്ലാ ആനകളും കൂടി താളത്തില്‍ ചവിട്ടുകയായിരുന്നു ഒരു ഗുഹക്കുള്ളില്‍ നിന്ന് യുദ്ധത്തിന്റെ പെരുമ്പറ കൊട്ടുന്നത് പോലെ തോന്നിച്ചു അത് . മഞ്ഞു തുള്ളികള്‍ മുഴുവന്‍ പെയ്തു വീണു .. ആ മുഴക്കം തുടര്‍ന്നു കൊണ്ടേ ഇരുന്നു , ഭൂമി കുലുങ്ങി വിറച്ചു, കുഞ്ഞി തൂമായി ശബ്ദം കേള്‍ക്കാതിരിക്കാന്‍ അവന്റെ  ചെവിയില്‍ വിരല്‍ തിരുകി . പക്ഷെ അത് അവന്റെ ശരീരം മുഴുവന്‍ വ്യാപിച്ച ഒരു ഭീകരമായ വിറയല്‍ ആയി തോന്നി . നൂറുകണക്കിന് ഘനമേറിയ കാലടികള്‍ ആ പച്ച മണ്ണിനെ മെതിച്ചു . ഒന്ന് രണ്ടു തവണ കാലാ നാഗും മറ്റാനകളും കുറച്ചടികള്‍ മുന്നോട്ടു നീങ്ങുന്നപോലെ അവനു  തോന്നി. ആ മെതി ശബ്ദം അപ്പോള്‍ അടിക്കാടുകള്‍ ഞെരിയുന്ന ഒച്ചയായി മാറും വീണും  ഒരു മിനിട്ട് കഴിയുമ്പോള്‍ ഉറച്ചമണ്ണില്‍  ചവിട്ടി മെതിക്കുന്ന ശബ്ദം തന്നെ കേള്‍ക്കാന്‍ തുടങ്ങും , അവന്റെ അടുത്ത് എവിടെയോ ഒരു മരം വളഞ്ഞൊടിയുന്ന ഒച്ച കേട്ടൂ, അവന്‍ നീട്ടിയ കൈ  ആ മരത്തിന്റെ തടിയില്‍ തൊട്ടു. അപ്പോഴേക്കും കാലാ നാഗ് വീണ്ടും മെതിച്ചു കൊണ്ട് തന്നെ   മുന്നോട്ടു നീങ്ങി . അവര്‍ വെളിസ്ഥലത്ത് എവിടെ ആണ് എന്ന് അവനു കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല . ആനകള്‍ ഒരു ഒച്ചയും ഉണ്ടാക്കുന്നുണ്ടായിരുന്നില്ല . ഒരിക്കല്‍  മാത്രം രണ്ടോ മൂന്നോ ചെറിയ ആനകുട്ടികള്‍ ഒന്നിച്ചു നിലവിളിക്കുന്ന ഒച്ചകേട്ടതൊഴിച്ചാല്‍ .അപ്പോള്‍ അവന്‍ ഒരു അടിയൊച്ചയും തിക്കിത്തിരക്കും കേട്ടു, വീണ്ടും ആ മുഴക്കം തുടര്‍ന്നു . അത് ഒരു രണ്ടുമണിക്കൂറോളം തുടര്‍ന്നിരിക്കും . കുഞ്ഞി തൂമായിയുടെ ആസകലം വേദനിക്കാന്‍ തുടങ്ങിയിരുന്നു  എങ്കിലും വായുവിലെ മണം കൊണ്ട്  നേരം  പുലരാനായി എന്നവനു  അറിയാമായിരുന്നു .


പച്ചപുതച്ച കുന്നുകളുടെ പുറകില്‍ നിന്നും മെല്ലെ സ്വര്‍ണ്ണവെളിച്ചം പൊട്ടി. ആദ്യത്തെ പ്രകാശത്തോടെ തന്നെ മെതിമുഴക്കം നിലച്ചു., ആ വെളിച്ചം ഒരു കല്പന എന്നത് പോലെ . കുഞ്ഞിതൂമായിയുടെ  ചെവിയിലെ മൂളക്കം നില്‍ക്കുന്നതിനു മുന്‍പ് അവന്‍  ഒന്ന് നിവര്‍ന്നു ഇരിക്കുന്നതിനു മുന്‍പ് ചുറ്റുമുള്ള ആനകള്‍ എല്ലാം , കാലാ നാഗും  പദ്മിനിയും കയറിന്റെ പാടുകള്‍ ഉള്ള മറ്റേ ആനയും ഒഴികെ എല്ലാ ആനകളും പോയിക്കഴിഞ്ഞിരുന്നു . കുന്നിന്റെ  ഒരു വശത്ത് നിന്നും ഒരു  ഇളക്കവും അനക്കവും കേള്‍ക്കാനും ഉണ്ടായിരുന്നില്ല അവര്‍ എങ്ങോട്ട് പോയി എന്നറിയാന്‍ .

കുഞ്ഞി തൂമായി എല്ലായിടവും സൂക്ഷിച്ചു നോക്കി . അവന്റെ ഓര്‍മ്മ വെച്ച്  തുറസ്സിന്റെ വിസ്താരം രാത്രികൊണ്ട്  വളരെ കൂടിയതായി തോന്നി . കൂടുതല്‍ മരങ്ങള്‍ അതിന്റെ നടുവില്‍ നിന്നിരുന്നു . എങ്കിലും അടിക്കാടുകള്‍ , കാട്ടുപുല്ലുകളും അമര്‍ന്നു പോയിരുന്നു . കുഞ്ഞി തൂമായി വീണ്ടു നോക്കി . ഇപ്പൊ  ആ മെതി എന്തിനായിരുന്നു എന്ന് അവനു മനസ്സിലായി . ആനകള്‍ കൂടുതല്‍ സ്ഥലം ഉണ്ടാക്കുന്നതായിരുന്നു . അവര്‍ പുല്ലും ചെടികളും വള്ളികളും ചവിട്ടി മെതിച്ചു നാരാക്കി മണ്ണില്‍ ചതച്ചു ചേര്‍ത്ത് .

"ഹൌ!"  ഉറക്കം തൂങ്ങികൊണ്ട്  കുഞ്ഞി തൂമായി പറഞ്ഞു, "കാലാ നാഗ്, തമ്പുരാനെ, നമുക്ക് പദ്മിനിയുടെ കൂടെ കൂടി പീറ്റര്‍സണ്‍  സാഹിബിന്റെ ക്യാമ്പ് ലേക്ക് പോകാം, അല്ലെങ്കില്‍ ഞാന്‍ നിന്റെ പുറത്ത് നിന്ന് വീണു പോവ്വേ ഉള്ളൂ ."

മൂന്നാമത്തെ ആന മറ്റു രണ്ടു പേരും പോകുന്നത് നോക്കി , ഒന്ന് മൂക്ക് ചീറ്റി , വട്ടം തിരിഞ്ഞു അതിന്റെ വഴിക്ക് നടന്നു . അവന്‍  അമ്പതോ അറുപതോ അല്ലെങ്കില്‍ നൂറോ മൈല്‍ ദൂരെ ഉള്ള ഏതെങ്കിലും ചെറിയ രാജ്യത്തെ രാജാവിന്റെ ആനകളില്‍ ഒന്നായിരിക്കും.

രണ്ടു മണിക്കൂര്‍ കഴിഞ്ഞു , പീറ്റര്‍സണ്‍ സാഹിബ്  പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ , ഇരട്ട ചങ്ങലയിട്ടു തളച്ചിരുന്ന അദ്ദേഹത്തിന്റെ ആനകള്‍ ചിന്നം വിളിക്കാന്‍ തുടങ്ങി .  തോളുവരെ വള്ളികളും കുടുങ്ങിയ പദ്മിനിയും  കാലാ നാഗും കാലടികള്‍ വിണ്ടു പൊട്ടി  അവശരായി  ക്യാമ്പില്‍ വന്നു കയറി . 


കുഞ്ഞി തൂമായിരുടെ മുഖം വിളര്‍ത്തു പാടുവീണും, മുടീ മഞ്ഞില്‍ നനഞ്ഞും ഇലകള്‍  പറ്റിപിടിച്ചും  ആയിരുന്നു . എന്നാലും അവന്‍ പീറ്റര്‍സണ്‍ സാഹിബിനെ വണങ്ങാന്‍ ശ്രമിച്ചു ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു ." നൃത്തം-- ആനകളുടെ നൃത്തം .. ഞാന്‍ കണ്ടു ..  ഞാന്‍ ചാവാറായി!"  കാലാ നാഗ് താഴ്ന്നിരുന്നപ്പോള്‍ അവന്‍ ആനയുടെ കഴുത്തില്‍ നിന്ന് വഴുതി ബോധം കെട്ട് വീണു .


ഇന്ത്യന്‍ കുട്ടികള്‍ക്ക് കാര്യമായി   മനക്ഷോഭങ്ങള്‍  ഒന്നും ബാധിക്കാത്തതു കൊണ്ട് രണ്ടു മണിക്കൂര്‍  കഴിഞ്ഞപ്പോള്‍ അവന്‍ സുഖായി പീറ്റര്‍സണ്‍ സാഹിബിന്റെ ഊഞ്ഞാല്‍ തൊട്ടിലില്‍,  ഒരു ഗ്ലാസ്‌ പാലില്‍ കുറച്ചു ബ്രാണ്ടിയും ഒരു ക്വയിന ഗുളികയും ചേര്‍ത്തത് കഴിച്ചതിനുശേഷം  അദ്ദേഹത്തിന്റെ കോട്ടും തലയ്ക്കു വെച്ച് കിടക്കുകയായിരുന്നു .അവനു ചുറ്റും, കൂട്ടം കൂടി ഇരുന്നു    ഒരു ഭൂതത്തിനെകണ്ട പോലെ അവനെ തന്നെ നോക്കിയിരിക്കുന്ന പ്രായത്തിന്റെ കലവീണ താടിക്കാരായ നായാട്ടുകാരോട് , അവന്‍ നടന്ന കഥ അവന്റെ ചെറിയ വാക്കുകളില്‍, കുട്ടികളുടെ രീതിയല്‍  വിവരിച്ചു  ഇങ്ങനെ അവസാനിപ്പിച്ചു 


"ഇപ്പൊ ഞാന്‍ പറയുന്നത് ഒരു വാക്ക് കളവാണെങ്കില്‍ , ആളുകളെ അയച്ചു നോക്കൂ , ആനകള്‍ അവര്‍ക്ക് നൃത്തം വെക്കാന്‍ കൂടുതല്‍ സ്ഥലം ചവിട്ടി മെതിച്ചു ഉണ്ടാക്കിയത് കാണാം , അവര്‍ക്ക് , പത്ത്, പത്ത് .. ക്കുറെ കുറെ പത്ത് ആനകളുടെ,  അവര്‍ ആ നൃത്തസ്ഥലത്തെക്ക് വന്ന കാലടിപാടുകള്‍ കാണാം. അവര്‍ ചവിട്ടി മെതിച്ചു കൂടുതല്‍ സ്ഥലമുണ്ടാക്കി . ഞാന്‍ കണ്ടൂ. കാലാ നാഗ് എന്നെ കൊണ്ട് പോയി , ഞാന്‍ കണ്ടു . കാലാ നാഗിന് കാലു കുഴഞ്ഞിട്ടുണ്ടാവും .!"


കുഞ്ഞി  തൂമായി കിടന്നുറങ്ങി.  വൈകുന്നേരവും കഴിഞ്ഞു  സന്ധ്യമയങ്ങുന്നത്‌ വരെ അവന്‍  ഉറങ്ങി. ആ സമയം പീറ്റര്‍സണ്‍ സാഹിബും മച്ചുവ അപ്പയും  കുന്നുകളില്‍ കൂടെ പതിനഞ്ചു  മൈലോളം രണ്ടാനകളുടെയും കാല്പാടുകള്‍  പിന്തുടര്‍ന്നു പോയി .


പീറ്റര്‍സണ്‍ സാഹിബ്‌ പതിനഞ്ചു കൊല്ലമായി ആനകളെ പിടിക്കാന്‍ തുടങ്ങിയിട്ട് എങ്കിലും അദ്ദേഹം ഒരിക്കല്‍ മാത്രമേ അത്തരം ഒരു നൃത്തസ്ഥലം കണ്ടിട്ടുള്ളു . മച്ചുവ അപ്പക്ക് ആ വെളിമ്പുറം നോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല അവിടെ നടന്നത് എന്താണ് എന്നൂഹിക്കാന്‍ . ആ ഇടിച്ചമര്‍ത്തിയ നിലം കാല്‍ വിരലുകൊണ്ട് മാന്തി നോക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല .


" ആ കുട്ടി പറയുന്നത് സത്യം തന്നെ ," അയാള്‍ പറഞ്ഞു . " ഇത് മുഴുവന്‍ ഇന്നലെ രാത്രി ചെയ്തതാണ് , ഞാന്‍ പുഴകടന്ന് വന്ന എഴുപതു കാല്പാടുകള്‍  കണ്ടു . കണ്ടോ സാഹിബ്, പദ്മിനിയുടെ കാല്‍ ചങ്ങല ആ മരത്തിന്റെ തൊലിയില്‍  ഉരഞ്ഞ പാടു! അവളും ഇവിടെ ഉണ്ടായിരുന്നു ."


അവര്‍ പരസ്പരവും അങ്ങുമിങ്ങും നോക്കി അത്ഭുതപെട്ടു . കാരണം ആനകളുടെ രീതികള്‍ അറിയുന്നതും മനസ്സിലാക്കുന്നതും  മനുഷ്യന്റെ, വെളുത്തവരുടെയും , കറുത്തവരുടെയും , കഴിവുകള്‍ക്ക്   അപ്പുറത്താണ്  .

"നാല്പത്തിഅഞ്ചു വര്‍ഷമായി ," മച്ചുവ അപ്പ പറഞ്ഞു, ഞാന്‍ എന്റെ തമ്പുരാനെ,  ആനയെ,  പിന്തുടര്‍ന്നു നടക്കുന്നു , പക്ഷെ ഞാന്‍ ഇന്നുവരെ  ഏതെങ്കിലും മനുഷ്യന്റെ കുട്ടി , ഇന്ന് ഈ കുട്ടി കണ്ടത്,  കണ്ടതായി കേട്ടിട്ടില്ല . എല്ലാ മലദൈവങ്ങളും സാക്ഷിയായി .. ഇത് ... എന്താണ് പറയേണ്ടത് ?" എന്നിട്ട് അയാള്‍ തല കുലുക്കി .
അവര്‍ ക്യാമ്പില്‍ എത്തിയപ്പോഴേക്കും രാത്രിഭക്ഷണത്തിനുള്ള സമയമായിരുന്നു . പീറ്റര്‍സണ്‍ സാഹിബ് റെന്റിനുള്ളില്‍ തനിയെ ഭക്ഷണം കഴിച്ചു . എങ്കിലും ക്യാമ്പില്‍ ഉള്ളവര്‍ക്ക് രണ്ടു ആടും കുറെ കോഴികളും പതിവുള്ളതിന്റെ ഇരട്ടി ആട്ടയും അരിയും എല്ലാം വിതരണം ചെയ്യാന്‍ അദ്ദേഹം എര്‍പ്പാട്  ചെയ്തിരുന്നു . കാരണം അന്ന് സദ്യയുണ്ടാവും എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു .

വലിയ തൂമായി സമതലത്തിലെ ക്യാമ്പില്‍ നിന്ന് അയാളുടെ മകനെയും ആനയെയും തിരഞ്ഞു ഓടി വന്നതായിരുന്നു . അവരെ കണ്ടപ്പോള്‍ അയാള്‍ അവരെ ഭയപെട്ടെന്ന പോലെ നോക്കി . ആന പന്തികള്‍ക്ക് അടുത്ത് ആളികത്തുന്ന തീക്കുണ്ഡങ്ങള്‍ക്ക് ചുറ്റും ആഘോഷമായിരുന്നു , കുഞ്ഞി തൂമായി അവിടത്തെ പ്രധാനിയും. വലിയ തവിട്ടു നിരക്കാരായ  ആന പിടുത്തക്കാരും , കാടിളക്കുന്നവരും , പാപ്പാന്മാരും , ആനകളെ കയറിടുന്നവരും ആയ ഖെദ്ദയിലെ എല്ലാ രഹസ്യങ്ങളും, ആനകളെ മെരുക്കുന്ന  വഴികളും അറിയുന്ന അവര്‍ ഓരോരുത്തരായി കൈമാറി അവനെ പുതിയതായി കൊന്ന ഒരു കാട്ടുകൊഴിയുടെ രക്തം കൊണ്ട് തിലകം ചാര്‍ത്തിച്ചു. അവന്‍ കാടിന്റെ മകന്‍ ,  കാറിന്റെ ഉള്‍രഹസ്യങ്ങള്‍ അറിഞ്ഞവന്‍ കാടിനുള്ളില്‍ അവനു പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന് ഉദ്ഘോഷിച്ചു കൊണ്ട് .


അവസാനം തീയണഞ്ഞു കനല്‍ ചുവപ്പില്‍ ആനകള്‍ രക്തത്തില്‍ കുളിച്ചപോലെ കാണപെട്ടു .  അപ്പോള്‍ മച്ചുവ  അപ്പ , എല്ലാ ഖെദ്ദയിലെ ജോലിക്കാരുടെയും തലവന്‍  മച്ചുവ അപ്പ, പീറ്റര്‍സണ്‍ സാഹിബിന്റെ വലം കൈ, മച്ചുവ അപ്പ എന്നൊരുപേരല്ലാതെ മറ്റൊരു പേരും ആരും പറയാത്തത്രബഹുമാന്യനായ മച്ചുവ അപ്പ - ചാടി എഴുന്നേറ്റു കുഞ്ഞി തൂമായിയെ കയ്യില്‍ ഉയര്‍ത്തി പിടിച്ചു ഉച്ചത്തില്‍ പറഞ്ഞു : " കേള്‍ക്കില്‍ സഹോദരന്മാരെ, നിങ്ങളും കേള്‍ക്കിന്‍ പന്തിയില്‍ നില്‍ക്കുന്ന വലിയവരെ , ഞാന്‍ മച്ചുവ അപ്പ പറയുന്നു ! ഈ ചെറിയ കുട്ടിയെ ഇനി കുഞ്ഞി തൂമായി എന്ന് വിളിക്കില്ല , അവനെ ആന തൂമായി എന്ന് തന്നെ വിളിക്കണം , അവന്റെ മുതുമുത്തച്ഛനെ വിളിച്ചിരുന്ന പേര് . ഒരു മനുഷ്യനും ഇന്നേവരെ കാണാത്ത കാര്യം  ഇവന്‍ ഇന്നലെ രാത്രിമുഴുവന്‍ കണ്ടു. ആനകളുടെയും വനദേവതകളുടെയും അനുഗ്രഹം ലഭിച്ചവന്‍ . ഇവന്‍ വലിയ ആന താരകള്‍ തേടുന്നവന്‍  ആവും . എന്നെക്കാളും വലിയ , അതെ ഈ മച്ചുവ അപ്പയെക്കാളും വലിയവന്‍ . അവന്‍ പുതിയ താരകളും,  പഴയ താരകളും , ഇടകലര്‍ന്ന താരകളും വ്യക്തമായി അറിയും . ഖെദ്ദയില്‍ ,  അവരെ ബന്ധിക്കാന്‍ വേണ്ടി കാട്ടുകൊമ്പന്‍മാരുടെ  കാലുകള്‍ക്കുള്ളിലൂടെ കടക്കുമ്പോള്‍ പോലും ഇവന്‍ ഒരിക്കലും അപകടം നേരിടില്ല. ഇവന്‍ പാഞ്ഞു വരുന്ന ഒരു കൊമ്പന്റെ മുന്നില്‍ വീണു പോയാല്‍ പോലും ആ കൊമ്പന്‍  ഇവനെ ചതച്ചരക്കിക്കില്ല കാരണം ആ കൊമ്പന് അറിയും ഇവന്‍ ആരെന്നു .. ഹോയ് ഹോയ് , ചങ്ങലകളില്‍ തളക്കപെട്ട യജമാനരെ "- അയാള്‍ പന്തികള്‍ക്ക് നേരെ തിരിഞ്ഞു ,-" നിങ്ങളുടെ  നിഗൂഡമായ നൃത്ത പ്രദേശം  നേരിട്ട് കണ്ട ചെറിയ കുട്ടി ഇതാ - ഒരു മനുഷ്യനും കാണാത്ത ദൃശ്യം ! ഇവനെ ബഹുമാനിക്കൂ യജമാനരെ, സലാം കൊടുക്കൂ എന്റെ  കുട്ടികളെ.  ആന തൂമായിയെ വണങ്ങൂ ! ഗംഗാ പ്രസാദ്,  ആഹാ, ഹീരാ ഗജ്, കുട്ടാര്‍ ഗജ്, ആഹാ ! പദ്മിനി, - നീ അവനെ നൃത്തസ്ഥലത്ത് കണ്ടില്ലേ, നീയും കാലാ നാഗ്, ആനകളിലെ മുത്തെ! ആഹാ ഒന്നിച്ചു . ആന തൂമായിക്ക് ... ആറപ്പേയ്.....



അവസാനം ആ വന്യമായ ആര്‍പ്പുവിളിയോട് ചേര്‍ന്ന്  എല്ലാ ആനകളും ഒന്നിച്ചു  തുമ്പി നെറ്റിയില്‍ മുട്ടിച്ചു  ചിന്നം വിളിച്ചു ആ വലിയ  സല്യൂട്ട്  ഇന്ത്യന്‍ വൈസ്രോയിക്ക് മാത്രം അര്‍ഹതയുള്ള ആ കാഹളം, ഖെദ്ദയുടെ സലാം .

പക്ഷെ അത് മുഴുവന്‍ കുഞ്ഞി തൂമായിക്ക് വേണ്ടിയായിരുന്നു . മറ്റൊരു മനുഷ്യനും കാണാത്ത കാഴ്ച  കണ്ടവന്  -  രാതിയില്‍  തനിയെ, ഗാരോ മലകളുടെ ഉള്ളിലെ   ആനകളുടെ നൃത്തം 

 From - Toomaayi of the Elephants  - Kipling 






No comments:

Post a Comment