Thursday, April 30, 2015

അക്ക മൊഴിയുന്നു
(സച്ചിദാനന്ദന്റെ കവിത )

ഹേ ശിവ! ഹേ മല്ലികാര്‍ജുന!
തുറക്ക നിന്‍വാതില്‍  വരികയായ് നഗ്നയാം വാക്ക് ഞാന്‍
ഹേ ശിവ!  ഹേ  മല്ലികാര്‍ജുന!
തുറക്ക നിന്‍വാതില്‍ വരികയായ് നഗ്നയാം വാക്ക് ഞാന്‍
എന്റെ  പൂവൊക്കെയും നിന്റെ എന്‍കനല്‍നിന്റെ
എന്റെ ഉടലിന്റെ  നിറപറ നിന്റെ പൊലി നിന്റെ
എന്റെ സ്വപ്നത്തിന്റെ അമ്പിളിക്കല നിന്റെ
എന്റെ വചനത്തിന്റെ സുരഗംഗ  നിന്റെ
ഞാന്‍എന്നുമേ മോന്തുന്ന കാളകൂടം നിന്റെ
എന്‍പ്രാണന്‍എന്നും മുഴക്കുന്ന തുടി നിന്റെ
പാദസരമണിയാത്ത  കാലുകളില്‍നിറയുന്ന കാലനടനം നിന്റെ
നിന്റെ ഈ നിമിഷവും
എത്രയോനികളില്‍പിറന്നു ഞാന്‍.  ലോകങ്ങള്‍എത്രയോ കണ്ടു
നരകങ്ങള്‍കടന്നു  ഞാന്‍
ആട്ടിടയനെ പോലെ  മായലോകങ്ങളെ ആട്ടി തെളിക്കെ
സുഖങ്ങള്‍പുളി മാംപൂളു നീട്ടി  ക്ഷണിക്കെ
തിരക്കി അഭയത്തിനായ്  കാട്ടിലും കുന്നിലും നിന്നെ ഞാന്‍
എന്‍ഗര്‍ഭപാത്രത്തില്‍നീ കിടക്കുന്നതറിയാതെ ..
ഒരു ചെറുവിരലനക്കാതെ, മിണ്ടാതെ
ചെമ്പക ചെറുമൊട്ടില്‍മണമുറങ്ങും പോലെ
കനകത്തില്‍നിറമാകെ നിറയും പോല്‍
മുളകിലെരിവുപോല്‍
നീ എന്നില്‍അടിമുടി പരന്നതറിയാതെ
നീ എന്നില്‍അടിമുടി പരന്നതറിയാതെ

ഞാനുടുക്കുന്നു കൈലാസത്തിലെ പുലര്‍കാലം
എനിക്ക് പവിഴങ്ങളെന്തിനോ
ലോകം മുഴുവനും ഞാനാകെ  എങ്ങിനെ എകാകിയാകുവാന്‍ഞാന്‍
എകയാകിലും
എല്ലാ മരങ്ങളും കല്പവൃക്ഷം എനിക്കെല്ലാ ചെടികളും സഞ്ജീവനി
ശിലയെല്ലാം ശിവലിംഗം
എത്തുന്നതത്രയും പുണ്ണ്യസ്ഥലം , കുടിനീര്
അമൃതൊക്കെയും
കല്യാണസൌഗന്ധികം പൂക്കളത്രയും
എന്‍പ്രിയന്‍ഉള്ളിലുള്ളില്‍മിടിക്കുകില്‍

ജ്വാലയില്ലാതെ ജ്വലിക്കുന്നു നീ എന്നില്‍
ചോര ചൊരിയാതെ എന്റെയുള്ളില്‍ കടക്കുന്നു
കൂടെ ശയിക്കാതെ രതിമൂര്‍ച്ഛയേകുന്നു
ദേഹമനങ്ങാതെ ദൂര ഗ്രഹങ്ങളില്‍ആനയിക്കുന്നു
മുളക്കുന്നു കുത്താതെ

നീ കിളിക്കണ്ണ്‍, കിളി , കിളിക്കൂട്  കൂടിരിക്കുന്ന പൂമരം നീ 
മരം നില്‍ക്കുന്ന കാടു നീ  , കാടിരിക്കും ഭൂമി
ഭൂമി നില്‍ക്കുന്ന പ്രപഞ്ചവും  നീ
ആ പ്രപഞ്ചമിരിക്കുന്ന സ്വപ്നവും
സ്വപ്നം വിരിയുന്ന ചിത്തവും
ഹേ ഹര, ഹേ  മല്ലികാര്‍ജുന
അടച്ചു ഞാന്‍വാതില്‍, വരികയായ് അമ്മി ചവിട്ടി ഞാന്‍

ഹേ ഹര, ഹേ  മല്ലികാര്‍ജുന
അടച്ചു ഞാന്‍വാതില്‍, വരികയായ് അമ്മി ചവിട്ടി ഞാന്‍

ഇടിമിന്നലെന്നെ കുളിപ്പിച്ചൊരുക്കുവാന്‍
ഉരുള്‍പൊട്ടല്‍എന്‍ മുടിയില്‍മുല്ല മലര്‍ ചൂടുവാന്‍
പുതുവെയിലുടുത്ത് ഞാന്‍നില്‍ക്കുന്നു
പാമ്പിന്റെ വരണമാലയുമായ് നീലകണ്ഠാ വരൂ
ഉയരുന്നു കാളകുളമ്പടി കുന്നിന്റെ ചെരുവില്‍
നിന്‍ അമ്പിളിക്കലതന്‍തിളക്കമേ
മരതകമാക്കുന്നു ചന്ദന മരങ്ങള്‍തന്‍ഇലകളെ
ഗംഗതന്‍കുളിര്‍,  കാറ്റില്‍നിറയുന്നു
ഇനിയില്ലടുപ്പിന്റെ പുകയും
ആസക്തര്‍തന്‍ മിഴിതന്‍കഠാരിയും
നീലിച്ച കൈകളാല്‍പുണരുക
ഞാന്‍എന്ന ബോധം കെടുത്തുക
ഒരു ചുംബനത്തിനാല്‍എന്‍ ജീവനൂററുക
ഇനി നമ്മള്‍മാത്രം , അനന്തതയും
അതിന്‍ലഹരിയില്‍ലീനയായ് പാടും എന്‍ജീവനും

ഇനി നമ്മള്‍മാത്രം , അനന്തതയും
അതിന്‍ലഹരിയില്‍ലീനയായ് പാടും എന്‍ജീവനും

No comments:

Post a Comment