Thursday, April 30, 2015

തിമിംഗലത്തിന്റെ തൊണ്ട 

ന്റെ പുന്നാരകുട്ട്യേ, പണ്ട് പണ്ട് സമുദ്രത്തില് ഒരു തിമംഗലം ണ്ടായിരുന്നു . അത് മീനോളേം തിന്നു ജീവിച്ചു . അത് കടല്‍ ചേനേം തിന്നു കടല്‍ വെള്ളരിക്കേം തിന്നു , ഞണ്ടിനെം തിന്നു തിണ്ടേനേം തിന്നു , ചാളേം തിന്നു വാളേം തിന്നു, ഐക്കൊരേം തിന്നു പുയ്യാപ്ലക്കൊരേം തിന്നു,കൂന്തലും തിന്നു അതിന്റെ കൂട്ടാള്യേം, കേട്ട്യോളേം തിന്നു , പിന്നെ തലങ്ങനെ, വെലങ്ങനെ ,കൊലുന്നനെ ,വളഞ്ഞു ,പുളഞ്ഞു, തിളങ്ങണ ആരോമല്‍ ആരലിനെം തിന്നു . മുഴോന്‍ കടലിലെം, മുഴോന്‍ മീനിനേം ആ പെരും വായോണ്ട് അങ്ങട് വിഴുങ്ങി . അവസാനം കടലില് ഒരു കുഞ്ഞി കുഞ്ഞി മീന്‍ മാത്രേ ബാക്കിണ്ടായുള്ളൂ. അത് ഒരു കുഞ്ഞി കുഞ്ഞി തൂത്തമീന്‍ ആയിരുന്നു . അത് തിമിംഗലത്തിന്റെ വലത്തെ ചെവിടെ അടുത്തന്നെ നീന്തികളിച്ചു , വായില്‍ പെടാതിരിക്കാന്‍ .

അപ്പൊ തിമംഗലം വലിഞ്ഞു വാലും കുത്തിനിന്ന് ങ്ങനെ പറഞ്ഞു  "യ്ക്ക് വെശക്കുണു"

ആ കുഞ്ഞി കുഞ്ഞി തൂത്ത മീന്‍ അതിന്റെ ഇത്തിരി ഇത്തിരി തൂത്തു ഒച്ചേല് ചോദിച്ചു ." നീരാനശ്രേഷ്ടാ ധയാനിധെ ! അങ്ങ് മനുഷ്യനെ രുചിച്ചു നോക്കീട്ടുണ്ടോ?"
"ഇല്ല്യ", തിമംഗലം പറഞ്ഞു . "അതങ്ങനെണ്ട്?"
"നല്ലതാ" തൂത്തമീന്‍ പറഞ്ഞു . " നല്ലതാ ന്നാലും ഒരു മൊരുമൊരുന്നന്യാ "
"ന്നാ യ്ക്കിത്തിരി കൊണ്ടന്നുതാ"  തിമിംഗലം പറഞ്ഞു . ന്നട്ട് വാല് ചുഴറ്റി  കടലിലെ വെള്ളം പതപ്പിച്ചു.

' ഒരു നേരത്തേക്ക് ഒന്ന് ധാരാളാ ," തൂത്തമീന്‍ പറഞ്ഞു . 
ങ്ങള് നേരെ നീന്തണം , രേഖാംശം  അമ്പതു വടക്ക് , അക്ഷാംശം നാല്‍പതു പടിഞ്ഞാറു (അതാ അതിന്റെ മാജിക്), അപ്പൊ അവിടെ ഒരു ചങ്ങാടത്തിന്റെ "മോളില്" കടലിന്റെ   " നടൂല് " ഒരു  നീല ചീട്ടിതുണിടെ കളസല്ലാതെ ഒന്നും മേല് ഇല്ലാതെ , അതിനു വള്ളീണ്ട് ട്ടോ  (ആ വള്ളി മറക്കരുത് ട്ടോ ഉണ്ണികുട്ടീ,) ഒരു കഠാരേം കയ്യില്‍ പിടിച്ചു ഒരു കപ്പല്‍ച്ചേതത്തില്‍ പെട്ട  നാവികന്‍ ഇരിക്കണകാണാം.  ഒന്ന്ശ്രദ്ധിക്കണം ട്ടോ അയാള്‍ക്ക്   അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ആണ് 

അങ്ങനെ തിമംഗലം അതിനു കഴിയണത്ര വേഗത്തില്, നീന്തി, നീന്തി ,  രേഖാംശം  അമ്പതു വടക്ക് , അക്ഷാംശം നാല്‍പതു പടിഞ്ഞാറു എത്തി  അവിടെ ഒരു ചങ്ങാടത്തിന്റെ "മോളില്" കടലിന്റെ " നടൂല് " ഒരു  നീല ചീട്ടിതുണിടെ കളസല്ലാതെ ഒന്നും മേല് ഇല്ലാതെ , അതിനു വള്ളീണ്ട്  ((ആ വള്ളിപ്രത്യേകം ഓര്‍മ്മിക്കണം ), ഒരു കഠാരേം കയ്യില്‍ പിടിച്ചു , കപ്പല്‍ച്ചേതത്തില്‍ പെട്ട  നാവികന്‍ ഒറ്റയ്ക്ക്, തനിയെ വെള്ളത്തില് കാലും ഇട്ടിരിക്കണ കണ്ടു. (അവനെ അമ്മ വെള്ളത്തില്‍ കാലു ഇടാന്‍ സമ്മതിച്ചിട്ട്ണ്ടായിരുന്നു , അല്ലെങ്കില്‍ അങ്ങനെ ചെയ്യില്ല , കാരണം അവനു അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ഉണ്ടായിരുന്നൂലോ )

ന്നട്ട് തിമംഗലം വായ പൊളിച്ചു, പൊളിച്ചു , പൊളിച്ചു വാല് തൊടുന്ന വരെ പൊളിച്ചു വലുതാക്കി, ആ നാവികനെയും, അയാളിരിക്കണ ചങ്ങാടോം, അയാളുടെ ചീട്ടി കളസോം അതിന്റെ  വള്ളീം (വള്ളി മറക്കരുത് ) ആ കഠാരേം എല്ലാം കൂടി വിഴുങ്ങി . അതിനെ എല്ലാം അതിന്റെ വയറിനകത്തെ ഇളം ചൂടുള്ള ഇരുണ്ട പത്തായത്തില്‍ ആക്കി , നാക്ക്‌ നൊട്ടിനുണഞ്ഞു , വാലുംമ്പില്‍ നിന്ന് മൂന്നു വട്ടംകറങ്ങി .

പക്ഷെ , അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ള്ള ആ നാവികന്‍ , അയാള്  തിമിംഗലത്തിന്റെ വയറിനകത്തെ ഇളം ചൂടുള്ള ഇരുണ്ട പത്തായത്തില്‍ എത്തീത്  കണ്ട ഉടനെ , പെടച്ചു, ഇടിച്ചു , ചാടി, തുള്ളി , നൃത്തം വെച്ച് .. കുത്തി , കുലുക്കി , ചവിട്ടി , കടിച്ചു , പറിച്ചു , ഇഴഞ്ഞു,  മറിഞ്ഞു , വലിഞ്ഞു , വട്ടം കറങ്ങി, കൂക്കി വിളിച്ചു , വീണു , കരഞ്ഞു, തേങ്ങി, മോങ്ങി, മുട്ടുകുത്തി , മലക്കം മറിഞ്ഞു , ആസ്ഥാനത്ത് ചവിട്ടിമെതിച്ചു കൂത്താടി  , തിമംഗലത്തിനെ വല്ലാണ്ട്  ഇടങ്ങേറാക്കി (കുട്ടി വള്ളിടെ കാര്യം മറന്ന്വോ?)

അതോണ്ട് അവന്‍ തൂത്ത മീനിനോടു പറഞ്ഞു , " ഈ മനുഷ്യന്‍ നല്ല മൊരുമൊരുന്നനെ ആണ് കൂടാണ്ടേ അതു എനിക്ക് എക്കിട്ടോം ണ്ടാക്കുണു. ഞാന്‍ പ്പോന്താ ചെയ്യണ്ട് ?

"അവനോടു പുറത്ത് വരാന്‍ പറയൂ" തൂത്ത മീന്‍ പറഞ്ഞുകൊടുത്തു .

അപ്പൊ തിമിംഗലം സ്വന്തം തൊണ്ടേക്കൂടെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു .
"പുറത്തേക്ക് വാ .ന്നട്ട് മര്യാദക്ക് നടക്കു . യ്ക്ക് എക്കിട്ടം വരുന്നു "

" ല്ല്യല്ല്യാ! " നാവികന്‍ പറഞ്ഞു ." അങ്ങനെ ല്ലാ പണി വേറേ ണ്ട് , ന്നെ ന്റെ നാട്ടിലെ മങ്കേരികുന്നിന്റെ  അടുത്തേക്ക് കൊണ്ടുപോ ന്നട്ട് ആലോചിക്കാം " ന്നട്ട് മുന്‍പത്തേക്കാളും അധികം ചാട്ടോം നൃത്തോം തുടങ്ങി . 

"അവനെ അവന്റെ നാട്ടിലേക്ക് കൊണ്ട് പോവ്വ്വാ നല്ലത്  തൂത്തമീന്‍ പറഞ്ഞു ." ഞാന്‍ പറഞ്ഞില്ല്യെ  അയാള്‍ക്ക്‌  അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ആണ്  ന്നു "

അങ്ങനെ തിമിംഗലം രണ്ടു ചിറകും വാലും കൊണ്ട് ആവുന്നത്ര ശക്തിയില്‍ തുഴഞ്ഞു , എക്കിട്ടവും സഹിച്ചു നീന്തി നീന്തി നീന്തി പോയി, അവസാനം നാവികന്റെ നാട്ടിലെ വെളുത്ത മഞ്ഞുമല  വരെ എത്തി .. തീരത്തേക്ക് കുറെ ദൂരം ഓടിക്കയറി വായ വലുതാക്കി വലുതാക്കി തുറന്നു പിടിച്ചിട്ടു പറഞ്ഞു .." ഇവടന്ന് മാറി കയറി , തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, പൊന്നാനി,  എടപ്പാള്‍ ലേക്കൊക്കെ  പോകാം."  "എട " ന്നു പറയുമ്പോഴേക്കും നാവികന്‍ വായില്‍ നിന്ന് ഇറങ്ങി നടന്നു. പക്ഷെ തിമിംഗലം നീന്തികൊണ്ടിരുന്നപ്പോ നാവികന്‍ തന്റെ കഠാരകൊണ്ട് ആ തോണി രാകി,രാകി  ഒരു ചതുരത്തില്‍ ഉള്ള അഴിച്ചട്ടം ഉണ്ടാകി അയാളുടെ കളസത്തിന്റെ വള്ളി കൊണ്ട് കെട്ടി ഉറപ്പിച്ചിട്ടുണ്ടായിരുന്നു (ഇപ്പൊ മനസ്സിലായില്ലേ, വള്ളിടെ കാര്യം ഓര്‍ക്കണം എന്ന് പറഞ്ഞത് എന്തിനായിരുന്നൂന്നു !) ന്നട്ട് പുറത്തിറങ്ങുമ്പോ ആ ചട്ടം തിമിംഗലത്തിന്റെ തൊണ്ടേല് അങ്ങട്ട് വലിച്ചു ഉറപ്പിച്ചു , അത് അവിടെ കുടുങ്ങി. ന്നട്ട് അയാള്‍ ഇങ്ങനെ ഒരു ശ്ലോകം ചൊല്ലി , നീ അത് കേട്ടിട്ടുണ്ടാവില്ല ഞാന്‍ പ്പോ അത്  പറഞ്ഞു തരാം 

ഇട്ടു ഞാന്‍ നല്ലൊരു  പൂട്ട്‌ 
നിര്‍ത്തിക്കാന്‍ നിന്റെ   ഊട്ട്, 

നാവികന്‍ ഒരു സുഖിമാനും ആയിരുന്നു 
അയാള്‍  ആ ചരലിലേക്ക് ഇറങ്ങി നേരെ  വീട്ടിലേക്കു നടന്നു, അവനെ വെള്ളത്തില്‍ കാലിട്ട് കളിക്കാന്‍ സമ്മതിച്ചിരുന്ന ആ അമ്മയുടെ അടുത്തേക്ക് പോയി , പിന്നെ കല്ല്യാണം കഴിച്ചു കാലാകാലം സുഖമായി ജീവിച്ചു . തിമിംഗലവും അങ്ങനെ തന്നെ . പക്ഷെ ആ ദിവസം മുതല്‍ ,  തൊണ്ടയിലെ ആ ചട്ടകൂടു തുപ്പിക്കളയാണോ വിഴുങ്ങാനോ പറ്റാതിരുന്നത്‌ കൊണ്ട്  തിമിംഗലത്തിന് ചെറിയ ചെറിയ മീനുകളെ മാത്രേ തിന്നാന്‍ കഴിയുള്ളൂ . അതാ തിമിംഗലങ്ങള്‍ ഇപ്പൊ മനുഷ്യര്യോ,  ആണ്കുട്ട്യോള്യോ,   ചെറിയ പെണ്‍ട്ടികട്ട്യോള്യോ ഒന്നും തിന്നാത്തതു 
 ആ കുഞ്ഞി തൂത്തമീന്‍ ഭൂമദ്ധ്യരേഖടെ  വാതില്‍പടീടെ അടീലെ ചളീല് പോയി ഒളിച്ചു . അതിനു പേടിആയിരുന്നു  തിമിംഗലത്തിനു അതിനോട് ദേഷ്യാവും ന്നു   


(How the Whale got its throat - just so stories - Kipling )



No comments:

Post a Comment