Thursday, June 4, 2015



04-06-2015

Words of mirth flew away fluttering  the wings of love 
And the rest withered and dried 
Wailing or whimpering are brushed  away and locked out 

This absence of voice can be celebrated and  deified 
As the deep and great Silence ..
Anointed  with glorious lies
This hapless  Lie , may turn into Truth itself one day  

സന്തോഷ പദങ്ങള്‍ വിടചൊല്ലി സ്നേഹ ചിറകുകള്‍ വീശി അകന്നു 
ബാക്കി അലിഞ്ഞടങ്ങി 
രോദനങ്ങള്‍ക്ക്‌ പ്രവേശനമേ ഇല്ല .
ഈ ശബ്ദ ശൂന്യതയെ  മഹാമൌനമായി വാഴ്ത്താം
നുണകളുടെ അഭിഷേകത്തില്‍ നനഞ്ഞു  കുതിര്‍ന്നു 
ഈ കളവു ഒരു ദിവസം  സത്യമായ് വിടര്‍ന്നാലോ !

Thursday, April 30, 2015

തിമിംഗലത്തിന്റെ തൊണ്ട 

ന്റെ പുന്നാരകുട്ട്യേ, പണ്ട് പണ്ട് സമുദ്രത്തില് ഒരു തിമംഗലം ണ്ടായിരുന്നു . അത് മീനോളേം തിന്നു ജീവിച്ചു . അത് കടല്‍ ചേനേം തിന്നു കടല്‍ വെള്ളരിക്കേം തിന്നു , ഞണ്ടിനെം തിന്നു തിണ്ടേനേം തിന്നു , ചാളേം തിന്നു വാളേം തിന്നു, ഐക്കൊരേം തിന്നു പുയ്യാപ്ലക്കൊരേം തിന്നു,കൂന്തലും തിന്നു അതിന്റെ കൂട്ടാള്യേം, കേട്ട്യോളേം തിന്നു , പിന്നെ തലങ്ങനെ, വെലങ്ങനെ ,കൊലുന്നനെ ,വളഞ്ഞു ,പുളഞ്ഞു, തിളങ്ങണ ആരോമല്‍ ആരലിനെം തിന്നു . മുഴോന്‍ കടലിലെം, മുഴോന്‍ മീനിനേം ആ പെരും വായോണ്ട് അങ്ങട് വിഴുങ്ങി . അവസാനം കടലില് ഒരു കുഞ്ഞി കുഞ്ഞി മീന്‍ മാത്രേ ബാക്കിണ്ടായുള്ളൂ. അത് ഒരു കുഞ്ഞി കുഞ്ഞി തൂത്തമീന്‍ ആയിരുന്നു . അത് തിമിംഗലത്തിന്റെ വലത്തെ ചെവിടെ അടുത്തന്നെ നീന്തികളിച്ചു , വായില്‍ പെടാതിരിക്കാന്‍ .

അപ്പൊ തിമംഗലം വലിഞ്ഞു വാലും കുത്തിനിന്ന് ങ്ങനെ പറഞ്ഞു  "യ്ക്ക് വെശക്കുണു"

ആ കുഞ്ഞി കുഞ്ഞി തൂത്ത മീന്‍ അതിന്റെ ഇത്തിരി ഇത്തിരി തൂത്തു ഒച്ചേല് ചോദിച്ചു ." നീരാനശ്രേഷ്ടാ ധയാനിധെ ! അങ്ങ് മനുഷ്യനെ രുചിച്ചു നോക്കീട്ടുണ്ടോ?"
"ഇല്ല്യ", തിമംഗലം പറഞ്ഞു . "അതങ്ങനെണ്ട്?"
"നല്ലതാ" തൂത്തമീന്‍ പറഞ്ഞു . " നല്ലതാ ന്നാലും ഒരു മൊരുമൊരുന്നന്യാ "
"ന്നാ യ്ക്കിത്തിരി കൊണ്ടന്നുതാ"  തിമിംഗലം പറഞ്ഞു . ന്നട്ട് വാല് ചുഴറ്റി  കടലിലെ വെള്ളം പതപ്പിച്ചു.

' ഒരു നേരത്തേക്ക് ഒന്ന് ധാരാളാ ," തൂത്തമീന്‍ പറഞ്ഞു . 
ങ്ങള് നേരെ നീന്തണം , രേഖാംശം  അമ്പതു വടക്ക് , അക്ഷാംശം നാല്‍പതു പടിഞ്ഞാറു (അതാ അതിന്റെ മാജിക്), അപ്പൊ അവിടെ ഒരു ചങ്ങാടത്തിന്റെ "മോളില്" കടലിന്റെ   " നടൂല് " ഒരു  നീല ചീട്ടിതുണിടെ കളസല്ലാതെ ഒന്നും മേല് ഇല്ലാതെ , അതിനു വള്ളീണ്ട് ട്ടോ  (ആ വള്ളി മറക്കരുത് ട്ടോ ഉണ്ണികുട്ടീ,) ഒരു കഠാരേം കയ്യില്‍ പിടിച്ചു ഒരു കപ്പല്‍ച്ചേതത്തില്‍ പെട്ട  നാവികന്‍ ഇരിക്കണകാണാം.  ഒന്ന്ശ്രദ്ധിക്കണം ട്ടോ അയാള്‍ക്ക്   അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ആണ് 

അങ്ങനെ തിമംഗലം അതിനു കഴിയണത്ര വേഗത്തില്, നീന്തി, നീന്തി ,  രേഖാംശം  അമ്പതു വടക്ക് , അക്ഷാംശം നാല്‍പതു പടിഞ്ഞാറു എത്തി  അവിടെ ഒരു ചങ്ങാടത്തിന്റെ "മോളില്" കടലിന്റെ " നടൂല് " ഒരു  നീല ചീട്ടിതുണിടെ കളസല്ലാതെ ഒന്നും മേല് ഇല്ലാതെ , അതിനു വള്ളീണ്ട്  ((ആ വള്ളിപ്രത്യേകം ഓര്‍മ്മിക്കണം ), ഒരു കഠാരേം കയ്യില്‍ പിടിച്ചു , കപ്പല്‍ച്ചേതത്തില്‍ പെട്ട  നാവികന്‍ ഒറ്റയ്ക്ക്, തനിയെ വെള്ളത്തില് കാലും ഇട്ടിരിക്കണ കണ്ടു. (അവനെ അമ്മ വെള്ളത്തില്‍ കാലു ഇടാന്‍ സമ്മതിച്ചിട്ട്ണ്ടായിരുന്നു , അല്ലെങ്കില്‍ അങ്ങനെ ചെയ്യില്ല , കാരണം അവനു അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ഉണ്ടായിരുന്നൂലോ )

ന്നട്ട് തിമംഗലം വായ പൊളിച്ചു, പൊളിച്ചു , പൊളിച്ചു വാല് തൊടുന്ന വരെ പൊളിച്ചു വലുതാക്കി, ആ നാവികനെയും, അയാളിരിക്കണ ചങ്ങാടോം, അയാളുടെ ചീട്ടി കളസോം അതിന്റെ  വള്ളീം (വള്ളി മറക്കരുത് ) ആ കഠാരേം എല്ലാം കൂടി വിഴുങ്ങി . അതിനെ എല്ലാം അതിന്റെ വയറിനകത്തെ ഇളം ചൂടുള്ള ഇരുണ്ട പത്തായത്തില്‍ ആക്കി , നാക്ക്‌ നൊട്ടിനുണഞ്ഞു , വാലുംമ്പില്‍ നിന്ന് മൂന്നു വട്ടംകറങ്ങി .

പക്ഷെ , അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ള്ള ആ നാവികന്‍ , അയാള്  തിമിംഗലത്തിന്റെ വയറിനകത്തെ ഇളം ചൂടുള്ള ഇരുണ്ട പത്തായത്തില്‍ എത്തീത്  കണ്ട ഉടനെ , പെടച്ചു, ഇടിച്ചു , ചാടി, തുള്ളി , നൃത്തം വെച്ച് .. കുത്തി , കുലുക്കി , ചവിട്ടി , കടിച്ചു , പറിച്ചു , ഇഴഞ്ഞു,  മറിഞ്ഞു , വലിഞ്ഞു , വട്ടം കറങ്ങി, കൂക്കി വിളിച്ചു , വീണു , കരഞ്ഞു, തേങ്ങി, മോങ്ങി, മുട്ടുകുത്തി , മലക്കം മറിഞ്ഞു , ആസ്ഥാനത്ത് ചവിട്ടിമെതിച്ചു കൂത്താടി  , തിമംഗലത്തിനെ വല്ലാണ്ട്  ഇടങ്ങേറാക്കി (കുട്ടി വള്ളിടെ കാര്യം മറന്ന്വോ?)

അതോണ്ട് അവന്‍ തൂത്ത മീനിനോടു പറഞ്ഞു , " ഈ മനുഷ്യന്‍ നല്ല മൊരുമൊരുന്നനെ ആണ് കൂടാണ്ടേ അതു എനിക്ക് എക്കിട്ടോം ണ്ടാക്കുണു. ഞാന്‍ പ്പോന്താ ചെയ്യണ്ട് ?

"അവനോടു പുറത്ത് വരാന്‍ പറയൂ" തൂത്ത മീന്‍ പറഞ്ഞുകൊടുത്തു .

അപ്പൊ തിമിംഗലം സ്വന്തം തൊണ്ടേക്കൂടെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു .
"പുറത്തേക്ക് വാ .ന്നട്ട് മര്യാദക്ക് നടക്കു . യ്ക്ക് എക്കിട്ടം വരുന്നു "

" ല്ല്യല്ല്യാ! " നാവികന്‍ പറഞ്ഞു ." അങ്ങനെ ല്ലാ പണി വേറേ ണ്ട് , ന്നെ ന്റെ നാട്ടിലെ മങ്കേരികുന്നിന്റെ  അടുത്തേക്ക് കൊണ്ടുപോ ന്നട്ട് ആലോചിക്കാം " ന്നട്ട് മുന്‍പത്തേക്കാളും അധികം ചാട്ടോം നൃത്തോം തുടങ്ങി . 

"അവനെ അവന്റെ നാട്ടിലേക്ക് കൊണ്ട് പോവ്വ്വാ നല്ലത്  തൂത്തമീന്‍ പറഞ്ഞു ." ഞാന്‍ പറഞ്ഞില്ല്യെ  അയാള്‍ക്ക്‌  അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ആണ്  ന്നു "

അങ്ങനെ തിമിംഗലം രണ്ടു ചിറകും വാലും കൊണ്ട് ആവുന്നത്ര ശക്തിയില്‍ തുഴഞ്ഞു , എക്കിട്ടവും സഹിച്ചു നീന്തി നീന്തി നീന്തി പോയി, അവസാനം നാവികന്റെ നാട്ടിലെ വെളുത്ത മഞ്ഞുമല  വരെ എത്തി .. തീരത്തേക്ക് കുറെ ദൂരം ഓടിക്കയറി വായ വലുതാക്കി വലുതാക്കി തുറന്നു പിടിച്ചിട്ടു പറഞ്ഞു .." ഇവടന്ന് മാറി കയറി , തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, പൊന്നാനി,  എടപ്പാള്‍ ലേക്കൊക്കെ  പോകാം."  "എട " ന്നു പറയുമ്പോഴേക്കും നാവികന്‍ വായില്‍ നിന്ന് ഇറങ്ങി നടന്നു. പക്ഷെ തിമിംഗലം നീന്തികൊണ്ടിരുന്നപ്പോ നാവികന്‍ തന്റെ കഠാരകൊണ്ട് ആ തോണി രാകി,രാകി  ഒരു ചതുരത്തില്‍ ഉള്ള അഴിച്ചട്ടം ഉണ്ടാകി അയാളുടെ കളസത്തിന്റെ വള്ളി കൊണ്ട് കെട്ടി ഉറപ്പിച്ചിട്ടുണ്ടായിരുന്നു (ഇപ്പൊ മനസ്സിലായില്ലേ, വള്ളിടെ കാര്യം ഓര്‍ക്കണം എന്ന് പറഞ്ഞത് എന്തിനായിരുന്നൂന്നു !) ന്നട്ട് പുറത്തിറങ്ങുമ്പോ ആ ചട്ടം തിമിംഗലത്തിന്റെ തൊണ്ടേല് അങ്ങട്ട് വലിച്ചു ഉറപ്പിച്ചു , അത് അവിടെ കുടുങ്ങി. ന്നട്ട് അയാള്‍ ഇങ്ങനെ ഒരു ശ്ലോകം ചൊല്ലി , നീ അത് കേട്ടിട്ടുണ്ടാവില്ല ഞാന്‍ പ്പോ അത്  പറഞ്ഞു തരാം 

ഇട്ടു ഞാന്‍ നല്ലൊരു  പൂട്ട്‌ 
നിര്‍ത്തിക്കാന്‍ നിന്റെ   ഊട്ട്, 

നാവികന്‍ ഒരു സുഖിമാനും ആയിരുന്നു 
അയാള്‍  ആ ചരലിലേക്ക് ഇറങ്ങി നേരെ  വീട്ടിലേക്കു നടന്നു, അവനെ വെള്ളത്തില്‍ കാലിട്ട് കളിക്കാന്‍ സമ്മതിച്ചിരുന്ന ആ അമ്മയുടെ അടുത്തേക്ക് പോയി , പിന്നെ കല്ല്യാണം കഴിച്ചു കാലാകാലം സുഖമായി ജീവിച്ചു . തിമിംഗലവും അങ്ങനെ തന്നെ . പക്ഷെ ആ ദിവസം മുതല്‍ ,  തൊണ്ടയിലെ ആ ചട്ടകൂടു തുപ്പിക്കളയാണോ വിഴുങ്ങാനോ പറ്റാതിരുന്നത്‌ കൊണ്ട്  തിമിംഗലത്തിന് ചെറിയ ചെറിയ മീനുകളെ മാത്രേ തിന്നാന്‍ കഴിയുള്ളൂ . അതാ തിമിംഗലങ്ങള്‍ ഇപ്പൊ മനുഷ്യര്യോ,  ആണ്കുട്ട്യോള്യോ,   ചെറിയ പെണ്‍ട്ടികട്ട്യോള്യോ ഒന്നും തിന്നാത്തതു 
 ആ കുഞ്ഞി തൂത്തമീന്‍ ഭൂമദ്ധ്യരേഖടെ  വാതില്‍പടീടെ അടീലെ ചളീല് പോയി ഒളിച്ചു . അതിനു പേടിആയിരുന്നു  തിമിംഗലത്തിനു അതിനോട് ദേഷ്യാവും ന്നു   


(How the Whale got its throat - just so stories - Kipling )


അക്ക മൊഴിയുന്നു
(സച്ചിദാനന്ദന്റെ കവിത )

ഹേ ശിവ! ഹേ മല്ലികാര്‍ജുന!
തുറക്ക നിന്‍വാതില്‍  വരികയായ് നഗ്നയാം വാക്ക് ഞാന്‍
ഹേ ശിവ!  ഹേ  മല്ലികാര്‍ജുന!
തുറക്ക നിന്‍വാതില്‍ വരികയായ് നഗ്നയാം വാക്ക് ഞാന്‍
എന്റെ  പൂവൊക്കെയും നിന്റെ എന്‍കനല്‍നിന്റെ
എന്റെ ഉടലിന്റെ  നിറപറ നിന്റെ പൊലി നിന്റെ
എന്റെ സ്വപ്നത്തിന്റെ അമ്പിളിക്കല നിന്റെ
എന്റെ വചനത്തിന്റെ സുരഗംഗ  നിന്റെ
ഞാന്‍എന്നുമേ മോന്തുന്ന കാളകൂടം നിന്റെ
എന്‍പ്രാണന്‍എന്നും മുഴക്കുന്ന തുടി നിന്റെ
പാദസരമണിയാത്ത  കാലുകളില്‍നിറയുന്ന കാലനടനം നിന്റെ
നിന്റെ ഈ നിമിഷവും
എത്രയോനികളില്‍പിറന്നു ഞാന്‍.  ലോകങ്ങള്‍എത്രയോ കണ്ടു
നരകങ്ങള്‍കടന്നു  ഞാന്‍
ആട്ടിടയനെ പോലെ  മായലോകങ്ങളെ ആട്ടി തെളിക്കെ
സുഖങ്ങള്‍പുളി മാംപൂളു നീട്ടി  ക്ഷണിക്കെ
തിരക്കി അഭയത്തിനായ്  കാട്ടിലും കുന്നിലും നിന്നെ ഞാന്‍
എന്‍ഗര്‍ഭപാത്രത്തില്‍നീ കിടക്കുന്നതറിയാതെ ..
ഒരു ചെറുവിരലനക്കാതെ, മിണ്ടാതെ
ചെമ്പക ചെറുമൊട്ടില്‍മണമുറങ്ങും പോലെ
കനകത്തില്‍നിറമാകെ നിറയും പോല്‍
മുളകിലെരിവുപോല്‍
നീ എന്നില്‍അടിമുടി പരന്നതറിയാതെ
നീ എന്നില്‍അടിമുടി പരന്നതറിയാതെ

ഞാനുടുക്കുന്നു കൈലാസത്തിലെ പുലര്‍കാലം
എനിക്ക് പവിഴങ്ങളെന്തിനോ
ലോകം മുഴുവനും ഞാനാകെ  എങ്ങിനെ എകാകിയാകുവാന്‍ഞാന്‍
എകയാകിലും
എല്ലാ മരങ്ങളും കല്പവൃക്ഷം എനിക്കെല്ലാ ചെടികളും സഞ്ജീവനി
ശിലയെല്ലാം ശിവലിംഗം
എത്തുന്നതത്രയും പുണ്ണ്യസ്ഥലം , കുടിനീര്
അമൃതൊക്കെയും
കല്യാണസൌഗന്ധികം പൂക്കളത്രയും
എന്‍പ്രിയന്‍ഉള്ളിലുള്ളില്‍മിടിക്കുകില്‍

ജ്വാലയില്ലാതെ ജ്വലിക്കുന്നു നീ എന്നില്‍
ചോര ചൊരിയാതെ എന്റെയുള്ളില്‍ കടക്കുന്നു
കൂടെ ശയിക്കാതെ രതിമൂര്‍ച്ഛയേകുന്നു
ദേഹമനങ്ങാതെ ദൂര ഗ്രഹങ്ങളില്‍ആനയിക്കുന്നു
മുളക്കുന്നു കുത്താതെ

നീ കിളിക്കണ്ണ്‍, കിളി , കിളിക്കൂട്  കൂടിരിക്കുന്ന പൂമരം നീ 
മരം നില്‍ക്കുന്ന കാടു നീ  , കാടിരിക്കും ഭൂമി
ഭൂമി നില്‍ക്കുന്ന പ്രപഞ്ചവും  നീ
ആ പ്രപഞ്ചമിരിക്കുന്ന സ്വപ്നവും
സ്വപ്നം വിരിയുന്ന ചിത്തവും
ഹേ ഹര, ഹേ  മല്ലികാര്‍ജുന
അടച്ചു ഞാന്‍വാതില്‍, വരികയായ് അമ്മി ചവിട്ടി ഞാന്‍

ഹേ ഹര, ഹേ  മല്ലികാര്‍ജുന
അടച്ചു ഞാന്‍വാതില്‍, വരികയായ് അമ്മി ചവിട്ടി ഞാന്‍

ഇടിമിന്നലെന്നെ കുളിപ്പിച്ചൊരുക്കുവാന്‍
ഉരുള്‍പൊട്ടല്‍എന്‍ മുടിയില്‍മുല്ല മലര്‍ ചൂടുവാന്‍
പുതുവെയിലുടുത്ത് ഞാന്‍നില്‍ക്കുന്നു
പാമ്പിന്റെ വരണമാലയുമായ് നീലകണ്ഠാ വരൂ
ഉയരുന്നു കാളകുളമ്പടി കുന്നിന്റെ ചെരുവില്‍
നിന്‍ അമ്പിളിക്കലതന്‍തിളക്കമേ
മരതകമാക്കുന്നു ചന്ദന മരങ്ങള്‍തന്‍ഇലകളെ
ഗംഗതന്‍കുളിര്‍,  കാറ്റില്‍നിറയുന്നു
ഇനിയില്ലടുപ്പിന്റെ പുകയും
ആസക്തര്‍തന്‍ മിഴിതന്‍കഠാരിയും
നീലിച്ച കൈകളാല്‍പുണരുക
ഞാന്‍എന്ന ബോധം കെടുത്തുക
ഒരു ചുംബനത്തിനാല്‍എന്‍ ജീവനൂററുക
ഇനി നമ്മള്‍മാത്രം , അനന്തതയും
അതിന്‍ലഹരിയില്‍ലീനയായ് പാടും എന്‍ജീവനും

ഇനി നമ്മള്‍മാത്രം , അനന്തതയും
അതിന്‍ലഹരിയില്‍ലീനയായ് പാടും എന്‍ജീവനും

ചേര്‍ന്തിരുന്തേന്‍ ചിവമങ്കൈതന്‍ പങ്കനൈച്
ചേര്‍ന്തിരുന്തേന്‍ ചിവന്‍ ആവടു തണ്‍തുറൈ
ചേര്‍ന്തിരുന്തേന്‍ ചിവപോതിയിന്‍ നിഴലില്‍
ചേര്‍ന്തിരുന്തേന്‍ ചിവന്‍ നാമങ്കല്‍ ഓതിയേ

അലിഞ്ഞുചേര്‍ന്നു ഞാന്‍ ശിവതന്‍ പാതിയാം ദേവനില്‍
അലിഞ്ഞുചേര്‍ന്നു ഞാന്‍ ശിവന്‍ തന്‍ മറുപാതിയില്‍
അലിഞ്ഞുചേര്‍ന്നു ഞാനീ  ശിവബോധിയിന്‍ നിഴലിലും 
അലിഞ്ഞുചേര്‍ന്നു ശിവനാമങ്ങള്‍ ഓതീ നിരന്തരം 

I remained merged, with the god, the other half of shivaa
I remained merged, with the goddess shivaa ,the life force of shiva
I remained merged , in the shade of this tree , the shiva conciousness 
I remained merged,  in my incessant  chanting of the names shiva 


എന്തൊക്കെയോ എപ്പോഴൊക്കെയോ ......

WHISPERS OF LOVE
Love whispers in my ear,
"Better to be a prey than a hunter.
Make yourself My fool.
Stop trying to be the sun and become a speck!
Dwell at My door and be homeless.
Don't pretend to be a candle, be a moth,
so you may taste the savor of Life
and know the power hidden in serving."

 എന്റെ ചെവിയില്‍ പ്രണയം മന്ത്രിക്കുന്നൂ
" വേട്ടക്കാരനാവുന്നതിനേക്കാള്‍ ഇരയാവുന്നത്രേ സൌഖ്യം
നീ  സ്വയം എന്റെ വിദൂഷകനാകുക 
സൂര്യനാവാന്‍ ശ്രമിക്കാതെ ഒരു കണികയാവൂക 
കിടപ്പാടം ഇല്ലാത്തവനായി എന്റെ വാതില്‍ക്കല്‍ വസിക്കുക
നാളമെന്നു നടിക്കാതെ, ഈയലായി പറക്കുക
അപ്പോള്‍ നീ ജീവന്റെ രസം രുചിക്കും 
പരിചരണത്തില്‍ അലിഞ്ഞിരിക്കുന്ന ശക്തിയെ തൊട്ടറിയും"  


Eight words the Wiccan Rede fullfill
An Ye  harm none, do as thou will 

ഈ വരികള്‍ക്ക് ഇങ്ങനെ അര്‍ഥം എടുക്കാന്‍ പറയുന്നു 

'Will my actions cause harm to another living being ?''

എട്ടു വാക്ക് എളുപ്പം .. 
പക്ഷെ   റോബോട്ടിക്സ്  നിയമങ്ങളെ പോലെ (അസിമോവ്‌) പരസ്പര വിരുദ്ധമായ ചോദനകളില്‍ പെട്ട് ചിന്തകള്‍ തന്നെ മരവിക്കാന്‍, പ്രവര്‍ത്തനം നിലക്കാന്‍  ഈ എട്ടു വാക്കുകള്‍ ധാരാളം.

ഈ ചോദ്യം സ്വയം ചോദിക്കാന്‍ തുടങ്ങിയാല്‍ അവസാനം എന്തെങ്കിലും ഒന്ന് ചെയ്യണമല്ലോ എന്ന് ഉത്തരമല്ലാത്ത   ഒരു ഒഴികഴിവില്‍ എത്തും . 

അല്ലെങ്കില്‍ സ്വയം ഇല്ലാതാവണം ..അതായിരിക്കും അര്‍ഥം .. dissolving self .. 
'ഞാന്‍' ഇല്ലാതാവണം  , another ഇല്ലാതാവണം .. അല്ലെങ്കില്‍ രണ്ടും ഒന്നാവണം പ്രവര്‍ത്തികളില്‍ .. 


ആ വിളിയുടെ തീഷ്ണത അറിയുമ്പോഴും 
നിസ്സംഗമായ ആ മഹാമൌനത്തെ തൊടുമ്പോഴും, 
ചേരുവയിലും കലര്പ്പിലും ഭേദമില്ലല്ലോ എന്ന അമ്പരപ്പിലും 
മായ മാത്രമായ, ഇല്ലെന്നുതന്നെ തിരിച്ചറിയുന്ന 
ഈ സുതാര്യ പടം എന്തേ മായാത്തത്.
ഈ തുള്ളി എന്തേ അലിയാത്തത്.
തിരിച്ചറിവ്, അറിവാവാത്തത് !!  


ഈ പ്രദേശത്തെ ഗ്രാമ്യത്തില്‍  ..." കാറല്‍ "

Hearing that Call loud and clear 
Touching that tremendous Waiting 
Wondering at the likeness of the texture 
Even realizing that it is just an illusion and not there 
Why this transparent, gossamer, film cannot be dissolved !!
Why not, this stubborn drop, give up its doggedness.
Why realization is not entering me as a Knowing !! 


ഇന്ന് ജ്യേഷ്ഠയെ ഓര്‍ക്കുന്നു .
കര്‍ക്കിടകം പിറക്കുന്നതിനു തൊട്ടുമുന്പ് , കൂടികിടക്കുന്ന  പഴയ വസ്തുക്കള്‍ മുഴുവന്‍ പുറത്ത് കളഞ്ഞു ,  വീട് അട്ടം മുതല്‍ ഉരച്ചു കഴുകി സംക്രാന്തി ദിവസം സന്ധ്യക്ക്‌ അവളെയും പുറത്താക്കുന്നു . 
ഒരാളെ , ഒരു സങ്കല്പത്തെ , ഒരു മനസ്സിനെ നിഷ്കരുണം തള്ളി പുറത്താക്കുന്നു .

കട്ടിളകളും വാതിലുകളും കസേരകളും മേശകളും എല്ലാം പാറകത്തിന്റെ ഇലകൊണ്ട്‌ ഉരച്ചു കഴുകുന്നത് കുട്ടികളുടെ ആഘോഷമായിരുന്നു .  അതിനുശേഷം  സംക്രാന്തി ദിവസം സന്ധ്യക്ക്‌ , പെരുമഴയത്ത് 
കീറിയ മുറത്തില്‍ കുററിചൂല്‍ വെച്ച്,  കറുപ്പും , വെള്ളയും  , ചുകപ്പും  നിറം ചേര്‍ത്ത ചോററുരുളകള്‍ ..  
കത്തിച്ചതിരി  അത്രയും വസ്തുക്കള്‍ നിരത്തി ,  അതും എടുത്തു  പുറത്ത് കൂടെ ചുറ്റി നടന്നു ഓരോ വാതില്‍ക്കലും വന്നുനില്‍ക്കുമ്പോള്‍   അവര്‍ക്കുമുന്പില്‍ വാതിലുകള്‍ കൊട്ടിയടച്ചു  അമ്മമ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ "ചേട്ട പുറത്ത് , ഭഗവതി അകത്തു"   എന്നാര്‍ക്കുകയും അടച്ച വാതിലുകളില്‍ കൈകൊണ്ടു അടിച്ചു ഒച്ച വെക്കുകയും ചെയ്യുന്നതായിരുന്നു  ചടങ്ങ് .  സഹായിക്കാന്‍ വരുന്ന ആരെങ്കിലും ആയിരുന്നു മിക്കപ്പോഴും അത്  ചെയ്തിരുന്നത് .ഒരിക്കല്‍ എന്റെ മൂത്ത ചേച്ചി ചെയ്യുന്നതും കണ്ടത് ഓര്‍ക്കുന്നു . അവരോടാണ് അത് പറയുന്നത് എന്ന്  തോന്നിയിരുന്നത് കൊണ്ടാണോ എന്തോ  ആ പുറത്താക്കല്‍  എന്റെ മനസ്സില്‍ സങ്കടം നിറച്ചിരുന്നു .. നിഷ്കാസിതയാവുന്നത് , അപമാനിക്കപെടുന്നത്  ഞാന്‍ ആവുമായിരുന്നു എനിക്ക് എന്നും .. ആ  ആര്പ്പുവിളിയില്‍ പങ്കെടുക്കാതെ ആ അപമാനം പേറി  ഞാന്‍ എവിടെയെങ്കിലും ചടഞ്ഞിരിക്കും ..

ദുര്‍ഭഗ,  മുഷിഞ്ഞവള്‍.....  അവള്‍ക്കിരിക്കാന്‍ വൃത്തിഹീനവും അമംഗളകരവും ആയ സ്ഥാനങ്ങള്‍ ...ദൃഷ്ടിക്ക് പുറത്ത് ..


എന്നെ പുരുഷനും , അനഭിമതനും അതിക്രമിച്ചു കയറിയവനുമായി കണ്ടു, അവസാനിപ്പിക്കാന്‍ ആയുധമെടുത്ത് .. ഒരു വെറും സ്ത്രീയെന്നു  തിരിച്ചറിഞ്ഞു  ആയുധം വലിച്ചെറിഞ്ഞ  നിഷാദ്  , എന്നെ,  ഞാനെന്നോ വലിച്ചെറിഞ്ഞ എന്നിലെ  പരുഷഭാങ്ങളെ നോക്കി ചിരിപ്പിക്കുന്നു
ഞാന്‍  തിരിച്ചു സ്ത്രീതന്നെ  ആയല്ലോ എന്ന് ആഹ്ലാദിപ്പിക്കുന്നു .
 നാലുവരി മുറിച്ചു എട്ടാക്കി ഞാന്‍ എന്റെ രസം പങ്കുവെക്കട്ടേ.......


വിധി കൊണ്ട് നിര്ത്തിയ പോര്‍ത്തട്ടില്‍ നിന്നിറങ്ങുമ്പോള്‍  പോര്‍ച്ചട്ടകള്ക്കും  , ആയുധങ്ങള്ക്കും , ആടയാഭരണങ്ങള്ക്കും  ഒപ്പം ഞാന്‍ പരുഷമായ പുരുഷഭാവങ്ങളും വെടിഞ്ഞിരുന്നല്ലോ . അവ എന്നില്‍   വരുത്തിയ കലകള്‍  ഇനിയും ശേഷിക്കുന്നുവോ ! എങ്കില്‍ .. മായാത്ത ആ കലകള്‍ ബാക്കിനില്ക്കു മ്പോഴും  ...

ഞാന്‍ ഇന്ന് സ്ത്രീ ..
എനിക്കിന്ന് കാവ്യനാടകാദികള്‍  എന്റെ പ്രിയന്റെ കളിവാക്കുകള്‍ മാത്രം
നീതിസാരങ്ങള്‍ , നിയമങ്ങള്‍ ,  അവന്റെ ഭ്രൂ ചലനങ്ങളും ..
സംഗീതം അവന്റെ മുരളീ നാദം
എന്റെ നിമിഷങ്ങള്‍ ആ ധൂര്ജടിയുടെ നൃത്തം
ഞാന്‍   കാണുന്ന സൂര്യന്‍ അവനെന്ന  പ്രകാശം
ഞാനറിയുന്ന  ഈ ശീതള സ്പര്ശം  അവന്റെ കൌമുദീ
എന്നില്‍ നിറയുന്നത് അവനെന്ന സമുദ്രം
എന്റെ വിശ്രമം അവനെന്ന വിഹായസ്സില്‍
എന്റെ ചലനങ്ങള്‍ അവന്റെ സപര്യക്കായി
എന്റെ പോഷണം , എന്റെ വഴി , എന്റെ ചിന്ത , എന്റെ മിടിപ്പുകള്‍
അവന്‍ , അവന്‍  മാത്രം
ഞാന്‍ ഇന്ന് സ്ത്രീ ...

ഇന്ന് ഞാന്‍ അമ്മ
ഒരു നിമിഷം അവന്‍ മറയുമ്പോള്‍ ആകുലയായ് അലറുന്ന പശു
അവന്‍ നടക്കുന്ന വഴികളില്‍ പൂ വിതറുന്ന ഭ്രാന്തി
അവന്റെ വികൃതികള്‍ ഉത്സവമാക്കുന്ന ആസ്വാദക
അവന്റെ കൊഞ്ചല്‍  വേദമാക്കുന്ന ആരാധിക
അവനെ മാറോട് ചേര്ക്കുമ്പോള്‍  അവനൊഴികെ മറ്റൊന്നും ഇല്ലെന്നു
അറിയുന്ന   അമ്മ
ഇന്ന് ഞാന്‍ അമ്മ 
Show less

Monday, September 8, 2014

1. ജെയിംസ്  
സെബീദിയുടെ പുത്രന്‍ 

ഭൂമിയിലെ രാജ്യങ്ങളെ കുറിച്ച് 



വസന്തകാലത്തെ ഒരു ദിവസം യേശു യെരൂശലേമിലെ വീഥിയില്‍ നിന്ന് ജനങ്ങളോട് സ്വര്‍ഗ്ഗ രാജത്തെ കുറിച്ച് പറഞ്ഞു .

അവന്‍  ചുങ്കക്കാരും ഫരീസ്യരും സ്വര്‍ഗരാജ്യം ആഗ്രഹിക്കുന്നവരുടെ വഴികളില്‍ കെണികളും ചതിക്കുഴികളും  നിര്‍മ്മിക്കുന്നതിനെ അപലപിച്ചു, അവന്‍  അവരെ തള്ളിപറഞ്ഞു .

ജനകൂട്ടത്ത്തില്‍ ചുങ്കക്കാരെയും ഫരീസ്യരെയും  അനുകൂലിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഉണ്ടായിരുന്നു അവര്‍ യേശുവിനെയും ഞങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു .

എന്നാല്‍ അവന്‍ അവരെ ഒഴിവാക്കി , അവരില്‍ നിന്ന് മാറി നഗരത്തിന്റെ വടക്കെ കവാടത്തിലേക്ക് നടന്നു.

അവന്‍ ഞങ്ങളോട് പറഞ്ഞു , "എന്റെ സമയം ആയില്ല . എനിക്ക് ഇനിയും നിങ്ങളോട് കുറെ അധികം പറയാനുണ്ട് . പല കാര്യങ്ങളും ചെയ്യാനുണ്ട്,  ഞാന്‍ എന്നെ ലോകത്തിനു വേണ്ടി സമര്‍പ്പിക്കുന്നതിനു മുന്പ് "

പിന്നീട് അവന്‍ പറഞ്ഞു , അവന്റെ സ്വരത്തില്‍ ആനന്ദവും ചിരിയും നിറഞ്ഞിരുന്നു ,
"നമുക്ക് വടക്കന്‍ രാജ്യത്തേക്ക് പോകാം , വസന്തത്തെ സ്വീകരിക്കാം . എന്റെ കൂടെ മലമുകളിലേക്ക് വരിക , ശിശിരം കഴിയാറായി   താഴ്വാരത്തിലെ അരുവികള്‍ക്കൊപ്പം പാടാന്‍ ലെബനനിലെ മഞ്ഞുരുകി താഴോട്ടിറങ്ങുന്നു .

വയലുകളും മുന്തിരിതോപ്പുകളും നിദ്ര വെടിഞ്ഞു, ഇളം മുന്തിരികളും പച്ച അത്തിക്കായ്കളും  നീട്ടി   സൂര്യനെ വന്ദിക്കാന്‍ ഒരുങ്ങുന്നു .

അവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു ഞങ്ങള്‍ അന്നും  അടുത്ത  ദിവസവും  അവനെ പിന്തുടര്‍ന്നു .

മൂന്നാം ദിവസം വൈകുന്നേരം ഞങ്ങള്‍ ഹെര്മോന്‍ കുന്നില്‍ മുകളില്‍ എത്തിച്ചേര്‍ന്നു.. അവന്‍ നഗരങ്ങളെയും സമതലങ്ങളെയും നോക്കി നിന്നു.

അവന്റെ മുഖം കാച്ചിയ തങ്കം പോലെ തിളങ്ങി . കൈകള്‍ വിടര്‍ത്തി അവന്‍ ഞങ്ങളോട് പറഞ്ഞു, " പച്ചയുടുത്ത  ഭൂമിയെ നോക്കൂ , അവളുടെ ഉടയാടയില്‍ അരുവികള്‍ വെള്ളി നെയ്തതു എത്ര മനോഹരമായാണ് .

"സത്യമായും ഭൂമി സുന്ദരിയാണ് . അവളില്‍ വസിക്കുന്നതൊക്കെ സുന്ദരവും "

"എന്നാല്‍ നിങ്ങള്‍ ഈ കാണുന്നതിനൊക്കെ അപ്പുറം ഒരു രാജ്യമുണ്ട് . അവിടെ ഞാന്‍ വാഴും. നിങ്ങള്‍ക്ക് സമ്മതമെങ്കില്‍ അത് നിങ്ങളുടെ ഇംഗിതം തന്നെയെങ്കില്‍ നിങ്ങളും വന്നു  എനിക്കൊത്തു വാഴും "

എന്റെയും നിങ്ങളുടെയും മുഖങ്ങള്‍ മുഖപടങ്ങള്‍ അണിയില്ല. നമ്മുടെ കയ്യുകള്‍ വാളുകളോ ചെങ്കോലോ ഏന്തില്ല, നമ്മുടെ പ്രജകള്‍ സ്വച്ഛമായി നമ്മെ സ്നേഹിക്കും ഒരിക്കലും ഭയക്കില്ല ."

യേശു അങ്ങനെ പറഞ്ഞപ്പോള്‍ ,   ഭൂമിയിലെ  എല്ലാ രാജ്യങ്ങളും, നഗരങ്ങളും, ഗോപുരങ്ങളും കോട്ടമതിലുകളും  എനിക്ക് അന്യമായി . എന്റെ ഹൃദയത്തില്‍ നാഥനെ അദ്ദേഹത്തിന്റെ രാജ്യത്തേക്ക് അനുഗമിക്കുക എന്നൊന്ന് മാത്രമായി .

അപ്പൊ ആ സമയത്ത് ഇസ്കാരിയത്തിലെ യൂദാസ് മുന്നിലേക്ക്‌ വന്നു . യേശുവിനു അടുത്തേക്ക് ചെന്ന് ഇങ്ങനെ പറഞ്ഞു , " നോക്കൂ ! ഭൂമിയിലെ രാജ്യങ്ങള്‍ വിസ്ത്രുതമാണ് , ദാവൂദിന്റെയും ശലോമോന്റെയും നഗരങ്ങള്‍ റോമാക്കാരെ തോല്‍പ്പിക്കും . നീ യഹൂദരുടെ രാജാവായി വാഴുമെങ്കില്‍ ഞങ്ങള്‍ നിനക്ക് ചുറ്റും വാളും പരിചയും ഏന്തി നില്‍ക്കും , നമ്മള്‍ ശത്രുക്കളെ ജയിക്കും "

ഇത് കേട്ട് യേശു യൂദാസിനു നേരെ തിരിഞ്ഞു . അവന്റെ മുഖത്ത് കോപം തുളുമ്പി. മാനത്തെ ഇടി മുരള്‍ച്ച പോലെ മുഴങ്ങിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു " എന്നില്‍ നിന്ന് മാറിപോ സാത്താനെ. ഞാന്‍ ഇത്രയും കാലത്തിനു ശേഷം വന്നത് ഒരു ദിവസം ഒരു  മണ്‍കൂനയുടെ രാജാവാവാന്‍ എന്ന് കരുതുന്നുവോ ?

എന്റെ സിംഹാസനം നിന്റെ കാഴ്ചക്കുമപ്പുറം  ഉള്ളതാണ്. ഭൂമിയെ ചിറകില്‍ ഒതുക്കാനാവുന്നവന്‍ കിളി ഉപേക്ഷിച്ചു മറന്ന ഒരു  കിളികൂട്ടില്‍ ആശ്രയം തേടുമോ ?

ജീവിച്ചിരിക്കുന്നവന്‍ ശവകച്ചയാല്‍ ബഹുമാനിതനും വാഴ്തപെട്ടവനും ആകുമോ ?

എന്റെ രാജ്യം ഈ ഭൂമിയില്‍ അല്ല . എന്റെ സിംഹാസനം നിന്റെ പ്രപിതാക്കളുടെ  തലയോടുകള്‍ക്ക് പുറത്ത് ഉറപ്പിച്ചതുമല്ല.

ആത്മാവിന്റെ സാമ്രാജ്യം അല്ല നീ അന്വേഷിക്കുന്നത് എങ്കില്‍ എന്നെ ഇവിടെ വിട്ടു  മരിച്ചവരുടെ ഗുഹയിലേക്ക് ചെല്ലുക. പോയകാലങ്ങളിലെ  ,കിരീടം ധരിച്ച തലകള്‍ , അവിടെ ശവകല്ലറകളില്‍ ദര്‍ബാര്‍ നടത്തുന്നുണ്ടാവും .. അവര്‍ ഇപ്പോഴും നിങ്ങളുടെ പിതാമാഹരുടെ അസ്ഥികള്‍ക്ക്  ബഹുമതികള്‍ അര്‍പ്പിക്കുന്നുണ്ടാവും .

ഒരു ചവറു കിരീടം കാട്ടി എന്നെ മോഹിപ്പിക്കാന്‍ ശ്രമിക്കുന്നോ , എന്റെ ഈ   നക്ഷത്ര കിരീടം തേടുന്ന ശിരസ്സില്‍ ചാര്‍ത്താന്‍ .. അതല്ലെങ്കില്‍ നിങ്ങളുടെ മുള്‍ക്കിരീടം ?

ഒരു വിസ്മരിക്കപെട്ട  ജനതയുടെ സ്വപ്നം അല്ലായിരുന്നെങ്കില്‍ എന്റെ ക്ഷമക്ക് മേല്‍ നിന്റെ സൂര്യനുദിക്കാനോ, നിന്റെ ചന്ദ്രന്‍ എന്റെ നിഴല്‍ നിന്റെ വഴിയില്‍ പതിക്കാനോ ഞാന്‍ ഇട വരുത്തുമായിരുന്നില്ല .

ഒരു അമ്മയുടെ ഇച്ഛയല്ലായിരുന്നു എങ്കില്‍, ഈ പൊതിഞ്ഞു കെട്ടിയ വസ്ത്രം ഉപേക്ഷിച്ചു ഞാന്‍ ശൂന്യതയിലേക്ക് അലിഞ്ഞു ചേര്‍ന്നേനെ .

നിങ്ങള്‍ എല്ലാവരിലും ഉള്ള ഈ ദുഃഖത്തെ  അറിയുന്നില്ലെങ്കില്‍   വിലപിക്കാന്‍ ഞാന്‍ ഒരുങ്ങുമായിരുന്നില്ല "

ആരാണ്, എന്താണ്, നീ യൂദാസ് ഇസ്ക്കാരിത്ത് ? നീ എന്തിനാണ് എന്നെ പ്രലോഭിക്കുന്നത് ?

നീ സത്യമായും എന്നെ അളന്നു തൂക്കി ,  നിന്റെ വെറുപ്പില്‍ മാത്രം വസിക്കുന്നവയും നിന്റെ ഭീതികളിലേക്ക് പടയോട്ടം നടത്തുകയും ചെയ്യുന്ന നിന്റെ ശത്രുക്കള്‍ക്കെതിരെ, പിഗ്മികളുടെ കൂട്ടങ്ങളെയും, രൂപമില്ലാത്ത രഥങ്ങളെയും നയിക്കാന്‍ യോഗ്യന്‍ എന്ന് കണ്ടെത്തിയോ ?

എന്റെ കാല്‍ കീഴില്‍ അരിക്കുന്ന ക്ഷുദ്രജീവികള്‍ അസംഖ്യം. പക്ഷെ ഞാന്‍ അവയോടു  മല്ലിടാന്‍ തയ്യാറല്ല .  എനിക്കീ തമാശ മടുത്തിരിക്കുന്നു. എനിക്ക്, ഞാന്‍ അവരുടെ കൊട്ടകൊത്തലങ്ങള്‍ക്കുള്ളില്‍ സഞ്ചരിക്കാത്തതു ഭീരുവായത് കൊണ്ട് എന്ന് കരുതുന്ന  ഈ ഇഴജീവികളോട് സഹതപിച്ചു മടുത്തിരിക്കുന്നു.

അന്ത്യം വരെയും ഞാന്‍ ഇങ്ങനെ സഹതപിച്ചു കൊണ്ടിരിക്കണമല്ലോ എന്നത് കഷ്ടം തന്നെ . ഞാന്‍ കുറച്ചു കൂടി വലിയ മനുഷ്യര്‍ ജീവിക്കുന്ന ലോകത്തേക്ക് മാറി നടക്കണോ . പക്ഷെ എങ്ങനെ ?

നിങ്ങളുടെ പുരോഹിതര്‍ക്കും ചക്രവര്‍ത്തിക്കും എന്റെ ചോരവേണം . ഞാന്‍ ഇവന്നു പോകുന്നതിനു മുന്‍പ് അവരുടെ ആഗ്രഹം സഫലമാകും . നിയമത്തിന്റെ വഴിയെ ഞാന്‍ തടസ്സപെടുത്തില്ല . ഞാന്‍ മൂഢതായേ പരിപാലിക്കുകയും ഇല്ല .

അജ്ഞത , അജ്ഞതക്ക് ജന്മം നല്കിക്കൊണ്ടേ ഇരിക്കട്ടെ ,സ്വന്തം സന്തന്തിയെ  അതിനു മടുത്തമ്പുന്നത് വരെ .

അന്ധരെ അന്ധര്‍ ചാതിക്കുഴികളിലേക്ക് നയിച്ച്‌ കൊണ്ടേ ഇരിക്കട്ടെ .

മൃതര്‍ മരിച്ചവരെ അടക്കി കൊണ്ടേ ഇരിക്കട്ടെ ഭൂമി അതിന്റെ കയ്ക്കുന്ന പഴങ്ങള്‍ നിറഞ്ഞു ഞെരുങ്ങുന്നത് വരെ .

എന്റെ രാജ്യം ഈ ഭൂമിയിലെത് അല്ല . എന്റെ രാജ്യം , നിങ്ങള്‍ രണ്ടോ മൂന്നോ പേര്‍  , ജീവന്റെ നിറവിലും ഭംഗിയിലും അനുരക്തരായി,  ആനന്ദത്തില്‍ , എന്നോടുള്ള സ്നേഹത്താല്‍ ഒന്നിക്കുന്നിടത്താണ്

എന്നിട്ട് അവന്‍ പെട്ടെന്ന് യൂദാസിനു നേരെ തിരിഞ്ഞു പറഞ്ഞു ," മാറിപോ മനുഷ്യാ, നിന്റെ രാജ്യങ്ങള്‍ ഒരിക്കലും എന്റെ രാജ്യത്താവില്ല. 

സന്ധ്യയായി . അവന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു, " നമുക്ക് താഴെക്കിറങ്ങാം .  രാത്രിയാവുന്നു . നമുക്ക് വെളിച്ചം നമ്മോടൊത്തുള്ളപ്പോള്‍ വെളിച്ചത്തോടൊപ്പം നടക്കാം .

അവന്‍ കുന്നിറങ്ങി. ഞങ്ങള്‍ അവനെ പിന്തുടര്‍ന്നു, യൂദാസും വളരെ ദൂരെയായി ഞങ്ങളെ പിന്തുടര്‍ന്നു . 

ഞങ്ങള്‍ താഴ്വാരത്ത് എത്തിയപ്പോള്‍ രാത്രിയായിരുന്നു .

ദയോഫനെസിന്റെ പുത്രന്‍ തോമസ്‌ അവനോടു പറഞ്ഞു , " നാഥാ , ഇരുട്ടായി, ഞങ്ങള്‍ക്ക് വഴികാണാന്‍ കഴിയില്ല. അങ്ങാഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങളെ, ദൂരെ വിളിച്ചമുള്ള   ആ ഗ്രാമത്തിലേക്ക്  നയിക്കുക .  അവിടെ  ഞങ്ങള്‍ക്ക് ഭക്ഷണവും  അഭയവും ലഭിക്കും .

യേശു തോമസിനോട് പറഞ്ഞു . നിങ്ങള്‍ വിശന്നിരുന്നപ്പോള്‍  ഞാന്‍ നിങ്ങളെ ഉയരങ്ങളിലേക്ക് നയിച്ച്‌ . കഠിനതാരമായ  വിശപ്പുമായി ഞാന്‍ നിങ്ങളെ താഴെ സമതലത്തിലേക്ക് കൊണ്ട് വന്നു . പക്ഷെ ഈ രാത്രി എനിക്ക് നിങ്ങള്‍ക്കൊപ്പം കഴിയാന്‍  വയ്യ. എനിക്ക് ഏകനായിരിക്കണം .

അപ്പോള്‍ ശീമോന്‍ പത്രോസ് മുന്നിലേക്ക്‌ വന്നു പറഞ്ഞു :

നാഥാ, ഞങ്ങളെ ഇരുളില്‍ തനിച്ചാക്കല്ലേ . ഞങ്ങളെ നിനക്കൊപ്പം ഈ വഴിയരികില്‍ കഴിയാനനുവദിക്കുക . രാത്രിയും അതിന്റെ നിഴലുകളും നീങ്ങും, വേഗം തന്നെ പ്രഭാതത്തിന്റെ വെളിച്ചമെത്തും , നീ ഞങ്ങള്‍ക്കൊപ്പം ഇരിക്കുമെങ്കില്‍.

യേശു പ്രതിവചിച്ചു, " ഈ രാത്രി കുറുനരികള്‍ക്ക് അവരുടെ മാളം ഉണ്ട് , ആകാശത്തിലെ പറവകള്‍ക്ക് അവരുടെ കൂടുകളും , എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഈ ഭൂമിയില്‍ ഇടമില്ല. ഞാന്‍ ഇപ്പോള്‍ പോയി തന്നെ ആകണം. എന്നെ കാണണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്ക്ക്  വീണ്ടും എന്നെ ഞാന്‍ നിങ്ങളെ കണ്ട ആ തടാകക്കരയില്‍ വെച്ച് കാണാം.

ദുഃഖഭാരത്തോടെ ഞങ്ങള്‍  മുന്നോട്ടു നടന്നു  . അവനെ വിട്ടുപോരുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല .

പല പ്രാവശ്യം ഞങ്ങള്‍ നിന്ന് അവനെ തിരിഞ്ഞു നോക്കി . അവന്‍ ഏകനായി പ്രൌഢിയില്‍ പടിഞ്ഞാറോട്ട് നടക്കുന്നത് കണ്ടു .

 ഞങ്ങളില്‍, അവന്‍ ഏകനായി പോകുന്നത് കാണുന്നതിനു തിരിഞ്ഞു നോക്കാതിരുന്ന ഒരേ ഒരു മനുഷ്യര്‍ യൂദാസ് ഇസ്കാരിയത്  ആയിരുന്നു .

ആ ദിവസം മുതല്‍ യൂദാസ് മുനിഞ്ഞും  മറ്റുള്ളവരോടു അകന്ന ഭാവത്തോടു കൂടിയും  ആയി തീര്‍ന്നു . അവന്റെ കണ്ണുകള്‍ക്കുള്ളില്‍ അപകടം പതിയിരിക്കുന്ന പോലെ എനിക്ക് തോന്നി .






 2. അന്ന  --  മേരിയുടെ അമ്മ 


(യേശുവിന്റെ ജനനത്തെ കുറിച്ച് )




എന്റെ മകളുടെ പുത്രന്‍ യേശു ജനിച്ചത്‌, ഇവിടെ നസറേത്തിലാണ്, ജനുവരി മാസത്തില്‍ . യേശു ജനിച്ച രാത്രിയില്‍ ഞങ്ങളെ കിഴക്കുനിന്നുള്ള മനുഷ്യര്‍ സന്ദര്‍ശിച്ചു. ഈജിപ്റ്റ്‌ ലെക്കുപോകുന്ന മദീനത്ത്കാരുടെ സാര്‍ത്ഥവാഹക സംഘങ്ങളുടെ കൂടെ ഇസ്രേലില്‍ എത്തിചേര്‍ന്ന പേര്‍ഷ്യാക്കാരായിരുന്നു അവര്‍ . അവര്‍ക്ക് സത്രങ്ങളില്‍ താമസിക്കാനിടം ലഭിക്കാതിരുന്നത് കൊണ്ട് ഞങ്ങളുടെ വീട്ടില്‍ പാര്‍പ്പിടം തേടി വന്നതായിരുന്നു .

അവരെ സ്വീകരിച്ചു കൊണ്ട് ഞാന്‍ അവരോടു പറഞ്ഞു , " ഈ രാത്രി എന്റെ മകള്‍ ഒരു പുത്രന് ജന്മം നല്‍കിയിരിക്കുന്നു . ഒരു നല്ല ആതിഥേയക്കൊത്തവണ്ണം നിങ്ങളെ പരിചരിക്കുന്നതില്‍ എനിക്കുള്ള വീഴ്ചകള്‍ എന്തെങ്കിലും വന്നു എങ്കില്‍ പൊറുക്കുക."

അവര്‍ പാര്‍പ്പിടം കൊടുത്തതില്‍ നന്ദി പറഞ്ഞു . അത്താഴം കഴിച്ചതിനു ശേഷം അവര്‍ എന്നോട് പറഞ്ഞു , " ഞങ്ങള്‍ നവജാതനെ കാണാന്‍ ആഗ്രഹിക്കുന്നു ."

മേരിയുടെ പുത്രന്‍ കാണാന്‍ സുന്ദരനായിരുന്നു , മേരിയും അഴകുള്ളവള്‍ തന്നെ ആയിരുന്നു .

പേര്‍ഷ്യാക്കാര്‍ മേരിയേയും കുഞ്ഞിനേയും കണ്ടപ്പോള്‍, അവര്‍ അവരുടെ മാറാപ്പില്‍ നിന്നും സ്വര്‍ണ്ണവും, വെള്ളിയും, മൂറും, കുന്തിരിക്കവും എടുത്തു കുഞ്ഞിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു .

എന്നിട്ട് അവര്‍ അവനെ നമസ്കരിച്ചു ഞങ്ങള്‍ക്ക് മനസ്സിലാവാത്ത ഏതോ അജ്ഞാത ഭാഷയില്‍ പ്രാര്‍ഥിചു .

പ്രഭാതമായപ്പോള്‍ അവര്‍ ഞങ്ങളുടെ വീട് വിട്ടു ഈജിപ്റ്റ്‌ ലേക്ക് ഉള്ള വഴിയിലൂടെ യാത്ര തിരിച്ചു .

പോകാന്‍ നേരത്ത് അവര്‍ എന്നോട് പറഞ്ഞു , " ഈ കുഞ്ഞു ജനിച്ചു ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ വെളിച്ചം അവന്റെ കണ്‍കളില്‍ കാണുന്നു , ഈ ചുണ്ടുകളില്‍ അവന്റെ മന്ദഹാസവും .

നിങ്ങളോട് അവനെ സുരക്ഷിതനാക്കി വെക്കാന്‍ ഞങ്ങള്‍ ആവശ്യപെടുന്നു . അവന്‍ നിങ്ങളെ എല്ലാം രക്ഷിക്കെണ്ടതിലേക്ക് .

അങ്ങനെ പറഞ്ഞു അവര്‍ അവരുടെ ഒട്ടകപുറത്തേറി യാത്രതിരിച്ചു . പിന്നീട് ഞങ്ങള്‍ അവരെ ഒരിക്കലും കണ്ടിട്ടേ ഇല്ല .

അവളുടെ ആദ്യപുത്രനില്‍ മേരി അതീവ സന്തുഷ്ടയായിരുന്നു , വിസ്മയവും , ആശ്ചര്യവും നിറഞ്ഞവളും.

അവള്‍ കുഞ്ഞിന്റെ മുഖത്ത് നോക്കി , പിന്നീട് മുഖം ജനാലയിലേക്ക് തിരിച്ചു വിദൂര ചക്രവാളത്തെ നോക്കിയിരിക്കും. മുന്നില്‍ എന്തോ വെളിപാടുകള്‍ തെളിയുന്ന പോലെ .

അവളുടെയും എന്റെയും ഹൃദയങ്ങള്‍ക്കിടക്ക് വിസ്തൃതമായ താഴ്വാരങ്ങള്‍ രൂപപെട്ടപോലെ .

കുഞ്ഞു, ശക്തിയിലും തേജസിലും വളര്‍ന്നു. അവന്‍ മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നു . അവന്‍ അകല്‍ച്ച പാലിക്കുന്നവനും നിയന്ത്രിക്കാന്‍ വിഷമമുള്ളവനും ആയിരുന്നു . അവനെ ശിക്ഷിക്കാന്‍ എനിക്കാവുമായിരുന്നില്ല .

അവന്‍ നസറേത്തിലെ ഏവര്‍ക്കും പ്രിയപെട്ടവന്‍ ആയിരുന്നു . എന്റെ ഉള്ളില്‍ അതിന്റെ കാരണം വ്യക്തമായിരുന്നു .

പലപ്പോഴും അവന്‍ വീട്ടിലെ ഭക്ഷണം എടുത്തു വഴിപോക്കര്‍ക്കു കൊടുക്കും . അവന് ഞാന്‍ നല്‍കിയ മധുരപലഹാരങ്ങള്‍ എടുത്തു മറ്റു കുട്ടികള്‍ക്ക് കൊടുക്കും, അത് ഒരു വായ്‌ പോലും രുചിച്ചു നോക്കാതെ.

അവന്‍ എന്റെ തോട്ടത്തിലെ മരങ്ങളില്‍ കയറി പഴങ്ങള്‍ പറിക്കും . ഒരിക്കലും അവനു തിന്നാനല്ല .
ചിലസമയം അവന്‍ മറ്റു കുട്ടികളും ആയുള്ള ഓട്ടമത്സരത്തില്‍ അവനു വേഗം ഏറുമെങ്കിലും അവര്‍ അവനു മുന്‍പു ലക്ഷ്യസ്ഥാനത്തെത്താന്‍ സ്വയം വേഗത കുറയ്ക്കും.

ചിലപ്പോള്‍ ഞാന്‍ അവനെ ഉറക്കാന്‍ കിടത്തുമ്പോള്‍ അവന്‍ പറയും " എന്റെ അമ്മയോടും മറ്റുള്ളവരോടും പറയൂ എന്റെ ശരീരം മാത്രമേ ഉറങ്ങുന്നുള്ളൂ . എന്റെ മനസ്സ് അവരുടെ മനസ്സുകള്‍ എനിക്കൊപ്പം ഉണരുന്നതു വരെ അവരുടെ കൂടെ തന്നെ ആയിരിക്കും .

അങ്ങനെ പല അത്ഭുതകരമായ വാക്കുകളും അവന്‍ കുട്ടിയായിരുന്നപ്പോള്‍ പറഞ്ഞിരുന്നു .. എല്ലാം എനിക്ക് പ്രായാധിക്യം കാരണം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .

ഇപ്പോള്‍ അവര്‍ പറയുന്നു ഇനി ഒരിക്കലും ഞാന്‍ അവനെ കാണില്ലെന്ന് . അവര്‍ പറയുന്നത് ഞാന്‍ എങ്ങനെ വിശ്വസിക്കും ?

അവന്റെ ചിരി ഞാന്‍ ഇപ്പോഴും കേള്‍ക്കുന്നു , വീടിനകത്ത് അവന്‍ ഓടിനടക്കുന്നതിന്റെ കാല്‍പെരുമാറ്റങ്ങളും . ഞാന്‍ അവന്റെ അമ്മയുടെ കവിളില്‍ ചുംബിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ അവന്റെ സുഗന്ധം അറിയുന്നു.. അവന്റെ ശരീരം എന്റെ കൈകളില്‍ നിറയുന്നതും .

പക്ഷെ എന്റെ മകള്‍ അവളുടെ ആദ്യപുത്രനെ കുറിച്ച് സംസാരിക്കുന്നെ ഇല്ല എന്നത് വിചിത്രമായിരിക്കുന്നു .

ചിലപ്പോള്‍ എനിക്ക് അവനോടുള്ള സ്നേഹം അവള്‍ക്കുള്ളതിനേക്കാള്‍ അധികമായിരിക്കാം . അവള്‍ ഒരു വെങ്കലപ്രതിമയെ പോലെ ഉറച്ചു നില്‍ക്കുന്നു എന്റെ ഹൃദയം ഒരു അരുവിയായി ഉരുകി ഒഴുകുമ്പോള്‍ .

എനിക്കറിയാത്തതു എന്തോ അവള്‍ക്കറിയുമായിരിക്കാം . അവള്‍ അത് എന്നെയും അറിയിച്ചെങ്കില്‍ !!! ..



3. ടയറിലെ പ്രാസംഗികനായ അസ്സാഫ് 

യേശുവിന്റെ പ്രഭാഷണങ്ങളെ പറ്റി

എന്ത് പറയാനാണ് ഞാന്‍ അവന്റെ പ്രഭാഷണങ്ങളെ കുറിച്ച്? അവന്റെ വ്യക്തി പ്രഭാവം അവന്റെ വാക്കുകളില്‍ ശക്തി ചേര്‍ത്തതാവാം , അവനെ ശ്രദ്ധിച്ചവരെ അവനിലേക്ക്‌ ആകര്‍ഷിച്ചത്.  അവന്‍ അഴകേറിയവനായിരുന്നു . പകലിന്റെ വെളിച്ചം അവന്റെ മുഖത്ത് പ്രതിഫലിച്ചു .

അവന്റെ വാദഗതികളേക്കാള്‍  സ്ത്രീപുരുഷന്മാര്‍ അവന്റെ  ആകൃതിയില്‍ ആകൃഷ്ടരായിരുന്നു . എങ്കിലും ചിലപ്പോള്‍ അവന്‍ ആവേശിക്കപെട്ടവന്റെ തീഷ്ണതയോടെ സംസാരിച്ചു ആ അശരീരിക്ക്, അവന്റെ വാക്കുകള്‍ കേള്‍ക്കുന്നവരെ നയിക്കാന്‍ ഉള്ള ആജ്ഞാശക്തിയുണ്ടായിരുന്നു .

എന്റെ കുഞ്ഞുനാളില്‍  ഞാന്‍  റോമാ യിലെയും ആതന്‍സിലെയും പ്രഭാഷകരെ കേട്ടിട്ടുണ്ട് . ഈ നസരിയാക്കാരന്‍  യുവാവ് അവരെയൊന്നും പോലെ ആയിരുന്നില്ല .

അവര്‍ ശ്രവണസുഖത്തിനു വാക്കുകളെ ഇണക്കി ചേര്‍ത്തു. എന്നാല്‍ അവന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം നിങ്ങളെ വിട്ടു ഇന്ന് വരെ കാണാത്ത ലോകങ്ങളില്‍ സഞ്ചരിക്കും 

അവന്‍ ഒരു കഥ പറയും അല്ലെങ്കില്‍ ഒരു നീതിസാരം . അവന്റെ  കഥകളെയോ നീതിസാരങ്ങളെയോ പോലുള്ളവ സിറിയയില്‍ ഇന്ന് വരെ ആരും  കേട്ടിട്ടേ ഇല്ല . അവന്‍ അവയെ ഋതുക്കളില്‍ നിന്ന് ഇഴചേര്‍ത്തവ എന്ന് തോന്നും.  കാലം സംവത്സരങ്ങളെയും തലമുറകളെയും ഇഴചേര്‍ക്കുന്നപോലെ .

അവന്‍ ഒരു കഥ ഇങ്ങനെ തുടങ്ങും : ഉഴവക്കാരന്‍ വിത്തുകള്‍ വിതക്കാന്‍ വയലിലേക്കു പോയി."

അല്ലെങ്കില്‍ , " ഒരിക്കല്‍ വളരെ വിശാലമായ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥനായി ഒരു ധനികന്‍ ഉണ്ടായിരുന്നു ,"

അല്ലെങ്കില്‍,  "വൈകുന്നേരം ഒരു ആട്ടിടയന്‍ അവന്റെ ആടുകളെ എണ്ണിന്നോക്കുമ്പോള്‍ ഒരാടു നഷ്ടപെട്ടത് അറിഞ്ഞു "

അത്തരം വാക്കുകള്‍ അവന്റെ കേള്‍വിക്കാരെ അവരുടെ ലളിത ജീവിതത്തിലേക്ക് , അവരുടെ പഴമകളിലെ ഓര്‍മ്മകളിലേക്ക് നയിച്ചു.

ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം ഉഴവക്കാരാണ്. മുന്തിരിതോപ്പുകളെ സ്നേഹിക്കുന്നവരും . നമ്മുടെ എല്ലാം  ഓര്‍മ്മകളിലെ മേച്ചില്‍ പുറങ്ങളില്‍ ഒരു ആട്ടിടയനും ആട്ടിന്‍ പറ്റവും വഴിതെറ്റിയ ആട്ടിന്‍ കുട്ടിയുമുണ്ട് .

അവിടെ കലപ്പയും, വീഞ്ഞ് നിര്‍മ്മാണശാലകളും, മെതിയിടങ്ങളും ഉണ്ട്  .

അവന്‍ നമ്മുടെ പ്രാഗ്ഭാവനകളെ അറിഞ്ഞു , നമ്മെ നിത്യമായി നെയ്തു കൊണ്ടിരിക്കുന്ന  തന്തുക്കളെയും .

ഗ്രീക്ക്  റോമന്‍ പ്രഭാഷകര്‍ അവരുടെ  കേള്‍വിക്കാരോട് ജീവിതത്തെ പറ്റി അവരുടെ മനസിനോടാണ്  സംസാരിച്ചത്  . നസരിയാക്കാരന്‍  ഹൃദയത്തില്‍ചേക്കേറിയ ഒരു  മോഹത്തോട് സംവദിച്ചു.

അവര്‍ നിങ്ങളെയോ എന്നെയോ ക്കാള്‍ കുറച്ചു  കൂടുതല്‍   വ്യക്തതയോടെ  മാത്രം ജീവിതത്തെ കണ്ടു . അവന്‍  ജീവിതത്തെ ദൈവീക പ്രകാശത്തില്‍ ദര്‍ശിച്ചു .

ഞാന്‍ പലപ്പോഴും കരുതി അവന്‍ ജനകൂട്ടത്തോട്  മേരു സമതലത്തോട് എന്നപോലെ ആണ് സംസാരിക്കുന്നത് എന്ന് .

അവന്റെ ഭാഷണത്തില്‍,  ആതന്‍സിലെയോ രോമായിലെയോ പ്രഭാഷകര്‍ക്ക വഴങ്ങാതിരുന്ന ഒരു പ്രഭാവം എപ്പോഴും  അനുഭവപെട്ടിരുന്നു 
  


Saturday, August 30, 2014

The drop in the ocean .



ആ വിളിയുടെ തീഷ്ണത അറിയുമ്പോഴും
നിസ്സംഗമായ ആ മഹാമൌനത്തെ തൊടുമ്പോഴും,
ചേരുവയിലും കലര്പ്പിലും ഭേദമില്ലല്ലോ എന്ന അമ്പരപ്പിലും
മായ മാത്രമായ, ഇല്ലെന്നുതന്നെ തിരിച്ചറിയുന്ന
ഈ സുതാര്യ പടം എന്തേ മായാത്തത്.
ഈ തുള്ളി എന്തേ അലിയാത്തത്.
തിരിച്ചറിവ്, അറിവാവാത്തത് !! 




Hearing that Call loud and clear
Touching that tremendous Waiting
Wondering at the likeness of the texture
Even realizing that it is just an illussion and not there
Why this transparent, gossamer, film cannot be dissolved !!
Why not, this stubborn drop, give up its doggedness.
Why realization is not entering me as a Knowing !!