Saturday, January 18, 2014


 53. പോംപേക്കാരന്‍ മാന്നുസ്  ഗ്രീക്കുകാരനോട് 

യഹൂദരുടെ ദൈവത്തെ പറ്റി

യഹൂദര്‍, അവരുടെ അയല്‍ക്കാര്‍ ആയ ഫിനീഷ്യരെയും, അറബികളെയും പോലെ തന്നെ അവരുടെ ദൈവങ്ങളെ ആകാശത്ത്  ഒരു മാത്ര വിശ്രമിക്കാന്‍ അനുവദിക്കില്ല .

അവര്‍ അവരുടെ ദൈവത്തെ പറ്റി സദാ ശ്രദ്ധാലുക്കളാണ്  മറ്റുള്ളവരുടെ ഭക്തിയെയും അനുഷ്ടാനങ്ങളെയും കുറിച്ച് അതീവ ജാഗരൂകരും

നമ്മള്‍ റോമക്കാര്‍ നമ്മുടെ ദൈവങ്ങള്‍ക്ക്  വെണ്ണക്കല്‍ മന്ദിരങ്ങള്‍ പണിയുമ്പോള്‍ അവര്‍ അവരുടെ ദൈവത്തിന്റെ പ്രകൃതിയെ കുറിച്ച് ചര്‍ച്ചചെയ്യും. നമ്മള്‍ ആനന്ദലഹരിയില്‍ ജൂപിറ്ററിന്റെ, ജൂനോവിന്റെ, മാര്‍സിന്റെ, വീനസിന്റെ മണ്ഡപങ്ങള്‍ക്ക് ചുറ്റും പാട്ട് പാടി നൃത്തം ചെയ്യമ്പോള്‍ ഇവര്‍ ഭക്ത്യാതിരേകത്താല്‍  ചാക്ക്തുണി ധരിച്ചു തലയില്‍ ഭസ്മം പൂശും .. അവര്‍ ജനിച്ച ദിവസത്തെ കുറിച്ച് പരിതപിക്ക പോലും ചെയ്യും .

യേശുവിനെ , ദൈവത്തെ ഒരു ആനന്ദ ഭാവമായി കണ്ട അവനെ , അവര്‍ പീഡിപ്പിച്ചു , പിന്നീട് കൊന്നു കളയുകയും ചെയ്തു .

ഇവര്‍ സന്തുഷ്ടനായ ഒരു ദൈവത്തില്‍ ഒരിക്കലും സന്തോഷിക്കില്ല . അവര്‍ അവരുടെ വേദനകളിലെ ദൈവത്തെ മാത്രം അറിയുന്നു .

അവന്റെ ആഹ്ലാദം അറിഞ്ഞ , അവന്റെ ചിരി കാതുകളില്‍ മുഴങ്ങിയതോര്‍ക്കേണ്ട അവന്റെ സുഹൃത്തുക്കളും ശിഷ്യരും പോലും, അവന്റെ പീഡാനുഭവത്തിന്റെ രൂപം മെനഞ്ഞു അതിനെ ആരാധിക്കുന്നു .

ആ ആരാധനയില്‍ അവര്‍  അവനിലേക്ക്‌  സ്വയം  ഉയര്‍ത്തുകയല്ല , അവനെ അവരിലേക്ക്‌  ഇകഴ്തുകയാണ്  .

എങ്കിലും ഞാന്‍ കരുതുന്നു, ഈ ചിന്തകന്‍ , സോക്രട്ടീസില്‍ നിന്നും വളരെ  വ്യതിരിക്തന്‍ അല്ലാത്ത  ഈ  യേശു , അവന്റെ ജനതയുടെ മേല്‍ ആധിപത്യം നേടും , ചിലപ്പോള്‍ മറ്റു ജനതകളുടെ മേലും .

കാരണം നമ്മളെല്ലാം വിഷാദികളും സന്ദേഹികളും ആയ ജീവികള്‍ തന്നെ . ഒരാള്‍ നമ്മോടു " നമുക്ക് ദൈവങ്ങള്‍ക്കൊപ്പം ആനന്ദിക്കാം ", എന്ന് പറയുമ്പോള്‍ നമ്മള്‍ അവനെ അനുസരിക്കുന്നു.. ഈ മനുഷ്യന്റെ വേദന ഒരു അനുഷ്ടാനം ആക്കി തീര്‍ക്കുന്നത് വിചിത്രം തന്നെ .

ഈ ജനം മറ്റൊരു അഡോണിസിനെ കണ്ടെത്തും , കാട്ടില്‍ വെച്ച് വധിക്കപെട്ട ഒരു ദേവനെ, എന്നിട്ട് അവന്റെ വധം ആഘോഷിക്കും . അവന്റെ  ആഹ്ലാദം അവരില്‍  നിറയാത്തതു  ഖേദകരം .

പക്ഷെ നമുക്കും ഏറ്റു പറയാം , ഒരു  റോമാക്കാരന്‍ ഒരു ഗ്രീക്ക് കാരനോട്.  ആതന്‍സിലെ തെരുവുകളില്‍  നാം  തന്നെ  സോക്രട്ടീസിന്റെ പൊട്ടിച്ചിരികള്‍ കേള്‍ക്കാറുണ്ടോ ?  ആ വിഷപാത്രത്തെ എന്നെങ്കിലും നാം  മറക്കാറുണ്ടോ, ദയോനിസാസിന്റെ രംഗശാലയില്‍  ഇരിക്കുമ്പോള്‍ എങ്കിലും ?

നമ്മുടെ പിതാക്കളും  തെരുവോരങ്ങളില്‍,  അവരുടെ കഷ്ടങ്ങള്‍ അയവിറക്കാന്‍ , നമ്മുടെ മഹത്തുക്കളുടെ ദയനീയാന്ത്യങ്ങളെ കുറിച്ചോര്‍ത്ത് സംതൃപ്തിയുടെ ഒരു  നിമിഷം ആസ്വദിക്കാന്‍ ഇന്നും  ഒന്നിക്കാറുണ്ടല്ലോ 

(ഖലീല്‍ ജിബ്രാന്‍ -- ജീസസ് ദി സണ്‍ ഓഫ് മാന്‍ )




36. ഒരു തത്വചിന്തകന്‍

സൌന്ദര്യ വിസ്മയങ്ങളെ കുറിച്ച് 


ഞങ്ങളോടൊപ്പം കഴിഞ്ഞപ്പോള്‍ അവന്‍ ഞങ്ങളെയും ഞങ്ങളുടെ ലോകത്തെയും വിസ്മയഭരിതമായ കണ്ണുകളാല്‍ വീക്ഷിച്ചു. അവന്റെ കണ്ണുകളില്‍ കാലം പാട കെട്ടിയിരുന്നില്ല . അവന്‍ കണ്ടതെല്ലാം അവന്റെ യൌവ്വനത്തിന്റെ പ്രകാശത്തില്‍ സ്പഷ്ടവും സ്പുടവും ആയിരുന്നു .

അവന്‍ സൌന്ദര്യത്തിന്റെ ആഴങ്ങള്‍ അറിഞ്ഞിരുന്നു എങ്കിലും അവന്‍ എന്നും അതിന്റെ ശാന്തിയിലും , തേജസ്സിലും ആശ്ചര്യം കൊണ്ടു. അവന്‍ ഭൂമിയെ ആദിമനുഷ്യന്‍ ആദ്യദിവസത്തെ  കണ്ടത് പോലെ കണ്ടു .

ചേതന മരവിച്ച നമ്മള്‍ പകല്‍ വെളിച്ചത്തിലും ഒന്നിനെയും കണ്ടറിയുന്നില്ല . ചെവി കൂര്‍പ്പിക്കുമ്പോഴും  ഒന്നും കേള്‍ക്കുന്നുമില്ല. കൈനീട്ടി ഏന്തുമ്പോഴും അസ്തമനത്തെ സ്പര്‍ശിക്കുന്നില്ല.  ഷാരോണിലെ പനിനീര്‍ പൂക്കളുടെ സുഗന്ധത്തിനു നമ്മള്‍ ദാഹിക്കുന്നുമില്ല .

ഇല്ല, നമ്മള്‍ രാജ്യമില്ലാത്ത രാജാക്കന്മാരെ മാനിക്കാറില്ല . കൈവിരലുകളാല്‍ അല്ലാതെ മീട്ടപെടുന്ന വിപഞ്ചികയുടെ സ്വരം കേള്‍ക്കാറില്ല. നമ്മുടെ ഒലീവ് തോട്ടത്തില്‍ ഓടി കളിക്കുന്ന കുഞ്ഞിനെ ഒരു ഒലീവ് തയ്യായി കാണാന്‍ നമുക്കാവില്ല . നമുക്ക് എല്ലാ വാക്കുകളും നാക്കുകൊണ്ടു ഉച്ചരിക്കണം അല്ലെങ്കില്‍ നമ്മള്‍ പരസ്പരം മൂകരും ബധിരരും എന്ന് കരുതും .

സത്യത്തില്‍ നമ്മള്‍ നോക്കുന്നു എങ്കിലും കാണുന്നില്ല , കാതോര്‍ക്കും എങ്കിലും കേള്‍ക്കുന്നില്ല . നമ്മള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എങ്കിലും രുചിക്കുന്നില്ല. യേശു നസരെനും നാമും തമ്മിലുള്ള അന്തരം അതാണ്‌ .

അവന്റെ ചേതനകള്‍ നിരന്തരം നവീകരിക്കപെട്ടു , അവനു ലോകം ഓരോ നിമിഷവും നൂതനമായിരുന്നു .

ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചല്‍ അവനു മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ രോദനമായിരുന്നു നമുക്കത്  വെറും    കൊഞ്ചല്‍ മാത്രം 

അവനു ഒരു പൂത്തുമ്പ വേര്  ദൈവത്തിനോടുള്ള അര്‍ത്ഥന നമുക്കോ അത്  ഒരു വെറും വേര് മാത്രം.


(ഖലീല്‍ ജിബ്രാന്‍, - ജീസസ് ദി സണ്‍ ഓഫ് മാന്‍ )

Monday, January 13, 2014




തിരയുടെ പാട്ട്


കരുത്തനായ ഈ തീരം എന്റെ പ്രിയന്‍
ഞാനോ അവന്റെ ഹൃദയേശ്വരി
ഞങ്ങള്‍ പ്രണയത്താല്‍ ബന്ധിതര്‍
സുധാംശു എന്നെ അവനില്‍ നിന്നും വലിച്ചു നീക്കുന്നു.
ഇനിയും അവനിലേക്ക് ഞാന്‍ ആര്‍ത്ത് അണയും
വീണ്ടും, കുഞ്ഞു കുഞ്ഞു  യാത്രാമൊഴികളോടെ, 
വൈമനസ്യത്തോടെ , മെല്ലെ മെല്ലെ പിരിയും.

നീലാകാശത്തിനപ്പുറത്തുനിന്നു കവര്‍ന്ന വെള്ളിയാല്‍ 

എന്റെ തിരകള്‍ അവന്റെ സ്വര്‍ണ്ണ മണലിനെ അലങ്കരിക്കും
ഞങ്ങള്‍ ഒന്നുചേര്‍ന്നലിഞ്ഞു പ്രഭ ചൊരിയും 

ഞാന്‍ അവന്റെ ദാഹമകറ്റുന്നു , അവന്റെ ഹൃദയത്തെ മൂടുന്നു

അവന്‍ എന്റെ സ്വരത്തെ മൃദുവാക്കുന്നു,  എന്റെ ആവേഗത്തെ ശമിപ്പിക്കുന്നു
പ്രഭാതത്തില്‍  ഞാന്‍ അവന്റെ ചെവിയില്‍  പ്രണയമന്ത്രങ്ങളോതുന്നു
അവനോ ആവേശത്തോടെ എന്നെ പുണരുന്നു. 

സായാഹ്നത്തില്‍ ഞാന്‍ അവനോടു പ്രത്യാശയുടെ ഗാനം പാടും 

പിന്നെ അവന്റെ മുഖം മൃദു ചുംബനങ്ങളാല്‍ മൂടും
ഞാന്‍ ഭീതിയും തിരക്കും ഏറിയവള്‍
എന്നാല്‍ അവനോ, ശാന്തന്‍, സൌമ്യന്‍ , ചിന്താശീലന്‍.
അവന്റെ വിസ്തൃതമായ വക്ഷസ്സ് എന്റെ ആകുലതകളെ ശമിപ്പിക്കുന്നു

ഏറ്റത്തില്‍ ഞങ്ങള്‍ പരസ്പരം താലോലിക്കുന്നു.

ഇറക്കത്തില്‍ ഞാന്‍ അവന്റെ പാദങ്ങളില്‍ വീണു നമിക്കുന്നു.

പലപ്പോഴും ആഴങ്ങളില്‍ നിന്ന് അവര്‍ ഉയര്‍ന്നു വന്നു

എന്റെ നുരകളില്‍ താരങ്ങളെ നോക്കി കിടന്നപ്പോള്‍
 ഞാന്‍ ജലകന്യകമാരോടൊത്ത് ആടിപാടി.
പ്രണയികള്‍ അവരുടെ ആകുലതകളെ കുറിച്ച് കേഴുമ്പോള്‍ 
അവരുടെ തേങ്ങലുകളാല്‍ ഞാന്‍ അലകള്‍ നെയ്തു.

പലപ്പോഴും ഞാന്‍ പാറക്കെട്ടുകളോടു കളിപറഞ്ഞു

പുഞ്ചിരിയോടെ അവരെ തഴുകി
ഒരു ചിരി പോലും പകരം ലഭിക്കാതെ..
പലപ്പോഴും മുങ്ങിമരിക്കുന്ന മനുഷ്യരെ സ്നേഹപൂര്‍വം  കയ്യിലേന്തി
ഞാന്‍ എന്റെ പ്രിയന്റെ , ഈ തീരത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചു 
അവന്‍  എന്നിലെ ഊര്‍ജ്ജം അവര്‍ക്ക്  പകര്‍ന്നു 

എന്നും ഞാന്‍ ആഴങ്ങളിലെ രത്നങ്ങല്‍ കവര്‍ന്നു 

എന്റെ പ്രിയ തീരത്തിനു സമര്‍പ്പിച്ചു 
അവന്‍ നിശ്ശബ്ദനായി സ്വീകരിച്ചു 
എങ്കിലും വീണ്ടും, വീണ്ടും ഞാന്‍ സമര്‍പ്പിക്കുന്നു 
എന്നെന്നും അവന്‍ എനിക്ക് സ്വാഗതമരുളുന്നല്ലോ

സാന്ദ്രമായ  ഈ ഇരുട്ടില്‍ 

ജീവജാലങ്ങള്‍  മുഴുവന്‍ നിദ്രയില്‍ മുഴുകുമ്പോള്‍ 
ഒരുനിമിഷം പാടിയും അടുത്തനിമിഷം നിശ്വാസമുതിര്‍ത്തും ഞാന്‍  ഇരിക്കുന്നു 
ഞാന്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്നു.

ഹോ!! നിദ്രയില്ലായ്മ എന്നെ ക്ഷയിപ്പിക്കുന്നു 

എങ്കിലും ഞാന്‍ പ്രണയി,  പ്രണയത്തിന്റെ ശക്തിയോ അനന്തം
തളര്‍ന്നവള്‍, എങ്കിലും  ഒരിക്കലും എനിക്ക് മരണമില്ല.

(khaleel Gibran - Tear and smile )



കവി

അവന്‍,  ഇന്നിനെയും നാളെയും ഇണക്കുന്ന കണ്ണി
ആര്‍ക്കും ദാഹം തീര്‍ക്കാവുന്ന ഒരു തെളിനീരുറവ 
അവന്‍, ചാരുത നനച്ചു വളര്‍ത്തിയ വൃക്ഷം
ആതുരചിത്തങ്ങള്‍ക്കായ് കനിയേന്തി നില്‍ക്കുന്നവന്‍

അവന്‍  ഒരു രാപ്പാടി
വിഷാദഗ്രസ്തമായ ആത്മാവിനെ സാന്ത്വനഗാനങ്ങാല്‍ തഴുകുന്നവന്‍
അവന്‍ ആകാശച്ചെരുവിലൂടൊഴുകുന്ന വെണ്‍മേഘം 
ഉയര്‍ന്നു,  പരന്നു വിണ്ണിന്‍റെ  മുഖപടമാകുന്നവന്‍
പിന്നെ ജീവന്റെ വയലില്‍ ഒഴുകി ഇറങ്ങി
അവയുടെ ഇതളുകള്‍ വിടര്‍ത്തി പ്രകാശം പകരുന്നവന്‍

അവന്‍ ദൈവദൂതന്‍
തന്‍റെ സ്തുതികള്‍ ആലപിക്കാന്‍ സൌന്ദര്യദേവത അനുഗ്രഹിച്ചയച്ചവന്‍
അവന്‍ ഉജ്ജ്വലമായ ദീപം 
ഇരുട്ടിനെ  വെന്നവന്‍
കാറ്റ്‌ അവനെ അണക്കില്ല
പ്രണയ ദേവത എണ്ണയൊഴിച്ച്
വാണീദേവി തെളിച്ച  ദീപം

അവന്‍ ഏകാകി 
സരളതയും സൌമനസ്യവും അണിഞ്ഞവന്‍
പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് പ്രചോദനം തേടുന്നവന്‍
രാവിന്റെ നിശ്ശബ്ദതയില്‍ ഉണര്‍ന്നിരുന്നു
ആത്മാവിന്റെ വരവോര്‍ത്തിരിപ്പവന്‍
അവന്‍  ഒരു  വാപകന്‍
സ്നേഹത്തിന്‍റെ  വയലുകളില്‍ സ്വന്തം ഹൃദയബിന്ദുക്കള്‍ വീശി വിതക്കുന്നവന്‍
മാനവരുടെ വിശപ്പാറ്റാന്‍ സ്നേഹകതിര്‍ വിളയിക്കുന്നവന്‍

കവി ഇവനാണ് - ഇഹത്തില്‍ എന്നും തിരസ്കൃതന്‍
ഇഹലോകത്തോട് വിടപറഞ്ഞു യാത്രയാകുമ്പോള്‍ മാത്രം  
തിരിച്ചറിയപെടുന്നവന്‍ 
കവി ഇവനാണ്  - മനുഷികതയോട് ഒരു പുഞ്ചിരിക്ക് മാത്രം ആവശ്യപെടുന്നവന്‍
കവി ഇവനാണ്  - സ്വന്തം ആത്മാവിന്റെ സുന്ദരഭാവങ്ങളാല്‍ നഭസ്സിനെ അലങ്കരിക്കുന്നവന്‍
എന്നാലോ  ജനം ആ കാന്തിയെ സ്വയം നിഷേധിക്കുന്നു 

എന്നിവര്‍ സുഷുപ്തിയില്‍ നിന്നുണരും?
എന്നുവരെ ഇവര്‍ നിസ്സാരതകളെ മഹത്വവത്കരിച്ചുകൊണ്ടിരിക്കും?
എന്നുവരെ സ്വന്തം ആത്മാവിന്റെ സൌന്ദര്യത്തെ, ശാന്തിയുടെ സ്നേഹത്തിന്റെ പ്രതിരൂപത്തെ 
വെളിവാക്കുന്നവര്‍ക്ക് ഇവര്‍ മുഖം കൊടുക്കാതിരിക്കും?

എന്നുവരെ മനുഷ്യര്‍, ജീവിക്കുന്നവരെ  മറന്നു മൃതരെ ആദരിക്കും?
ജീവിതക്ലേശത്തില്‍  മുഴുകിയവരെ ,
സ്വയം മെഴുകുതിരികളായി കത്തി എരിഞ്ഞു,
വഴിയില്‍ വെളിച്ചമാകുന്നവരെ.
അജ്ഞര്‍ക്കായ്‌ വെളിച്ചത്തിന്റെ പാത തീര്‍ക്കുന്നവരെ.

കവേ!  നീ ഈ ജഗത്തിന്റെ  ജീവന്‍ 
യുഗങ്ങളുടെ യാതനയെ ജയിച്ചവന്‍ 

കവേ!  നീ ഹൃദയങ്ങളുടെ രാജകുമാരന്‍
അതിനാല്‍ നിന്റെ രാജ്യം അനന്തം 

കവേ!  നീ നിന്റെ മുള്‍കിരീടത്തെ സൂക്ഷിച്ചു നോക്കൂ
അതിനുള്ളില്‍ തിളങ്ങുന്ന ഒരു പീലിത്തിരുമുടി നീ കാണും 


(khaleell Gibran - Tear and Smile )

മൃതീ, സുന്ദരീ

ഒന്ന്-  ക്ഷണം

എന്‍ പ്രാണന്‍ ഇന്നുന്മത്തന്‍ പ്രണയത്താല്‍ , മയങ്ങട്ടെ ഞാന്‍ 
ദിനരാത്രങ്ങളാല്‍ സമൃദ്ധമീ  ജീവന്‍  തലചായ്ക്കട്ടെ
ഒരുക്കുക ധൂപ ദീപങ്ങള്‍ ചുറ്റുമെന്‍ തല്പത്തിന്‍റെ
മൂടുകീ നിശ്ചല ദേഹത്തെ പുഷ്പദളങ്ങളാല്‍
പുരട്ടുക സുഗന്ധതൈലമെന്‍ ചികുരത്തില്‍,  
കഴുകുകെന്‍ കാലടികളെ പനിനീരാല്‍ 
മൃതിയെന്‍  നെറുകയില്‍ കുറിച്ചിട്ട വിധി വായിച്ചറിയുക

നിദ്രതന്‍ മടിത്തട്ടില്‍ അമരട്ടെ ഞാന്‍, എന്‍ മിഴികളടയുന്നു, ആലസ്യത്താല്‍ 
തഴുകട്ടെ എന്നാത്മാവിനെ ഒഴുകുമീ വീണാനാദം.
വീണാ, വേണു ഗാനങ്ങള്‍ നെയ്തിടും തൂവാലയാല്‍
തകര്‍ന്നുവീഴുമീ  ഹൃദയത്തെ പൊതിയുക 

ഓര്‍മ്മ തന്‍  ഗാനം മൂളുക ,എന്‍ മിഴികള്‍തന്‍ പ്രതീക്ഷക്കായ്‌
അവതന്‍ മായാജാലം എന്‍ ഹൃത്തിനായ്‌ മൃദു മെത്ത വിരിക്കട്ടെ

പ്രിയരേ തുടക്കുക മിഴിനീര്‍ നിങ്ങള്‍,  ഉയര്‍ത്തുക മുഖം, 
വിഭാത സൂര്യനെ വാഴ്ത്തും കുസുമങ്ങളായ്‌
അനന്തതക്കുമെന്‍  ശയ്യക്കും  മദ്ധ്യേ പ്രകാശഗോപുരം പോല്‍ തിളങ്ങും
 മൃതിയാം വധുവിനെ വണങ്ങുക 
എന്നൊപ്പം നിശ്വാസമടക്കി, ചെവിയോര്‍ക്കൂ 
അവള്‍തന്‍ വശ്യമാം വെണ്‍ ചിറകൊച്ചയ്ക്കായി.

വരൂ വിട ചൊല്ലുക എന്നോടിന്നു
ചുംബിക്കുകെന്‍ ഇമകളെ സ്മിതം തൂകുമധരങ്ങളാല്‍
കിടാങ്ങള്‍ തന്‍ മൃദുകരാംഗുലസ്പര്‍ശം അറിയട്ടെ എന്‍ കൈകള്‍ 
ഗുരുജനാനുഗ്രഹമെന്‍ ശിരസ്സില്‍ വര്‍ഷിക്കട്ടെ
കന്യകമാര്‍ വന്നെന്‍ കണ്ണില്‍ ദൈവത്തെ ദര്‍ശിക്കട്ടെ
എന്‍ അന്ത്യനിശ്വാസത്തില്‍ ദൈവ വചനം ശ്രവിക്കട്ടെ


രണ്ട്‌ - സ്വര്‍ഗഗമനം

ഞാന്‍ ഒരു ഗിരി ശിഖരത്തെ താണ്ടി വന്നു.
എന്‍റെ ജീവന്‍ അതിരുകളില്ലാത്ത പൂര്‍ണ സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സില്‍ ഉയര്‍ന്നു പറക്കുന്നു
എന്‍റെ സഹജരെ ഞാന്‍ ദൂരെ ദൂരെയാണ്.
മേഘങ്ങള്‍ മലകളെ എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയ്‌ക്കുന്നു
താഴ്വരകളില്‍  മൌനം പ്രളയമായ്‌ നിറഞ്ഞിരിക്കുന്നു 
വഴിത്താരകളെയും ഭവനങ്ങളെയും മറവിയുടെ കരങ്ങള്‍ മൂടിയിരിക്കുന്നു
വയലുകളും, തുറസ്സുകളും,  ശരത്കാല മേഘം പോലെ,  
മെഴുതിരിനാളം പോലെ മഞ്ഞയും,  സന്ധ്യ പോലെ ചുവന്നതും ആയ 
ഒരു വിളറിയ നിഴലിനു പിന്നില്‍  മറയുന്നു.

തിരകളുടെ ഗാനവും , അരുവികളുടെ പ്രാര്‍ഥനാ ഗീതങ്ങളും ചിതറുന്നു.
ജനാരവങ്ങള്‍ മൌനത്തില്‍ ലയിക്കുന്നു.
എനിക്ക് ആത്മാവിന്‍റെ ഇച്ഛയോടിഴചേര്‍ന്ന 
അനന്തതയുടെ സംഗീതം മാത്രം കേള്‍ക്കാം
ഞാനോ ശുഭ്രവസ്ത്രാലംകൃതനായി,
സന്തുഷ്ടനും സ്വസ്ഥനുമായിരിക്കുന്നു.

3 . മൃത ശരീരം

ഈ വെളുത്ത ശവകച്ച അഴിച്ചു മാറ്റുക
എന്നെ ഇലകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും മൂടുക 
എന്‍റെ ശരീരത്തെ ഈ ദന്തപേടകത്തില്‍ നിന്നെടുത്ത്
മാതള പൂക്കള്‍ തലയിണയാക്കി കിടത്തുക
എന്നെ ഓര്‍ത്തു വിലപിക്കരുത്, 
പകരം  യൌവനത്തിന്‍റെയും ആനന്ദത്തിന്‍റെയും ഗാനമാലപിക്കുക 
എന്‍റെ മേല്‍ കണ്ണീര്‍ ചൊരിയരുത്
പകരം വിളവെടുപ്പിനെയും വീഞ്ഞുണ്ടാക്കുന്നതിനെയും കുറിച്ച് പാടുക
ശോകത്തിന്റെ നിശ്വാസമരുത്,
എന്‍റെ മുഖത്ത് നിങ്ങളുടെ നഖങ്ങളാല്‍ സ്നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും
മന്ത്രാക്ഷരങ്ങള്‍ വരക്കുക
വായുവിന്‍റെ സ്വച്ഛതക്ക്‌ മന്ത്രജപത്താലും അര്‍ത്ഥനകളാലും ഭംഗം വരുത്തരുതേ.
നിങ്ങളുടെ ഹൃദയം എന്നോടൊത്തു നിത്യജീവനെ കുറിച്ച് പ്രകീര്‍ത്തിക്കട്ടെ
കറുത്ത വസ്ത്രമണിഞ്ഞു ദുഃഖമാചരിക്കരുതേ 
വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞു എന്നോടൊത്തു ആനന്ദിക്കുക.
എന്‍റെ യാത്ര നിങ്ങളുടെ ഹൃദയത്തെ ശോകമൂകമാക്കരുത്
കണ്ണടച്ചാല്‍ ഞാന്‍ എന്നെന്നും നിങ്ങളില്‍ തന്നെ.

എന്നെ ഇലകള്‍ വിരിച്ചതിനു മീതെ കിടത്തുക
നിങ്ങളുടെ സൌഹൃദത്തിന്‍റെ തോളുകളിലേറ്റുക
വിജന വനത്തിലേക്ക് സാവധാനം നടക്കുക
എന്നെ തിരക്കേറിയ ശ്മശാനത്തിലേക്കെടുക്കല്ലേ
അസ്ഥികളുടെയും തലയോട്ടികളുടെയും ബഹളത്താല്‍ എന്‍റെ മയക്കം കെടുത്തരുതേ
എന്നെ വനപ്രദേശത്തേക്ക് കൊണ്ടുപോകുക
പരസ്പരം നിഴലില്‍ അല്ലാതെ വളരുന്ന കുഞ്ഞുപൂക്കള്‍ക്കടുത്ത് എന്‍റെ ശവക്കുഴി ഒരുക്കുക
ആഴത്തിലുള്ള ഒരു ശവക്കുഴി
പ്രളയം എന്‍റെ അസ്ഥികളെ സമതലത്തിലേക്ക് ഒഴുക്കാതിരിക്കാന്‍
എന്‍റെ കല്ലറ വിസ്തൃതമാകട്ടെ
സന്ധ്യയുടെ നിഴലുകള്‍ക്ക് എന്നോടൊത്തിരിക്കാന്‍.

ഇഹലോകത്തെ എന്‍റെ  ആടകള്‍ അഴിച്ചുമാറ്റുക 
ഭൂമാതാവിന്‍റെ ആഴങ്ങളില്‍ എന്നെ ഏല്‍പ്പിക്കുക
കരുതലോടെ എന്നെ എന്‍റെ അമ്മയുടെ മാറില്‍ കിടത്തുക
നനുത്ത മണ്ണുകൊണ്ട് മൂടുക
ഓരോകൈപിടി മണ്ണിലും കലര്‍ന്ന കുഞ്ഞു പൂക്കളുടെ വിത്തുകള്‍
അവര്‍ എന്‍റെ മേല്‍ വളരട്ടെ
എന്‍റെ ശരീരധാതുകളാല്‍ പുഷ്ടിപെട്ട് എന്‍റെ ഹൃദയ സുഗന്ധം വായുവില്‍ പരത്തട്ടെ
എന്‍റെ സ്വച്ഛതയുടെ രഹസ്യം സൂര്യനോട് മന്ത്രിക്കട്ടെ;
വായുവോടോത്ത് പഥികരെ സാന്ത്വനമായ്‌ തഴുകി വീശട്ടെ.

സ്നേഹിതരേ, എന്നോടു വിടചൊല്ലുക-  നിശ്ശബ്ദമായ പാദപതനങ്ങളോടെ
വിജന തീരങ്ങളിലൂടെ മൂകത എന്നപോലെ
എന്നെ ദൈവത്തില്‍ അര്‍പിച്ചു സാവധാനം പിരിഞ്ഞു പോവുക
വൃക്ഷ തലപ്പിലെ പൂങ്കുലകള്‍, വിറക്കുന്ന ആതിരാകാറ്റില്‍ കൊഴിഞ്ഞു 
ചിതറുന്നപോലെ
നിങ്ങളുടെ നിത്യജീവിതത്തിലെ സന്തോഷങ്ങളിലേക്ക് മടങ്ങുക
അവിടെ മരണത്തിനു നമ്മില്‍നിന്ന് കവര്‍ന്ന്‌ എടുക്കാനാവത്തതിനെ നിങ്ങള്‍ക്കു കാണാം
ശന്തിയോടെ മടങ്ങുക,  ഈ കാഴ്ചയുടെ ആന്തരാര്‍ത്ഥം 
നശ്വരതയില്‍ നിന്നും വളരെ വളരേ അകലെയത്രേ
എന്നെ തനിച്ചാക്കുക.

(Khaleel Gibran-  Tear and Smile )


 18. ജോണ്‍ ദി ബാപ്ടിസ്റ്റ്

ജയിലില്‍ വെച്ച് അവന്റെ ശിഷ്യരോട്  പറഞ്ഞത്



ഞാന്‍ ഈ ദുര്‍ഗന്ധം ഉള്ള മടയില്‍ മിണ്ടാതിരിക്കാന്‍ പോകുന്നില്ല , യുദ്ധമുഖത്ത് യേശുവിന്റെ സ്വരം കേള്‍ക്കുമ്പോള്‍ . അവന്‍ സ്വതന്ത്രനായിരിക്കുമ്പോള്‍  എന്നെ ഇവിടെ  പിടിച്ചു വെക്കുന്നത്  , ബന്ധിതനാക്കുന്നത് അസംഭവ്യം. 

അവര്‍ പറയുന്നു അണലികള്‍ അവന്റെ അരയില്‍ ചുറ്റി വരിഞ്ഞിരിക്കുന്നു എന്ന്. എന്നാല്‍ ഞാന്‍ പറയും അണലികള്‍ അവന്റെ ശക്തിയെ ഉണര്‍ത്തും , അവന്‍ അവയെ അവന്റെ കാലുകൊണ്ട്‌ . ചതച്ചരക്കും 

അവന്റെ ഇടിമിന്നലിന്റെ നാദം മാത്രമാണ് ഞാന്‍ . ആദ്യം പ്രവചിച്ചത് ഞാനെങ്കിലും വചനവും വഴിയും അവനത്രെ .

പ്രതീക്ഷിക്കാതിരിക്കുംമ്പോഴാണു അവര്‍ എന്നെ പിടികൂടിയത്. ചിലപ്പോള്‍ അവര്‍ അവന്റെ മേലും കൈവേക്കുമായിരിക്കും . പക്ഷെ അവന്‍ അവന്റെ സന്ദേശം മുഴുവന്‍ അറിയിച്ചതിനു ശേഷം മാത്രം . അവന്‍ അവരെ പരാജയപെടുത്തും .

അവന്റെ രഥം അവര്‍ക്കുമേല്‍ ഉരുളും, അവന്റെ കുതിരകളുടെ കുളമ്പുകള്‍ അവരെ ചവിട്ടി മെതിക്കും , അവന്‍ വിജയിയാവും .

അവര്‍ കുന്തവും വാളുംകൊണ്ട്  അവനെ ആക്രമിക്കും, ആത്മാവിന്റെ ശക്തികൊണ്ട് അവന്‍ അവരെ നേരിടും .

അവന്റെ രക്തം ഭൂമിയില്‍ ഒഴുകും എന്നാല്‍ വേദനയും മുറിവും അവരാണ് അറിയുക. അവര്‍ അവരുടെതന്നെ കണ്ണുനീരില്‍ സ്നാനപെടും  അവരുടെ പാപങ്ങള്‍  അലിഞ്ഞു മായും വരെ .

അവരുടെ പട അവന്റെ നഗരങ്ങളുടെ നേര്‍ക്ക്‌ ഇരുമ്പ്  ദണ്ഡുകളുമായി പാഞ്ഞടുക്കും, എന്നാല്‍ വഴിമദ്ധ്യേ അവര്‍ ജോര്‍ദ്ദാന്‍ നദിയില്‍ മുങ്ങിപ്പോകും 

അവന്റെ മതിലുകളും ഗോപുരങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കും , അവന്റെ പടയാളികളുടെ പരിചകള്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങും .

അവര്‍ പറയുന്നു ഞങ്ങള്‍ കൂട്ടാളികള്‍ എന്ന്, ഞങ്ങളുടെ ഉദ്ദേശം ജനങ്ങളെ യാഹൂദിയ രാജ്യത്തെ ഭരണത്തിനെ എതിരെപ്രതിഷേധിക്കാന്‍  ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് .

ഞാന്‍ മറുപടി പറയുന്നു , എനിക്ക് വാക്കുകള്‍ക്ക് പകരം തീനാളങ്ങള്‍ തുപ്പാന്‍ കഴിയുമായിരുന്നെങ്കില്‍ : അവര്‍ ഈ അസമത്വത്തിന്റെ ചളികുണ്ടിനെ  അവര്‍ ഒരു രാജ്യം എന്ന് കരുതുന്നു എങ്കില്‍ , അത് നശിച്ചു നാമാവശേഷമാകട്ടെ. സോദോമിനെയും ഗോമോറയെയും പോലെ ഈ ജനവും ദൈവത്താല്‍ മറക്കപെടട്ടെ, ഈ ഭൂമി ഭാസ്മമാകട്ടെ .

ഈ കാരഗ്രഹത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ഞാന്‍ യേശു നസറേന്റെ , കൂട്ടാളി തന്നെ, അവന്‍ എന്റെ എന്റെ പടയെ , കുതിരയേയും കാലാളിനെയും നയിക്കും . ഞാന്‍, ഒരു സേനാപതി എങ്കിലും , ഞാന്‍ അവന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കുന്നതിനു പോലും യോഗ്യനല്ല .

അവനെ സമീപിക്കുവിന്‍ , എനെ വാക്കുകള്‍ അറിയിക്കുകയും ചെയ്യുവിന്‍ . എന്റെ നാമത്തില്‍ അവനോടു ആശ്വാസവും അനുഗ്രഹവും യാചിക്കുവിന്‍ .

എനിക്കിനി അധികനേരമില്ല. രാത്രി ഉണര്‍വിന്റെയും ഉണര്‍വിന്റെയും  ഇടയില്‍ ഈ ശരീരത്തിനുമേല്‍ സാവകാശം  പതിക്കുന്ന ഉറച്ച ചുവടുകള്‍ ഞാന്‍ അറിയുന്നു. കാതോര്‍ത്താല്‍  എനിക്ക് എന്റെ കല്ലറക്കുമുകളില്‍ പതിക്കുന്ന മഴയുടെ ശബ്ദവും  കേള്‍ക്കാം .

യേശുവിനു അടുത്തേക്ക് ചെന്നു . അവനോടു പറയുവിന്‍  ആത്മാവില്‍ നിഴലുകള്‍ നിറഞ്ഞൊഴിഞ്ഞ  കെദ്റോണിലെ ജോണ്‍ , ശവക്കുഴി വെട്ടുന്നവന്‍  അടുത്തുനില്‍ക്കുമ്പോള്‍ , ആരാച്ചാര്‍ സ്വന്തം വേതനത്തിന് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ , അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്ന് 







 17. ലെബനണിലെ ആട്ടിടയന്‍ 


 ഒരു സാരോപദേശം 


വേനലിന്റെ അവസാനമെത്തിയിരുന്നു , അവനും മറ്റു മൂന്നുപേരും ആ വഴിയില്‍ കൂടി ആദ്യം നടന്നു വന്ന ദിവസം. വൈകുന്നേരമായിരുന്നു , അവന്‍ നടത്തം നിര്‍ത്തി മേച്ചില്‍ സ്ഥലത്തിന്റെ അറ്റത്തു നിന്നപ്പോള്‍ .

ഞാന്‍ എന്റെ ഓടക്കുഴല്‍ വായിച്ചു കൊണ്ടിരുന്നു. എന്റെ ആടുകള്‍ എനിക്ക് ചുറ്റും മേഞ്ഞു . 
അവന്‍ നിന്നപ്പോള്‍ ഞാന്‍ എണീറ്റ്‌  അവന്റെ അടുത്തേക്ക് ചെന്ന് അവനെ അഭിമുഖീകരിച്ചു നിന്ന് . 

അവന്‍ എന്നോട് ചോദിച്ചു, ' എലീജാ യുടെ കുഴിമാടം എവിടെ? അത് ഈ സ്ഥലത്തിനു അടുത്തെവിടെയോ അല്ലെ ?

ഞാന്‍ മറുപടി പറഞ്ഞു , " അത് അവിടെയാണ് , ശ്രീമന്‍ , ആ കല്ലുകള്‍ കൂടിക്കിടക്കുന്നതിനു അടിയില്‍ . ഇപ്പോഴും  വഴിയാത്രക്കാര്‍ കടന്നു  പോകുമ്പോള്‍  ഒരു കല്ലെടുത്ത്‌  ആ കൂനയില്‍ വെക്കും.

അവന്‍ നന്ദി പറഞ്ഞു മുന്നോട്ടു നടന്നു , അവന്റെ സുഹൃത്തുക്കളും അവന്റെ പുറകെ പോയി .

അതിനുശേഷം മൂന്നു ദിവസം കഴിഞ്ഞു മറ്റൊരു ഇടയന്‍ ഗനാലിയേല്‍ എന്നോട് പറഞ്ഞു , ആ വഴി പോയ ആ മനുഷ്യന്‍ യാഹൂദിയയിലെ  ഒരു പ്രവാചകന്‍ ആണെന്ന്. . പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. എങ്കിലും ഞാന്‍ ആ മനുഷ്യനെ പറ്റി വളരെ കാലം  ചിന്തിച്ചു .

വസന്തത്തില്‍ ജീസസ് ഒരിക്കല്‍ കൂടി ഈ മേച്ചില്‍ പുറത്തിലൂടെ പോയി, ഇപ്രാവശ്യം തനിയെ.

ഞാന്‍ അന്ന് ഓടക്കുഴല്‍ വായിച്ചില്ല, എന്റെ ഒരു ആടിനെ നഷ്ടപെട്ടതിന്റെ വിഷമത്താല്‍ എന്റെ ഹൃദയം കനംതൂങ്ങി ഇരുന്നു .

ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു അവന്റെ മുന്നില്‍ മിണ്ടാതെ നിന്നു ഞാന്‍ ആശ്വാസം തേടുകയായിരുന്നു 

എന്റെ നേരെ നോക്കി അവന്‍ ചോദിച്ചു ,' ഇന്നെന്താണ് ഓടക്കുഴല്‍ വായിക്കാത്തത് , ഇന്ന് നിന്റെ കണ്‍കളില്‍ എന്തെ വിഷാദം നിറഞ്ഞിരിക്കുന്നു ?'

ഞാന്‍ മറുപടി പറഞ്ഞു , " എന്റെ ആട്ടിന്കൂട്ടത്തില്‍ നിന്നും ഒരാടിനെ നഷ്ടപ്പെട്ട്.  ഞാന്‍ അവളെ എല്ല്ലായിടത്തും തിരഞ്ഞു, കിട്ടിയില്ല . ഇനി എന്ത് ചെയ്യണം എന്നറിയില്ല ."

അവന്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്ന് . പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു, " അല്പസമയം ഇവിടെ കാത്തു നില്‍ക്കൂ,, ഞാന്‍ നിന്റെ ആടിനെ തേടിപിടിക്കാം'. എന്നിട്ട് അവന്‍ കുന്നില്‍ ചരിവിലൂടെ നടന്നു അപ്രത്യക്ഷനായി . 

ഒരു മണിക്കൂറിനു ശേഷം അവന്‍ തിരിച്ചു വന്നു എന്റെ ആട് അവന്റെ പുറകെ വരുന്നുണ്ടായിരുന്നു . അവന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ആട് അവന്റെ മുഖത്തേക്ക് നോക്കി ഞാന്‍ നോക്കുന്നത് പോലെ തന്നെ .പിന്നീട് ഞാന്‍ അവളെ ആഹ്ലാദപൂര്‍വ്വം കെട്ടിപിടിച്ചു.

അവന്‍ എന്റെ തോളില്‍ കൈവെച്ചു പറഞ്ഞു, "ഇന്ന് മുതല്‍ നീ ഈ ആടിനെ ആട്ടിന്‍പറ്റത്തിലെ മറ്റേതു ആടിനെക്കാളും അധികം സ്നേഹിക്കും , കാരണം അവള്‍ നിനക്ക് നഷ്ടപ്പെട്ട് വീണ്ടും ലഭിച്ചതാണ് .

ഞാന്‍ വീണ്ടും എന്റെ ആടിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു അവള്‍ എന്നോട് ചേര്‍ന്ന് നിന്ന് ഞാനും  നിശ്ശബ്ദനായിരുന്നു 

പക്ഷെ ഞാന്‍  യേശുവിനോട് നന്ദി പറയാന്‍ മുഖമുയര്ത്തിയപ്പോഴേക്കും അവന്‍ നടന്നു ദൂരത്തെത്തിയിരുന്നു , എനിക്ക് പിന്തുടരാന്‍ ഉള്ള ധൈര്യവും വന്നില്ല . .