Monday, January 13, 2014

മൃതീ, സുന്ദരീ

ഒന്ന്-  ക്ഷണം

എന്‍ പ്രാണന്‍ ഇന്നുന്മത്തന്‍ പ്രണയത്താല്‍ , മയങ്ങട്ടെ ഞാന്‍ 
ദിനരാത്രങ്ങളാല്‍ സമൃദ്ധമീ  ജീവന്‍  തലചായ്ക്കട്ടെ
ഒരുക്കുക ധൂപ ദീപങ്ങള്‍ ചുറ്റുമെന്‍ തല്പത്തിന്‍റെ
മൂടുകീ നിശ്ചല ദേഹത്തെ പുഷ്പദളങ്ങളാല്‍
പുരട്ടുക സുഗന്ധതൈലമെന്‍ ചികുരത്തില്‍,  
കഴുകുകെന്‍ കാലടികളെ പനിനീരാല്‍ 
മൃതിയെന്‍  നെറുകയില്‍ കുറിച്ചിട്ട വിധി വായിച്ചറിയുക

നിദ്രതന്‍ മടിത്തട്ടില്‍ അമരട്ടെ ഞാന്‍, എന്‍ മിഴികളടയുന്നു, ആലസ്യത്താല്‍ 
തഴുകട്ടെ എന്നാത്മാവിനെ ഒഴുകുമീ വീണാനാദം.
വീണാ, വേണു ഗാനങ്ങള്‍ നെയ്തിടും തൂവാലയാല്‍
തകര്‍ന്നുവീഴുമീ  ഹൃദയത്തെ പൊതിയുക 

ഓര്‍മ്മ തന്‍  ഗാനം മൂളുക ,എന്‍ മിഴികള്‍തന്‍ പ്രതീക്ഷക്കായ്‌
അവതന്‍ മായാജാലം എന്‍ ഹൃത്തിനായ്‌ മൃദു മെത്ത വിരിക്കട്ടെ

പ്രിയരേ തുടക്കുക മിഴിനീര്‍ നിങ്ങള്‍,  ഉയര്‍ത്തുക മുഖം, 
വിഭാത സൂര്യനെ വാഴ്ത്തും കുസുമങ്ങളായ്‌
അനന്തതക്കുമെന്‍  ശയ്യക്കും  മദ്ധ്യേ പ്രകാശഗോപുരം പോല്‍ തിളങ്ങും
 മൃതിയാം വധുവിനെ വണങ്ങുക 
എന്നൊപ്പം നിശ്വാസമടക്കി, ചെവിയോര്‍ക്കൂ 
അവള്‍തന്‍ വശ്യമാം വെണ്‍ ചിറകൊച്ചയ്ക്കായി.

വരൂ വിട ചൊല്ലുക എന്നോടിന്നു
ചുംബിക്കുകെന്‍ ഇമകളെ സ്മിതം തൂകുമധരങ്ങളാല്‍
കിടാങ്ങള്‍ തന്‍ മൃദുകരാംഗുലസ്പര്‍ശം അറിയട്ടെ എന്‍ കൈകള്‍ 
ഗുരുജനാനുഗ്രഹമെന്‍ ശിരസ്സില്‍ വര്‍ഷിക്കട്ടെ
കന്യകമാര്‍ വന്നെന്‍ കണ്ണില്‍ ദൈവത്തെ ദര്‍ശിക്കട്ടെ
എന്‍ അന്ത്യനിശ്വാസത്തില്‍ ദൈവ വചനം ശ്രവിക്കട്ടെ


രണ്ട്‌ - സ്വര്‍ഗഗമനം

ഞാന്‍ ഒരു ഗിരി ശിഖരത്തെ താണ്ടി വന്നു.
എന്‍റെ ജീവന്‍ അതിരുകളില്ലാത്ത പൂര്‍ണ സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സില്‍ ഉയര്‍ന്നു പറക്കുന്നു
എന്‍റെ സഹജരെ ഞാന്‍ ദൂരെ ദൂരെയാണ്.
മേഘങ്ങള്‍ മലകളെ എന്‍റെ ദൃഷ്ടിയില്‍ നിന്നും മറയ്‌ക്കുന്നു
താഴ്വരകളില്‍  മൌനം പ്രളയമായ്‌ നിറഞ്ഞിരിക്കുന്നു 
വഴിത്താരകളെയും ഭവനങ്ങളെയും മറവിയുടെ കരങ്ങള്‍ മൂടിയിരിക്കുന്നു
വയലുകളും, തുറസ്സുകളും,  ശരത്കാല മേഘം പോലെ,  
മെഴുതിരിനാളം പോലെ മഞ്ഞയും,  സന്ധ്യ പോലെ ചുവന്നതും ആയ 
ഒരു വിളറിയ നിഴലിനു പിന്നില്‍  മറയുന്നു.

തിരകളുടെ ഗാനവും , അരുവികളുടെ പ്രാര്‍ഥനാ ഗീതങ്ങളും ചിതറുന്നു.
ജനാരവങ്ങള്‍ മൌനത്തില്‍ ലയിക്കുന്നു.
എനിക്ക് ആത്മാവിന്‍റെ ഇച്ഛയോടിഴചേര്‍ന്ന 
അനന്തതയുടെ സംഗീതം മാത്രം കേള്‍ക്കാം
ഞാനോ ശുഭ്രവസ്ത്രാലംകൃതനായി,
സന്തുഷ്ടനും സ്വസ്ഥനുമായിരിക്കുന്നു.

3 . മൃത ശരീരം

ഈ വെളുത്ത ശവകച്ച അഴിച്ചു മാറ്റുക
എന്നെ ഇലകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും മൂടുക 
എന്‍റെ ശരീരത്തെ ഈ ദന്തപേടകത്തില്‍ നിന്നെടുത്ത്
മാതള പൂക്കള്‍ തലയിണയാക്കി കിടത്തുക
എന്നെ ഓര്‍ത്തു വിലപിക്കരുത്, 
പകരം  യൌവനത്തിന്‍റെയും ആനന്ദത്തിന്‍റെയും ഗാനമാലപിക്കുക 
എന്‍റെ മേല്‍ കണ്ണീര്‍ ചൊരിയരുത്
പകരം വിളവെടുപ്പിനെയും വീഞ്ഞുണ്ടാക്കുന്നതിനെയും കുറിച്ച് പാടുക
ശോകത്തിന്റെ നിശ്വാസമരുത്,
എന്‍റെ മുഖത്ത് നിങ്ങളുടെ നഖങ്ങളാല്‍ സ്നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും
മന്ത്രാക്ഷരങ്ങള്‍ വരക്കുക
വായുവിന്‍റെ സ്വച്ഛതക്ക്‌ മന്ത്രജപത്താലും അര്‍ത്ഥനകളാലും ഭംഗം വരുത്തരുതേ.
നിങ്ങളുടെ ഹൃദയം എന്നോടൊത്തു നിത്യജീവനെ കുറിച്ച് പ്രകീര്‍ത്തിക്കട്ടെ
കറുത്ത വസ്ത്രമണിഞ്ഞു ദുഃഖമാചരിക്കരുതേ 
വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞു എന്നോടൊത്തു ആനന്ദിക്കുക.
എന്‍റെ യാത്ര നിങ്ങളുടെ ഹൃദയത്തെ ശോകമൂകമാക്കരുത്
കണ്ണടച്ചാല്‍ ഞാന്‍ എന്നെന്നും നിങ്ങളില്‍ തന്നെ.

എന്നെ ഇലകള്‍ വിരിച്ചതിനു മീതെ കിടത്തുക
നിങ്ങളുടെ സൌഹൃദത്തിന്‍റെ തോളുകളിലേറ്റുക
വിജന വനത്തിലേക്ക് സാവധാനം നടക്കുക
എന്നെ തിരക്കേറിയ ശ്മശാനത്തിലേക്കെടുക്കല്ലേ
അസ്ഥികളുടെയും തലയോട്ടികളുടെയും ബഹളത്താല്‍ എന്‍റെ മയക്കം കെടുത്തരുതേ
എന്നെ വനപ്രദേശത്തേക്ക് കൊണ്ടുപോകുക
പരസ്പരം നിഴലില്‍ അല്ലാതെ വളരുന്ന കുഞ്ഞുപൂക്കള്‍ക്കടുത്ത് എന്‍റെ ശവക്കുഴി ഒരുക്കുക
ആഴത്തിലുള്ള ഒരു ശവക്കുഴി
പ്രളയം എന്‍റെ അസ്ഥികളെ സമതലത്തിലേക്ക് ഒഴുക്കാതിരിക്കാന്‍
എന്‍റെ കല്ലറ വിസ്തൃതമാകട്ടെ
സന്ധ്യയുടെ നിഴലുകള്‍ക്ക് എന്നോടൊത്തിരിക്കാന്‍.

ഇഹലോകത്തെ എന്‍റെ  ആടകള്‍ അഴിച്ചുമാറ്റുക 
ഭൂമാതാവിന്‍റെ ആഴങ്ങളില്‍ എന്നെ ഏല്‍പ്പിക്കുക
കരുതലോടെ എന്നെ എന്‍റെ അമ്മയുടെ മാറില്‍ കിടത്തുക
നനുത്ത മണ്ണുകൊണ്ട് മൂടുക
ഓരോകൈപിടി മണ്ണിലും കലര്‍ന്ന കുഞ്ഞു പൂക്കളുടെ വിത്തുകള്‍
അവര്‍ എന്‍റെ മേല്‍ വളരട്ടെ
എന്‍റെ ശരീരധാതുകളാല്‍ പുഷ്ടിപെട്ട് എന്‍റെ ഹൃദയ സുഗന്ധം വായുവില്‍ പരത്തട്ടെ
എന്‍റെ സ്വച്ഛതയുടെ രഹസ്യം സൂര്യനോട് മന്ത്രിക്കട്ടെ;
വായുവോടോത്ത് പഥികരെ സാന്ത്വനമായ്‌ തഴുകി വീശട്ടെ.

സ്നേഹിതരേ, എന്നോടു വിടചൊല്ലുക-  നിശ്ശബ്ദമായ പാദപതനങ്ങളോടെ
വിജന തീരങ്ങളിലൂടെ മൂകത എന്നപോലെ
എന്നെ ദൈവത്തില്‍ അര്‍പിച്ചു സാവധാനം പിരിഞ്ഞു പോവുക
വൃക്ഷ തലപ്പിലെ പൂങ്കുലകള്‍, വിറക്കുന്ന ആതിരാകാറ്റില്‍ കൊഴിഞ്ഞു 
ചിതറുന്നപോലെ
നിങ്ങളുടെ നിത്യജീവിതത്തിലെ സന്തോഷങ്ങളിലേക്ക് മടങ്ങുക
അവിടെ മരണത്തിനു നമ്മില്‍നിന്ന് കവര്‍ന്ന്‌ എടുക്കാനാവത്തതിനെ നിങ്ങള്‍ക്കു കാണാം
ശന്തിയോടെ മടങ്ങുക,  ഈ കാഴ്ചയുടെ ആന്തരാര്‍ത്ഥം 
നശ്വരതയില്‍ നിന്നും വളരെ വളരേ അകലെയത്രേ
എന്നെ തനിച്ചാക്കുക.

(Khaleel Gibran-  Tear and Smile )


 18. ജോണ്‍ ദി ബാപ്ടിസ്റ്റ്

ജയിലില്‍ വെച്ച് അവന്റെ ശിഷ്യരോട്  പറഞ്ഞത്



ഞാന്‍ ഈ ദുര്‍ഗന്ധം ഉള്ള മടയില്‍ മിണ്ടാതിരിക്കാന്‍ പോകുന്നില്ല , യുദ്ധമുഖത്ത് യേശുവിന്റെ സ്വരം കേള്‍ക്കുമ്പോള്‍ . അവന്‍ സ്വതന്ത്രനായിരിക്കുമ്പോള്‍  എന്നെ ഇവിടെ  പിടിച്ചു വെക്കുന്നത്  , ബന്ധിതനാക്കുന്നത് അസംഭവ്യം. 

അവര്‍ പറയുന്നു അണലികള്‍ അവന്റെ അരയില്‍ ചുറ്റി വരിഞ്ഞിരിക്കുന്നു എന്ന്. എന്നാല്‍ ഞാന്‍ പറയും അണലികള്‍ അവന്റെ ശക്തിയെ ഉണര്‍ത്തും , അവന്‍ അവയെ അവന്റെ കാലുകൊണ്ട്‌ . ചതച്ചരക്കും 

അവന്റെ ഇടിമിന്നലിന്റെ നാദം മാത്രമാണ് ഞാന്‍ . ആദ്യം പ്രവചിച്ചത് ഞാനെങ്കിലും വചനവും വഴിയും അവനത്രെ .

പ്രതീക്ഷിക്കാതിരിക്കുംമ്പോഴാണു അവര്‍ എന്നെ പിടികൂടിയത്. ചിലപ്പോള്‍ അവര്‍ അവന്റെ മേലും കൈവേക്കുമായിരിക്കും . പക്ഷെ അവന്‍ അവന്റെ സന്ദേശം മുഴുവന്‍ അറിയിച്ചതിനു ശേഷം മാത്രം . അവന്‍ അവരെ പരാജയപെടുത്തും .

അവന്റെ രഥം അവര്‍ക്കുമേല്‍ ഉരുളും, അവന്റെ കുതിരകളുടെ കുളമ്പുകള്‍ അവരെ ചവിട്ടി മെതിക്കും , അവന്‍ വിജയിയാവും .

അവര്‍ കുന്തവും വാളുംകൊണ്ട്  അവനെ ആക്രമിക്കും, ആത്മാവിന്റെ ശക്തികൊണ്ട് അവന്‍ അവരെ നേരിടും .

അവന്റെ രക്തം ഭൂമിയില്‍ ഒഴുകും എന്നാല്‍ വേദനയും മുറിവും അവരാണ് അറിയുക. അവര്‍ അവരുടെതന്നെ കണ്ണുനീരില്‍ സ്നാനപെടും  അവരുടെ പാപങ്ങള്‍  അലിഞ്ഞു മായും വരെ .

അവരുടെ പട അവന്റെ നഗരങ്ങളുടെ നേര്‍ക്ക്‌ ഇരുമ്പ്  ദണ്ഡുകളുമായി പാഞ്ഞടുക്കും, എന്നാല്‍ വഴിമദ്ധ്യേ അവര്‍ ജോര്‍ദ്ദാന്‍ നദിയില്‍ മുങ്ങിപ്പോകും 

അവന്റെ മതിലുകളും ഗോപുരങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കും , അവന്റെ പടയാളികളുടെ പരിചകള്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങും .

അവര്‍ പറയുന്നു ഞങ്ങള്‍ കൂട്ടാളികള്‍ എന്ന്, ഞങ്ങളുടെ ഉദ്ദേശം ജനങ്ങളെ യാഹൂദിയ രാജ്യത്തെ ഭരണത്തിനെ എതിരെപ്രതിഷേധിക്കാന്‍  ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് .

ഞാന്‍ മറുപടി പറയുന്നു , എനിക്ക് വാക്കുകള്‍ക്ക് പകരം തീനാളങ്ങള്‍ തുപ്പാന്‍ കഴിയുമായിരുന്നെങ്കില്‍ : അവര്‍ ഈ അസമത്വത്തിന്റെ ചളികുണ്ടിനെ  അവര്‍ ഒരു രാജ്യം എന്ന് കരുതുന്നു എങ്കില്‍ , അത് നശിച്ചു നാമാവശേഷമാകട്ടെ. സോദോമിനെയും ഗോമോറയെയും പോലെ ഈ ജനവും ദൈവത്താല്‍ മറക്കപെടട്ടെ, ഈ ഭൂമി ഭാസ്മമാകട്ടെ .

ഈ കാരഗ്രഹത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ഞാന്‍ യേശു നസറേന്റെ , കൂട്ടാളി തന്നെ, അവന്‍ എന്റെ എന്റെ പടയെ , കുതിരയേയും കാലാളിനെയും നയിക്കും . ഞാന്‍, ഒരു സേനാപതി എങ്കിലും , ഞാന്‍ അവന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കുന്നതിനു പോലും യോഗ്യനല്ല .

അവനെ സമീപിക്കുവിന്‍ , എനെ വാക്കുകള്‍ അറിയിക്കുകയും ചെയ്യുവിന്‍ . എന്റെ നാമത്തില്‍ അവനോടു ആശ്വാസവും അനുഗ്രഹവും യാചിക്കുവിന്‍ .

എനിക്കിനി അധികനേരമില്ല. രാത്രി ഉണര്‍വിന്റെയും ഉണര്‍വിന്റെയും  ഇടയില്‍ ഈ ശരീരത്തിനുമേല്‍ സാവകാശം  പതിക്കുന്ന ഉറച്ച ചുവടുകള്‍ ഞാന്‍ അറിയുന്നു. കാതോര്‍ത്താല്‍  എനിക്ക് എന്റെ കല്ലറക്കുമുകളില്‍ പതിക്കുന്ന മഴയുടെ ശബ്ദവും  കേള്‍ക്കാം .

യേശുവിനു അടുത്തേക്ക് ചെന്നു . അവനോടു പറയുവിന്‍  ആത്മാവില്‍ നിഴലുകള്‍ നിറഞ്ഞൊഴിഞ്ഞ  കെദ്റോണിലെ ജോണ്‍ , ശവക്കുഴി വെട്ടുന്നവന്‍  അടുത്തുനില്‍ക്കുമ്പോള്‍ , ആരാച്ചാര്‍ സ്വന്തം വേതനത്തിന് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ , അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്ന് 







 17. ലെബനണിലെ ആട്ടിടയന്‍ 


 ഒരു സാരോപദേശം 


വേനലിന്റെ അവസാനമെത്തിയിരുന്നു , അവനും മറ്റു മൂന്നുപേരും ആ വഴിയില്‍ കൂടി ആദ്യം നടന്നു വന്ന ദിവസം. വൈകുന്നേരമായിരുന്നു , അവന്‍ നടത്തം നിര്‍ത്തി മേച്ചില്‍ സ്ഥലത്തിന്റെ അറ്റത്തു നിന്നപ്പോള്‍ .

ഞാന്‍ എന്റെ ഓടക്കുഴല്‍ വായിച്ചു കൊണ്ടിരുന്നു. എന്റെ ആടുകള്‍ എനിക്ക് ചുറ്റും മേഞ്ഞു . 
അവന്‍ നിന്നപ്പോള്‍ ഞാന്‍ എണീറ്റ്‌  അവന്റെ അടുത്തേക്ക് ചെന്ന് അവനെ അഭിമുഖീകരിച്ചു നിന്ന് . 

അവന്‍ എന്നോട് ചോദിച്ചു, ' എലീജാ യുടെ കുഴിമാടം എവിടെ? അത് ഈ സ്ഥലത്തിനു അടുത്തെവിടെയോ അല്ലെ ?

ഞാന്‍ മറുപടി പറഞ്ഞു , " അത് അവിടെയാണ് , ശ്രീമന്‍ , ആ കല്ലുകള്‍ കൂടിക്കിടക്കുന്നതിനു അടിയില്‍ . ഇപ്പോഴും  വഴിയാത്രക്കാര്‍ കടന്നു  പോകുമ്പോള്‍  ഒരു കല്ലെടുത്ത്‌  ആ കൂനയില്‍ വെക്കും.

അവന്‍ നന്ദി പറഞ്ഞു മുന്നോട്ടു നടന്നു , അവന്റെ സുഹൃത്തുക്കളും അവന്റെ പുറകെ പോയി .

അതിനുശേഷം മൂന്നു ദിവസം കഴിഞ്ഞു മറ്റൊരു ഇടയന്‍ ഗനാലിയേല്‍ എന്നോട് പറഞ്ഞു , ആ വഴി പോയ ആ മനുഷ്യന്‍ യാഹൂദിയയിലെ  ഒരു പ്രവാചകന്‍ ആണെന്ന്. . പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. എങ്കിലും ഞാന്‍ ആ മനുഷ്യനെ പറ്റി വളരെ കാലം  ചിന്തിച്ചു .

വസന്തത്തില്‍ ജീസസ് ഒരിക്കല്‍ കൂടി ഈ മേച്ചില്‍ പുറത്തിലൂടെ പോയി, ഇപ്രാവശ്യം തനിയെ.

ഞാന്‍ അന്ന് ഓടക്കുഴല്‍ വായിച്ചില്ല, എന്റെ ഒരു ആടിനെ നഷ്ടപെട്ടതിന്റെ വിഷമത്താല്‍ എന്റെ ഹൃദയം കനംതൂങ്ങി ഇരുന്നു .

ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു അവന്റെ മുന്നില്‍ മിണ്ടാതെ നിന്നു ഞാന്‍ ആശ്വാസം തേടുകയായിരുന്നു 

എന്റെ നേരെ നോക്കി അവന്‍ ചോദിച്ചു ,' ഇന്നെന്താണ് ഓടക്കുഴല്‍ വായിക്കാത്തത് , ഇന്ന് നിന്റെ കണ്‍കളില്‍ എന്തെ വിഷാദം നിറഞ്ഞിരിക്കുന്നു ?'

ഞാന്‍ മറുപടി പറഞ്ഞു , " എന്റെ ആട്ടിന്കൂട്ടത്തില്‍ നിന്നും ഒരാടിനെ നഷ്ടപ്പെട്ട്.  ഞാന്‍ അവളെ എല്ല്ലായിടത്തും തിരഞ്ഞു, കിട്ടിയില്ല . ഇനി എന്ത് ചെയ്യണം എന്നറിയില്ല ."

അവന്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്ന് . പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു, " അല്പസമയം ഇവിടെ കാത്തു നില്‍ക്കൂ,, ഞാന്‍ നിന്റെ ആടിനെ തേടിപിടിക്കാം'. എന്നിട്ട് അവന്‍ കുന്നില്‍ ചരിവിലൂടെ നടന്നു അപ്രത്യക്ഷനായി . 

ഒരു മണിക്കൂറിനു ശേഷം അവന്‍ തിരിച്ചു വന്നു എന്റെ ആട് അവന്റെ പുറകെ വരുന്നുണ്ടായിരുന്നു . അവന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ആട് അവന്റെ മുഖത്തേക്ക് നോക്കി ഞാന്‍ നോക്കുന്നത് പോലെ തന്നെ .പിന്നീട് ഞാന്‍ അവളെ ആഹ്ലാദപൂര്‍വ്വം കെട്ടിപിടിച്ചു.

അവന്‍ എന്റെ തോളില്‍ കൈവെച്ചു പറഞ്ഞു, "ഇന്ന് മുതല്‍ നീ ഈ ആടിനെ ആട്ടിന്‍പറ്റത്തിലെ മറ്റേതു ആടിനെക്കാളും അധികം സ്നേഹിക്കും , കാരണം അവള്‍ നിനക്ക് നഷ്ടപ്പെട്ട് വീണ്ടും ലഭിച്ചതാണ് .

ഞാന്‍ വീണ്ടും എന്റെ ആടിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു അവള്‍ എന്നോട് ചേര്‍ന്ന് നിന്ന് ഞാനും  നിശ്ശബ്ദനായിരുന്നു 

പക്ഷെ ഞാന്‍  യേശുവിനോട് നന്ദി പറയാന്‍ മുഖമുയര്ത്തിയപ്പോഴേക്കും അവന്‍ നടന്നു ദൂരത്തെത്തിയിരുന്നു , എനിക്ക് പിന്തുടരാന്‍ ഉള്ള ധൈര്യവും വന്നില്ല . . 




മേരി മഗ്ദലന മുപ്പതു വര്‍ഷത്തിനു ശേഷം

ആത്മാവിന്റെ ഉയിര്‍ത്തെഴുന്നെല്പ്പിനെ കുറിച്ച് 



ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, യേശു  അവന്റെ മരണത്താല്‍ മരണത്തെ ജയിച്ചു, കല്ലറയില്‍ നിന്ന് ആത്മാവും ശക്തിയുമായി ഉയിര്‍ത്തു. അവന്‍ നമ്മുടെ ഏകാന്തതയില്‍ കൂട്ടായി, നമ്മുടെ കാമനകളിലെ അതിഥിയായി.

അവന്‍ ആ കല്ലിനു താഴെ ഉള്ള പാറയിടുക്കില്‍ കിടക്കുന്നില്ല

അവനെ സ്നേഹിക്കുന്ന ഞങ്ങള്‍, അവനെ , അവന്‍ കാഴ്ച തന്ന ഞങ്ങളുടെ കണ്ണുകൊണ്ട് കണ്ടു . ഞങ്ങള്‍ അവന്‍ അന്വേഷിക്കാന്‍ പഠിപ്പിച്ച ഈ കൈകള്‍ കൊണ്ട്  അവനെ സ്പര്‍ശിച്ചു.

അവനില്‍ വിശ്വസിക്കതിരിക്കുന്ന നിങ്ങളെ എനിക്ക് മനസ്സിലാക്കാം . ഞാനും നിങ്ങളില്‍ ഒരാളായിരുന്നു. നിങ്ങള്‍ അസംഖ്യര്‍ തന്നെ , എങ്കിലും നിങ്ങളുടെ എണ്ണം കുറഞ്ഞു  കൊണ്ടിരിക്കും.

വീണയിലും മുരളിയിലും ഉറങ്ങുന്ന സംഗീതത്തെ കാണാന്‍ നിങ്ങള്‍ അവയെ പൊളിച്ചു നോക്കുമോ?

ഫലങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് ഒരു മരം വെട്ടികളയുമോ ?

നിങ്ങള്‍ യേശുവിനെ ദ്വേഷിക്കുന്നത്   വടക്ക് രാജ്യത്തില്‍ നിന്നും വന്ന ആരോ അവനെ ദൈപുത്രന്‍ എന്ന് വിളിച്ചതിനാല്‍ എന്ന് . പക്ഷെ നിങ്ങള്‍ പരസ്പരം ദ്വേഷിക്കുന്നത് ഓരോരുത്തരും അടുത്തിരിക്കുന്നവനെ  സഹോദരന്‍ എന്ന് കാണാനാവാത്തവിധം സ്വയം  എത്രയോ അധികം ഉയര്‍ന്നവന്‍ എന്ന്  കരുതുന്നത് കൊണ്ട് .


നിങ്ങള്‍ അവനെ ദ്വേഷിക്കുന്നത്  ആരോ അവന്‍ കന്യക പ്രസവിച്ചവന്‍, പുരുഷനില്‍ നിന്നുണ്ടായവനല്ല  എന്ന് പറഞ്ഞതുകൊണ്ട് .

എന്നാല്‍ നിങ്ങള്‍ക്ക്  കന്യകമാരായി തന്നെ കല്ലറകളില്‍ അടക്കപെടുന്ന അമ്മമാരെയും, സ്വന്തം ദാഹത്താല്‍ ഞെരുങ്ങി  കല്ലറകളിലെക്ക്  വീണു  പോയ   പുരുഷന്മാരെയും അറിയില്ല .

  നിങ്ങള്‍ക്ക്  അറിയില്ല  ഈ ഭൂമിയെ സൂര്യന് വധുവായി കൊടുത്തതാണ് എന്ന് , നമ്മെ മലയിലെക്കും മരുഭൂമിയിലേക്കും അയക്കുന്നത് ഈ  ഭൂമി തന്നെ എന്നും .

അവനെ സ്നേഹിക്കുന്നവരും ദ്വേഷിക്കുന്നവരും തമ്മില്‍ ഒരു കടലകലം. അവനില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിലും .

കാലം ആ കടലിനു പാലമാകുമ്പോള്‍ നിങ്ങള്‍ അറിയും ഞങ്ങളില്‍ ഉയിരായവന്‍ , അനശ്വരന്‍ എന്ന് . അവന്‍  ദൈവപുത്രന്‍ തന്നെ എന്ന് നമ്മള്‍ എല്ലാം ദൈവ പുത്രര്‍ എന്നപോലെ . അവന്‍ കന്യാപുത്രന്‍ എന്ന് , നമ്മള്‍ എല്ലാം നാഥനില്ലാത്ത ഭൂമിയുടെ മക്കള്‍  ആയി പിറന്ന പോലെ .

അവിശ്വാസികള്‍ക്ക്‌ ഭൂമി അവളുടെ മുലയുണ്ണനുള്ള വേരുകള്‍ നല്‍കുന്നില്ല ,  അവളുടെ ആകാശത്തിലെ മഞ്ഞു മോന്തി നിറയാന്‍ ഉയര്‍ന്നു പറക്കാനുള്ള ചിറകുകളും .


എങ്കിലും ഞാന്‍ അറിയുന്നതിനെ ഞാന്‍ അറിയുന്നു . അതെന്റെ പുണ്യം ..




 4. മേരി മഗ്ദലന 



യേശുവിനെ ആദ്യമായി കണ്ടതിനെ കുറിച്ച് 


ജൂണ്‍ മാസത്തിലായിരുന്നു ഞാന്‍ അവരെ ആദ്യമായി കണ്ടത്. ഞാന്‍ എന്റെ സഖിമാരോടോത്ത് പോകുമ്പോള്‍ അവന്‍ ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു , അവന്‍ തനിയെ .

അവന്റെ പദതാളം മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തമായിരുന്നു. അവന്റെ ശരീരചലനങ്ങളും ഇതുവരെ കാണാത്ത വിധത്തില്‍ഉള്ളതായി തോന്നി .

മനുഷ്യര്‍ ഭൂമിയില്‍ ചരിക്കുന്നത് അങ്ങനെ അല്ല . അവന്‍ ധൃതിയിലോ സാവധാനത്തിലോ നടന്നിരുന്നത് എന്നെനിക്കറിയില്ല.

എന്റെ സഖിമാര്‍ അവനെ ചൂണ്ടി അവര്‍ക്കിടയില്‍ നാണത്തോടെ അടക്കം പറഞ്ഞു . ഞാന്‍ നടത്തം ഒരു മാത്ര നിര്‍ത്തി അവനെ വണങ്ങാന്‍ കയ്യുയര്‍ത്തി.  പക്ഷെ അവര്‍ മുഖം തിരിക്കുകയോ എന്നെ നോക്കുകയോ ചെയ്തില്ല . ഞാന്‍ അവനെ വെറുത്തു . എന്നിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു. ഞാന്‍  മഞ്ഞിനടിയില്‍ പെട്ടതുപോലെ മരവിച്ചു, വിറച്ചു .

ആ രാത്രി  സ്വപ്നത്തില്‍ ഞാന്‍ അവനെ കണ്ടു. അവര്‍ പറഞ്ഞു ഞാന്‍ ഉറക്കത്തില്‍ നിലവിളിക്കുകയും , അസ്വസ്ഥയായി ഞെളിപിരികൊള്ളുകയും ചെയ്തു എന്ന് 

വീണ്ടും അവനെ കണ്ടത് ആഗസ്ത് മാസത്തിലായിരുന്നു , എന്റെ ജനലില്‍ കൂടെ . അവന്‍ എന്റെ പൂന്തോട്ടത്തിന്റെ അപ്പുറത്തുള്ള സൈപ്രസ് മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു . കല്ലില്‍ കൊത്തിവെച്ച ഒരു പ്രതിമപോലെ അവന്‍ നിശ്ചലനായിരുന്നു. അന്തിയോക്കിലെയും മറ്റു   വടക്ക് നാടുകളിലെ പട്ടണങ്ങളിലെയും പ്രതിമകളെപോലെ.

എന്റെ അടിമ, ഈജിപ്തുകാരി, എന്റെ അടുത്ത് വന്നു പറഞ്ഞു, ' ആ മനുഷ്യന്‍ വീണ്ടും വന്നിരിക്കുന്നു. നിന്റെ  പൂന്തോപ്പിന്റെ അപ്പുറത്തിരിക്കുന്നുണ്ട്.'

ഞാന്‍ അവനെ നോക്കി നിന്നു, എന്റെ ആത്മാവ് എന്നില്‍ തുടിച്ചുയര്‍ന്നു , അവന്‍ അത്രയ്ക്ക് സുന്ദരനായിരുന്നു .

അവന്റെ ഓരോ അവയവങ്ങളും പരസ്പരം സ്നേഹിച്ചു ഒന്നുചേര്‍ന്നപോലെ  അവന്റെ ശരീരം  പൂര്‍ണ്ണമായിരുന്നു .

പിന്നെ ഞാന്‍ ദമാസ്കസ് പട്ടു വസ്തങ്ങള്‍  അണിഞ്ഞു വീട്ടില്‍ നിന്നിറങ്ങി അവന്റെ അടുത്തേക്ക് നടന്നു .

എന്റെ എകാകിതയോ, അതോ അവനിലെ സുഗന്ധമോ എന്നെ അവനിലേക്ക്‌  ആകര്‍ഷിച്ചത് ?
എന്റെ കണ്ണുകളിലെ സൌന്ദര്യ ദാഹമോ, അതോ അവന്റെ മനോഹാരിതയോ  എന്റെ കണ്ണുകളില്‍ വെളിച്ചം നിറച്ചത് ?

ഇന്നും എനിക്കതറിയില്ല 

എന്റെ സുഗന്ധം പൂശിയ വസ്ത്രങ്ങളില്‍ ,  സ്വര്‍ണ്ണ പാദുകങ്ങളില്‍,-റോമാ സൈന്യനായകന്‍ തന്ന അതെ  സ്വര്‍ണ്ണപാദുകങ്ങളില്‍ - ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു . അവനടുത്തെത്തി ഞാന്‍ പറഞ്ഞു ' അങ്ങേക്ക് സുപ്രഭാതം.'

അവന്‍ പറഞ്ഞു, 'മറിയം, നിനക്ക് സുപ്രഭാതം.'

അവന്‍ എന്റെ നേരെ നോക്കി, ഉറക്കമുണര്‍ന്ന അവന്റെ കണ്ണുകള്‍ എന്നെ ഇത് വരെ ആരും കാണാത്തത് പോലെ കണ്ടു . പെട്ടെന്ന് എനിക്ക് ഞാന്‍ നഗ്നയായത് പോലെ തോന്നി ഞാന്‍ നാണിച്ചു.

എങ്കിലും അവന്‍ പറഞ്ഞത് ഇത്രമാത്രം  ആയിരുന്നല്ലോ , 'നിനക്ക് സുപ്രഭാതം'

എന്നിട്ട് ഞാന്‍ അവനോടു പറഞ്ഞു , 'എന്റെ വീട്ടിലേക്കു വരില്ലേ?"

അവന്‍ പറഞ്ഞു, 'ഞാന്‍ നിന്റെ വീട്ടില്‍ തന്നെ അല്ലെ ?"

അന്ന് എനിക്കറിഞ്ഞില്ല അവന്‍  ഉദ്ദേശിച്ചത് എന്ത്  എന്ന് . പക്ഷെ ഇന്നെനിക്കറിയാം .

ഞാന്‍ ചോദിച്ചു, 'എനിക്കൊപ്പം അപ്പവും വീഞ്ഞും കഴിക്കില്ലേ ?"

അവന്‍ പറഞ്ഞു,  "തീര്‍ച്ചയായും മറിയം, പക്ഷെ ഇപ്പോഴല്ല."

ഇപ്പോഴല്ല, ഇപ്പോഴല്ല, അവന്‍ പറഞ്ഞു . അവന്റെ  സ്വരത്തില്‍ കടലൊച്ച കേട്ടു.  കാറ്റിന്റെയും മരങ്ങളുടെയും  ശബ്ദവും. അവന്‍ എന്നോടത് പറഞ്ഞപ്പോള്‍ ജീവന്‍ മരണത്തോട് മന്ത്രിക്കുകയായിരുന്നു .

കാരണം,  അറിയുക  സുഹൃത്തെ , ഞാന്‍ മരിച്ചവള്‍ ആയിരുന്നു. ആത്മാവിനെ പിരിഞ്ഞ സ്ത്രീയായിരുന്നു ഞാന്‍ . ഇന്ന് കാണുന്ന ഈ ജീവനില്‍ നിന്ന് അകന്നായിരുന്നു അന്ന് ഞാന്‍ ജീവിച്ചത്. ഞാന്‍ എല്ലാ പുരുഷന്മാരുടെതും ആയിരുന്നു ആരുടെതും അല്ലാതെ . അവര്‍ എന്നെ സ്വൈരിണി എന്ന് വിളിച്ചു , ഏഴു ചെകുത്താന്മാര്‍  ബാധിച്ചവള്‍ എന്നും . ഞാന്‍ ഒരേ സമയം ശപിക്കപെട്ടവളും, അസൂയാപാത്രവും ആയിരുന്നു 

എന്നാല്‍ അവന്റെ ബാലര്‍ക്ക ദൃഷ്ടികള്‍ എന്റെ കണ്ണില്‍ പതിച്ചപ്പോള്‍ എല്ലാ നിശാനക്ഷത്രങ്ങളും മങ്ങി പൊലിഞ്ഞു , മാഞ്ഞു, ഞാന്‍ മറിയമായി , മറിയം മാത്രം , പരിചിത വഴികള്‍  വെടിഞ്ഞ പുതിയ  സ്ഥലികള്‍  തേടുന്ന ഒരു സ്ത്രീ .

വീണ്ടും അവനോടു ഞാന്‍ പറഞ്ഞു , '' എനെ വീട്ടില്‍ വന്നു എന്നോടൊത്തു അപ്പവും വീഞ്ഞും കഴിക്കൂ.'

അവന്‍ ചോദിച്ചു, " എന്തിനാണ് നീ എന്നെ അതിഥിയാവാന്‍ ക്ഷണിക്കുന്നത്?"

ഞാന്‍ പറഞ്ഞു,  " എന്റെ വീട്ടിലേക്കു വരാന്‍ ഞാന്‍ നിന്നോട്  യാചിക്കുന്നു.'  അത്  എന്നിലെ  ഉയിരും ഉണ്മയും ,ഊഴിയും ആകാശവും അവനെ വിളിക്കുന്നതായിരുന്നു .

അപ്പോള്‍ അവന്‍ എന്നെ നോക്കി അവന്റെ കണ്ണിലെ പ്രഭാത വെളിച്ചം എന്നില്‍ പതിച്ചു, അവന്‍ പറഞ്ഞു, 'നിനക്ക് പല കാമുകരുണ്ട് , എന്നാല്‍  നിന്നെ സ്നേഹിക്കുന്നത്  ഞാന്‍ മാത്രം. മറ്റുള്ളവര്‍ നിന്റെ സാമീപ്യത്തില്‍ അവരെ തന്നെ സ്നേഹിക്കുന്നു . ഞാന്‍ നിന്നിലെ നിന്നെ സ്നേഹിക്കുന്നു . മറ്റു മനുഷ്യര്‍  നിന്നില്‍ നിന്റെ സൌന്ദര്യത്തെ , അവരുടെ പ്രായത്തിനു മുന്‍പേ തന്നെ മങ്ങിപോകുന്ന ആ സൌന്ദര്യത്തെ കാണുന്നു . എന്നാല്‍ ഞാന്‍ നിന്നില്‍ വാടാത്ത സൌന്ദര്യത്തെ കാണുന്നു , ജീവിത സായാഹ്നത്തില്‍ സ്വന്തം പ്രതിബിംബത്തെ കണ്ണാടിയില്‍ കാണുമ്പോള്‍ നിന്നില്‍ ഭീതി ജനിപ്പിക്കാത്ത, നിന്നെ അവഹേളിക്കാത്ത ആ സൌന്ദര്യത്തെ .

'ഞാന്‍ മാത്രം നിന്നിലെ കാഴ്ചകള്‍ക്കുമപ്പുറത്തുള്ളതിനെ  സ്നേഹിക്കുന്നു '

പിന്നീട് അവന്‍ താഴ്ന സ്വരത്തില്‍ മൊഴിഞ്ഞു, 'ഇപ്പോള്‍ പോകൂ. ഈ സൈപ്രസ് മരം നിന്റെതാണെങ്കില്‍ , ഇതിന്റെ തണലില്‍ ഞാനിരിക്കുന്നത് നിനക്ക് ഹിതമല്ലെങ്കില്‍ ഞാന്‍ പോയിക്കൊള്ളാം.

ഞാന്‍ കരഞ്ഞുകൊണ്ട്‌ അവനോട് പറഞ്ഞു , 'ഗുരോ, എന്റെ വീട്ടിലേക്കു വരിക, ഞാന്‍ അങ്ങേക്ക് വേണ്ടി സുഗന്ധങ്ങള്‍ പുകക്കാം, വെള്ളിതാലത്തില്‍ പാദപൂജയര്‍പ്പിക്കാം . നീ അജ്ഞാതന്‍ എങ്കിലും അജ്ഞാതന്‍ അല്ല . ഞാന്‍ അപേക്ഷിക്കുന്നു , വീട്ടിലേക്കു വരൂ.'

അപ്പോള്‍ അവന്‍ എണീറ്റ്‌ നിന്ന് എന്നെ നോക്കി . ഋതുക്കള്‍ വയലുകളെ എന്നപോലെ . ചിരിതൂകി. അവന്‍  വീണ്ടും പറഞ്ഞു, 'എല്ലാ മനുഷ്യരും നിന്നെ അവര്‍ക്ക് വേണ്ടി സ്നേഹിക്കുന്നു . ഞാന്‍ നിന്നെ നിനക്കായി സ്നേഹിക്കുന്നു.'

എന്നിട്ട് അവന്‍ നടന്നു മറഞ്ഞു ,

പക്ഷെ  വേറെ ഒരു മനുഷ്യരും അവന്‍ നടക്കുന്നത് പോലെ നടന്നു ഞാന്‍ കണ്ടിട്ടില്ല.  അത് എന്റെ പൂന്തോപ്പില്‍ ഉരുവായ ഒരു ശ്വാസം കിഴക്കോട്ടു നീങ്ങിയതായിരുന്നോ? അതോ സര്‍വ്വത്തെയും കടപുഴക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നോ അത് ?

എനിക്കറിയില്ല . എങ്കിലും ആ ദിവസം അവന്റെ കണ്ണിലെ സൂര്യ ചൈതന്യം എന്നിലെ വ്യാളിയെ ഭസ്മമാക്കി, ഞാന്‍ ഒരു മനുഷ്യസ്ത്രീയായി. ഞാന്‍ മറിയം ആയി ,മഗ്ദലനയിലെ മറിയം . 




സാത്താന്‍   - ഖലീല്‍ ജിബ്രാന്‍ 



സൂര്യന് കീഴെയുള്ള  ഏതൊരു നഗരത്തിലെയും  ഏതൊരു   മത- കലാ- വേദാന്ത പാഠ്യപദ്ധതികളുടെയും അച്ചുതണ്ട് ഞാനാകുന്നു . ഞാനില്ലായിരുന്നു എങ്കില്‍ ഒരു ക്ഷേത്രം പോലും നിര്‍മ്മിക്കപെടുമായിരുന്നില്ല  സ്തൂപങ്ങളോ കൊട്ടാരങ്ങളോ ഉയരുമായിരുന്നില്ല . മനുഷ്യരില്‍ വീര്യവും സ്ഥൈര്യവും പകരുന്ന നിര്‍ണ്ണായക ശക്തി ഞാനാണ് .മനുഷ്യന്റെ മൌലിക ചിന്തകളുടെ ഹേതു ഞാനാണ് . അവന്റെ പ്രവൃത്തികളുടെ ചാലകം ഞാനാണ് . 
ഞാന്‍ തന്നെ നിത്യനായ  സാത്താന്‍ . 

ജനങ്ങള്‍ അവരുടെ ജീവിതത്തിനു അര്‍ഥം പകരാന്‍ ,  ശത്രുവാക്കി എതിരിടുന്ന  സാത്താന്‍ ഞാനത്രെ . എന്നോടുളള സംഘര്‍ഷം നിര്‍ത്തുമ്പോള്‍ അവരുടെ തന്നെ  ഘോര പുരാണങ്ങളിലെ  ശിക്ഷാക്രമങ്ങളാല്‍ ,അവരുടെ ഹൃദയവും  ആത്മാവും  നിഷ്ക്രിയജഡമായി പരിണമിക്കുന്നു  .

സ്ത്രീഹൃദയങ്ങളെയും പുരുഷമനസ്സുകളെയും  ഇളക്കി മറിക്കുന്ന മൂകമായ ക്ഷോഭകൊടുങ്കാറ്റു ഞാന്‍ . എന്നിലുള്ള ഭയത്താല്‍, എന്നെ അപരാധിയാക്കാന്‍  അവര്‍ ആരാധനാലയങ്ങള്‍  തേടുന്നു . അല്ലെങ്കില്‍ എന്നെ സന്തോഷിപ്പിക്കാന്‍ എന്റെ ഇച്ഛാനുസാരികളായി അപഥ സഞ്ചാരികളാവുന്നു . രാവിന്റെ  ഏകാന്തതയില്‍ എന്നെ അകറ്റാന്‍   പ്രാര്‍ത്ഥിക്കുന്ന  സന്യാസി  എന്നെ സ്വന്തം കൂടാരത്തിലേക്ക് ക്ഷണിക്കുന്ന അഭിസാരികയെ പോലെ തന്നെ .
 ഞാനത്രെ നിത്യനും അനശ്വരനുമായ സാത്താന്‍ ..


ഭയമെന്ന പ്രതിഷ്ഠമേല്‍   ആശ്രമങ്ങളും കന്യാമഠങ്ങളും ഞാന്‍ പണിയുന്നു. 
ഭോഗേച്ഛയുടെയും കാമപൂരണത്തിന്റെയും ആധാരത്തില്‍   മദ്യശാലകളും വേശ്യാലയങ്ങളും പണിയുന്നതും ഞാന്‍ തന്നെ . ഞാനില്ലാതായാല്‍  ഭീതിയും,  ആഘോഷവും  ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാവും . അവയുടെ അഭാവത്തില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് ആഗ്രഹങ്ങളും പ്രതീക്ഷകളും ഒഴിയും . ശേഷം  ജീവിതം  കമ്പി പൊട്ടിയ വീണപോലെ  ശൂന്യവും  വിരസവും .  ഞാനത്രെ നിത്യനായ സാത്താന്‍ ..

കാപട്യം, ദൂഷണം  വഞ്ചന , പരിഹാസം എന്നിവയുടെ പ്രചോദനം ഞാന്‍ . ആ പദാര്‍ഥങ്ങള്‍ ലോകത്തില്‍ നിന്നും ഒഴിവായാല്‍ മനുഷ്യസമൂഹം നന്മകളുടെ മുള്ളുകള്‍ മാത്രം വളരുന്ന ഒരുമരുഭൂമിയായിതീരും . 
ഞാനത്രെ നിത്യനായ സാത്താന്‍ 


പാപത്തിന്റെ മാതാവും പിതാവും ഞാന്‍ തന്നെ . പാപം നശിച്ചാല്‍ പാപത്തിനെതിരെ പോരാടുന്നവരും, അവരുടെ കോട്ടകളും, കുലം തന്നെയും  നാമാവശേഷമാകും 

ദുഷ്കര്‍മ്മങ്ങളുടെ ഹൃദയം ഞാനാണ് . എന്റെ സ്പന്ദനം നിലച്ചു മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍  നിശ്ചലമാവാന്‍  നിങ്ങള്‍ ആഗ്രഹിക്കുമോ ? കാരണം നശിച്ചു ലഭിക്കുന്ന ഫലത്തെ നിങ്ങള്‍ സ്വീകരിക്കുമോ ? ഞാനാണ് കാരണം . ഞാനീ വിജന ശൂന്യതയില്‍ തകര്‍ന്നടിയാന്‍ നിങ്ങള്‍ അനുവദിക്കുമോ ? നമ്മള്‍ തമ്മില്‍ ഉള്ള ബന്ധം ഛേദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ ?

ഉത്തരം പറയൂ പുരോഹിതാ ...





 5. ഫിലെമോന്‍ എന്ന ഗ്രീക്ക് വൈദ്യന്‍ 
യേശുവിനെ കുറിച്ച് 


ആ  നസ്റേന്‍ അവന്റെ ജനതയുടെ ഏറ്റവും  മികച്ച വൈദ്യനായിരുന്നു . മറ്റാര്‍ക്കും നമ്മുടെ ശരീരത്തെ പറ്റിയും,  അതിന്റെ ധാതുക്കളെയും  ഗുണങ്ങളെയും  പറ്റിയും അത്രയധികം അറിവില്ലായിരുന്നു .

ഈജിപ്തുകാര്‍ക്കും ഗ്രീക്കുകാര്‍ക്കും അറിവില്ലാതിരുന്ന രോഗങ്ങള്‍ ബാധിച്ചവരെപോലും അവന്‍ സുഖപെടുത്തി.  അവന്‍ മരിച്ചവരെ പോലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു  എന്ന്  പറയുന്നു അവര്‍ . സത്യമായാലും  അസത്യമായാലും അത്  അവന്റെ കഴിവിനു  തെളിവാണ് . കാരണം മഹത്കാര്യങ്ങള്‍  നിവര്ത്തിച്ചവരെമാത്രമാണല്ലോ  വാഴ്ത്തുന്നത് .

യേശു  രണ്ടു നദികളുടെ സമതലരാജ്യമായ  ഇന്ത്യ സന്ദര്‍ശിച്ചു എന്നും അവര്‍ പറയുന്നു . അവിടത്തെ മഹര്‍ഷികള്‍ നമ്മുടെ ശരീരത്തിലെ ഓരോ അണുവിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ അവനു വെളിവാക്കി എന്നും .

 ആ അറിവ്  അവനു കൊടുത്തത് ദൈവങ്ങള്‍ നേരിട്ട് തന്നെയും ആവാം , മഹര്‍ഷികളില്‍ കൂടെ ആയിരിക്കില്ല .യുഗങ്ങളായി മനുഷ്യര്‍ക്ക്‌ അജ്ഞാതമായിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് ഒരുവന് അറിവായി .  ഒരു അജ്ഞാനിയുടെ  ഹൃദയത്തെ സൂര്യദേവന്‍ തന്റെ  കരസ്പര്‍ശം കൊണ്ട്  ജ്ഞാനിയാക്കിയെക്കാം 

തിരിയന്‍ , തീബന്‍  ജനങ്ങള്‍ക്ക്‌ ജ്ഞാനത്തിന്റെ പല വാതിലുകളും തുറന്നിരുന്നു . ഈ മനുഷ്യനും ചില മുദ്രിതമായ വാതിലുകള്‍ തുറക്കപെട്ടു . അവന്‍  ശരീരമെന്ന ആത്മാവിന്റെ കോവിലില്‍ പ്രവേശിച്ചു . അവന്‍  അവിടെ നമ്മുടെ ജീവതന്തുക്കളെ ഹനിക്കുന്ന ദുഷ്ടാത്മാക്കളെ കണ്ടു.  ജീവനെ നൂല്ക്കുന്ന  ശിഷ്ടാത്മാക്കളെയും .

ഞാന്‍ കരുതുന്നു എതിര്‍പ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും ശക്തികൊണ്ടാണ് അവന്‍ രോഗികളെ സുഖപെടുത്തിയത്  എന്ന്  എങ്കിലും അത്  ഞങ്ങള്‍ വേദാന്തികള്‍ക്ക് അജ്ഞാതമായ വിധത്തിലായിരുന്നു . അവന്‍ ജ്വരത്തെ തന്റെ മഞ്ഞുപോലെ തണുത്ത സ്പര്‍ശത്താല്‍ വിസ്മയിപ്പിച്ചപ്പോള്‍  അത് പിന്‍വാങ്ങി . കൈകാലുകളിലെ മരവിച്ച   പേശികളെ    അവന്റെ ശാന്തത ആശ്ചര്യഭരിതരാക്കുകയും അവ അവനു വഴങ്ങി ശാന്തരാകുകയും ചെയ്തു .

ചുളിഞ്ഞ തൊലിക്കുള്ളിലെ  ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജീവസത്തയെ അവന്‍ തൊട്ടറിഞ്ഞു . പക്ഷെ അവന്റെ വിരലുകള്‍ ആ സത്തയെ എങ്ങിനെ തേടിപിടിച്ചു എന്നെനിക്കറിയില്ല .തുരുംമ്പിനകത്തെ  ഉരുക്കിന്റെ ശബ്ദം അവന്‍ അറിഞ്ഞു . പക്ഷെ അവന്‍ എങ്ങിനെ വാളിനെ സ്വതന്ത്രമാക്കി തിളക്കി എന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല . 

ചിലപ്പോള്‍ എനിക്ക് തോന്നും അവന്‍ സൂര്യന് കീഴിലുള്ള എല്ലാ ചരാചരങ്ങളുടെയും വേദനയുടെ ഞരക്കം കേട്ടിരുന്നു എന്നും , അവന്‍ അവയെ ഉയര്‍ത്തി അവയ്ക്ക് താങ്ങും തുണയുമായി എന്നും . അത്  അവന്റെ അറിവുകൊണ്ട്‌ മാത്രമല്ല അവര്‍ക്ക് , ഉയര്‍ന്നു പൂര്‍ണ്ണരാവാനുള്ള അവരുടെ തന്നെ  കഴിവിനെ അറിയിച്ചു കൊണ്ട് കൊണ്ടായിരുന്നു .

എങ്കിലും അവന്‍ സ്വയം അവനെ  ഒരു വൈദ്യന്‍ എന്ന ചുമതലയുളളവനായി കരുതിയില്ല. അവന്‍ ഈ രാജ്യത്തെ  മതത്തിലും രാഷ്ട്രീയത്തിലും സ്വയം മുഴുകി . എനിക്കതില്‍ ഖേദമുണ്ട് , കാരണം ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരം തന്നെ .

എന്നാല്‍ ഈ സിറിയക്കാര്‍, ഒരു രോഗം വരുമ്പോള്‍ ഒരു ഔഷധത്തെക്കാള്‍ ഒരു തര്‍ക്കത്തെ അന്വേഷിക്കുന്നു .

അവരുടെ  ഏറ്റവും ശ്രേഷ്ഠനായ് ഭിഷഗ്വരന്‍  ,  പൊതു സ്ഥലങ്ങളിലെ പ്രഭാഷകനാവാന്‍ നിശ്ചയിച്ചത്   ഖേദകരം  തന്നെ .



(ജീസസ് ദി സണ്‍ ഓഫ് മാന്‍ .. ഖലീല്‍ ജിബ്രാന്‍ )